Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

അബുദാബിയിലെ റോയൽ ഗ്രൂപ്പിന്റെ മാതൃകയിൽ ലുലു ഗ്രൂപ്പിൽ നോട്ടമിട്ട് സൗദി കിരീടാവകാശിയും; മുഹമ്മദ് ബിൻ സൽമാന്റെ പിഐഎഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത് യൂസഫലിയുടെ കമ്പനിയിൽ 20 ശതമാനം ഓഹരി; 8000 കോടിയുടെ കച്ചവടത്തിന് സൗദി നിക്ഷേപക നിധി ശ്രമിക്കുന്നുവെന്ന റിപ്പോർട്ട് ചെയ്ത് റോയിട്ടേഴ്‌സ്; സ്ഥിരീകരിക്കാതെ ലുലുവും; വിപണയിലെ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് യൂസഫലിയുടെ വിശ്വസ്തന്റെ പ്രതികരണം

അബുദാബിയിലെ റോയൽ ഗ്രൂപ്പിന്റെ മാതൃകയിൽ ലുലു ഗ്രൂപ്പിൽ നോട്ടമിട്ട് സൗദി കിരീടാവകാശിയും; മുഹമ്മദ് ബിൻ സൽമാന്റെ പിഐഎഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത് യൂസഫലിയുടെ കമ്പനിയിൽ 20 ശതമാനം ഓഹരി; 8000 കോടിയുടെ കച്ചവടത്തിന് സൗദി നിക്ഷേപക നിധി ശ്രമിക്കുന്നുവെന്ന റിപ്പോർട്ട് ചെയ്ത് റോയിട്ടേഴ്‌സ്; സ്ഥിരീകരിക്കാതെ ലുലുവും; വിപണയിലെ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് യൂസഫലിയുടെ വിശ്വസ്തന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ് : ലുലു ഗ്രൂപ്പിന്റെ പ്രധാന ഓഹരി വാങ്ങാൻ സൗദി നിക്ഷേപക നിധി (പിഐഎഫ്) ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പിഐഎഫ് ചെയർമാൻ. ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന.

മധ്യപൂർവ ദേശത്തെ തന്നെ പ്രമുഖ റിട്ടെയ്ൽ സംരംഭമാണ് ലുലു. 360 ബില്യൻ യുഎസ് ഡോളറിലധികം (26,00,000 കോടി രൂപ) നിക്ഷേപ ഫണ്ടുള്ള നൂൻ ഡോട്ട് കോം ഉൾപ്പെടെ നിരവധി വൻകിട കമ്പനികളിൽ വരെ ഇതിനകം സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസിന്റെ റീട്ടെയ്ൽ വിഭാഗത്തിൽ ഒരു ഓഹരി വാങ്ങാൻ അടുത്തിടെ ശ്രമിക്കുകയും ചെയ്തു. ഇത് നടന്നില്ലെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ലുലുവിൽ നിക്ഷേപത്തിനുള്ള നീക്കം.

സൗദി രാജകുമാരന്റെ കമ്പനിയായതിനാൽ നിക്ഷേപം നടക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തയാറായിട്ടില്ല. വിപണിയിലെ ഊഹങ്ങൾക്ക് ഞങ്ങൾ മറുപടി പറയാനില്ലെന്നും ബിസിനസിലെ പുതിയ ഇടപാടുകൾ ഔദ്യോഗിക മാധ്യമങ്ങൾ വഴി എല്ലായിപ്പോഴും ജനങ്ങളെ അറിയിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോർട്ട് വിശദീകരിക്കുന്നു.

അടുത്തിടെ അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു 1.1 ബില്യൻ യുഎസ് ഡോളർ (8000 കോടി രൂപ) ലുലു ഗ്രൂപ്പിൽ നിക്ഷേപിച്ചിരുന്നു. ജോർദാൻ, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിൽ പുതിയ വിപണി വ്യാപിപ്പിക്കാനാണ് തീരുമാനം. 7.4 ബില്യൻ യുഎസ് ഡോളർ (55,800 കോടി രൂപ) ആണ് നിലവിൽ ലുലുവിന്റെ വാർഷിക വിറ്റുവരവ്. 22 രാജ്യങ്ങളിൽലായി 194 ഹൈപ്പർമാർകറ്റുകൾ, 55,000 ത്തിലധികം ജീവനക്കാരും ഉണ്ട്. രണ്ടുവർഷത്തിനകം ഇത് 250 സ്റ്റോറുകളായി വളർത്താനുള്ള പരിശ്രമത്തിലാണ് യൂസഫലിയും സംഘവും. പ്രതിദിനം 1.6 ദശലക്ഷത്തിലധികം ഉപഭോക്താക്കളും ലുലുവിൽ എത്തുന്നു.

യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തത് ഏപ്രിലിലാണ്. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെയും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ അന്ന് നിക്ഷേപം നടത്തിയത്. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനിയാണ് റോയൽ ഗ്രൂപ്പ്.

ഗൾഫ് നാടുകളിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നവരാണ് ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള റോയൽ ഗ്രൂപ്പ്. മാധ്യമ സ്ഥാപനങ്ങൾ, വൻകിട വ്യവസായം, വ്യാപരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് പ്രവർത്തനം. സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്ക് പണം കടം കൊടുക്കുന്ന ഫസ്റ്റ് അബുദാബി ബാങ്ക് പിജെഎസ്സിയുടെ ചെയർമാൻ കൂടിയാണ് ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാൻ. ഇതേ മാതൃക പിന്തുടർന്നാണ് സൗദിയിലെ ലുലു ഗ്രൂപ്പിൽ സൽമാൻ രാജകുമാരനും കണ്ണു വയ്ക്കുന്നത്. ആഗോള റീട്ടെയ്ൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റും ഇടം പിടിച്ചിരുന്നു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് പട്ടികയിലാണ് ലുലു എത്തിയത്.

അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുന്നിൽ. ഇന്ത്യയിലെ റിലയൻസ് റീട്ടെയ്്‌ലും പട്ടികയിലുണ്ട്. പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. കോവിഡിന്റെ വ്യാപനം വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു കൊണ്ട് പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറയുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും യൂസഫലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP