Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്; കുളിപ്പിക്കരുത് കുഴിചുറ്റരുത്; കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽ നല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം; ഒരുവിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്; നാൽപ്പത്തൊന്നും അൻപത്തൊന്നും ഒന്നും പാടില്ല; അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്; സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്; അന്തരിച്ച സിപിഎം നേതാവ് എം കേളപ്പന്റെ കുറിപ്പ് വൈറൽ

ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്; കുളിപ്പിക്കരുത് കുഴിചുറ്റരുത്; കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽ നല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം; ഒരുവിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്; നാൽപ്പത്തൊന്നും അൻപത്തൊന്നും ഒന്നും പാടില്ല; അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്; സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്; അന്തരിച്ച സിപിഎം നേതാവ് എം കേളപ്പന്റെ കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

വടകര: ജീവിച്ചിരിക്കുമ്പോൾ പല കാര്യങ്ങളിലും വേറിട്ട കാഴ്‌ച്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ളവരാണ് ഓരോ മനുഷ്യരും. എന്നാൽ തന്റെ മരണ ശേഷം സംസ്‌കാര ചടങ്ങുകൾ എങ്ങനെയായിരിക്കണമെന്ന് പറഞ്ഞുകൊണ്ട് മരണവും വേറിട്ടതാക്കിയിരിക്കുകയാണ് സിപിഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എം കേളപ്പൻ. തന്റെ ശവ സംസ്‌ക്കാരത്തിൽ അന്ധവിശ്വാസത്തിന്റെ ഒരു തരിമ്പ് പോലും ഉണ്ടാവരുതെന്ന് പറയുന്ന അദ്ദേഹം എന്തൊക്കെ ചെയ്യണം ചെയ്യരുതെന്ന് തന്റെ കുറിപ്പിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.

മരണശേഷം തന്നെ കുളിപ്പിക്കരുതെന്നും. മുറ്റത്ത് കിടത്തുമ്പോൾ വിളക്ക് കത്തിക്കുന്നതിന് പകരം ചന്ദനത്തിരി കത്തിക്കണെമെന്നും പറയുന്ന അദ്ദേഹം തന്റെ ആന്തരികാവയങ്ങൾ ദാനം ചെയ്യാത്തതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ തന്റെ പേരിൽ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുതെന്നും. ജനങ്ങളുടെ സഹകരണത്തോടെ ഗയിറ്റിന്റെ തെക്കുഭാഗത്ത് കുട്ടികൾക്ക് സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കൾക്ക് ഇരുന്ന് സംസാരിക്കാനും മറ്റും ഒരു ചെറിയ ഹാൾ റോഡിന് സമാനമായി നിർമ്മിച്ച് സ്മാരകമാക്കാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വടകരയുടെ പ്രിയപ്പെട്ട കേളപ്പൻ വിടവാങ്ങിയപ്പോൾ അദ്ദേഹം എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

''ഞാൻ എവിടെ വച്ച് മരിച്ചാലും വീട്ടിൽ സംസ്‌കരിക്കണം. ദഹിപ്പിക്കരുത്, മണ്ണിൽ കുഴിച്ചിട്ടാൽ മതി. കുളിപ്പിക്കാതെ സംസ്‌കരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാൽ വിളക്ക് കത്തിക്കരുത്. ചന്ദനതിരി കത്തിക്കാം. അത് ദുർഗന്ധം ഒഴിവാക്കുമല്ലോ. ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴിചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത്, എന്റെ മൃതശരീരം കത്തുന്ന ദുർമണം എന്തിനാണ് മറ്റുള്ളവരെ കൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന അർത്ഥത്തിലാണ്.എന്റെ ആന്തരികാവയവങ്ങളൊക്കെ കുറേശ്ശേ കേടുള്ളതുകൊണ്ട് ആണ് ഞാൻ അവയവ ദാനങ്ങൾക്ക് തയ്യാറാകാതിരുന്നത്.

കാഴ്ചയില്ലാത്ത കണ്ണുകൾ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽ നല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം, അതിൽ ഫലങ്ങളുണ്ടായാൽ വിൽക്കരുത്. കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരുവിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാൽപ്പത്തൊന്നും അൻപത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്. സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്. ജനങ്ങളുടെ സഹകരണത്തോടെ ഗയിറ്റിന്റെ തെക്കുഭാഗത്ത് കുട്ടികൾക്ക് സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കൾക്ക് ഇരുന്ന് സൊള്ളിക്കാനും മറ്റും ഒരു ചെറിയ ഹാൾ റോഡിന് സമാനമായി നിർമ്മിച്ച് സ്മാരകമാക്കാം. എന്നോടുള്ള സ്‌നേഹവും ബഹുമാനവും ഒക്കെ കാണിക്കേണ്ടത് ഈ കുറിപ്പ് അന്വർഥമാക്കികൊണ്ടായിരിക്കണം.''

വിനയപൂർവ്വം എം കെ പണിക്കോട്ടി എന്ന എം കേളപ്പൻ

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആ രീതിയിൽ തന്നെയാണ് ബന്ധുക്കളും സിപിഎം നേതൃത്വവും മരണാനന്തര ചടങ്ങുകൾ നടത്തിയതും. കമ്മ്യൂണിസ്റ്റ് സമരചരിത്രം തേടിയത്തെുന്നവരോട് തന്റെയൊരു സ്വകാര്യ ദുഃഖം കേളപ്പേട്ടൻ പങ്കിടാറുണ്ടായിരുന്നു. 'കാസ്ട്രോയെ കാണാൻ അവസരം ലഭിച്ച തനിക്ക് കേരള ചരിത്രത്തെ മാറ്റിമറിക്കുകയും നവോത്ഥാനത്തിന് ഗതിവേഗം പകരുകയുംചെയ്ത പി. കൃഷ്ണപിള്ളയെ കാണാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്ന്' . ഇത്, അദ്ദേഹം പലപ്പോഴായി ആവർത്തിക്കാറുണ്ടായിരുന്നു. ഞാൻ പാർട്ടി പ്രവർത്തനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴേക്കും സഖാവിന്റെ ജീവൻ പൊലിഞ്ഞിരുന്നു. കൃഷ്ണപിള്ളയുടെ സംഘടനാ സാമർഥ്യം നേരിട്ട് അനുഭവിക്കാനായില്ലങ്കെിലും അദ്ദേഹത്തിന്റെ നേതൃപാടവവും പ്രവർത്തന വൈഭവവും മനസ്സിലാക്കാനായി'- കേളപ്പേട്ടന്റെ വാക്കുകളാണിത്.

സൗമ്യനായ രാഷ്ട്രീയക്കാരനായിരുന്നു എം കേളപ്പൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും അദ്ദേഹം എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തി. വടക്കൻ പാട്ടുകളെപ്പറ്റി ആഴത്തിൽ പഠിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരോടും സൗമ്യമായി ഇടപെട്ടു. അതു കൊണ്ട് തന്നെ എം കെ പണിക്കോട്ടി എന്ന എം കേളപ്പൻ വടകരക്കാരുടെ പ്രിയപ്പെട്ട കേളപ്പേട്ടനായി. രാഷ്ട്രീയ പ്രവർത്തനത്തെ സർഗാത്മകമാക്കിയ സി പി എം നേതൃനിരയിലെ ഒരാൾ കൂടിയാണ് കേളപ്പേട്ടന്റെ മരണത്തോടെ ഇല്ലാതാവുന്നത്. 1928ൽ മാതയുടെയും അമ്പാടിയുടെയും മകനായി ജനിച്ച കേളപ്പന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. കടുത്ത ദാരിദ്ര്യം കാരണം നന്നേ ചെറുപ്പത്തിലേ ഉഴവുപണിക്ക് ഇറങ്ങേണ്ടിവന്നു. അതു കൊണ്ട് തന്നെ വിദ്യാഭ്യാസവും തുടരാനായില്ല. പതിനേഴാം വയസ്സിൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി കോൺഗ്രസിൽ ചേർന്നു. അയൽവാസിയും പാർട്ടി നേതാവുമായ വി പി കുട്ടിമാസ്റ്ററാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൊണ്ടുവന്നത്. ഒഞ്ചിയം വെടിവെപ്പ് മുഴുവൻ സമയ പാർട്ടി പ്രവർത്തകാനാകാൻ കാരണമായി.

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം എഴുത്തും സാംസ്‌കാരിക പ്രവർത്തനവും കേളപ്പന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വടകരയുടെ ജീവിക്കുന്ന ചരിത്രകാരൻ എന്നായിരുന്നു കേളപ്പൻ അറിയപ്പെട്ടിരുന്നത്. 52 മുതലുള്ള മലബാറിന്റെ തിരഞ്ഞെടുപ്പ് ചരിത്രം കേളപ്പന് മനപ്പാഠമായിരുന്നു. ഉഴവുകാരനായി ജീവിതം ആരംഭിച്ച എം കെ പണിക്കോട്ടി നല്ല എഴുത്തുകാരനായി ഉയർന്നപ്പോൾ ആ എഴുത്തിൽ നിറഞ്ഞത് കർഷക തൊഴിലാളികളുടെ ജീവിതമായിരുന്നു. ഒരുസുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷൻ, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകൾ, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങൾ രചിച്ചു. വടക്കൻ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരിൽ സിനിമയായത്. കൂടാതെ ഉണ്ണിയാർച്ചയുടെ ഉറുമി, വടക്കൻ വീരകഥകൾ, കേരളത്തിലെ കർഷക തൊഴിലാളികൾ ഇന്നലെ ഇന്ന് നാളെ, വടക്കൻ പാട്ടുകളിലൂടെ, വടക്കൻ പെൺപെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകൾ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്.

1950 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതുപ്പണം സെൽ അംഗമായി. പിന്നീട് പുതുപ്പണം വില്ലേജ് സെക്രട്ടറി. സിപിഐ എം വടകര മണ്ഡലം കമ്മിറ്റിയംഗം, വടകര ഏരിയാ സെക്രട്ടറി, മൂന്നുവർഷം കുന്നുമ്മൽ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975 മുതൽ ജില്ലാകമ്മിറ്റിയംഗം. 1991 മുതൽ പത്തരവർഷം ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു. പോരാട്ടങ്ങൾ കത്തിപ്പടർന്ന കാലത്ത് പാർട്ടി യിലെത്തി, പ്രതി ബദ്ധങ്ങളെ നേരിട്ട് പാർട്ടിയെ മുന്നോട്ട് നയിച്ച നേതാവായിരുന്നു കേള പേട്ടൻ. ജീവിത ദുരിതങ്ങൾക്ക് മുമ്പിൽ പതറാതെ അദ്ദേഹം മുന്നോട്ടു പോയി. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP