Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്വേഷണം പുതിയ ദിശയിൽ നീങ്ങാൻ ഇനി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അത്യാവശ്യം; ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യൽ; അന്വേഷണത്തിന് സഹായകമായ നിർണായക വിവരങ്ങൾ എൻഐഎക്ക് നൽകി എം.ശിവശങ്കർ; സ്വപ്‌നയടക്കമുള്ള പ്രതികളുമായുള്ള സൗഹൃദം വ്യക്തിപരമായ വീഴ്ച; പത്തരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറിയെ വിട്ടയച്ചു; 10 ദിവസത്തിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യും

അന്വേഷണം പുതിയ ദിശയിൽ നീങ്ങാൻ ഇനി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അത്യാവശ്യം; ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യൽ; അന്വേഷണത്തിന് സഹായകമായ നിർണായക വിവരങ്ങൾ എൻഐഎക്ക് നൽകി എം.ശിവശങ്കർ; സ്വപ്‌നയടക്കമുള്ള പ്രതികളുമായുള്ള സൗഹൃദം വ്യക്തിപരമായ വീഴ്ച; പത്തരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറിയെ വിട്ടയച്ചു; 10 ദിവസത്തിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യും. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. 10 ദിവസത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന.

10.30 മണിക്കൂർ നീണ്ട മാരത്തൺ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. തുടർച്ചയായി രണ്ടാംദിവസമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കർ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും എൻ.ഐ.എ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചപ്പോഴെല്ലാം മടിയേതും കാട്ടാതെ ശിവശങ്കർ കൊച്ചിയിലേക്കും തിരുവനന്തപുരത്തെ എൻ.ഐ.എ ഓഫീസിലേക്കും ചെന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. രാജീവ് പറയുന്നു. എൻ.ഐ.എയുടെ മാത്രമല്ല, കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിൽ അദ്ദേഹം സഹകരിച്ച കാര്യവും അഭിഭാഷകൻ എടുത്തുകാട്ടി.

കൊച്ചി പനമ്പള്ളി നഗറിൽ എൻഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിൽനിന്ന് രാവിലെ 10 മണിയോടെയാണ് ശിവശങ്കർ എൻഐഎ ഓഫിസിലെത്തിയത്. തിങ്കളാഴ്ച ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനോട് കൊച്ചിയിൽ തുടരാൻ അന്വേഷണസംഘം നിർദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ എൻഐഎ അന്വേഷണത്തിനു സഹായകമായ നിർണായക വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയതായാണു സൂചന. സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലരുമായുണ്ടായ സൗഹൃദം വ്യക്തിപരമായ വീഴ്ചയാണെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോടു തുറന്നു സമ്മതിച്ചു. എന്നാൽ പ്രതികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ശിവശങ്കറിനു പങ്കാളിത്തമുള്ളതിന്റെ തെളിവുകൾ എൻഐഎക്കു ലഭിച്ചിട്ടില്ല.

കസ്റ്റംസിന് നൽകിയ മൊഴി ശിവശങ്കർ ആവർത്തിച്ചെന്നാണ് സൂചന. തനിക്ക് കള്ളക്കടത്തുമായി ബന്ധമില്ല. സ്വപ്നയുമായുള്ളത് ദീർഘകാലത്തെ സൗഹൃദം മാത്രമെന്നും അദ്ദേഹം ആവർത്തിച്ചു. ചോദ്യം ചെയ്യലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി തുടങ്ങി. ദൃശ്യങ്ങൾ മുഴുവൻ പകർത്താൻ അഞ്ച് ദിവസമെങ്കിലും എടുക്കും. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലും നിരീക്ഷിച്ചിരുന്നു. ല്ല. സെക്രട്ടറിയേറ്റിലെ ദൃശ്യ പരിശോധന വരെ കാത്തിരിക്കാനാണ് എൻഐഎ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്.

കേസിൽ ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്.

അതിനിടെ, നയതതന്ത്ര ബാഗേജ് വഴി സ്വർണക്കടത്തിയ കേസിലെ പ്രതികളിലൊരാളായ കെ.ടി. റമീസിനെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. എൻ.ഐ.എ. സമർപ്പിച്ച അപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക കോടതിയാണ് റമീസിനെ കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തേക്കാണ് കോടതി അനുമതി നൽകിയത്.റമീസും സംഘവും ലോക്ഡൗൺ കാലത്ത് വലിയ തോതിൽ സ്വർണം കടത്തിയെന്നാണ് എൻ.ഐ.എ. നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. റമീസിനെക്കുറിച്ച് സന്ദീപ് നായർ നൽകിയ മൊഴികളിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

അതിനാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻ.ഐ.എ. സംഘം കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.റമീസിന് വിദേശത്ത് ഉന്നത ബന്ധങ്ങളുണ്ടെന്നും ഇയാളോടൊപ്പം മിക്കസമയത്തും ഒരു സംഘം കൂടെയുണ്ടാകാറുണ്ടെന്നും സന്ദീപ് നായർ മൊഴി നൽകിയിട്ടുണ്ട്. റമീസിനെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP