Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; പകരം മിർ മുഹമ്മദിന് അധിക ചുമതല നൽകി; ഐടി സെക്രട്ടറി സ്ഥാനത്ത് തുടരം; സ്വർണ്ണക്കടത്തുകാരി സ്വപ്നാ സുരേഷിന് ഖജനാവിൽ നിന്ന് നൽകിയത് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി നൽകിയ വകുപ്പു മേധാവിയെ കൈവിടാതെ സംരക്ഷിച്ചു നിർത്തി സർക്കാർ; ഇപ്പോഴത്തെ നടപടി സ്വർണ്ണക്കടത്തിൽ ശിവങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ; നടക്കുന്നത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം

എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; പകരം മിർ മുഹമ്മദിന് അധിക ചുമതല  നൽകി; ഐടി സെക്രട്ടറി സ്ഥാനത്ത് തുടരം; സ്വർണ്ണക്കടത്തുകാരി സ്വപ്നാ സുരേഷിന് ഖജനാവിൽ നിന്ന് നൽകിയത് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി നൽകിയ വകുപ്പു മേധാവിയെ കൈവിടാതെ സംരക്ഷിച്ചു നിർത്തി സർക്കാർ; ഇപ്പോഴത്തെ നടപടി സ്വർണ്ണക്കടത്തിൽ ശിവങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ; നടക്കുന്നത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുകാരി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന വിവാദത്തിൽ കുരുങ്ങിയ ഐടി സെക്രട്ടറി എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു. സിപിഎമ്മും ഇക്കാര്യം ഉന്നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

അതേസമയം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയെന്ന് വാർത്തകൾ വരുമ്പോഴും പുറത്തുവരുന്ന വിവരം അദ്ദേഹം ഐടി സെക്രട്ടറി സ്ഥാനത്തു തുടരും എന്നുതന്നെയാണ്. സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം.ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി ഓഫിസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്താൻ സർക്കാർ തീരുമാനം.

അതേസമയം സർക്കാറിന് ഏറെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ അതുകൊണ്ടു തന്നെ അദ്ദേഹത്തെ പൂർണമായും കൈവിടാൻ സർക്കാർ തയ്യാറല്ലെന്ന തെളിവാണ് ഐടി സെക്രട്ടറി സ്ഥാനത്തു തുടരുന്നതും. അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധമുള്ള സ്വപ്‌ന സുരേഷിനെ ശിവശങ്കരൻ നിയമിച്ചത് ഐടി സെക്രട്ടറി പദവി ഉപയോഗിച്ചാണ്. ഈ സ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്തുന്നത് എങ്ങനെ ധാർമ്മികമായി ശരിയാകും എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ലാവണം ആക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലിൽ നിന്നും മാറ്റിനിർത്താൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ നിയമിച്ചത് എന്നാണ് ആക്ഷേപം ഉയർന്നത്. കൂടാതെ ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങൾക്കും സ്വപ്ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനം സാധ്യതയുണ്ട്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് ഇപ്പോഴുള്ളത്. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതൻ സജീവ ഇടപെടൽ നടത്തിയിരുന്നു. ശിവശങ്കറിനെ സസ്പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഐ.ടി. സെക്രട്ടറിയുടെ കസേര തെറിച്ചേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡൽഹിയിൽ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ നിന്നും വിളി വന്നുവെന്നാണ് സൂചന.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത് കുമാർ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. വിളിച്ചവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. അങ്ങനെ വന്നാൽ ഈ കേസിൽ നിർണ്ണായക വഴിത്തിരിവുകളുണ്ടാകും. കൊല്ലത്തെ എംഎൽഎയും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വർണക്കടത്തുകേസിൽ ശുപാർശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

'ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയാണ്.

കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പി.ആർ.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തിൽനിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കണ്ടെത്തിയത്. 2019 മുതൽ ഈ രീതിയിൽ സ്വർണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനൽകി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കേസിൽപ്പെട്ടതിനുപിന്നാലെ ഐ.ടി. പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേൽ ശന്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP