Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

മാധ്യമങ്ങൾ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്നില്ല; പക്ഷേ, ഇതിനുള്ള പരിഹാരം ബഹിഷ്‌കരണമല്ല; വീണ്ടും സംഭാഷണങ്ങളിലേക്കും ചർച്ചകളിലേക്കും സിപിഎം മടങ്ങിവരണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന; മാധ്യമപ്രവർത്തകർ വിമർശനത്തിന് അതീതരുമല്ല; സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണം ഒരാഴ്‌ച്ച പിന്നിടുമ്പോൾ എം ജി രാധാകൃഷ്ണൻ പറയുന്നു; അവതാരകർ അർണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്നു വേണം കരുതാനെന്ന് ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറും

മാധ്യമങ്ങൾ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്നില്ല; പക്ഷേ, ഇതിനുള്ള പരിഹാരം ബഹിഷ്‌കരണമല്ല; വീണ്ടും സംഭാഷണങ്ങളിലേക്കും ചർച്ചകളിലേക്കും സിപിഎം മടങ്ങിവരണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന; മാധ്യമപ്രവർത്തകർ വിമർശനത്തിന് അതീതരുമല്ല; സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണം ഒരാഴ്‌ച്ച പിന്നിടുമ്പോൾ എം ജി രാധാകൃഷ്ണൻ പറയുന്നു; അവതാരകർ അർണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്നു വേണം കരുതാനെന്ന് ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ന്യൂസ് ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾക്ക് അവസരം നൽകുന്നില്ലെന്ന് ആരോപിച്ചു സിപിഎം തുടങ്ങിയ ചാനൽ ബഹിഷ്‌ക്കരണം ഒരാഴ്‌ച്ച പിന്നിട്ടു കഴിഞ്ഞു. ഇങ്ങനെ ഒരാഴ്‌ച്ച ബഹിഷ്‌ക്കരണം കഴിയുമ്പോൾ അത് ചാനലിനെ എങ്ങനെ ബാധിച്ചു എന്ന വിവരം ഇനിയും അറിവായിട്ടില്ല. ബാർക്ക് റേറ്റിങ് വിവരങ്ങൾ വന്നാൽ ഒരുപക്ഷേ ഇത് ഗുണമാണോ ദോഷമാണോ ഉണ്ടായതെന്ന കാര്യം അറിയാം. അതേസമയം സിപിഎം പോലൊരു പ്രസ്ഥാനം ബഹിഷ്‌ക്കരണവുമായി രംഗത്തുവന്നതിൽ വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്.

ഇതിനിടെ സിപിഎം ചർച്ചകളിലേക്ക് മടങ്ങിവരണമെന്ന് ഏഷ്യാനെറ്റ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 'ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ നിന്ന് സിപിഐ.എം വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ന്യൂസ് അവർ മാത്രമല്ല ഞങ്ങളുടെ മറ്റ് പരിപാടികളിൽ നിന്നും വിട്ടു നിൽക്കാനാണ് പാർട്ടി നേതാക്കളുടെ തീരുമാനം. ഞങ്ങൾ നിലപാടുകളിൽ നിന്ന് മാറുന്നില്ല എന്നതാണ് ബഹിഷ്‌കരണം വ്യാപിപ്പിക്കുന്നതിനുള്ള കാരണമായി സിപിഎം അറിയിച്ചിട്ടുള്ളത്. ഞങ്ങൾക്ക് വീണ്ടും പറയാനുള്ളത് ഇത് തികച്ചും ദൗർഭാഗ്യകരം എന്നാണ്. വീണ്ടും സംഭാഷണങ്ങളിലേക്കും ചർച്ചകളിലേക്കും മടങ്ങിവരണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന-എന്നാണ് എം.ജി രാധാകൃഷ്ണൻ പറഞ്ഞത്.

തീവ്ര വലതുപക്ഷം ഭരണത്തിലിരിക്കുന്ന രാജ്യങ്ങളിൽ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇന്ത്യയിലടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കൾ മാധ്യമങ്ങൾക്ക് എതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകത്തോ ഇന്ത്യയിലെയോ മാധ്യമങ്ങൾ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് പറയുന്നില്ല. മാധ്യമപ്രവർത്തകർ വിമർശനത്തിന് അതീതരാണ് എന്നല്ല. എന്നാൽ ഇതിനുള്ള പരിഹാരം ബഹിഷ്‌കരണമോ, റദ്ദാക്കലോ അല്ല. പരസ്പര സംഭാഷണമാണ്, ചർച്ചകളാണ് സംവാദമാണ്'-അദ്ദേഹം പറഞ്ഞു.

ബഹിഷ്‌കരണം ജനാധിപത്യ മാർഗ്ഗമാണെന്നും അംഗീകരിച്ചിട്ടുള്ള സമര മാർഗ്ഗമാണെന്നുമാണ് ഇത് സംബന്ധിച്ച് സിപിഐ.എമ്മിന്റെ നിലപാട്. സ്വതന്ത്ര്യ സമരകാലത്ത് ഗാന്ധിജി വിദേശാധിപത്യത്തിനെതിരെ സ്വീകരിച്ച മാർഗ്ഗമാണ് ബഹിഷ്‌കരണം. അതുപോലെയാണ് ഏഷ്യാനെറ്റ് ബഹിഷ്‌കരണം എന്നും പാർട്ടി നേതാക്കൾ പറയുന്നു. എന്നാൽ ഒരു ജനാധിപത്യ വ്യവസ്ഥയിലെ മാധ്യമസ്ഥാപനവും രാഷ്ട്രീയ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം ഇങ്ങനെയാകണോ എന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം ചാനൽചർച്ചകളിൽ അവതാരകൻ അല്ല മിടുക്കനാകേണ്ടതെന്ന് ഏഷ്യാനെറ്റ് സ്ഥാപകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശശികുമാർ പറഞ്ഞു. ഓൺലൈൻ ചാനലായ 'ദ ക്യു'വിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചാനലിൽ വരുന്നവർക്ക് പറയാനുള്ള മതിയായ അവസരം കൊടുക്കണം. അവർ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അവതാരകന്റെ ആധിപത്യമുണ്ടാകുന്നത് നല്ല പ്രവണതയല്ല.

പല ഇംഗ്ലീഷ് ചാനലുകളിലും അവതാരകർ മിടുക്കരാകാൻ ശ്രമിക്കുന്നതും പ്രത്യേക അജൻഡയിൽ പ്രവർത്തിക്കുന്നതും കാണാം. സത്യാന്വേഷണമല്ല ഉദ്ദേശ്യം. ഇന്നയാളെ ഒന്നുമല്ലാത്തവനാക്കണം എന്നൊക്കെ അജൻഡ വച്ച് നടത്തുന്ന പരിപാടിയാണത്. നമ്മൾ അതിലേക്ക് അധഃപതിക്കാതിരിക്കണം. ഇവിടത്തെ അവതാരകർ അർണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്നുവേണം കരുതാൻ. അത്തരം രീതി നടപ്പാക്കുന്നതിലൂടെ ടിആർപി വർധിപ്പിക്കാനും കൂടുതൽ പരസ്യം നേടാനും പറ്റും. എന്നാൽ, ജനങ്ങൾക്ക് വേണ്ടത് എറിഞ്ഞുകൊടുക്കുക എന്നതല്ല ഉത്തരവാദ ജേണലിസം. അത് മയക്കുമരുന്ന് വിൽക്കുന്ന ആളുടെ പദ്ധതിയാണ്. ജനങ്ങൾക്ക് ഇപ്പോൾ മയക്കുമരുന്നാണ് വേണ്ടതെന്നുകരുതി മയക്കുമരുന്ന് വിൽക്കുക എന്നതായിരിക്കും അവരുടെ ചിന്ത. ഒരിക്കലും ആ രീതി ജേണലിസത്തിൽ സ്വീകരിക്കാൻ പാടില്ലെന്നും ശശികുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP