Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി മണിയുടെ സഹോദരൻ ലംബോദരൻ ചിന്നക്കനാലിൽ കൈയേറിയത് 240 ഏക്കർ ഭൂമി! ടോം സഖറിയയും തച്ചങ്കരിയുടെ കാറ്ററിങ് കോളേജും സ്‌കൈ ജുവല്ലറിയും സർക്കാർ ഭൂമി കൈവശപ്പെടുത്തി; സി.പി.എം നേതാക്കളുടെ ഇഷ്ടക്കാർ അടക്കം വൻകിട കൈയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി റവന്യൂ വകുപ്പ്

മന്ത്രി മണിയുടെ സഹോദരൻ ലംബോദരൻ ചിന്നക്കനാലിൽ കൈയേറിയത് 240 ഏക്കർ ഭൂമി! ടോം സഖറിയയും തച്ചങ്കരിയുടെ കാറ്ററിങ് കോളേജും സ്‌കൈ ജുവല്ലറിയും സർക്കാർ ഭൂമി കൈവശപ്പെടുത്തി; സി.പി.എം നേതാക്കളുടെ ഇഷ്ടക്കാർ അടക്കം വൻകിട കൈയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി റവന്യൂ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സി.പി.എം-സിപിഐ തർക്കം മുറുകിയതോടെ പുറത്തുവന്നത് ഇടതുമുന്നണിയിലെ കയ്യേറ്റക്കാരുടെ വിവരങ്ങൾ. ടോം സഖറിയയുടെ സ്പിരിറ്റ് ഇൻ ജീസസിന്റെ പേരിൽ കുരിശു സ്ഥാപിച്ചു തുടങ്ങിയ കൈയേറ്റം ഒഴിപ്പിക്കാൻ സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഇറങ്ങിത്തിരിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇതോടെയാണ് തർക്കം രൂക്ഷമായത്. ഇപ്പോൾ വീണ്ടും കൈയേറ്റം ഒഴിപ്പിക്കേണ്ടവരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കിയപ്പോൾ സിപിഎമ്മിലെ ഇഷ്ടക്കാരുടെ പേരു വിവരങ്ങളും അതിൽ ഇടംപിടിച്ചു.

മൂന്നാറിലെ കയ്യേറ്റത്തെ നഖശിഖാന്തം എതിർക്കുന്ന മന്ത്രി എംഎം മണിയുടെ സഹോദരൻ പ്രദേശത്തെ വൻകിട കൈയേറ്റക്കാരനാണെന്ന വിവരമാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നത്. എം എം ലംബോധരൻ ചിന്നക്കനാലിൽ കൈയേറിയത് 240 ഏക്കർ ഭൂമിയാണെന്നാണ് പട്ടികയിൽ പറയുന്നത്. ഒഴിപ്പിക്കലിനെത്തുടർന്ന് വിവാദമായ പാപ്പാത്തിച്ചോലയിൽ 300 ഏക്കർ ഭൂമി കൈയേറിയത് കഴിഞ്ഞാൽ, മൂന്നാറിലെ വൻകിട കൈയേറ്റം ലംബോദരന്റെതാണ് എന്ന് വ്യക്തമാകുമ്പോൾ തന്നെ മണി എന്തുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കലിനെ എതിർക്കുന്നു എന്ന് ബോധ്യമാകും.

മൂന്നാറിലെ തച്ചങ്കരി കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള കാറ്ററിങ് കോളേജും കൈയേറ്റക്കാരുടെ ലിസ്റ്റിലുണ്ട്. മാറിമാറി വന്ന സർക്കാറുകളൊന്നും ഇത് ഒഴിപ്പിക്കാൻ തയ്യാറായിരുന്നില്ല. പാപ്പാത്തിച്ചോലയിൽ വൻകിട കൈയേറ്റം നടത്തിയ സ്പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ നേതാവ് ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയോടൊപ്പം ചേർന്ന് സി.പി.എം. ശാന്തൻപാറ ഏരിയാ കമ്മറ്റിയംഗം വി.എക്സ്. ആൽബിൻ ചിന്നക്കനാലിൽ 17 ഏക്കർ കൈയേറിയതും റിപ്പോർട്ടിലുണ്ട്. ഇയാൾ കൈവശപ്പെടുത്തിയിരിക്കുന്നത് ആദിവാസി ഭൂമിയാണെന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ആൽബിൻ ഒറ്റയ്ക്ക് ചിന്നക്കനാലിൽ 30 സെന്റ് വേറെയും കൈയേറി. ടോം സഖറിയയുടെ മറ്റൊരു സഹോദരൻ ജിമ്മി സഖറിയ ചിന്നക്കനാലിൽ 40 ഏക്കർ സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തച്ചങ്കരി കാറ്ററിങ് കോളേജും ഹോസ്റ്റലും ചിന്നക്കനാലിൽ 20 ഏക്കർ ഭൂമി കൈയേറി. സന്തോഷ് ജോർജ് കുളങ്ങര ചിന്നക്കനാൽ, കെ.ഡി.എച്ച്., ബൈസൺവാലി വില്ലേജുകളിലായി മൂന്ന് ഏക്കർ കൈവശപ്പെടുത്തി. ചിന്നക്കനാലിൽ സ്‌കൈ ജുവല്ലറി ക്ലൗഡ് 9 റിസോർട്ടിന് സമീപം കൈയേറിയത് 12 ഏക്കർ.

സ്?പിരിറ്റ് ഇൻ ജീസസിന്റെയും ലംബോദരന്റെയും കൈയേറ്റം കഴിഞ്ഞാൽ, ആനവിരട്ടിയിലാണ് സർക്കാർഭൂമി വൻതോതിൽ കൈവശപ്പെടുത്തിയത്. ഇവിടെ, ലൂക്ക് സ്റ്റീഫൻ പുളിമൂട്ടിൽ കൈയേറിയത് 200 ഏക്കറാണ്. ഗ്രീൻ ജംഗിൾ റിസോർട്സിന് ചിന്നക്കനാലിൽ അഞ്ചേക്കറും ആഴി റിസോർട്സിന് 10 ഏക്കറും കൈയേറ്റ ഭൂമിയുണ്ട്. ജംഗിൾ ട്രക്കിങ്ങിനും ടെന്റിനുമായി കലിപ്സോ അഡ്വഞ്ചേഴ്സ് ആനയിറങ്ങൽ ക്യാമ്പിൽ ഒമ്പതരയേക്കർ ഭൂമി കൈയേറി. കെ.ഡി.എച്ചിൽ വിൻസെന്റ് ഡിക്കോത്തയെന്നയാൾ ഒരേക്കറും ലവ് ഡെയ്ൽ സ്ഥാപനം ഒരേക്കർ 30 സെന്റും കൈയേറി. പള്ളിവാസൽ കെ.എസ്.ഇ.ബി. വക സ്ഥലത്ത് 40 ഏക്കർ കൈയേറ്റമുണ്ട്. ദേവികുളം സി.എച്ച്.സി.ക്കും ജി.വി.എച്ച്.എസ്. സ്‌കൂളിനും ഒരേക്കറും ശിക്ഷക് സദന് 20 സെന്റും കൈയേറ്റമുണ്ടെന്നും കണ്ടെത്തി.

വൻകിട കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസുകൾവഴി കണക്കെടുത്താണ് പ്രാഥമിക പട്ടികയ്ക്ക് രൂപം നൽകിയത്. ഓരോ കൈയേറ്റ ഭൂമിയുടെയും സർവേ നമ്പറും നിലവിൽ എന്തിന് ഉപയോഗിക്കുന്നുവെന്നും പട്ടികയിലുണ്ട്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് നൽകി ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാനാണ് റവന്യൂ അധികൃതരുടെ തീരുമാനം. ഭൂമി കൈയേറിയവർ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സി.പി.എം. നേതാക്കളുടെയും ബന്ധുക്കളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നത് തടയാനാണ് പാർട്ടി തീവ്രമായി രംഗത്തെത്തിയതെന്ന് ആരോപണമുയർന്നിരുന്നു. മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രൻ എംഎ‍ൽഎ.യും ഒഴിപ്പിക്കൽ നടപടിക്ക് മുൻകൈയെടുത്ത സബ് കളക്ടറെയും കളക്ടറെയും ശാരീരികമായി നേരിടുമെന്ന് വരെ ഭീഷണിപ്പെടുത്തി. സിപിഐ.യും സിപിഎമ്മും അകലുന്നതിലേക്കും ഇത് നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ. സെക്രട്ടറി കാനം രാജേന്ദ്രനും നേർക്കുനേരേ ഏറ്റുമുട്ടുന്ന തരത്തിലേക്ക് ഇത് വളരുന്നതിനിടെയാണ് വൻകിട കൈയേറ്റക്കാരുടെ പട്ടികയ്ക്ക് റവന്യൂ അധികൃതർ രൂപം നൽകിയത്. ഇതോടെ ഈ വിഷയത്തിൽ മുഖ്യമന്ത്രി എന്തു തീരുമാനം കൈക്കൊള്ളും എന്നാണ് അറിയേണ്ടത്.

അതേസമയം സർക്കാർ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പൊതുധാരണയുണ്ടാക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മെയ്‌ ഏഴിന് തിരുവനന്തപുരത്ത് സർക്കാർ ഗസ്റ്റ് ഹൗസിലാണ് യോഗം. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. റവന്യൂ വകുപ്പ് തയ്യാറാക്കിയ കൈയേറ്റക്കാരുടെ പട്ടിക സർവകക്ഷി യോഗത്തിൽ സമർപ്പിക്കും. കൈയേറ്റം ഒഴിപ്പിക്കാൻ സർവകക്ഷിയോഗത്തിന്റെ തന്നെ ആവശ്യമില്ലെന്നാണ് സിപിഐ.യുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം. യോഗം വിളിച്ചാൽ പങ്കെടുക്കുമെങ്കിലും കൈയേറ്റം ഒഴിപ്പിക്കാൻ കൃത്യമായ നിയമങ്ങൾ ഉള്ളപ്പോൾ അവ നടപ്പാക്കിയാൽ മതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP