Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

എം.എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിലെ വീട്ടിൽ തിരിച്ചെത്തി; നെടുമ്പാശേരിയിൽ നിന്നും മടങ്ങിയെത്തിയത് രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ; വൈദ്യപരിശോധനയിൽ പൂർണ ആരോഗ്യവാൻ; ഒരാഴ്ചത്തെ വിശ്രമം; പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ്

എം.എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിലെ വീട്ടിൽ തിരിച്ചെത്തി; നെടുമ്പാശേരിയിൽ നിന്നും മടങ്ങിയെത്തിയത് രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ; വൈദ്യപരിശോധനയിൽ പൂർണ ആരോഗ്യവാൻ; ഒരാഴ്ചത്തെ വിശ്രമം; പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ്

ന്യൂസ് ഡെസ്‌ക്‌

അബുദാബി: പ്രമുഖ വ്യവസായി എം.എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിൽ എത്തിയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് അബുദാബിയിൽ എത്തിച്ചതെന്ന് ലുലു മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ ദുബായിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഹെലികോപ്റ്റർ അപകടത്തിൽനിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി പൂർണ്ണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ഒരാഴ്ചത്തെ വിശ്രമത്തിലാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് എം.എ.യൂസഫലിയും ഭാര്യയും അടക്കം ആറുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തുടർന്ന് കൊച്ചി ലേക്ഷോർ ആശുപത്രിയിൽ യൂസഫലി നിരീക്ഷണത്തിലായിരുന്നു. 47 വർഷമായി അബുദാബിയിൽ താമസമാക്കിയ യൂസഫലിയുടെ ആരോഗ്യവിവരം അബുദാബി രാജകുടുംബം അന്വേഷിച്ചിരുന്നു.

രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തിൽ ഇന്ന് പുലർച്ചെ 5.30 നാണ് യൂസഫലി അബുദാബിയിലെത്തിയത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം യൂസഫലി അബുദാബിയിലെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥാ പ്രശ്‌നങ്ങൾ കാരണം മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ പെട്ടെന്ന് ഇറക്കിയതെന്നും ലുലു ഗ്രൂപ്പ് വിശദീകരിക്കുന്നു. രാവിലെ ദുബായ് സിലിക്കൺ ഒയാസീസിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തിൽ യൂസഫലി പങ്കെടുത്തില്ല. അടുത്ത ദിവസങ്ങളിൽ ഓഫീസ് ജോലികളിലേക്ക് മടങ്ങിയെത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി ക്യാമ്പസിനോട് ചേർന്നുള്ള ചതുപ്പിലേക്ക് ഹെലികോപ്ടർ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. അപകടസമയത്ത് ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി.

ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു.

ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പിൽ ഭാഗികമായി പൂന്തിയ നിലയിലായിരുന്നു ഹെലികോപ്ടർ.

അപകടത്തെ തുടർന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന അധികൃതർ അറിയിച്ചിരുന്നു. പിന്നാലൊണ് ഇവർ യുഎഇയിലേക്ക് മടങ്ങിയത്.

ഹെലിക്കോപ്റ്റർ ചതുപ്പിൽ നിന്ന് നീക്കി, അറ്റകുറ്റപ്പണികൾക്കായി ഹെലിക്കോപ്റ്റർ നെടുമ്പശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. നാലു ലീഫുകളും അഴിച്ചു മാറ്റിയ ശേഷം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തിയാണ് ഹെലിക്കോപ്റ്റർ ലോറിയിൽ കയറ്റിയത്.

ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളും അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയാണ് ഈ ജോലികൾ ചെയ്തത്. സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയാന വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. അപകട കാരണം സ്ഥിരീകരിക്കാൻ വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ദ്ധർ സംഭവസ്ഥലം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP