Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പും തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സിപിഎം പിന്നോട്ടടികളിലൂടെയാണ് കടന്നുപോകുന്നത് എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു; ശാസ്ത്രീയ അടിത്തറയില്ലാത്ത എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും അപ്രത്യക്ഷമാകുമെന്നാണ് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്; പാർട്ടിയുടെ നൂറാം വാർഷികത്തിൽ ലേഖനവുമായി എം.എ ബേബി

സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പും തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സിപിഎം പിന്നോട്ടടികളിലൂടെയാണ് കടന്നുപോകുന്നത് എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു; ശാസ്ത്രീയ അടിത്തറയില്ലാത്ത എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും അപ്രത്യക്ഷമാകുമെന്നാണ് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്; പാർട്ടിയുടെ നൂറാം വാർഷികത്തിൽ ലേഖനവുമായി എം.എ ബേബി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:കമ്യൂണിസ്റ്റ് പാർട്ടി പിറവികൊണ്ട് 100 വർഷം തികയുമ്പോൾ പാർട്ടിയുടെ പിന്നോട്ടടിയിൽ വിമർശനാത്മക കുറിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പത്തു പതിറ്റാണ്ടിന്റെ ജീവിതസമരാനുഭവങ്ങളുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ പ്രോജ്ജ്വലമായ ഭൂതകാലത്തിന്റെ തിളക്കത്തിൽ നിർവൃതി അടയുന്നതിൽ അർഥമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സമകാലീകം മാഗസീനിൽ പ്രസിദ്ദീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പാർട്ടി ഇപ്പോൾ പിന്നോട്ടടികളിലൂടെയാണ് കടന്നുപോവുന്നത് എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ടെന്ന്, കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിന്റെ നൂറാം വാർഷികത്തിൽ സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ ബേബി ചൂണ്ടിക്കാട്ടി. വർഗീയ-ജാതീയ-വിഭാഗീയ ശക്തികൾ വലിയ ബഹുജനസ്വാധീനമാർജിക്കുമ്പോൾ സിപിഎമ്മിനും ഇടതുപക്ഷത്തിനും എന്തുകൊണ്ട് ശ്രദ്ധേയമായ വളർച്ച കൈവരിക്കാനാവുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതാണെന്ന് ബേബി ലേഖനത്തിൽ പറയുന്നു.

''സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പും തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സിപിഎം ഇപ്പോൾ ചില പിന്നോട്ടടികളിലൂടെയാണ് കടന്നുപോകുന്നത് എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. പശ്ചിമബംഗാളിലേയും ത്രിപുരയിലേയും തെരഞ്ഞെടുപ്പു പരാജയം മാത്രമല്ല, വർഗീയ-ജാതീയ-വിഭാഗീയ ശക്തികൾ വലിയ ബഹുജനസ്വാധീനമാർജ്ജിക്കുമ്പോൾ എന്തുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനും ശ്രദ്ധേയമായ വളർച്ച ബഹുജന സ്വാധീനത്തിലും ജനകീയ സമരങ്ങളിലും കൈവരിക്കാനാവുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതാണ്. അതിന് ഉത്തരം കണ്ടെ ത്താനുള്ള ആത്മാർഥമായ അന്വേഷണ പഠനങ്ങളാണ് അർഥവത്തായ ശതാബ്ദി ആചരണം.''- ബേബി ലേഖനത്തിൽ പറയുന്നു.

കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ പല ഘട്ടത്തിലും ഉയർന്നുവന്ന വിമർശനങ്ങൾക്ക് ബേബി ലേഖനത്തിൽ മറുപടി നൽകുന്നുണ്ട്. ''കമ്യൂണിസ്റ്റുകാർ മതങ്ങൾക്കും ദൈവങ്ങൾക്കും എതിരാണെന്നതാണ് ഒരു പ്രചാരണം. മത-ദൈവ വിശ്വാസങ്ങൾക്ക് ചരിത്രപരമായിത്തന്നെ ചില സാമൂഹ്യ പശ്ചാത്തലമുണ്ട് എന്ന് കമ്യൂണിസ്റ്റുകാർ ചൂണ്ടിക്കാട്ടുന്നു. സർവ്വതും അനിശ്ചിതമായ ഇന്നത്തെ ലോകസാഹചര്യമാണ് പ്രകൃത്യാതീത ശക്തിയുടെ രക്ഷതേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. മനുഷ്യൻ (ചുറ്റുപാടുമുള്ള സാഹചര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട ്) സ്വന്തം ഭാഗധേയം രൂപപ്പെടുത്താൻ കഴിയുന്ന, വിജയിക്കുന്ന നീതിപൂർവ്വകമായ നവയുഗത്തിന്റെ സൃഷ്ടിയോടെ വിജയം വരിക്കുമ്പോൾ സ്വാഭാവികമായിത്തന്നെ ശാസ്ത്രീയ അടിത്തറയില്ലാത്ത എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും വലിയതോതിൽ അപ്രത്യക്ഷമാകുമെന്നാണ് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത്തരം വിശ്വാസങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-മനഃശാസ്ത്ര അടിത്തറ സമത്വപൂർണ്ണമായ സമൂഹത്തിൽ ഘട്ടംഘട്ടമായി ഉടച്ചുവാർക്കപ്പെടുന്നതാണ് അതിനു കാരണം.

അതുകൊണ്ട് മത-ദൈവ വിശ്വാസങ്ങൾക്കെതിരായ നിരന്തര സമരമല്ല കമ്യൂണിസ്റ്റുകാരുടെ അടിയന്തര കടമ. ശാസ്ത്രാഭിമുഖ്യം വളർത്താൻ നിരന്തര പരിശ്രമം നടത്തുന്നതിനൊപ്പം ദുരിതജീവിതമനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന വിശ്വാസികളായ ബഹുഭൂരിപക്ഷം സാധാരണക്കാരെ അവരുടെ ജീവത്തായ അവകാശ സമരങ്ങളിൽ അണിനിരത്തുകയാണ് പ്രധാനം. വർഗ്ഗീയതയ്ക്കെതിരായ ബഹുജന പ്രസ്ഥാനത്തെക്കൂടി സഹായിക്കുന്നതാണ് അത്തരത്തിലുള്ള ബഹുമുഖമായ വർഗ്ഗസമരം. മതവിശ്വാസികൾക്കും അതിൽ വലിയ പങ്കുവഹിക്കാനാവും. ഇക്കാരണങ്ങളാൽ മത-ദൈവവിശ്വാസികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം ലഭിക്കുന്നതിന് യാതൊരു തടസ്സവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇതൊക്കെ മറച്ചുപിടിച്ചുകൊേണ്ടാ മനസ്സിലാക്കാതെയോ ആണ് മത-ദൈവ വിശ്വാസികൾ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകന്നുനിൽക്കണമെന്ന് പ്രചരിപ്പിക്കുന്നത്.

ജാതീയമായ അടിച്ചമർത്തൽ ഇന്ത്യൻ സമൂഹത്തിൽ എത്രമാത്രം ഗുരുതരമായ പ്രശ്നമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്ന വിമർശനവും ഉയർത്തുന്നവരുണ്ട്്. വർഗ്ഗസമരത്തിൽ ഊന്നുന്നതിനാൽ, സമത്വപൂർണ്ണമായ സമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ ജാതീയ അടിച്ചമർത്തലും പരിഹരിക്കപ്പെടുമെന്ന കമ്യൂണിസ്റ്റുകാരുടെ തഥാകഥിത സമീപനമാണ് കുറ്റവിചാരണ ചെയ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ചില സ്വയം വിമർശനങ്ങൾ നടത്തേതുണ്ടെന്ന വീക്ഷണം ശക്തമാണ്. ഇരുപതു വർഷം മുൻപ് തിരുവനന്തപുരത്തുവച്ച് നടന്ന സവിശേഷ അഖിലേന്ത്യാ സമ്മേളനത്തിൽ സിപിഎം അതിന്റെ അടിസ്ഥാനരേഖയായ പാർട്ടി പരിപാടി കാലോചിതമാക്കിയപ്പോൾ ഈ പ്രശ്നം കണക്കിലെടുക്കുകയും ഉചിതമായ വിധത്തിൽ ബന്ധപ്പെട്ട കാഴ്ചപ്പാട് പ്രസ്തുത രേഖയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു. വർഗ്ഗസമരവും സാമൂഹിക അനീതികൾക്കും അടിച്ചമർത്തലിനുമെതിരായ പോരാട്ടവും പരസ്പര പൂരകങ്ങളായി ഇന്ത്യൻ അവസ്ഥയിൽ ഉയർത്തിക്കൊണ്ടുവരാനാകണമെന്നതിൽ സംശയമില്ല. ഇത് രേഖകളിൽ ഉൾപ്പെടുത്തിയത് പ്രധാനമാണ്. എന്നാൽ, സഖാക്കളുടെ ബോധത്തിന്റെ ഭാഗമാവുകയും പ്രവർത്തനങ്ങളിലും പോരാട്ടങ്ങളിലും പ്രതിഫലിക്കുകയും ചെയ്യാത്തിടത്തോളം ഇത് നിരർത്ഥകമാണ് എന്നും മറന്നുകൂടാ.

വിദേശത്തെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളുടെ ഉപദേശനിർദ്ദേശങ്ങൾ കണ്ണുമടച്ചു സ്വീകരിക്കുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്നോട്ടടിക്കുള്ള മുഖ്യകാരണം എന്നൊരു വിമർശനവും ഉന്നയിക്കപ്പെടുന്നുണ്ട്. സാർവ്വദേശീയ വീക്ഷണം മുറുകെപ്പിടിക്കുന്നവർ എന്ന നിലയിൽ പരസ്പരം ബന്ധപ്പെടുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് പാർട്ടികൾ പിന്തുടരാറുണ്ട്. എന്നാൽ അതൊരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്ന് തീരുമാനങ്ങളോ നിർദ്ദേശങ്ങളോ ആജ്ഞകളോ സ്വീകരിക്കുന്ന സമ്പ്രദായമായിട്ടല്ല. യു.എസ്.എസ്.ആറിന്റെ കാലത്ത് സോവിയറ്റ് പാർട്ടിയെപ്പറ്റിയും ചൈനീസ് പാർട്ടിയെപ്പറ്റിയും (1960കളിൽ) ഇത്തരം ചില ചിത്രീകരണങ്ങൾ പ്രചരിച്ചിരുന്നു

. യൂറോപ്പിലോ ഏഷ്യയിലോ ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ്/ഇടതുപക്ഷ പാർട്ടികളിൽ ഭരണത്തിന്റെ പിൻബലത്തോടെ സോവിയറ്റ്-ചൈനീസ് പാർട്ടികൾ സ്വാധീനം ചെലുത്തിയിട്ടുേണ്ടാ എന്നത് പരിശോധിക്കുന്നത് അക്കാദമിക താല്പര്യമുണർത്തുന്ന വിഷയം കൂടിയാണ്. അതെന്തായാലും സിപിഎം പ്രവർത്തകർക്ക് ഒരു കാര്യം അഭിമാനത്തോടെ വ്യക്തമാക്കാൻ കഴിയും. ലെനിൻ നയിച്ച പാർട്ടി എന്ന നിലയിൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയോടും മൗസേതൂങ് നയിച്ച പാർട്ടി എന്ന നിലയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോടും അവിടങ്ങളിൽ നടന്ന മഹത്തായ വിപ്ലവങ്ങളോടും പരിപൂർണ്ണ ആദരവ് പുലർത്തുമ്പോൾത്തന്നെ ആ പാർട്ടികൾ കൈക്കൊള്ളുന്ന നിലപാടുകളിൽ തെറ്റുകൾ ഉണ്ടെുന്നു കണ്ടാൽ അതു ചൂണ്ടിക്കാട്ടാൻ സിപിഎം ഒരിക്കലും ഭയന്നിട്ടില്ല; മടിച്ചുനിന്നിട്ടില്ല.

ഇന്ദിരാഗാന്ധി നടപ്പാക്കിയ സ്വേച്ഛാധിപത്യ ഭീകരവാഴ്ചയായ 'അടിയന്തരാവസ്ഥ'യെ 1975-ൽ സോവിയറ്റ് പാർട്ടിയും യു.എസ്.എസ്.ആർ ഗവൺമെന്റും പിന്താങ്ങിയെങ്കിലും അതിനെ എതിർത്ത് ത്യാഗപൂർവ്വം പോരാടുകയാണ് സിപിഎം ചെയ്തത്. അതുപോലെതന്നെ ചൈനീസ് പാർട്ടി 'മൂന്നുലോക'സിദ്ധാന്തം അവതരിപ്പിക്കുകയും അമേരിക്കൻ സാമ്രാജ്യത്വം പോലെ തന്നെയാണ് 'സോവിയറ്റ് സോഷ്യൽ ഇംപീരിയലിസം' എന്നു വാദിക്കുകയും ചെയ്തപ്പോൾ അത് തള്ളിക്കളയാനാണ് സിപിഎം സന്നദ്ധമായത്. ഇത്തരം 'സ്വാതന്ത്ര്യം' സൈദ്ധാന്തിക കാര്യങ്ങളിൽ പിന്തുടരാതിരുന്നവരും കമ്യൂണിസ്റ്റ് പാർട്ടികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതു മറക്കുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP