Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

40 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിച്ച സ്വർണ്ണമാലയുടെ വില ഉടമക്ക് തിരികെ നൽകി; മോഷ്ടാവിന് മാനസാന്തരമുണ്ടായത് വെള്ളിയാഴ്ചയിലെ ഉത്ബോധന പ്രസംഗം കേട്ടപ്പോൾ; മാലയുടെ തുക ഉടമക്ക് കൈമാറാൻ മോഷ്ടാവിനെ കൊണ്ട് തോന്നിപ്പിച്ച പ്രഭാഷകനും കൊടിയത്തൂർ മഹല്ല് ഖാസിയുമായ എംഎ അബ്ദുൽ അസീസ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു

40 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിച്ച സ്വർണ്ണമാലയുടെ വില ഉടമക്ക് തിരികെ നൽകി; മോഷ്ടാവിന് മാനസാന്തരമുണ്ടായത് വെള്ളിയാഴ്ചയിലെ ഉത്ബോധന പ്രസംഗം കേട്ടപ്പോൾ; മാലയുടെ തുക ഉടമക്ക് കൈമാറാൻ മോഷ്ടാവിനെ കൊണ്ട് തോന്നിപ്പിച്ച പ്രഭാഷകനും കൊടിയത്തൂർ മഹല്ല് ഖാസിയുമായ എംഎ അബ്ദുൽ അസീസ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു

ജാസിം മൊയ്തീൻ

കോഴിക്കോട്: നാൽപ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് നടന്നൊരു മോഷണത്തിന് തുമ്പുണ്ടായിരിക്കുകയാണ് കോഴിക്കോട് കൊടിയത്തൂർ ഗ്രാമത്തിൽ. കൊടിയത്തൂർ മഹല്ലിലെ മാട്ടുമുറിക്കൽ ഇയ്യാത്തുവിനാണ് തന്റെ 19ാം വയസ്സിൽ നഷ്ടപ്പെട്ട രണ്ടര പവൻ സ്വർണ്ണമാലയുടെ വില കഴിഞ്ഞ ദിവസം തിരികെ ലഭിച്ചത്. നാല് പതിറ്റാണ്ട് മുമ്പ് മാല മോഷ്ടിച്ചയാൾ തന്നെയാണ് മാലയുടെ തുക മദ്ധ്യസ്ഥൻ മുഖാന്തിരം ഉടമക്ക് തിരികെ നൽകിയത്. ഇത്തരമൊരു പ്രവർത്തിക്ക് കാരണമായതാകട്ടെ വെള്ളിയാഴ്ചകളിൽ പള്ളിയിൽ നടക്കുന്ന ഖുതുബ പ്രഭാഷണവും.

കൊടിയത്തൂർ മഹല്ല് ഖാസി എംഎ അബ്ദുൽ അസീസിന്റെ പ്രഭാഷണം കേട്ട് മാനസാന്തരപ്പെട്ടാണ് നാല് പതിറ്റാണ്ട് മുമ്പ് മോഷ്ടിച്ച സ്വർണ്ണാഭരണത്തിന്റെ വില ഉടമയ്ക്ക് തിരികെ നൽകാൻ മോഷ്ടാവ് തീരുമാനമെടുത്തത്. മോഷ്ടാവിന് മാനസാന്തരമുണ്ടാക്കിയ പ്രഭാഷണം നടത്തിയ എംഎം അബ്ദുൽ അസീസ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു.

കൊടിയത്തൂർ മഹല്ല്ഖാസി എംഎ അബ്ദുൽഅസീസിന്റെ വാക്കുകൾ

ലോക്ഡൗണും കൊറോണയുമൊക്കെയായി കഴിഞ്ഞ കുറെ നാളുകളായി ഞൻ പള്ളിയിലേക്ക് പോകാറില്ല. ലോക്ഡൗണിന് ശേഷം പള്ളി തുറന്നെങ്കിലും 65 വയസ്സ് കഴിഞ്ഞതിനാൽ പള്ളിയിലേക്ക് പോയിട്ടില്ല. എങ്കിലും വെള്ളിയാഴ്ചകളിലെ ഖുതുബ പ്രഭാഷണം ഓൺലൈൻ വഴി എല്ലാ വെള്ളിയാഴ്ചയും നിർവ്വഹിക്കാറുണ്ട്. അത്തരത്തിൽ നോമ്പ് കാലത്ത് നടത്തിയ ഒരു പ്രഭാഷണമാണ് ഇപ്പോഴുണ്ടായ ഈ സത്പ്രവർത്തിക്ക് കാരണമായിട്ടുള്ളത്. റമളാനിലെ ഒന്നാം വെള്ളിയാഴ്ചയാണ് ഈ പ്രഭാഷണം ഓൺലൈനിൽ നടത്തിയത്. പാപമോചനം തേടി ദൈവത്തിലേക്ക് അടുക്കുന്നതിനെ കുറിച്ചായിരുന്നു പ്രഭാഷണം. പാപമോചനം നേടാനുള്ള ഇസ്ലാമിക വിധികളും നിയമങ്ങളുമെല്ലാം ആ പ്രഭാഷണത്തിലുണ്ടായിരുന്നു. ഇസ്ലാമിക നിയമപ്രകാരം വ്യക്തികൾ തമ്മിലുള്ള തെറ്റുകൾ പരസ്പരം സംസാരിച്ചോ പൊറുത്തുകൊടുത്തോ കടംവീട്ടിയോ നേരിട്ട് തീർക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമെ പാപമോചനം പൂർത്തിയാകുകയുള്ളൂ.

ഇക്കാര്യവും അന്നത്തെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പ്രഭാഷണത്തിന്റെ വീഡിയോ, ഓഡിയോ ക്ലിപ്പുകൾ പ്രദേശത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്യാറുണ്ട്. പ്രസ്തുത പ്രഭാഷണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്റെയൊരു സുഹൃത്ത് എന്ന വിളിച്ചത്. താങ്കളുടെ പ്രസംഗം കേട്ട് ഒരാൾക്ക് താൻ ചെറുപ്പത്തിൽ ചെയ്‌തൊരു തെറ്റ് തിരുത്തണമെന്ന് ആഗ്രമുണ്ട് എന്നായിരുന്നു സന്ദേശം. അയാൾ തന്റെ കുട്ടിക്കാലത്ത് ഒരു മാല മോഷ്ടിച്ചിരുന്നു എന്നും അതിന്റെ ഉടമയെ കണ്ടെത്തി പ്രായശ്ചിത്തം ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതിന് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് വാക്ക് നൽകുകയും ചെയ്തു. എന്നാൽ മോഷണം നടത്തിയ വ്യക്തിയുടെ പേര് വിവരങ്ങൾ പരസ്യമാക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു. അങ്ങനെയാണ് മാലയുടെ യഥാർത്ഥ ഉടമയുടെ പേര് വിവരങ്ങൾ ഞാൻ ചോദിച്ചറിയുന്നത്. കേട്ടപ്പോൾ അത് എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു കുടുംബത്തിലെ സ്ത്രീയുമായിരുന്നു. അങ്ങനെയാണ് മാലയുടെ ഉടമ മാട്ടുമറിക്കൽ ഇയ്യാത്തുവിനെ ഞാൻപോയി കാണുന്നതും കാര്യങ്ങൾ സംസാരിക്കുന്നതും. ഇയ്യാത്തുവും പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ മാലമോഷണം പോയ സംഭവം ഓർത്തെടുത്തു.

തങ്ങൾ ഇതുവരെ കരുതിയിരുന്നത് മറ്റൊരാളാണ് ആ മാല മോഷ്ടിച്ചത് എന്നാണെന്ന് ഇയ്യാത്തു പറഞ്ഞു. എന്നാൽ ഇയ്യാത്തു സംശയിച്ചിരുന്ന ആൾ മരണപ്പെട്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മാലയുടെ തുക തിരികെ തരാൻ തയ്യാറായ ആൾ ജീവിച്ചിരിപ്പുള്ളതിനാൽ തങ്ങൾ സംശയിച്ചിരുന്നയാൾ നിരപരാധിയാണെന്ന് ഇയ്യാത്തുനിവും ബോധ്യം വന്നു. തുടർന്ന് മാലയുടെ വില ഇയ്യാത്തുവിന്റെ വീട്ടിലെത്തിക്കുകയും ചെയ്യുകയായിരുന്നു. തെറ്റ് തിരുത്താൻ തോന്നിയ ആ മനസിനെ അംഗീകരിക്കുന്നെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നുമാണ് ഇയ്യാത്തു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP