Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202127Wednesday

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്; ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നത്; 'ഈശോ' സിനിമാ വിവാദത്തിൽ നാദിർഷക്ക് പിന്തുണയുമായി മാക്ട

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്; ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നത്; 'ഈശോ' സിനിമാ വിവാദത്തിൽ നാദിർഷക്ക് പിന്തുണയുമായി മാക്ട

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാദിർഷായുടെ പുതിയ സിനിമ 'ഈശോ'ക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട. മാക്ട വൈസ് ചെയർമാൻ എം.പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സംഘടനയുടെ പ്രതികരണം. മധുപാൽ, അൻവർ റഷീദ്, സേതു, മാർത്താണ്ഡൻ, എൻ.എസ് ബാദുഷ, പി.കെ ബാബുരാജ്, ഗായത്രി അശോക്, എ.എസ് ദിനേശ് എന്നിവർ യോഗത്തിൽ സംസാരിച്ചു. നാദിർഷാക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായി മാക്ട എക്‌സിക്യൂട്ടീവ് കമിറ്റി അറിയിച്ചു. ചിത്രത്തിനെതിരെ കെ.സി.ബി.സി അടക്കമുള്ള സംഘടനകളും പി.സി ജോർജ് എംഎ‍ൽഎയും രംഗത്തെത്തിയിരുന്നു.

''മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേർത്തുപിടിക്കലല്ല. സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടം. സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നതെന്ന് മാക്ട് വാർത്താ കുറിപ്പിൽ അറിയിച്ചു.

നാദിർഷാ സംവിധാനം ചെയ്ത സിനിമയുടെപേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ്. നാദിർഷായ്ക്കു മാക്ട എക്‌സിക്യൂട്ടീവ് കമിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നു'' - മാക്ട എക്‌സിക്യൂട്ടീവ് കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈശോ സിനിമയിടെ പേര് വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ ജയസൂര്യയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഈശോ എന്നത് സിനിമയുടെയും തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും ഇതിൽ വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ജയസൂര്യയുടെ നിലപാട്. പേരിൽ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് 'ഈശോ നോട്ട് ഫ്രം ബൈബിൾ' എന്ന് കൊടുത്തതു പോലും. എന്നാൽ അതിനെയും തെറ്റിദ്ധരിച്ചതിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. 'സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളിൽ പുറത്തുനിന്നും നിയന്ത്രണങ്ങൾ വരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. ഞാൻ തന്നെ ഇതിന് മുമ്പ് 'പുണ്യാളൻ' എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ആരെയും വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല നമ്മൾ സിനിമ ചെയ്യുന്നത്. ഈശോ എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഇത് കണ്ടുകഴിയുമ്പോൾ തെറ്റിദ്ധരിക്കപ്പെട്ടവർ പോലും സന്ദേശത്തെക്കുറിച്ച് ബോധവാന്മാരാകുമെന്നും ജയസൂര്യ പറഞ്ഞു.

സിനിമയ്ക്ക് 'ഈശോ' എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നതിൽ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ പറഞ്ഞു. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയിൽ വരെ പോകാം. അതിന് ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാർക്ക് ചെയ്യാൻ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈശോ സിനിമയുടെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്ന് സംവിധായകൻ നാദിർഷയും പ്രതികരിച്ചു. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. പേര് ഞാൻ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിർമ്മാതാവ്, നായകൻ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. മുൻപ് സമാന പേരുകളുമായി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോൾ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നും നാദിർഷ പറഞ്ഞു.

ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പേർ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് വെറും കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.

ഒപ്പം, ഒരു വിഭാഗം ആളുകൾക്ക് വിഷമമുണ്ടാക്കിയത് കണക്കിലെടുത്ത് 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈൻ മോഷൻ പോസ്റ്ററിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നും കത്തോലിക്ക കോൺഗ്രസിസ് ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP