Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയകുമാറുമായി തനിക്ക് വളരെ നല്ല ആത്മബന്ധം; എന്റെ ചോര മനോരമയ്ക്ക് അത്രയ്ക്ക് സ്വാദിഷ്ടമാണെങ്കിൽ കുടിച്ചോളൂവെന്ന് സ്വരാജ്; സംഘടനാ പ്രവർത്തകർക്ക് ഉപരിയായുള്ള ആത്മബന്ധം തങ്ങൾക്കിടയിലുണ്ടെന്ന് വിജയകുമാറും: തമ്മിൽ തെറ്റിക്കാനുള്ള കല്ലുവച്ച നുണക്കെതിരെ സിപിഐ(എം) നേതാക്കൾ

വിജയകുമാറുമായി തനിക്ക് വളരെ നല്ല ആത്മബന്ധം; എന്റെ ചോര മനോരമയ്ക്ക് അത്രയ്ക്ക് സ്വാദിഷ്ടമാണെങ്കിൽ കുടിച്ചോളൂവെന്ന് സ്വരാജ്; സംഘടനാ പ്രവർത്തകർക്ക് ഉപരിയായുള്ള ആത്മബന്ധം തങ്ങൾക്കിടയിലുണ്ടെന്ന് വിജയകുമാറും: തമ്മിൽ തെറ്റിക്കാനുള്ള കല്ലുവച്ച നുണക്കെതിരെ സിപിഐ(എം) നേതാക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: സിപിഐ(എം) നേതാവും മുൻ നിയമസഭാ സ്പീക്കറുമായി എം വിജയകുമാറിനെതിരെ ഡിവൈഎഫ്‌ഐ സമ്മേളന വേദിയിൽ സെക്രട്ടറി എം സ്വരാജ് ഫ്രോഡ് എന്ന് വിളിച്ചുവെന്ന വാർത്ത ഇന്ന് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മനോരമയും മംഗളവും പ്രസിദ്ധീകരിച്ച ഈ വാർത്ത കല്ലുവച്ച നുണയാണെന്ന് പറഞ്ഞ് എം സ്വരാജ് തന്നെ രംഗത്തെത്തി. പച്ചക്കള്ളം ആവർത്തിച്ച് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് എം സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞത്. സ്വരാജ് ഒരിക്കലും അങ്ങനെ പറയില്ലെന്നും സഖാക്കൾ എന്നതിൽ ഉപരിയായുള്ള ആത്മബന്ധം തങ്ങൾക്കിടയിൽ ഉണ്ടെന്ന് എം വിജയകുമാറും പ്രതികരിച്ചു.

ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ് സെക്രട്ടറിക്കെന്നും സമ്മേളനത്തിൽ വിമർശനമുയർന്നപ്പോൾ സ്വരാജ് വിവാദ പരാമർശം നടത്തിയെന്നാണ് മാദ്ധ്യമ വാർത്തകൾ. 'തിരുവനന്തപുരം ജില്ലയിൽനിന്നുള്ള നേതാക്കളെ കപടവിനയം പഠിപ്പിക്കേണ്ട ആവശ്യമില്ല. എം വിജയകുമാറിനെപ്പോലുള്ള കപട വിനയക്കാരുടെ മാതൃക കണ്ടാണ് അവർ വളരുന്നത്. മനസിലുള്ളത് മറച്ചുവച്ചു കപടമായി ചിരിക്കുന്ന വിജയകുമാറിനെപോലെ ചിരിക്കാൻ എന്നെ കിട്ടില്ല സ്വരാജ് പറഞ്ഞതായാണ് മനോരമയും മംഗളവും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ മാദ്ധ്യമവാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പാർട്ടിയിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് എം വിജയകുമാറെന്ന് സ്വകാര്യ വ്യക്തമാക്കി. തന്നോട് എപ്പോഴും സ്‌നേഹത്തോടും വാത്സല്യത്തോടും മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. 2008ൽ തന്റെ വിവാഹ സമയത്ത് കാബിനറ്റിൽ നിന്നും പങ്കെടുത്ത ഏകമന്ത്രി എം വിജയകുമാറാണെന്നും അത്രയും അടുപ്പമുള്ള രണ്ട് വ്യക്തികളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ചില മാദ്ധ്യമങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രമാണെന്നും സ്വരാജ് പറഞ്ഞു.

ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളെക്കുറിച്ച്് ചിലരുടെ ബോധപൂർവ്വമായ ഇടപെടലാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും സംഘടന എന്നതിലുപരിയുള്ള ബന്ധമാണ് തങ്ങൾക്കിടയിലുള്ളതെന്ന് എം വിജയകുമാറും പ്രതികരിച്ചു, സ്വരാജിന്റെ വിവാഹ സമയത്ത് 2 ഔദ്യോഗിക പരിപാടികൾപ്പോലും മാറ്റിവച്ചാണ് ചടങ്ങിൽ താൻ പങ്കെടുത്തതെന്നും ഇത് സ്വരാജിനോട് തനിക്കുള്ള വ്യക്തിബന്ധത്തിന്റെ തെളിവാമെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

തിരൂരിൽ ഇന്നലെ സമാപിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്തെ നേതാക്കൾ കപടവിനയത്തിന്റെ വക്താക്കളാണെന്ന് സ്വരാജ് പ്രസംഗിച്ചെന്നും തിരുവനന്തപുത്തെ ഒരു വിഭാഗം പ്രതിനിധികൾ ഇതിനെതിരെ രംഗത്തുവന്നു എന്ന വാർത്ത തെറ്റാണെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ചില മാദ്ധ്യമങ്ങൾ എന്നും തനിക്കെതിരെ തെറ്റായ പ്രചരണങളും ബോധപൂർവ്വമായ അക്രമണം നടത്താറുണ്ട്. 2005ൽ താൻ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലം മുതൽ ഇക്കൂട്ടർ തനിക്കെതിരെ പ്രവർത്തിച്ചുവരികയാണെന്നും സ്വരാജ് പറഞ്ഞു.

മാദ്ധ്യമങ്ങളോട് താൻ അനാവശ്യ സൗഹൃദത്തിന് പോകാത്തതു കൊണ്ടാകാം ഈ വിരോധത്തിന് കാരണമെന്നും സ്വരാജ് പറഞ്ഞു. തൃത്താലയിൽ സ്വരാജ് സ്ഥാനാർത്ഥിയായേക്കും എന്ന വാർത്ത വന്നതാണോ ആക്രമണങ്ങൾക്ക് പിന്നിലെന്ന ചോദ്യത്തോട് അറിയില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ(എം) സ്ഥാനാർത്ഥികളെകുറിച്ച് അന്തിമ തീരുമാനങ്ങൾ പുറത്തുവരാതെ അതെകുറിച്ച് പറയാനാകില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനേക്കാളും സംഘടനാ പ്രവർത്തനത്തിലാണ് തനിക്ക് താൽപര്യമെന്നും സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മനോരമയ്‌ക്കെതിരെയും സ്വരാജ് ഫേസ്‌ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. സമ്മേളത്തിൽ പങ്കെടുത്ത 608 പ്രതിനിധികൾ കേൾക്കാത്തതാണ് മനോരമ പ്രതിനിധി കേട്ടതെന്നും സ്വരാജ് പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉജ്ജ്വല റാലിയോടെ സമാപിച്ചപ്പോൾ എരിവും പുളിയുമുള്ളതു കൊണ്ടാണ് മനോരമ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മനസറിയാത്ത കാര്യങ്ങളുടെ പേരിൽ തെറി കേട്ടു നല്ല ശീലമുള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്റെ ചോര നിങ്ങൾക്കത്രമേൽ സ്വാദിഷ്ടമാണെങ്കിൽ ഇനിയും ആവോളം കുടിച്ചോളൂ. പക്ഷെ ആദരണീയനായ എം വിജയകുമാറിന്റെ പേരു് ഇതിൽ വലിച്ചിഴക്കാൻ പാടില്ലായിരുന്നു. എനിക്കേറെ സ്‌നേഹ ബഹുമാനങ്ങളുള്ള നേതാവാണദ്ദേഹം. എന്നും അങ്ങേയറ്റത്തെ വാൽസല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്. എത്രയോ കാലമായി നില നിൽക്കുന്ന ബന്ധമാണണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

മനോരമ ഓൺലൈനിലാണത്രെ എന്നോടുള്ള ഇത്തവണത്തെ സ്‌നേഹപ്രകടനം. മറ്റു ചില ഓൺലൈൻ കലാകാരന്മാരും ഈ കഥ തുടർന്നു പാടിയിട്ടുണ്ട്. മനോരമ ചാനലിലും ഓൺലൈനിലും ഉള്ള ചില മാന്യ മിത്രങ്ങൾക്ക് എന്നോട് അടക്കാനാവാത്തേ 'സ്‌നേഹ' മുണ്ടാവാം. അതവർ ഇപ്പോൾ പ്രകടിപ്പിച്ചെന്നേ ഉള്ളൂ. ഒരു കാര്യത്തിൽ മാത്രമേ എനിക്കു സംശയമുള്ളൂ കഴിഞ്ഞ കൃത്യം ഒരു വർഷമായി എനിക്കു നേരെയുള്ള മാദ്ധ്യമ സുഹൃത്തുക്കളുടെ സ്‌നേഹപ്രകടനം കുറവായിരുന്നു. ഇതെന്താണിങ്ങനെയെന്ന് ഞാൻ അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സന്തോഷമായി. പൂർവാധികം ഭംഗിയായി പണി തുടങ്ങിയ എല്ലാ സുഹൃത്തുക്കൾക്കുമെന്റെ വിജയാശംസകളെന്നും സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP