Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

'പ്രചാരണത്തിനായി 20 കോടി വരെ ചെലവായി; ഡമ്മി സ്ഥാനാർത്ഥിയെ നിർത്തുന്നതിനും അണികൾക്ക് മദ്യം വാങ്ങുന്നതിനും എല്ലാമായി ലക്ഷക്കണക്കിനു രൂപ ചെലവ്; നിങ്ങൾ തരുന്ന 5 കോടി കറൻസിയായി ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ എൽപ്പിക്കണം'; ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ എം കെ രാഘവൻ പറഞ്ഞത് ഇങ്ങനെ; കോഴിക്കോട്ടെ ജനകീയ എംപിയും വിജിലൻസ് വലയിൽ

'പ്രചാരണത്തിനായി 20 കോടി വരെ ചെലവായി; ഡമ്മി സ്ഥാനാർത്ഥിയെ നിർത്തുന്നതിനും അണികൾക്ക് മദ്യം വാങ്ങുന്നതിനും എല്ലാമായി ലക്ഷക്കണക്കിനു രൂപ ചെലവ്; നിങ്ങൾ തരുന്ന 5 കോടി  കറൻസിയായി ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ എൽപ്പിക്കണം'; ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ എം കെ രാഘവൻ പറഞ്ഞത് ഇങ്ങനെ; കോഴിക്കോട്ടെ ജനകീയ എംപിയും വിജിലൻസ് വലയിൽ

എം മാധവദാസ്

കോഴിക്കോട്: കേരളത്തിലെ ഉദ്യോഗസ്ഥ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഒന്നിന് പിറകെ ഒന്നായി കേസിൽ പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ശിവശങ്കരനും ബിനീഷ് കോടിയേരിയും അറസ്റ്റിലായതിന് പിന്നാലെ എംഎൽഎമാരായ എം സി ഖമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞിനും പൂട്ടുവീണു. ഇനി സോളാർ- ബാർ കോഴക്കേസുകൾ കുത്തിപ്പൊക്കുന്നതോടെ പ്രതിപക്ഷത്തെ അര ഡസനോളം നേതാക്കൾ ഭീതിയിലാണ്. അതിനിടയിലാണ് ജനകീയനും പൊതുവെ അഴിമതിവിരുദ്ധനും എന്ന് അറിയപ്പെട്ടിരുന്ന കോഴിക്കോട് എം പി എം കെ രാഘവന് നേരെയും വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്.

കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ ലോക്സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി.എം.കെ. രാഘവനെതിരേ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് ആരോപണം ഉയർന്നത്. ടിവി 9 ചാനൽ സ്റ്റിങ് ഓപ്പറേഷൻ നടത്തി എം.കെ. രാഘവന്റെ ചില വെളിപ്പെടുത്തലുകൾ പുറത്തുവിടുകയായിരുന്നു. ഫൈവ്സ്റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിൽ ചാനൽ എം.കെ. രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് ചെലവ്ക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടുവെന്ന് വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനൽ പുറത്തുവിട്ടത്. ആ തുക ഡൽഹി ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരാതി ലഭിക്കുകയും വിജിലൻസ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്തത്.

2014 തിരഞ്ഞെടുപ്പിൽ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലൻസ് ഒരുങ്ങുന്നത്. എം. കെ. രാഘവൻ എംപിയായതിനൽ ലോക്‌സഭ സ്പീക്കറുടെ അനുമതി വേണമോയെന്ന നിയമോപദേശം തേടിയിരുന്നു. എന്നാൽ അത് വേണ്ടെന്ന മറുപടിയെതുടർന്നാണ് വിജിലൻസ് അന്വേഷണം. നേരത്തെ കേസന്വേഷണത്തിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. എന്നാൽ വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പി.സി ആക്ട് 17 എ അനുസരിച്ചാണ് ഇപ്പോൾ കേസ് രിജസ്റ്റർ ചെയ്തിരിക്കുന്നത്.

ഒളിക്യാമറയിൽ ആവശ്യപ്പെട്ടത് 5 കോടി

സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കറൻസിയായി മതി എന്നും രാഘവൻ പറയുന്നുണ്ട്.

ബിഹാർ,പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയാണ് ടിവി 9 ചാനൽ കേരളത്തിലും ഒളി ക്യാമറ ഓപ്പറേഷൻ നടത്തിയത്. ഉമേഷ് പാട്ടീൽ,കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നിവരടങ്ങിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഓപ്പറേഷൻ ഭാരത് വർഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിങ് ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്.തനിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും എം കെ രാഘവൻ റിപ്പോർട്ടറോട് പറയുന്നു. ഈ പണം കറൻസി ആയിട്ടാണ് വാങ്ങുകയും ചെലവാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഡമ്മി സ്ഥാനാർത്ഥികളെ നിർത്തുന്നതിനും പ്രചാരണത്തിനിറങ്ങുന്ന അണികൾക്ക് മദ്യം വാങ്ങുന്നതിനുമെല്ലാം ലക്ഷക്കണക്കിനു രൂപ ചെലവാകാറുണ്ടെന്നും എം കെ രാഘവൻ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്. പാർട്ടി 2 കോടി രൂപ മുതൽ അഞ്ചുകോടിരൂപ വരെ നൽകാറുണ്ടെന്നും അതും കണക്കിൽപ്പെടാതെ കറൻസിയായാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. കൺസൾട്ടൻസി കമ്പനിയുടെ ആളായെത്തിയ റിപ്പോർട്ടർ നൽകാമെന്നേറ്റ കോഴപ്പണവും കറൻസിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാൽ മതിയെന്നും എം കെ രാഘവൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

മാർച്ച് പത്തിനാണ് സംഘം എംപിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എംപിയെ സമീപിച്ചത്. കമ്മീഷൻ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നൽകാമെന്നും സംഘം പറയുന്നു.'ഞങ്ങൾ ഒരു കൺസൾട്ടൻസി കമ്പനിയാണ്. ഞങ്ങൾക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതിൽ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ താൽപ്പര്യമുണ്ട്. നിങ്ങൾ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമുണ്ട്. 10 മുതൽ 15 ഏക്കർ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്' റിപ്പോട്ടർമാരിൽ ഒരാൾ എംപിയോട് പറയുന്നുണ്ട്.
തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എംപി പറയുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും എംപി സൂചിപ്പിക്കുന്നു. എത്ര ആളുകൾ റാലിയിൽ ഉണ്ടാകുമെന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ അത് സ്ഥലങ്ങൾക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവൻ പറയുന്നുണ്ട്.

പൊട്ടിക്കരഞ്ഞുകൊണ്ട് നിഷേധിക്കൽ

ഒളിക്യാമറ ഓപ്പറേഷനിൽ ആരോപണവിധേയനായ എം.കെ.രാഘവനെതിരെ സിപിഎം രംഗത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി എത്തിയ എം കെ രാഘാവൻ പൊട്ടിക്കരയുകയായിരുന്നു. തനിക്ക് ആത്മഹത്യ ചെയ്യാനാവില്ല. ആരോപണത്തിന് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വവും ചില മാഫിയ സംഘങ്ങളുമാണ്. രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലൊരു അപമാനം ഇനി നേരിടാനില്ല. നഗരത്തിൽ ഹോട്ടൽ പണിയാൻ ഭൂമി കണ്ടെത്തി ത്തരാം എന്ന് പറഞ്ഞ് 20 കോടി രൂപ താൻ ആവശ്യപ്പെട്ടുവെന്ന ആരോപണം ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഒളികാമറ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതും ശബ്ദത്തിൽ മാറ്റം വരുത്തിയതുമാണ്.

ജയിക്കാൻ എന്തും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യുന്ന പാർട്ടിയായി സിപിഐഎം മാറി. തെളിവുകൾ പുറത്ത് വിടുമെന്നും എംകെ രാഘവൻ പറഞ്ഞു. സിപിഐഎം വ്യക്തിപരമായി വേട്ടയാടുകയാണ്. ജില്ലാ നേതൃത്വമാണ് ഇതിന്റെ പിന്നിൽ എന്നും എംകെ രാഘവൻ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിത്തിലെ ഏറ്റവും വലിയ അപമാനിക്കലാണ് ഈ സംഭവം. മറ്റു മാർഗങ്ങളില്ല, ആത്മഹത്യ ചെയ്യാനും കഴിയില്ലെന്ന് പറഞ്ഞായിരുന്നു എംകെ രാഘവൻ വികാരാധീനനായത്.

പക്ഷേ കോഴിക്കോട്ടെ ജനങ്ങൾ ഈ വിവാദത്തിനിടയിലും എം കെ രാഘവന് ഒപ്പമാണ് നിന്നത്. കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎയും ജനകീയനുമായ എ പ്രദീപ്കുമാർ ആയിരുന്നു ഇടത് സ്ഥാനാർത്ഥി. എന്നിട്ടും പ്രദീപിന്റെ മണ്ഡലത്തിലടക്കം ഏഴു നിയമസഭാ മണ്ഡലത്തിനും ലീഡ് നേടി എൺപതിനായിരത്തോളം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് രാഘവൻ ജയിച്ചത്. ജനകീയ കോടതിയിൽ ജയിച്ച രാഘവന് വിജിലൻസ് കോടതിയിൽ ജയിക്കാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP