Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കൊച്ചിയിൽ പൊതുവഴി വിട്ടു കൊടുത്തു ലുലു മാളുണ്ടാക്കി; കോഴിക്കോട് സർക്കാർ ഭൂമി തന്നെ കൈമാറി ലുലു സ്‌നേഹം; ജലീലിന്റെ പിടിവാശിക്ക് പിന്നാലെ എല്ലാ പാർട്ടികൾക്കും യൂസഫലി സ്‌നേഹം; കേരളത്തിലെ ഏക ഒളിമ്പിക് മെഡൽ ജേതാവിന്റെ കിടപ്പാടത്തിന് വേണ്ടിയുള്ള ഓട്ടം തടസ്സങ്ങളിൽപ്പെട്ട് നീങ്ങുമ്പോൾ ഏറ്റവും വലിയ സമ്പന്നന് മുമ്പിൽ നിയമങ്ങൾ വളയുന്നത് ഇങ്ങനെ

കൊച്ചിയിൽ പൊതുവഴി വിട്ടു കൊടുത്തു ലുലു മാളുണ്ടാക്കി; കോഴിക്കോട് സർക്കാർ ഭൂമി തന്നെ കൈമാറി ലുലു സ്‌നേഹം; ജലീലിന്റെ പിടിവാശിക്ക് പിന്നാലെ എല്ലാ പാർട്ടികൾക്കും യൂസഫലി സ്‌നേഹം; കേരളത്തിലെ ഏക ഒളിമ്പിക് മെഡൽ ജേതാവിന്റെ കിടപ്പാടത്തിന് വേണ്ടിയുള്ള ഓട്ടം തടസ്സങ്ങളിൽപ്പെട്ട് നീങ്ങുമ്പോൾ ഏറ്റവും വലിയ സമ്പന്നന് മുമ്പിൽ നിയമങ്ങൾ വളയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''വീടുവെച്ചുതരാമെന്നു പറഞ്ഞ് കേരള സർക്കാർ എന്നെ മോഹിപ്പിച്ചു. എഴുപത് വയസ്സ് പിന്നിട്ട വയോധികനാണ് ഞാൻ. ഇനിയും ആ പണത്തിനായി തുടരെ കണ്ണൂർ വരെ പോയിവരികയെന്നത് പ്രയാസമുള്ള കാര്യമാണ്. ദരിദ്രനായി ജീവിക്കുന്ന ഒളിമ്പിക് മെഡൽ ജേതാവാണ് ഞാൻ. ഇനിയും ഇങ്ങനെ കൈനീട്ടി നടക്കാനാവില്ല.''- രണ്ട് മാസം മുമ്പാണ് ഈ വേദന ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളി മാനുവൽ ഫ്രെഡറിക് പങ്കുവച്ചത്. ഇവിടെയെല്ലാം കർശനമായി നിയമം സർക്കാരും ഉദ്യോഗസ്ഥരും പാലിക്കും. എന്നാൽ പ്രവാസി വ്യവസായിയായ യൂസഫലിയുടെ കാര്യം വരുമ്പോൾ എല്ലാം വളയും. എന്തും നടക്കും.

റവന്യൂ ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുനൽകാനാവില്ലെന്നാണ് നിയമം. നിയമപരമായി ഇത്തരത്തിലെ കൈമാറ്റം നിലനിൽക്കില്ലെന്ന് ജഗ്പാൽസിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് തെളിയിക്കുകയും ചെയ്തു. പക്ഷേ ഇതൊന്നും ശതകോടീശ്വരനായ ലുലു മുതലാളിക്ക് ബാധകമല്ല. ആരെക്കെ എന്തൊക്കെ പറഞ്ഞാലും എംഎ യൂസഫലിയുടെ കാര്യം വരുമ്പോൾ നിയമമെല്ലാം എവരും മറക്കം. അങ്ങനെ റവന്യൂ, നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് മാങ്കാവിൽ മാൾ നിർമ്മിക്കുന്നിടത്തെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 19 സെന്റ് പുറമ്പോക്കുഭൂമിയാണ് കൈമാറുക. പ്രതിപക്ഷവും ഈ ഭൂമി കൈമാറ്റത്തെ എതിർക്കുന്നില്ലെന്നതാണ് വസ്തുത.

Stories you may Like

പകരം മാൾ ഉടമകൾ നെല്ലിക്കോട് മൈലമ്പാടി ഒല്ലൂർ ക്ഷേത്രത്തിനുസമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോൺക്രീറ്റ് കെട്ടിടവും സർക്കാരിന് വിട്ടുനൽകും. ഇത്തരത്തിലെ കൈമാറ്റത്തിനാണ് നിമയത്തിൽ വലിയ എതിർപ്പുകൾ ഉള്ളത്. അതുകൊണ്ട് തന്നെ
മാൾ ഉടമകളുടെ ഈ ആവശ്യം നേരത്തെ പലതവണ നിയമ, റവന്യൂ വകുപ്പുകൾ എതിർത്തു. എന്നാൽ തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സമ്മർദപ്രകാരം ഫയൽ മന്ത്രിസഭ വീണ്ടും പരിഗണിച്ചു. തീരുമാനവും എടുത്തു. നാലുമാസമായി പലതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ വന്നിരുന്നെങ്കിലും മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഇത്തവണ എല്ലാവരും ജലീലിന്റെ വാദങ്ങൾ അംഗീകരിച്ചു. അങ്ങനെ കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം കോഴിക്കോട്ടും ലുലു മാളെത്തുന്നു.

മന്ത്രിസഭ നിയമങ്ങളെല്ലാം കാറ്റിൽപറത്തി ഈ തീരുമാനമെടുക്കുമ്പോൾ അർഹതപ്പെട്ടവരുടെ കാര്യത്തിൽ അതുണ്ടാകുന്നതുമില്ല. കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവാണ് മാനുവൽ ഫെഡറിക്. മൂന്ന് സെന്റ് ഭൂമിയുടെ പട്ടയത്തിനായി ഇനി ഒളിന്പ്യൻ മാനുവൽ ഫെഡറിക് സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥ കേരളം വേദനയോടെ കണ്ടതാണ്. 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു മാനുവൽ ഫെഡറിക്സ്. ഒളിമ്പിക് മെഡൽ നേട്ടം കൈവരിച്ച എക മലയാളിക്ക് സ്വന്തമായി ഒരു നുള്ള് ഭൂമിയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് സർക്കാർ മൂന്ന് സെന്റ് ഭൂമി അനുവദിച്ചെങ്കിലും പട്ടയവും നൽകിയില്ല. പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഒളിംപ്യന്റെ ദുരവസ്ഥ മാധ്യമങ്ങൾ വാർത്തിയക്കി. അപ്പോൾ പട്ടയം നൽകി. കണ്ണൂർ പയ്യാമ്പലത്താണ് മൂന്ന് സെന്റ് ഭൂമി അനുവദിച്ചിട്ടുള്ളത്. അനുവദിച്ച ഭൂമിയിൽ വീട് വെക്കുന്നതിനടക്കമുള്ള സഹായം നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന് വേണ്ടി നെട്ടോട്ടത്തിലാണ് താരം. ഇതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ യൂസഫലി മുതലാളിയുടെ കാര്യം വരുമ്പോൾ എല്ലാം വേഗത്തിലാകും.

കോഴിക്കോട് മാങ്കാവിൽ നിർമ്മിക്കുന്ന ലുലു കൺവെൻഷൻ സെന്ററിന് പുറമ്പോക്ക് ഭൂമി തൽകാലം നൽകേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭയെ കൊണ്ട് തന്നെ തിരുത്തിച്ചത് ജലീലിന്റെ ഇടപെടലാണ്. സെന്ററിന്റെ നിർദിഷ്ടഭൂമിയിൽ 19 സെന്റ് റവന്യൂ പുറമ്പോക്ക് ക്രമപ്പെടുത്തി നല്കണമെന്ന തദ്ദേശഭരണ വകുപ്പ് ആവശ്യം മന്ത്രിസഭ ആദ്യം തള്ളി. ഭൂമി വിട്ടുനല്കുന്ന കാര്യം വീണ്ടും പഠിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. വിവാദങ്ങൾ ഭയന്നാണ് ഇത്തരമൊരു തീരുമാനം. പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായി യൂസഫലിയുടെ ലുലു ഗ്രൂപ്പിന് ഭൂമി വെറുതെ കൊടുത്താൽ അത് വിവാദമായി മാറാൻ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ യൂസഫലിയുടെ ആവശ്യം തൽകാലം അംഗീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുക്കുകയായിരുന്നു. ഈ നീക്കത്തെ അംഗീകരിക്കില്ലെന്ന സൂചന സിപിഐ മന്ത്രിമാരും നൽകി. പുറമ്പോക്ക് ഭൂമി ലുലു കൺവെൻഷൻ സെന്ററിന് വിട്ടു നൽകണമെന്നും പകരം മറ്റൊരുസ്ഥലത്ത് അവർ ഭൂമി വാങ്ങി നല്കുമെന്നുമുള്ള നിർദ്ദേശം പക്ഷേ കഴിഞ്ഞ ദിവസം എല്ലാവർക്കും സ്വീകാര്യമായി.

ഈ ഭൂമിക്ക് വിപണിവില ഈടാക്കി ഭൂമി വിട്ടു നൽകാമെന്നായിരുന്നു നേരത്തെ ധന വകുപ്പ് ഫയലിൽ കുറിച്ചത്. റവന്യൂ, ധന വകുപ്പുകളുടെ എതിർപ്പ് മറികടന്ന് തദ്ദേശഭരണ വകുപ്പ് ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവരികയായിരുന്നു. ശത കോടീശ്വരനായ മുതലാളിക്ക് ഭൂമി വെറുതെ കൊടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ധനവകുപ്പിന്റെ പക്ഷം. അതിനിടെ ജലീലിന്റെ നീക്കം റവന്യൂവകുപ്പിനേയും ചൊടിപ്പിച്ചിരുന്നു. ഭൂമി വിട്ടു നൽകുകയെന്നത് റവന്യൂ വകുപ്പിന്റെ അധികാരമാണ്. ഇതിന് യൂസഫലി അപേക്ഷ നൽകേണ്ടത് റവന്യൂ വകുപ്പിനാണ്. തദ്ദേശ മന്ത്രിയെ കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നതിൽ റവന്യൂ വകുപ്പിനും സിപിഐയ്ക്കും എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് അവർ ഈ നീക്കത്തെ എതിർത്തത്. സിപിഐയുടെ വകുപ്പാണ് റവന്യൂ. മന്ത്രി ചന്ദ്രശേഖരനും. യുസഫലി വേണ്ട രീതിയിൽ കാര്യങ്ങൾ നീക്കിയപ്പോൾ എല്ലാം ശരിയായി. അങ്ങനെ മന്ത്രിസഭ തീരുമാനവും എടുത്തു.

കൊച്ചിയിലെ ലുലുമാളിലും സമാനമായ വിവാദം ഉണ്ടായിരുന്നു. ഇടപ്പള്ളിയിലെ ലുലു മാൾ ഇടപ്പള്ളി തോട് കൈയേറിയെന്ന പരാതിയായിരുന്നു ഉയർന്നത്. അന്ന് ലുലു മാളിനായി ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവെ റിപ്പോർട്ടാണ് കാര്യങ്ങൾ അനുകൂലമാക്കിയത്. ഇടപ്പള്ളി കനാൽ, നിർദ്ദിഷ്ട കൊച്ചി മെട്രോ പ്രദേശം, ലുലുവിന്റെ ഭൂമി എന്നിവിടങ്ങളിലാണ് റീ സർവ്വെ നടത്തിയത്. ഇടപ്പള്ളിയിൽ ലുലു ഭൂമി കൈയേറുന്നുവെന്ന് കെ എംആർഎൽ ചൂണ്ടിക്കാണിച്ചിട്ടും ഒരു വർഷത്തോളം നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കണയന്നൂർ അഡീ.തഹസിൽദാറാണ് ഭൂമി അളന്നത്. ഇതിലാണ് എം.കെ.ഗ്രൂപ്പ് ലുലു മാളിന് വേണ്ടി ഭൂമി കൈയേറിയിട്ടില്ലെന്നു ബോധ്യമായത്. ലുലു മാൾ ഭൂമി കയ്യേറിയെന്ന് സി.പി.എം ജില്ലാ കമ്മറ്റിയും ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് അവരും മലക്കം മറിഞ്ഞു.

ലുലു മാളിന്റെ മതിൽ സ്ഥിതി ചെയ്യുന്നത് നിർദിഷ്ട കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനായ ഇടപ്പള്ളിയിലാണെന്നും അതിനാൽ തന്നെ മതിൽ പൊളിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു കെ.എം.ആർ.എൽന്റെ പരാതി. ഈ സാഹചര്യത്തിലായിരുന്നു റീസർവേ. ഇതോടെ പരാതി ആവിയായി. ഇതിന് സമാനമായ സംഭവങ്ങളാണ് കോഴിക്കോട്ടെ കേസിലും സംഭവിക്കുന്നത്. ഇതിനെ പ്രതിപക്ഷവും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ മാങ്കാവിലും ഇടപാട് സുഗമമാകുന്നു.

കൊച്ചിയിൽ ലുലുവിന്റെ കൈയേറ്റത്തിൽ സ്ഥാനം പോയത് ദിനേശ് മണിക്ക്

കൊച്ചയിൽ ലുലുമാൾ ഭൂമി കയ്യേറി.ന്നെ് ആരോപിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ ദിനേശ് മണിയായിരുന്നു. എന്നാൽ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തന്നെ അത് തിരുത്തി. ഇത് ഏറെ വിവാദവുമായി. അടുത്ത പാർട്ടി സമ്മേളനത്തിൽ ദിനേശ് മണിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായി എന്നതും ശ്രദ്ധേയമായി. ലുലു മാളിൽ പിണറായിയുടെ തിരുത്തിനേയും ദിനേശ് മണി അംഗീകരിച്ചിരുന്നില്ല. ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന സർവ്വെ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്നായിരുന്നു ദിനേശ് മണിയുടെ നിലപാട്.

ലുലു ഇടപ്പള്ളി തോട് കയ്യേറിയിട്ടുണ്ട്. തോടിന്റെ പടിഞ്ഞാറു ഭാഗത്ത് സർവ്വെ നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പശ്ചിമ കൊച്ചിക്കുള്ള കുടിവെള്ളം ചോർത്തുന്നത് ലുലുവാണ്. ബോൾഗാട്ടി പദ്ധതിയോടുള്ള നിലപാടിലും മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഷോപ്പിങ് മാളിന് സമീപത്ത് കൂടി ഒഴുകുന്ന ഇടപ്പള്ളി തോട് ലുലു കയ്യേറിയെന്ന് സിപിഐഎം എറണാകുളം ജില്ല കമ്മറ്റി നേരത്തെയും ആരോപിച്ചിരുന്നു. 40 മീറ്റർ വീതിയുണ്ടായിരുന്ന കനാൽ ലുലുവിന്റെ കയ്യേറ്റത്തെ തുടർന്ന് പലയിടത്തും 15 മീറ്ററായി ചുരുങ്ങിയെന്നായിരുന്നു ആരോപണം. ആരോപണം വിവാദമായതിന് പിന്നാലെ കെ എംആർഎല്ലിന്റെ പരാതിയും പുറത്തുവന്നിരുന്നു. ഇടപ്പള്ളിയിലെ മെട്രോസ്റ്റേഷന്റെ ലാന്റിങ്ങ് സെന്ററായി നിശ്ചയിച്ച സ്ഥലത്ത് മതിൽ കെട്ടിയെന്നായിരുന്നു കെ.എം.ആർ.എല്ലിന്റെ പരാതി. ഈ പരാതി നഗരസഭയും കോർപ്പറേഷനും പൂഴ്‌ത്തിവെച്ചെന്നും ആരോപണമുണ്ടായി.

നിലപാട് വിവാദമായതോടെ യൂസഫലി ഭൂമി കയ്യേറിയെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മറ്റ് വ്യവസായികളിൽ നിന്നും യൂസഫലിയെ വ്യത്യസ്തമാക്കുന്നത് മനുഷ്യത്വപരമായ നിലപാടാണ്. യൂസഫലിയെ അവസാന ആശ്രയമായി കാണുന്ന മലയാളികൾ ഏറെയുണ്ട്. സങ്കുചിത മന:സ്ഥിതിയോടെ പദ്ധതികളെ സി.പി.എം എതിർത്തിട്ടില്ല. നാടിന്റെ താൽപ്പര്യത്തിന് അനുകൂലമായ എല്ലാ നിക്ഷേപങ്ങളെയും പാർട്ടി അനുകൂലിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

അതിനിടെ ലുലു മാൾ ഭൂമി കയ്യേറിയിട്ടില്ലെന്ന് റീ സർവ്വേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കണയന്നൂർ അഡീഷണൽ തഹസിൽദാറുടെ നേതൃത്വത്തിലാണ് റീസർവ്വേ നടത്തിയത്. ലുലു മാളിന്റെ നിർമ്മാണത്തിനായി ഇടപ്പള്ളി തോട് കയ്യേറിയെന്നും കൊച്ചി മെട്രോയുടെ ലാന്റിങ്ങ് സെന്ററിനായുള്ള സ്ഥലത്ത് മതിൽ കെട്ടിയെന്നുമുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എറണാകുളം ജില്ല കളക്ടർ റീ സർവ്വേയ്ക്ക് ഉത്തരവിട്ടത്. ഇതാണ് യുസഫലിയുടെ സ്വാധീനം. അതുകൊണ്ട് കൂടിയാണ് കോഴിക്കോട് വിഷയമെത്തുമ്പോൾ പ്രാദേശികമായി പോലും എതിർപ്പുണ്ടാകാത്തത്. എതിർത്തിട്ടും കാര്യമില്ലെന്ന് ഏവർക്കും അറിയാം.

മാനുവൽ ഫെഡ്രിക്കിന്റെ കണ്ണീരിന്റെ കഥ ഇങ്ങനെ

''വീടു വെയ്ക്കാനായി വാഗ്ദാനം ചെയ്തിരുന്ന 20 ലക്ഷം രൂപയ്ക്കായി പത്തിലധികംതവണ ഞാൻ കണ്ണൂർ കളക്ടറേറ്റിൽ ചെന്നു, സ്പോർട്സ് മന്ത്രിക്ക് കത്തയച്ചു. ഒരു മറുപടിയും കിട്ടുന്നില്ല. സ്വന്തമായി വീടു വെയ്ക്കാനാവാതെ മരിക്കാനായിരിക്കും എന്റെ യോഗം.'' - ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളി മാനുവൽ ഫ്രെഡറിക് പറയുന്നതാണ് ഇത്. 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലംഗമായിരുന്നു മാനുവൽ ഫ്രെഡറിക്സ്. 70 വയസ്സുള്ള അദ്ദേഹം വാടകവീട്ടിലാണ് കഴിയുന്നത്. വീടുവെയ്ക്കാൻ നൽകാമെന്നേറ്റിരുന്ന പണം കേരളസർക്കാർ ഇതുവരെയും നൽകിയിട്ടില്ല. വാഗ്ദാനം ചെയ്തിട്ടും പണം നൽകാതെ സർക്കാർ അദ്ദേഹത്തെ അപമാനിക്കുന്നതായാണ് ആക്ഷേപം.

കണ്ണൂർ ബർണശ്ശേരിയിൽ ജനിച്ചുവളർന്ന മാനുവൽ ഇപ്പോൾ കുടുംബസമേതം ബെംഗളൂരുവിലെ വാടകവീട്ടിലാണ്. മാനുവലിന്റെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ സംസ്ഥാനസർക്കാർ മൂന്നു വർഷം മുമ്പാണ് പയ്യാമ്പലത്ത് വീടുവെക്കാൻ മൂന്നു സെന്റ് സ്ഥലം നൽകിയത്. പിന്നീട് വീട് വെയ്ക്കാൻ 20 ലക്ഷം രൂപ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഫണ്ടിൽനിന്ന് അനുവദിച്ചു. ഈ തുകയുടെ ചെക്ക് 2016 ഏപ്രിലിൽ അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബി. ജോർജ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാൻകൂടിയായ കളക്ടർ ബാലകിരണിന് കൈമാറിയിരുന്നു. ആ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിനാൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം ഭയന്ന് കളക്ടർ ചെക്ക് മാനുവലിന് കൈമാറിയില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം കളക്ടർ മാറി. പുതിയ കളക്ടറായി മിർ മുഹമ്മദ് അലി ചാർജെടുത്തശേഷം പല തവണ മാനുവൽ അദ്ദേഹത്തെ ചെന്നുകണ്ടിരുന്നു. പക്ഷെ, വർഷം ഒന്നുതികഞ്ഞിട്ടും പണം കിട്ടിയില്ല. മുമ്പ് അനുവദിച്ചിരുന്ന ചെക്കിന്റെ കാലാവധി ഇപ്പോൾ കഴിഞ്ഞിരിക്കും. പുതിയ ചെക്ക് അനുവദിച്ചു കിട്ടണം. ഇതിനായി പലതവണ സംസ്ഥാന കായികമന്ത്രിക്ക് കത്തെഴുതിയെങ്കിലും മറുപടിയില്ലെന്ന് മാനുവൽ പറയുന്നു. 1972-ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു കണ്ണൂർ ബർണശ്ശേരി സ്വദേശി 65-കാരനായ മാനുവൽ ഫ്രെഡറിക്. ഹോക്കിയിൽ അന്നത്തെ ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ 5-0 ത്തിനും ഓസ്ട്രേലിയയെ 3-1 നും തകർത്ത ഇന്ത്യൻ ടീമിന് പാക്കിസ്ഥാനു മുന്നിൽ 2-0 ന് കീഴടങ്ങേണ്ടി വന്നു. മൂന്നാംസ്ഥാനത്തിനുവേണ്ടി നടന്ന കളിയിൽ ഹോളണ്ടിനെ 2-1 ന് തോല്പിച്ചാണ് വെങ്കലം നേടിയത്.

സ്വന്തമായി ഒരു വീടുപോലുമില്ലാത്തതിന്റെ പേരിലാണ് അടുത്തകാലത്തായി ഇദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളിൽ ഉയർന്നുവന്നത്. കേരളത്തിലെ കായികലോകം മറന്നപ്പോൾ അദ്ദേഹത്തെ കർണാടകം ഉപയോഗിച്ചു. ബാംഗ്ലൂർ ഡി.വൈ.എസ്.എസ് ഹോസ്റ്റൽ ടീമിന്റെയും ബോൾവിൻ സ്‌കൂളിന്റെയും ബിഷപ്പ് കോട്ടൺ സ്‌കൂളിന്റെയും പരിശീലകനാണ് അദ്ദേഹമിപ്പോൾ. വാർത്തകൾ വന്നതിനെത്തുടർന്ന കേരള സർക്കാർ അദ്ദേഹത്തിന് വീടുവെക്കാൻ മൂന്നുസെന്റ് സ്ഥലം അനുവദിച്ചിരുന്നു. സ്‌പോർട്സ് കൗൺസിൽ പണവും അനുവദിച്ചു. എന്നാൽ ഈ സ്ഥലത്ത് വീടുവെക്കുന്നതിന് ചില സാങ്കേതികതടസ്സമുണ്ടെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാണിച്ചത് കാരണം അത് മുടങ്ങി.

ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മഭൂഷനും നല്കിയപ്പോഴും മാനുവലിനെ മറന്നു. 1973-ൽ പാക്കിസ്ഥാനിൽ നടന്ന മത്സരമാണൊന്ന്. ഫ്രെഡറിക്കിന്റെ മിന്നുന്ന പ്രകടനം കണ്ട പാക്കിസ്ഥാാൻ പ്രസിഡന്റ് സിയാ ഉൾ ഹക്ക് കളിക്കുശേഷം അദ്ദേഹത്തിന്റെ തോളിൽത്തട്ടി പറഞ്ഞു, 'നിങ്ങളാണ് യഥാർഥ ഗോൾകീപ്പർ'. 1977-ൽ ലാഹോറിൽ നടന്ന ടെസ്റ്റിൽ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ട ഒരു കാഴ്ചയുണ്ട്. പാക്കിസ്ഥാാന്റെ പ്രതിരോധനിരയിലെ ഹനീഫ്ഖാന്റെ വെടിയുണ്ടപോലുള്ള ഒരു ഷോട്ട് തലകൊണ്ട് തട്ടിത്തെറിപ്പിച്ച് ഗോൾവല കാത്ത ഫ്രെഡറിക്കിന്റെ പ്രകടനം. സ്റ്റിക്ക് പൊക്കാൻപോലും സമയംതരാത്ത ആ ഷോട്ടിനുമുന്നിൽ വേറെ വഴിയില്ലായിരുന്നുവെന്നതാണ് വസ്തുത.

1947 ഒക്ടോബർ 20-ന് കണ്ണൂരിലെ ബർണശ്ശേരിയിലാണ് മാനുവൽ ജനിച്ചത്. അച്ഛൻ ജോസഫ് ബോവറും അമ്മ സാറയും കോമൺവെൽത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എംപി. യു.പി. സ്‌കൂളിനുവേണ്ടി ഫുട്ബോൾ കളിച്ചിരുന്ന മാനുവൽ 12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാൻ തുടങ്ങിയത്. 15-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീർത്തത് സർവീസസ് ക്യാമ്പിൽവെച്ച് ലഭിച്ച പരിശീലനമാണ്. 1971-ൽ ഇന്ത്യൻ ഹോക്കിടീമിന്റെ ഗോൾകീപ്പറായി അരങ്ങേറി. തൊട്ടടുത്ത വർഷം നടന്ന മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യയെ വെങ്കലമെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾകീപ്പിങ് മികവ് നിർണായക പങ്കുവഹിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP