Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

ഒടുവിൽ കേരളത്തിലും വ്യവസായത്തിനായി പണം മുടക്കി എം എ യൂസഫലി; 400 കോടി രൂപ ചെലവിൽ എറണാകുളത്ത് ഫുഡ് പാർക്ക് തുടങ്ങും; 18 മാസത്തിനുള്ളിൽ നിർമ്മാണ കേന്ദ്രം പ്രവർത്തന സജ്ജമാകും; 250 ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന പദ്ധതി ഉത്തർപ്രദേശിലെ മുതൽ മുടക്കിനേക്കാൾ കുറവ്

ഒടുവിൽ കേരളത്തിലും വ്യവസായത്തിനായി പണം മുടക്കി എം എ യൂസഫലി; 400 കോടി രൂപ ചെലവിൽ എറണാകുളത്ത് ഫുഡ് പാർക്ക് തുടങ്ങും; 18 മാസത്തിനുള്ളിൽ നിർമ്മാണ കേന്ദ്രം പ്രവർത്തന സജ്ജമാകും; 250 ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന പദ്ധതി ഉത്തർപ്രദേശിലെ മുതൽ മുടക്കിനേക്കാൾ കുറവ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഒടുവിൽ പ്രവാസി വ്യവസായി എംഎം യൂസഫലിയുടെ ബിസിനസ് ഗ്രൂപ്പ് കേരളത്തിൽ വ്യവസായത്തിനായി പണമിറക്കുന്നു. ലുലു മാൾ നിർമ്മിച്ചു ബിസിനസ് ചെയ്യുന്ന യൂസഫലി സംസ്ഥാനത്ത് മുതൽമുടക്കി നിക്ഷേപം ഇറക്കി തൊഴിൽ സാധ്യത വർധിപ്പിക്കുന്ന പദ്ധതികളിലേക്കും കടക്കുകയാണ്. കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ മുടക്കിലാണ് ലുലു ഫൂഡ് പാർക്ക് ആരംഭിക്കുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ.യൂസഫലി പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫൂഡിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം യുപിയിലെ പദ്ധതിയേക്കാൾ ചെറിയ പദ്ധതിയാണ് കേരളത്തിലേത്.

രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കേന്ദ്രം 18 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ആദ്യഘട്ടത്തിൽ 250 ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂർത്തിയാകുന്നതോടുകൂടി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. ഫൂഡ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

അരൂരിലെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 150 കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രം പൂർണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് കേരളമടക്കം ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നതെന്നും യൂസഫലി അറിയിച്ചു. ഗൾഫൂഡിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളും അദ്ദേഹം പുറത്തിറക്കി.

ഉത്തർപ്രദേശിൽ ഭക്ഷ്യസംസ്‌കരണ പാർക്ക് സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയരുന്നു. ഉത്തർ പ്രദേശിലെ നോയിഡയിൽ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാർക്ക് സ്ഥാപിക്കാനാണ് ലുലു ഗ്രൂപ്പു ഒരുങ്ങുന്നത്. പാർക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തർപ്രദേശ് സർക്കാർ ലുലു ഗ്രൂപ്പിന് കൈമാറിയിരുന്നു. ലോകോത്തര നിലവാരമുള്ള സംവിധാനം ഉത്തർപ്രദേശിലെ കാർഷിക മേഖലയ്ക്ക് വലിയ കൈത്താങ്ങായി മാറുമെന്ന് എം എ യൂസഫലി അന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരിക്കുകയാുണ്ടായി.

പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടൺ പഴങ്ങളും-പച്ചക്കറികളും കയറ്റുമതി ചെയ്യാനും, ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റുകളിലുടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ-സംസ്‌കരണ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനതം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ഭക്ഷ്യ-സംസ്‌കരണ പാർക്കിന്റെ മാതൃക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. കർഷകർക്ക് മികച്ച ലാഭം ഉറപ്പാക്കാൻ ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന രീതിയായിരിക്കും പിന്തുടരുകയും ചെയ്യുക.

അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാകുന്ന പാർക്കിന്റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേർക്ക് നേരിട്ടും 1500ലധികം പേർക്ക് നേരിട്ടല്ലാതെയും തൊഴിൽ ലഭിക്കും. ലഖ്നൗവിലെ ലുലു മാളിന്റെ ഉദ്ഘാടനം 2022 ഏപ്രിലിൽ 2000 കോടി രൂപ നിക്ഷേപത്തിൽ ലഖ്നൗവിൽ സജ്ജമാകുന്ന ലുലു മാളിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ ആദ്യവാരമാണ് നടക്കുന്നത്. ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റോടു കൂടി സജ്ജമാകുന്ന ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

ലഖ്നൗവിലെ അമർ ഷഹീദ് റോഡിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിന്റെ വിസ്തീർണ്ണം 22 ലക്ഷം ചതുരശ്രയടിയാണ്. 200ലധികം അ്ന്താരാഷ്ട്ര ബ്രാൻഡുകൾ, ലോകോത്തര നിലവാരമുള്ള എന്റർടെയ്ന്മെന്റ് സെന്റർ, 3000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോർട്ട്, വിവിധ രാജ്യങ്ങളിലെയടക്കം ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകുന്ന റെസ്റ്റോറന്റുകൾ, പിവിആർ ഗ്രൂപ്പ് ഒരുക്കുന്ന 11 സ്‌ക്രീൻ തീയറ്റർ, 3000ത്തിലധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സംവിധാനം എന്നിവയടക്കമാണ് ലഖ്നൗവിലെ ലുലു മാളിന്റെ പ്രത്യേകതകൾ. ഉത്തർപ്രദേശിലെ നോയിഡയിൽ ലുലു ഗ്രൂപ്പ് സ്ഥാപിക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ മാതൃക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ അനാവരണം ചെയ്യുന്നു.

പശ്ചിമേഷ്യ, ഈജിപ്ത്, ഇന്ത്യ, മലേഷ്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലായി 220 ഹൈപ്പർമാർക്കറ്റുകളും, ഷോപ്പിങ് മാളുകളുമാണ് ലുലു ഗ്രൂപ്പിനുള്ളത്. ആകെ 57000 തൊഴിലാളികളാണ് വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP