Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഉമ്മൻ ചാണ്ടിയുടെ വലം കൈ; ദേശീയ ഗെയിംസിന് പിന്നിലെ വിവാദ കായിക സെക്രട്ടറി; കോടികൾ മുടക്കിയിട്ടും കായിക മാമാങ്കം സംസ്ഥാന സ്പോർട്സിന് നൽകിയ സംഭാവന വട്ട പൂജ്യം; പിണറായിയുടെ ഗുഡ് ബുക്കിൽ കയറി സർക്കാർ മാറിയിട്ടും അന്വേഷണം ഉണ്ടായില്ലെന്ന് ഉറപ്പിച്ചു; സ്പ്രിൻക്ലർ ഇടപാടിൽ ഐടി സെക്രട്ടറി ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം; മുഖ്യമന്ത്രിയുടെ മകൾ ആരോപണത്തിൽ ആകുമ്പോൾ സർക്കാരും ഊരാക്കുടുക്കിൽ; സ്പ്രിൻക്ലർ ഇടപാടിൽ അടിമുടി പാളിച്ചകൾ; എല്ലാം പുറത്തേക്ക്

ഉമ്മൻ ചാണ്ടിയുടെ വലം കൈ; ദേശീയ ഗെയിംസിന് പിന്നിലെ വിവാദ കായിക സെക്രട്ടറി; കോടികൾ മുടക്കിയിട്ടും കായിക മാമാങ്കം സംസ്ഥാന സ്പോർട്സിന് നൽകിയ സംഭാവന വട്ട പൂജ്യം; പിണറായിയുടെ ഗുഡ് ബുക്കിൽ കയറി സർക്കാർ മാറിയിട്ടും അന്വേഷണം ഉണ്ടായില്ലെന്ന് ഉറപ്പിച്ചു; സ്പ്രിൻക്ലർ ഇടപാടിൽ ഐടി സെക്രട്ടറി ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം; മുഖ്യമന്ത്രിയുടെ മകൾ ആരോപണത്തിൽ ആകുമ്പോൾ സർക്കാരും ഊരാക്കുടുക്കിൽ; സ്പ്രിൻക്ലർ ഇടപാടിൽ അടിമുടി പാളിച്ചകൾ; എല്ലാം പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിൻക്ലർ ഇടപാട് കോടതി കയറുമെന്നായപ്പോൾ സർക്കാർ സമ്പൂർണ്ണ പ്രതിസന്ധിയിൽ. നിയമോപദേശം തേടാതെ പദ്ധതി തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണം. ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിലപാട് വിശദീകരണവും സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. എല്ലാം മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കരാർ ഒപ്പിട്ടത് മു്ഖ്യമന്ത്രി അറിഞ്ഞിട്ടുമില്ല. ഇതോടെ ഒരു വിദേശ കരാർ എങ്ങനെ ഒരു ഉദ്യോഗസ്ഥൻ ഒറ്റയ്ക്ക് തീരുമാനിച്ച് നടപ്പാക്കുമെന്നതും വിവാദത്തിന് പുതിയ തലം നൽകുന്നു. വിദേശ കമ്പനിയുടെ ലെറ്റർ പാഡിലാണ് കരാർ എന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ ചർച്ചകളിൽ പ്രതിപക്ഷം എത്തിക്കുന്നതും. ഇതിനെ പ്രതിരോധിച്ചാലും ഡാറ്റാ ചോർച്ചയിൽ വലിയ തലവേദന സർക്കാരിന് ഉണ്ടാകും.

ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ അഴിമതിയായിരുന്നു നാഷണൽ ഗെയിംസ്. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായി. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് വേണ്ടി നടത്തിയ ഈ ഗെയിംസുകൊണ്ട് സംസ്ഥാനത്തിന്റെ സ്‌പോർട്‌സിന് പിന്നീടൊരിക്കലും നേട്ടമുണ്ടായില്ലെന്നതാണ് വസ്തുത. അന്ന് എല്ലാ ഇടപാടിനും ചുക്കാൻ പിടിച്ചത് ശിവശങ്കർ ഐഎഎസ് ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു അന്ന് ശിവശങ്കർ. കായിക സെക്രട്ടറിയുടെ റോളിൽ സ്വന്തം ഇഷ്ടക്കാരെ ഉപയോഗിച്ചായിരുന്നു ഗെയിംസ് നടത്തൽ. പല അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും ഒന്നിലും കാര്യമായ അന്വേഷണം നടന്നില്ല. ഗെയിംസ് വില്ലേജിലും മറ്റും കൊണ്ടു വന്ന അന്താരാഷ്ട്ര ടെക്‌നോളജികൾ വെറുതെയായി എന്നത് കാലം തെളിയിച്ചതുമാണ്. അത്തമൊരു ഉദ്യോഗസ്ഥനാണ് പിണറായിയുടെ വിശ്വസ്തനായി മാറി ഡാറ്റാ ചോർച്ചയിൽ പ്രതിക്കൂട്ടിലാകുന്നത്. അതുകൊണ്ട് തന്നെ സർക്കാർ മാറിയിട്ടും ദേശീയ ഗെയിംസിലെ അഴിമതികളിൽ അന്വേഷണവും ഉണ്ടായില്ല.

ദേശീയ ഗെയിംസ് നടത്തിപ്പിൽ കായിക മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് പോലും അന്ന് വലിയ റോളില്ലായിരുന്നു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള സ്വാധീന കരുത്തിൽ ശിവശങ്കറാണ് നിയന്ത്രിച്ചത്. ഇത് പലപ്പോഴും പൊട്ടിത്തെറികൾക്കും വഴി വച്ചു. കായിക മന്ത്രിക്ക് പോലും അന്ന് ഗെയിംസ് നടത്തിപ്പിൽ സംശയം ഉണ്ടായിരുന്നു. അന്വേഷണം നടത്താൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഒന്നും നടന്നതുമില്ല. ഒടുവിൽ എല്ലാം മറുന്നു. ഇടത് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അന്വേഷണം നടക്കുമെന്ന് പലരും കരുതി. എന്നാൽ അതും ഉണ്ടായില്ല. ഇതോടെ ദേശീയ ഗെയിംസിലെ ഇടപാടുകൾ ഖജനാവിന് നഷ്ടമായോ എന്ന പരിശോധനയും നടക്കാതെ പോയി.

പിണറായിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെറും പുക മറയാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇതിനെ മുഖ്യമന്ത്രി തന്നെ പ്രതിരോധിക്കുമെന്നും പറയുന്നു. നാളെ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുമ്പിലെത്തുന്നത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ ശിവശങ്കറിന്റെ കരാർ ഒപ്പിടൽ രീതിയെ പോലും മുഖ്യമന്ത്രി ന്യായീകരിക്കാൻ ഇടയില്ല. നിയമ വകുപ്പിന് ഇക്കാര്യത്തിൽ വലിയ അമർഷമുണ്ട്. സ്വന്തം വീട്ടിലെ കാര്യം പോലെ ശിവശങ്കർ കാര്യങ്ങൾ നടത്തുന്നത് അനുവദിക്കില്ലെന്നാണ് അവരുടെ പക്ഷം. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റണമെന്ന ആവശ്യവും ഉണ്ട്. എന്നാൽ വിവാദത്തിന് പുതിയ തലം നൽകുമെന്നതിനാൽ അക്കാര്യത്തിൽ പിണറായി ഉടൻ തീരുമാനം എടുക്കില്ല. സിപിഎം പാർട്ടി യോഗങ്ങളിലും ഈ വിഷയം വലിയ ചർച്ചയാകും

കോവിഡ് രോഗബാധിതരുടെയും രോഗസാധ്യതയുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുന്ന സർക്കാർ പദ്ധതിയിൽ സ്വകാര്യ കമ്പനിയായ സ്പ്രിൻക്ലർ ഭാഗമാണെന്ന കാര്യം മറച്ചുവച്ചതു മുതൽ തുടങ്ങി ഇടപാടിലെ പാളിച്ചകൾ എല്ലാം പുറത്തു വന്നിട്ടുണ്ട്. നിർണായകമായ രോഗ വിവരങ്ങളും വ്യക്തിവിവരങ്ങളും ശേഖരിക്കുന്ന പ്ലാറ്റ്‌ഫോം ആയിട്ടുപോലും പൊതു സമൂഹത്തെ ഈക്കാര്യം അറിയിച്ചില്ല. ഐടി മിഷൻ മാത്രം ഇടപെട്ട പദ്ധതിയെന്ന മട്ടിലാണു നടപ്പാക്കിത്തുടങ്ങിയത്. ആരോപണം വന്നപ്പോൾ വാർഡ് തല കമ്മിറ്റികൾ ശേഖരിക്കുന്ന പോർട്ടലിലും മറ്റും സ്പ്രിൻക്ലറിന്റെ ലോഗോയും പേരുമുണ്ടല്ലോ എന്നായിരുന്നു ഐടി സെക്രട്ടറിയുടെ വാദം. എന്നാൽ സിറ്റിസൻ പോർട്ടലിലോ ഹൗസ് വിസിറ്റ് പോർട്ടലിലോ അത്തരമൊരു വിവരവും ഇതുവരെയില്ല. വിവരശേഖരണം നടക്കുമ്പോൾ തന്നെ അതുപയോഗിച്ച് രാജ്യാന്തര തലത്തിൽ സ്പ്രിൻക്ലർ മാർക്കറ്റിങ് നടത്തിയതും തിരിച്ചടിയായി. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളാണ് ഇതിലൂടെ ആ കമ്പനി സ്വന്തമാക്കിയത്.

രണ്ടു രാജ്യങ്ങളിലെ നിയമം ബാധകമാകുന്ന കരാറിന്റെ ഒരു ഘട്ടത്തിലും ഐടി വകുപ്പ് നിയമവകുപ്പിനെ സമീപിച്ചില്ല. സ്വന്തം ബോധ്യമനുസരിച്ചാണ് ഒപ്പുവച്ചതെന്ന് ഐടി സെക്രട്ടറി പറയുന്നു. ഇത് ഗുരുതര വീഴ്ചയാണ്. അന്താരാഷ്ട്ര കരാറുകൾക്ക് കേന്ദ്ര സർക്കാരിന്റെ പോലും അനുമതി വേണം. ഇതു പോലും ഈ കരാറിന് ഉണ്ടായിട്ടില്ല. ഡാറ്റ ശേഖരിക്കുന്ന സെർവർ ഇന്ത്യയിൽ സൂക്ഷിക്കണമെന്ന നിബന്ധന പർച്ചേസ് ഓർഡറിലോ മാസ്റ്റർ സർവീസസ് എഗ്രിമെന്റിലോ ആരോപണം വന്നതിനു ശേഷം ഏപ്രിൽ 11ന് സർക്കാർ സ്പ്രിൻക്ലറിൽ നിന്ന് ആവശ്യപ്പെട്ട വിശദീകരണ കത്തിലോ ഇല്ല. ഇങ്ങനെ വേണമെന്ന നിബന്ധനയുള്ളത് ഏപ്രിൽ 12ന് വന്ന കത്തിൽ മാത്രം. ആരോപണത്തിനു ശേഷം മറുപടിയായി പുറത്തുവിട്ട രേഖകൾ പിന്നീടു തയാറാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. ഇവയൊക്കെ നേരത്തേയുണ്ടെന്നു 13 ന് ഇറക്കിയ പത്രക്കുറിപ്പിലെ അവകാശവാദം ഇതോടെ പൊളിഞ്ഞു.

ചട്ടലംഘനമുണ്ടായാൽ ന്യൂയോർക്കിലെ കോടതിയിൽ മാത്രമേ സമീപിക്കാനാവൂ എന്ന സ്പ്രിൻക്ലറിന്റെ ചട്ടം കേരളത്തിനു പ്രായോഗികമാകില്ല. ഇക്കാര്യത്തിലും നിയമോപദേശമില്ല. സ്വകാര്യത വിവര സുരക്ഷയുമായി ബന്ധപ്പെട്ടു യൂറോപ്പിലെയും യുഎസിലെയും നിയമങ്ങൾ പാലിക്കുന്ന കമ്പനിക്കെതിരെ വേണ്ടിവന്നാൽ ഇന്ത്യയിൽ എങ്ങനെ നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല. 'വിവര സുതാര്യത' എന്ന പേരിൽ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകളിൽ നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് അത് അപ്‌ലോഡ് ചെയ്തതിന്റെ തലേ ദിവസമായ ഏപ്രിൽ 14ന് തയാറാക്കിയതാണെന്ന് ഇന്നലെ ഐടി സെക്രട്ടറി തുറന്നു സമ്മതിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്നും തെളിഞ്ഞു.

ചുരുക്കത്തിൽ മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന ഡേറ്റാ ശേഖരണത്തിൽ സ്വകാര്യത, സെർവർ ലൊക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ അൽപമെങ്കിലും വ്യക്തത വരുത്തിയത് ഏപ്രിൽ 10നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ച ശേഷമാണ്. മുഖ്യമന്ത്രി ഒരു തവണ മാത്രം വിശദീകരണം നൽകിയെങ്കിലും പിന്നെ ഇതേക്കുറിച്ചു പ്രതികരിക്കാൻ തയാറായില്ല. തുടർന്നാണ് ഐടി സെക്രട്ടറി തന്നെ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഇതും വലിയ തലവേദനയായി മാറുകയാണ് സർക്കാർ. എല്ലാ പിഴവുകളും മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറയുകയായിരുന്നു ശിവശങ്കർ ചെയ്തത്. പ്രതിപക്ഷ ആരോപണത്തിന്റെ പിറ്റേന്നു സർക്കാർ ആവശ്യപ്പെട്ട പ്രകാരം സ്പ്രിൻക്ലർ അയച്ച കത്തിലും ഡേറ്റ എവിടെ സൂക്ഷിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. 12ന് വീണ്ടും അയച്ച കത്തിലാണ് ഇന്ത്യയിലെ സെർവറിൽ തന്നെ ഇതു സൂക്ഷിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാർ ആവശ്യപ്പെടുന്ന മറ്റ് സെർവറിലേക്കു മാറ്റുമെന്നും കമ്പനി ഉറപ്പു നൽകിയത്.

പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായുള്ള എക്‌സാലോജിക് എന്ന കമ്പനിക്ക് സ്പ്രിങ്‌ളർ ഇടപാടുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പിടി തോമസ് ആവശ്യപ്പെട്ടതും സർക്കാരിന് തലവേദനയാണ്, എക്‌സാലോജികിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ്, ഇതാണ് സംശയത്തിന് ഇട നൽകുന്നതെന്നും പിടി തോമസ് പറഞ്ഞു, പിണറായി വിജയന്റെ മകൾ വീണ ബംഗലൂരു ആസ്ഥാനമായാണ് കമ്പനി നടത്തുന്നത്. 2014 മുതൽ നല്ലതായി പ്രവർത്തിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച രേഖകൾ വ്യക്തമാക്കിയിരുന്നത്.

എന്നാലിപ്പോൾ പെട്ടെന്ന് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത നിലയിലാണ്. സ്പ്രിംക്ലർ വിവാദവും ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. അതായത് പ്രതിപക്ഷം കടന്നാക്രമണത്തിനാണ് തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP