Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്; അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും: കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് കവളപ്പാറയിൽ പറന്നിറങ്ങിയത് ഹെലികോപ്ടറിൽ; എല്ലാം ചോദിച്ചറിഞ്ഞും കുശലം പറഞ്ഞും പാവങ്ങളുടെ കണ്ണീരൊപ്പി അതിസമ്പന്നനായ മലയാളി; മണ്ണിടിച്ചിലിൽ എല്ലാം തകർന്നവർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ നിർമ്മിച്ച് നൽകുക 20 വീടുകൾ; യൂസഫലിയുടെ കാരുണ്യത്തിൽ ഒരു ഗ്രാമം കണ്ണ് തുടയ്ക്കുമ്പോൾ

നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്; അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും: കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് കവളപ്പാറയിൽ പറന്നിറങ്ങിയത് ഹെലികോപ്ടറിൽ; എല്ലാം ചോദിച്ചറിഞ്ഞും കുശലം പറഞ്ഞും പാവങ്ങളുടെ കണ്ണീരൊപ്പി അതിസമ്പന്നനായ മലയാളി; മണ്ണിടിച്ചിലിൽ എല്ലാം തകർന്നവർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ നിർമ്മിച്ച് നൽകുക 20 വീടുകൾ; യൂസഫലിയുടെ കാരുണ്യത്തിൽ ഒരു ഗ്രാമം കണ്ണ് തുടയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: യുസഫലിയുടെ കരുണ പലപ്പോഴും മലയാളിയുടെ കണ്ണീർ തുടച്ചിട്ടുണ്ട്. പത്തനാപുരം ഗാന്ധി ഭവനിലെ അശരണർക്കും മറ്റും യൂസഫലി നൽകിയ സാഹയങ്ങൾ അത്രമേൽ പ്രധാനപ്പെട്ടതായിരുന്നു. ഇപ്പോഴിതാ കവളപ്പാറ ദുരന്തബാധിതർക്കും പ്രവാസി വ്യവസായിയുടെ വാക്കുകൾ സാന്ത്വനമാകുന്നു. കവളപ്പാറയിലെ ദുരിതം അനുഭവിക്കുന്നവർക്ക് 20 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉറപ്പു നൽകുകയാണ്. കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മുത്തപ്പൻകുന്ന് സന്ദർശിച്ച് യൂസഫലി തുടച്ചത് ഒരു നാടിന്റെ വേദനയെയാണ്.

ഹെലികോപ്റ്ററിൽ എത്തിയ യൂസഫലിയെ പി.വി. അബ്ദുൾ വഹാബ് എംപി, പി.വി. അൻവർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻ പിള്ള, പ്രദേശവാസികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. യൂസഫലിയെ നേരിട്ട് കണ്ട ആവേശത്തിലായിരുന്നു നാട്ടുകാരിൽ പലരും. അവരോട് കുശലം പറഞ്ഞ് നടന്ന യൂസഫലി, കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ദുരിത ബാധിതർക്ക് സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ ആറു ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുക. ഇതിനു വേണ്ടിവരുന്ന ഒരു കോടി 20 ലക്ഷം രൂപ റീബിൽഡ് നിലമ്പൂർ ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എംപിയെ ഏൽപ്പിക്കുമെന്നും യൂസഫലി പറഞ്ഞു.

കഴിഞ്ഞ പ്രളയത്തിൽ നാശ നഷ്ടങ്ങളുണ്ടായ കവളപ്പാറയിലെയും ഒരു ഗ്രാമം തന്നെ ഇല്ലാതായ പാതാറിലെയും രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും മുന്നിൽ നിന്നത് പി.വി. അബ്ദുൾ വഹാബ് എംപിയാണ്. കവളപ്പാറയിലെ ദുരന്തത്തിന്റെ വ്യാപതി യൂസഫലിയെ അറിച്ചതും വഹാബാണ്. എല്ലാം നേരിട്ട് കാണാൻ ഇതോടെ യൂസഫലി തീരുമാനിക്കുകയായിരുന്നു. കവളപ്പാറയിലെ ദുരന്തമേഖലയിലെത്തിയ എം.എ.യൂസഫലി 15 വീടുകൾ നിർമ്മിച്ചു നൽകുമെന്നാണ് ആദ്യം അറിയിച്ചത്. കൂടുതൽ സഹായം ആവശ്യമുണ്ടെന്ന് മനസിലായതോടെ 20 വീടുകൾക്ക് ഒരു കോടി 20 ലക്ഷം രൂപ നൽകുമെന്ന് പിന്നാലെ പ്രഖ്യാപിച്ചു. ഇത് ഇവിടുത്തുകാർക്ക് താങ്ങും തണലുമാകും.

ഫോബ്സ് മാസികയുടെ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,ധ സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ഇങ്ങനെ വളർന്ന് പന്തലിക്കുമ്പോഴും നാട്ടിലെ വേദനകളിൽ മുഖം തിരിക്കാറില്ല യൂസഫലി. വേദന അറിഞ്ഞാൽ ഓടിയെത്തി സഹായിക്കും. ഈ മനസ്സാണ് കവളപ്പാറയിലും തുണയായി മാറുന്നത്. അടുത്ത മഴക്കാലത്തിനുമുമ്പ് നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ കുടുംബത്തിനും വീട് നിർമ്മിച്ചുനൽകും. ദുരിതാശ്വാസ ക്യാമ്പുകളിലെ വിവിധ കുടുംബങ്ങൾ ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടത് ചിലർക്ക് അടിയന്തര ധനസഹായം വൈകുന്നതിനിടയാക്കി. സഹായം സമയബന്ധിതമായി കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങൾ. ഇതിന് പിന്തുണ നൽകുകയാണ് യൂസഫലിയും.

കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടൻ ചമഞ്ഞ് വാർത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി തന്റെ പ്രവർത്തിയിലൂടെ വ്യത്യസ്തനാകുന്നത്. ആർക്ക് സഹായം വാഗ്ദാനം ചെയ്താലും യൂസഫലി ചെയ്തു കൊടുക്കും. തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്‌സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു.

നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്‌സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി. ഇതിനൊപ്പം സാമൂഹികമായ ഇടപെടലുകളിലൂടേയും മലയാളിയുടെ മനസ്സിലെ താരമായി യൂസഫലി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടവാകശം നിർവഹിക്കുവാൻ തന്റെ തിരക്കുകൾ മാറ്റിവച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നാട്ടിൽ പറന്നെത്തിയിരുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയപ്പോഴും നാട്ടുകാരോട് കുശലാന്വേഷണം നടത്തിയായിരുന്നു മടക്കം. പത്തനാപുരത്തെ ഗാന്ധിഭവന് പുതുതായി നിർമ്മിച്ച കെട്ടിടവും ഈയിടെ കൈമാറിയിരുന്നു. അശരണരുടെ കണ്ണീര് തുടയ്ക്കുന്ന ശതകോടീശ്വരൻ എല്ലാവർക്കും മാതൃകയാകാനാണ് വോട്ടെടുപ്പ് ദിവസം തിരിക്കുകൾ മറന്ന് പറന്നെത്തിയത്. മലേഷ്യയിലെ കോലലംപൂരിൽ ആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയാണ് കൊച്ചിയിൽ എത്തിയത്. തുടർന്ന് തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ.യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്‌കൂളിലെ 115-ാം ബൂത്തിലെത്തിയാണ് വോട്ടു ചെയ്തത്. ഇത് രണ്ടാം തവണയാണ് വോട്ടാവകാശം നിർവഹിക്കുവാൻ എത്തുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. തുടർന്നു അന്നു ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തിരുന്നു.

യൂസുഫലിയുടെ നാടായ നാട്ടിക മുഹയുദ്ദീൻ ജുമാമസ്ജിദ് മികച്ച രീതിയിൽ പുതുക്കിപണിതു നൽകിയത് യൂസുഫലിയാണ്. ''നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും'' -കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങളാണ് യൂസഫലിയുടെ കൈമുതൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP