Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

തൃപ്പൂണിത്തുറയിലെ ടോൾ ബൂത്തുകൾ പിഴുതെറിയുമെന്ന വാഗ്ദാനം പാലിച്ച് എം സ്വരാജ്; എംഎൽഎയുടെ നിവേദനം പരിഗണിച്ചു ടോൾ പിരിവ് ഒഴിവാക്കിയെന്ന് അറിയിച്ചു മന്ത്രി; ടോൾ പിരിവിന് അന്ത്യമാകുന്നതോടെ 'ഒരു ദൗത്യം പൂർത്തിയാക്കി'യ ജനപ്രതിനിധിക്കു കൈയടിയേകി നാട്ടുകാർ

തൃപ്പൂണിത്തുറയിലെ ടോൾ ബൂത്തുകൾ പിഴുതെറിയുമെന്ന വാഗ്ദാനം പാലിച്ച് എം സ്വരാജ്; എംഎൽഎയുടെ നിവേദനം പരിഗണിച്ചു ടോൾ പിരിവ് ഒഴിവാക്കിയെന്ന് അറിയിച്ചു മന്ത്രി; ടോൾ പിരിവിന് അന്ത്യമാകുന്നതോടെ 'ഒരു ദൗത്യം പൂർത്തിയാക്കി'യ ജനപ്രതിനിധിക്കു കൈയടിയേകി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: 'ഒരു ദൗത്യം പൂർത്തിയായ'തിന്റെ ആവേശത്തിലാണ് തൃപ്പൂണിത്തുറ എംഎൽഎയും നാട്ടുകാരും. ഏറെക്കാലമായി ജനങ്ങളുടെ എതിർപ്പിനു കാരണമായ ടോൾ പിരിവിനാണ് 31ഓടെ അന്ത്യമാകുന്നത്.

കൊച്ചി മധുര ദേശീയ പാതയിൽ തൃപ്പുണ്ണിത്തുറ എസ്എൻ ജംഗ്ഷൻ, ഇരുമ്പനം റെയിൽവേ മേൽപ്പാലങ്ങൾ, സീപോർട്ട് എയർപോർട്ട് റോഡ്, എന്നിവയിൽ നിന്ന് ടോൾ പിരിക്കുന്നത് ഒക്ടോബർ 31 അർദ്ധരാത്രി നിർത്തലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിയമസഭയെ കഴിഞ്ഞ ദിവസം അറിയിച്ചതോടെ പരിഹാരമാകുന്നതു പൊതുജനങ്ങളുടെ ഏറെക്കാലത്തെ പരാതിക്കാണ്.

Stories you may Like

സ്ഥലം എംഎൽഎയായ സിപിഎമ്മിലെ യുവനേതാവ് എം സ്വരാജ് ഈ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ഒരു ദൗത്യം പൂർത്തിയായെന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ വന്ന അദ്ഭുതകരമായ കാര്യം സർവ്വവ്യാപിയായ ടോൾ ബൂത്തുകളായിരുന്നുവെന്ന് സ്വരാജ് ഓർമിക്കുന്നു. അന്നുയർന്ന് കേട്ട ജനങ്ങളുടെ ഒന്നാമത്തെ പരാതിയും അതു തന്നെ. റസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും എന്നോട് തിരഞ്ഞെടുപ്പ് സമയത്തു തന്നെ ആദ്യ പരിഗണനയിൽ പെടുത്തണമെന്ന് നിർദ്ദേശിച്ചതും ഇക്കാര്യമാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ മാത്രം 3 ടോൾ ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇങ്ങനെയുണ്ടാവില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചാനലിലെ മുഖാമുഖം പരിപാടിയിൽ ജനങ്ങൾ ടോൾ പ്രശ്‌നം ഉന്നയിച്ചിരുന്നു. മറുപടിയായി കോൺഗ്രസ് പ്രതിനിധി പറഞ്ഞത് 'ആരു വിചാരിച്ചാലും ടോൾ നിർത്താനാവില്ല. നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്' എന്നായിരുന്നു. തുടർന്ന് സംസാരിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ടാൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാമെന്നായിരുന്നു എന്റെ മറുപടി എന്നും സ്വരാജ് കുറിച്ചു.

ടി.വി പരിപാടിയിൽ ഞാനങ്ങനെ പറഞ്ഞത് കയ്യടി കിട്ടാനായി കാണിച്ച ഒരാവേശമായിരുന്നില്ല. മറിച്ച് എല്ലാ ടോളുകളും ഒഴിവാക്കണമെന്നത് എൽഡിഎഫിന്റെ നയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ആ വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു. എംഎൽഎ ആയതിന് ശേഷം ടോൾ ഒഴിവാക്കാനുള്ള പ്രവർത്തനമാണ് ഞാൻ ആദ്യമായി ഏറ്റെടുത്തതെന്നും സ്വരാജ് കുറിച്ചു. കുണ്ടന്നൂരിലെ ടോൾ നാഷണൽ ഹൈവേ അഥോറിറ്റിയുടേതും തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ പിഡബ്ല്യുഡിയുടേതും എസ്എൻ ജംഗ്ഷനിലേയും ഇരുമ്പനത്തെയും ടോളുകൾ RBDCK ( Roads and Bridges Development Corporation of Kerala) യുടേതുമായിരുന്നു. കുണ്ടന്നൂർ ടോൾ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഞാൻ മറ്റൊരു നിവേദനം നൽകി . ഉടനേ അദ്ദേഹം നാഷണൽ ഹൈവേ അതോറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വച്ച് വിളിച്ചു ചേർത്തു. യോഗത്തിൽ എന്റെ വാദഗതികൾ ഞാൻ അവതരിപ്പിച്ചു. കുണ്ടന്നൂരിലെ ടോൾ അവസാനിപ്പിക്കാമെന്ന് നാഷണൽ ഹൈവേ അഥോറിറ്റിയുടെ ചീഫ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആദ്യമായി ഒരു ടോൾ ബൂത്തിന് പൂട്ടു വീണു.

തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ പിരിവിനെതിരായ എന്റെ പരാതി ചർച്ച ചെയ്യാൻ മന്ത്രി. ജി സുധാകരൻ മന്ത്രി ഓഫീസിൽ വച്ച് പിഡബ്ല്യുഡി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എല്ലാ വശവും വിശദമായി ചർച്ച ചെയ്ത യോഗത്തിൽ വച്ച് PWD യുടെ നിയന്ത്രണത്തിലുള്ള ടോൾ പിരിവ് അവസാനിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. അങ്ങനെ സെപ്റ്റംബർ 24 ന് അർദ്ധരാത്രി മിനി ബൈപ്പാസിലെ ടോൾ ബൂത്തും അടച്ചു പൂട്ടി. അവശേഷിച്ച രണ്ടു ടോളുകൾ SN ജംഗ്ഷനിലേതും ഇരുമ്പനത്തേതുമാണ്. നിവേദനത്തിന്റെ ഭാഗമായി നടന്ന നിരവധി ചർച്ചകളിലൂടെ ഈ ടോളുകൾക്കും പൂട്ടുവീഴുകയാണെന്നും സ്വരാജ് കുറിച്ചു.

എന്റെ ആവശ്യപ്രകാരം തൃപ്പൂണിത്തുറയിലെ ടോളുകൾ അവസാനിപ്പിച്ചത് പരാമർശിച്ച ബഹുമന്ത്രി RBDCK യുടെ ടോളുകൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ആ തീരുമാനം ഇന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞിരിക്കുന്നു. അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മന്ത്രി LDF ന്റെ ഈ തീരുമാനം സഭയെ അറിയിച്ചത്. കേരളത്തിൽ ഇനി പണിയുന്ന പാലങ്ങൾക്കും റോഡുകൾക്കും ടോൾ ഉണ്ടാവില്ലെന്ന് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. അതിനു പുറമേ നിലവിലുള്ള ടോളുകളെല്ലാം പരിശോധിച്ച് നിർത്തലാക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അതിൽ ആദ്യ നേട്ടം തൃപ്പൂണിത്തുറയ്ക്കുണ്ടായി. ടോളുകളാൽ തടവിലാക്കപ്പെട്ട ഒരു ജനതയ്ക്ക് ഇപ്പോൾ മോചനമുണ്ടായി. ഈ ടോളുകളെല്ലാം അടച്ചുപൂട്ടാൻ, വാക്കുപാലിക്കാൻ 6 മാസം പോലുമെടുത്തില്ല എന്നത് അഭിമാനവും ചാരിതാർത്ഥ്യവുമുള്ള കാര്യമാണെന്നും സ്വരാജ് വ്യക്തമാക്കി.

പൊതുജനങ്ങളുടെ നിരന്തര അപേക്ഷ പരിഗണിച്ചും തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജിന്റെ നിവേദനത്തിന്റെയും അനൂപ് ജേക്കബ് എംഎൽഎ യുടെ നിയമസഭയിലെ ഉപക്ഷേപം പരിഗണിച്ചുമാണ് ടോൾ ഒഴിവാക്കുന്നതെന്ന് വകുപ്പ് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു.

കേരള റോഡ് ഫണ്ട് ആക്ട് പ്രകാരം നിർമ്മിച്ച മേൽപ്പാലങ്ങളുടെയും സീപോർട്ട് എയർപോർട്ട് റോഡിനും 34,27,66,501/ രൂപയായിരുന്നു നിർമ്മാണ ചെലവ്. കേരള റോഡ് ഫണ്ട് ആകട് പ്രകാരം കേരള പി.ഡബ്യു.ഡി, കേരള റോഡ് ഫണ്ട് ബോർഡ്, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവ ചേർന്ന് 2004ൽ ഒപ്പ് വച്ച് കരാർപ്രാകാരം നിർമ്മാണത്തിന് ചെലവായ വായ്പ തുക പലിശ സഹിതം തിരിച്ചടവിനായി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപമെന്റ് കോർപ്പറേഷൻ 15 വർഷത്തേക്കാണ് ടോൾ പിരിക്കാൻ തീരുമാനിച്ചിരുന്നത്. 2005 മാർച്ചിലാണ് പിരിവ് ആരംഭിച്ചത്. 01/03/2016 വരെ 2782.05 ലക്ഷം രൂപ ലഭിച്ചിരുന്നു. എഗ്രി മെന്റെ പ്രകാരം യുസർഫീ 16/12/2019 വരെ പിരിക്കുവാനാണ് നിശ്ചയിച്ചിരുന്നത്. ടോൾ നിർത്തലാക്കുന്നതിനായി റോഡ് ആന്റ ഡെവലപ്‌മെന്റ കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ടോളുകൾ എല്ലാം തന്നെ നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റെ കോർപ്പറേഷൻ എന്നിവ ഏൾപ്പെടുത്തിയിട്ടുള്ള ടോളുകൾ പരിശോധിച്ച ബന്ധപ്പെട്ട അധികാരികളുമായി ചർച്ചചെയ്ത് നിർത്തലാക്കുന്നകാര്യം പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫീബി മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഒന്നും തന്നെ ടോൾ ഏർപ്പെടുത്തുകയില്ലായെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP