Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വീരേന്ദ്രകുമാർ മന്ത്രിയായ കാര്യം ഭാര്യയ്ക്ക് വിശ്വസിക്കാനായില്ലത്രേ; മന്ത്രിയാവുന്നതെല്ലാം വലിയ ആളുകളല്ലേ എന്നായിരുന്നു അവരുടെ മറുപടി; 'എല്ലാ വലിയ മനുഷ്യർക്ക് പിന്നിലും അമ്പരന്നു നിൽക്കുന്ന ഒരു സ്ത്രീ ഉണ്ടാവുമെന്ന' ആത്മഗതം കേട്ട് പൊട്ടിച്ചിരിച്ച് ജനം; രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മാത്രമല്ല സാഹിത്യ, സാംസ്‌കാരിക രംഗത്തും കനത്ത നഷ്ടമാണ് വീരേന്ദ്രകുമാറിന്റെ വിയോഗം; വിടപറഞ്ഞത് പരിസ്ഥിതി പ്രശ്നങ്ങളും ജലയുദ്ധങ്ങളും നിരന്തരം ഓർമ്മിപ്പിച്ച എഴുത്തുകാരൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മാത്രമല്ല സാഹിത്യ, സാംസ്‌കാരിക രംഗത്തും കനത്ത നഷ്ടമാണ് എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി, തത്വചിന്ത, സാഹിത്യം, യാത്രാവിവരണം എന്നിവയുൾപ്പടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ എഴുതിയ ദൈർഘ്യമേറിയ ലേഖനങ്ങൾ ഭാഷയുടേയും ആശയത്തിന്റേയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ചു. തത്വചിന്താപരമായ വിഷയങ്ങൾ സർഗാത്മക സൗന്ദര്യത്തോടെ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവായിരുന്നു അദ്ദേഹത്തിന്.

അദ്ദേഹത്തിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം ഇപ്പോൾ അൻപത്തിയാറാം പതിപ്പിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഏക മലയാള യാത്രാ വിവരണമായ ഹൈമവതഭൂവിൽ മാത്രം മുപ്പതിലേറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മറ്റൊരു പുരസ്‌കാരമായ ആമസോണും കുറെ വ്യാകുലതകളും ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം. 2012 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. ഹൈമവതഭൂവിൽ, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, വിവേകാനന്ദൻ- സന്ന്യാസിയും മനുഷ്യനും, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, അമസോണും കുറേ വ്യാകുലതകളും, ബുദ്ധന്റെ ചിരി, ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ഡാന്യൂബ് സാക്ഷി, ഗാട്ടും കാണാച്ചരടുകളും, ഇരുൾ പരക്കുന്ന കാലം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, പ്രതിഭയുടെ വേരുകൾ തേടി, രാമന്റെ ദുഃഖം, രോഷത്തിന്റെ വിത്തുകൾ, സമന്വയത്തിന്റെ വസന്തം, സ്മൃതി ചിത്രങ്ങൾ, തിരിഞ്ഞുനോക്കുമ്പോൾ, വിചിന്തനങ്ങൾ സ്മരണകൾ തുടങ്ങിയ പുസ്തകങ്ങൾ വീരേന്ദ്രകുമാർ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്തുന്നവയാണ്. പരിസ്ഥിതി പ്രശ്നങ്ങളും ജലയുദ്ധങ്ങളും മറ്റും അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു.

കേരളം കണ്ട ഏറ്റവും മികച്ച പ്രഭാഷകരിലൊരാളിയിരുന്നു വീരേന്ദ്രകുമാർ. സാഹിത്യം, രാഷ്ട്രീയം, പുരാണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം നടത്തിയ ദീർഘമായ പ്രഭാഷങ്ങൾ കേരള ചരിത്രത്തിന്റെ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. ഭാരതീയ ചിന്തയിലുള്ള ആഴത്തിലുള്ള അറിവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ഓരോ വാക്കുകളും.

അസാധാരണമായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ പ്രസംഗങ്ങൾ. ഗഹനമായ വിഷയങ്ങൾ പോലും നർമ്മത്തിൽ ചാലിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പ്രസംഗം എത്ര നീണ്ടു പോയാലും ആർക്കും അൽപ്പം പോലും ബോറടിച്ചിരുന്നില്ല. രാഷ്ട്രീയമായാലും സാഹിത്യമായാലും പരിസ്ഥിതിയായാലും എന്തിന് മരണത്തെക്കുറിച്ചു പോലുമായാലും ആളുകളെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നന്നായി ഗൃഹപാഠം ചെയ്തു മാത്രമേ അദ്ദേഹം വേദിയിൽ എത്തിയിരുന്നുള്ളു. അദ്ദേഹത്തിന്റെ രസകരമായ ഒരു പ്രസംഗത്തെപ്പറ്റി സിപിഐ കോഴിക്കോട് ജില്ലാ സെകട്ടറി ടി വി ബാലൻ ഓർക്കുന്നു.

'വീരേന്ദ്രകുമാർ കേന്ദ്രമന്ത്രി ആയപ്പോൾ കോഴിക്കോട് അദ്ദേഹത്തിന് ഒരു സ്വീകരണമൊരുക്കി. താൻ മന്ത്രിയായ വിവരം വീരേന്ദ്രകുമാർ കൽപ്പറ്റയിലുള്ള ഭാര്യയോട് വിളിച്ചു പറഞ്ഞത്രെ. അപ്പോൾ ഭാര്യ ചോദിച്ചത് നിങ്ങളോ എന്നായിരുന്നത്രെ. താൻ മന്ത്രിയായ കാര്യം ഭാര്യയ്ക്ക് വിശ്വസിക്കാനായില്ല എന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. അപ്പോൾ അതെന്താ ... ഇങ്ങനെ .. നിനക്ക് വിശ്വാസമാവുന്നില്ലേ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.. മന്ത്രിയാവുന്നതെല്ലാം വലിയ വലിയ ആളുകളല്ലേ ... എന്നായിരുന്നു ഭാര്യയുടെ സംശയത്തോടെയുള്ള മറുപടിയെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ കേട്ടു നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. എല്ലാ വലിയ മനുഷ്യർക്ക് പിന്നിലും അമ്പരന്നു നിൽക്കുന്ന ഒരു സ്ത്രീ ഉണ്ടാവും എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. ഇങ്ങനെ സ്വയം കളിയാക്കി സംസാരിക്കാൻ നർമ്മ ബോധം മാത്രം പോര . അപാരമായ നിർമ്മമത്വവും വേണം'- ടി വി ബാലൻ പറഞ്ഞു.

വടകര സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് എൽ ജെ ഡി ഉടക്കി നിൽക്കുന്നതായുള്ള വാർത്തകൾ വരുന്ന ദിവസം തന്നെയായിരുന്നു കോഴിക്കോട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും. വൈകുന്നേരമായപ്പോൾ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് എൽ ജെ ഡി നേതാക്കൾ എൽ ഡി എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എൽ ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാർ എം പി എത്തിയതോടെ മുതലക്കുളം മൈതാനിയിൽ ആവേശം അണപൊട്ടി. മനുഷ്യരുടെ ചിന്തകളുടെ മേൽപോലും ഫാസിസ്റ്റുകൾ പിടമുറുക്കുന്ന കാലമാണിതെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ സംസാരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രസംഗം.
ഞങ്ങളോടു ചിലർ ചോദിക്കുന്നുണ്ട് എൽഡിഎഫിൽ പോയിട്ട് എന്ത് കിട്ടിയെന്ന്. പഴയ സഖാക്കൾക്കൊപ്പം നിൽക്കാനായല്ലൊ അതു തന്നെയാണ് ഞങ്ങളുടെ സന്തോഷമെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ കൈയടികൾ ഉയർന്നു. എം എൽ എ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച എ പ്രദീപ് കുമാർ ഒരു തെറ്റ് മാത്രമെ ചെയ്തിട്ടുള്ളു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് കാട്ടി നാടുനീളെ അദ്ദേഹം ഫ്‌ളക്‌സുകൾ സ്ഥാപിച്ചിട്ടില്ലെന്ന് സിറ്റിങ്് എം പി എം കെ രാഘവനെ പരിഹസിച്ചുകൊണ്ട് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ മൈതാനിയിൽ ആർപ്പുവിളികളുയർന്നു.

ഇത്രയ്ക്ക് രസകരമായിരുന്നു വീരേന്ദ്രകുമാറിന്റെ ഓരോ പ്രസംഗങ്ങളും. ഇതേ സമയം ദാർശനീയമായുള്ള പ്രസംഗങ്ങളും അദ്ദേഹം നടത്താറുണ്ടായിരുന്നു. മരണത്തെക്കുറിച്ച് അതി മനോഹരമായ അദ്ദേഹത്തിന്റെ ഒരു പ്രസംഗമുണ്ട്. വയനാട്ടിൽ നടന്ന കൈരളി ടിവിയുടെ ഡോക്ടേഴ്സ് അവാർഡ് ദാന ചടങ്ങിലാണ് ഖലീൽ ജിബ്രാന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം മരണത്തെക്കുറിച്ച് സംസാരിച്ചത്. മരണം ഒരു സത്യമാണ്. അത് നമ്മുടെ കൂടെ തന്നെയുണ്ട് എന്നു പറഞ്ഞ അദ്ദേഹം പിന്നെ ഖലീൽ ജിബ്രാന്റെ വാക്കുകളിലൂടെ സഞ്ചരിച്ചു. ഒരിക്കൽ മരണം പ്രായമായ വലിയൊരു പണക്കാരന്റെ അടുത്തെത്തി.

അയാൾ, ആരാണെന്ന് ചോദിച്ചപോൾ താൻ മരണമാണെന്നും താങ്കളെ കൂട്ടിക്കൊണ്ടു പോവാൻ വന്നതാണെന്നും മരണം മറുപടി നൽകി. എനിക്ക് ധാരാളം സ്വത്തുണ്ടെന്നും അതൊന്നും വിട്ട് വരാനാവില്ലെന്നുമായിരുന്നു പണക്കാരന്റെ മറുപടി. വേണമെങ്കിൽ തന്റെ പണിക്കാരെയോ മക്കളേയോ കൊണ്ടു പോയ്ക്കോളൂ എന്നായി പണക്കാരൻ. പക്ഷേ മരണം അയാളെയും കൊണ്ടു പോയി. ഇതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇവിടെ മരണം മരിക്കുകയായിരുന്നുവെന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. മരണം മറ്റൊരിക്കൽ കടപ്പുറത്തിരിക്കുന്ന ഒരു യുവാവിന് അടുത്തേക്ക് ചെന്നു. നീയാരാണ്... ഒരപ്സരസ്സിനെ പോലെ സുന്ദരിയാണല്ലോ എന്ന് യുവാവ് ചോദിച്ചു. ഞാൻ മരണമാണ്. കൂട്ടിക്കൊണ്ടു പോവാൻ വന്നതാണെന്ന് മരണം പറഞ്ഞപ്പോൾ നിന്റെ ചിറകിലേറ്റി എന്നെ കൊണ്ടു പോകുമോ എന്നായി യുവാവ്. അദ്ഭുതപ്പെട്ടു പോയ മരണം അയാളെയും കൂട്ടി പറന്നു. ഇവിടെ മരണം ജീവിക്കുകയായിരുന്നുവെന്നാണ് വീരേന്ദ്രകുമാർ വ്യക്തമാക്കിയത്..ഒടുവിൽ പുഞ്ചിരിയോടെ മരണത്തിന്റെ ചിറകിലേറി വീരേന്ദ്രകമാറും പറന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP