Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സ്വർണ്ണക്കള്ളക്കടത്തു കേസിൽ എം യൂസഫലിക്ക് ബന്ധമെന്ന വാർത്ത; ക്രൈം നന്ദകുമാർ ചമച്ചത് യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളെന്ന് ലുലു ഗ്രൂപ്പ്; ലോക്ക്ഡൗൺ കാലത്ത് യാത്രാ വിലക്ക് നിലനിൽക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാൻ യുഎഇ കോൺസൽ ജനറൽ അനുമതി നൽകിയ കത്ത് വളച്ചൊടിച്ചെന്ന് വിശദീകരണ കുറിപ്പ്

സ്വർണ്ണക്കള്ളക്കടത്തു കേസിൽ എം യൂസഫലിക്ക് ബന്ധമെന്ന വാർത്ത; ക്രൈം നന്ദകുമാർ ചമച്ചത് യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളെന്ന് ലുലു ഗ്രൂപ്പ്; ലോക്ക്ഡൗൺ കാലത്ത് യാത്രാ വിലക്ക് നിലനിൽക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാൻ യുഎഇ കോൺസൽ ജനറൽ അനുമതി നൽകിയ കത്ത് വളച്ചൊടിച്ചെന്ന് വിശദീകരണ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്തുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് ബന്ധമുണ്ടെന്ന വിധത്തിൽ വന്ന വാർത്തകൾ തള്ളി ലുലു ഗ്രൂപ്പ്. അന്വേഷണ ഏജൻസികൾ കൂടി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ ബന്ധം പുറത്ത് വിടുന്നത് ക്രൈം നന്ദകുമാറാണെന്ന് അവർ ആരോപിച്ചു. ലോക്ക് ഡൗൺ കാലത്ത് യാത്രാ വിലക്ക് നിലനിൽക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാൻ യുഎഇ കോൺസൽ ജനറൽ അനുമതി നൽകിയ കത്തിനെ വളച്ചൊടിച്ച് സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് ക്രൈം നന്ദകുമാർ വ്യാജ വാർത്ത ചമച്ചത്.

യാഥാർത്യവുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകളാണ് ക്രൈം നന്ദകുമാർ പടച്ചു വിടുന്നത് എന്ന് തെളിയിക്കുകയാണ് ഈ കഴിഞ്ഞ ദിവസം യൂസഫലിക്ക് എതിരെ സൃഷ്ടിച്ച സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വ്യാജ വാർത്ത. സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ എത്തുന്നതിനും ഒരാഴ്ച മുൻപ് തന്നെ കൊച്ചി വഴി ഫഹാസ് ദുബായിലേക്ക് പോയിട്ടുണ്ട് എന്ന് കൂടി അറിയുമ്പോഴേ ഈ വ്യാജവാർത്ത കഥ പൂർണമാവുകയുള്ളൂ.

സ്വപ്ന അറസ്റ്റ് ചെയ്യപ്പെടും മുൻപ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ താൻ യുഎഇ കോൺസുലെറ്റിലെ ജീവനക്കാരി എന്ന് കാണിക്കാൻ വേണ്ടി ഹാജരാക്കിയ ഒരു കത്തിന്റെ ഉള്ളടക്കം വളച്ചോടിച്ചാണ് ക്രൈം നന്ദകുമാർ വാർത്ത പ്രചരിക്കുന്നത്. നന്ദകുമാർ പറയുന്നത് നയതന്ത്ര ബാഗേജ് വഴി വന്ന ഗോൾഡ് ഫഹാസ് അഷ്റഫ് വഴി യൂസഫലിക്ക് തിരികെ അയക്കാൻ ആവശ്യപ്പെട്ടുള്ള ഒരു കത്ത് ഹാജരാക്കി എന്നാണ്. യുഎഇ കോൺസൽ ജനറൽ അയച്ച കത്താണിത് എന്ന് പറഞ്ഞാണ് സ്വപ്ന ഈ കത്ത് ഹാജരാക്കിയത് എന്നാണ് നന്ദകുമാർ പറയുന്നത്.

എന്താണ് സ്വപ്ന ഹാജരാക്കിയ കത്തിന്റെ ഉള്ളടക്കം എന്നറിയുമ്പോഴാണ് ക്രൈം നന്ദകുമാറിന്റെ പൂച്ച് പുറത്താകുന്നത്. നന്ദകുമാർ പറയുന്ന ഫഹർ അഷ്റഫ് എന്ന വ്യക്തിയില്ല. ഈ വ്യക്തിയുടെ പേര് ഫഹാസ് അഷ്റഫ് എന്നാണ്. ഫഹാസ് ഒരു വിദ്യാർത്ഥിയാണ്. ഹഫാസ് ആരെന്നു അറിയുമ്പോഴാണ് വാർത്തയെ കുറിച്ച് ശരിക്കും ഓർത്ത് ഞെട്ടേണ്ടതെന്നും യൂസഫലിയുമായി അടപ്പമുള്ളവർ വിശദീകരിക്കുന്നു. ഈ ഹഫാസ് യൂസഫലിയുടെ അനുജൻ അഷ്റഫ് അലി എംഎയുടെ മകൻ ആണ്. ഈ മകന്റെ കയ്യിൽ കള്ളക്കടത്ത് സ്വർണം കൊടുത്ത് വിടാനുള്ള ഒരു ലെറ്റർ കോൺസുലേറ്റ് ജനറൽ നൽകി എന്ന് നന്ദകുമാർ പറയുന്നത്. ലോകത്ത് ഒരാളും വിശ്വസിക്കാത്ത കാര്യങ്ങളാണ് ക്രൈം നന്ദകുമാർ പ്രചരിപ്പിക്കുന്നതെന്നാണ് ലുലു ഗ്രൂപ്പ് വിശദീകരിക്കുന്നത്.

വിദ്യാർത്ഥിയായ ഹഫാസ് ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ കുടുങ്ങിപ്പോയി. യുഎഇയിലേക്ക് യാത്രാ വിലക്ക് നിലനിൽക്കുന്നതിനാൽ കോൺസൽ ജനറലിന്റെ അനുമതി കത്ത് വേണം. യുഎഇയിലേക്ക് തിരിക്കാനുള്ള അനുമതി തേടി ഹഫാസ് കത്ത് നൽകി. യുഎഇയിൽ ആയിരുന്ന കോൺസൽ ജനറൽ അനുമതി നൽകി കത്ത് തിരികെ അയച്ചു. ഈ കത്തിന്റെ കോപ്പി സ്വപ്നയ്ക്കും ലഭിച്ചു. താൻ കോൺസുലെറ്റ് ജീവനക്കാരി എന്ന് വ്യക്തമാക്കാൻ സ്വപ്ന ഈ കത്തിന്റെ കോപ്പി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഒപ്പം നൽകി. ഇത് വളച്ചൊടിച്ചാണ് സ്വർണം ഹഫാസ് വഴി യൂസഫലിക്ക് തിരികെ അയയ്ക്കാൻ കോൺസൽ ജനറൽ കത്ത് നൽകി എന്ന് നന്ദകുമാർ പറയുന്നത്.

ജൂൺ മുപ്പതിനാണ് തിരുവനന്തപുരം എയർപോർട്ടിൽ നയതന്ത്ര വഴിയിൽ ഉള്ള സ്വർണം എത്തുന്നതും തടഞ്ഞുവയ്ക്കുന്നതും. എന്നാൽ ഫഹാസ് ദുബായിലേക്ക് പോയത് ജൂൺ 23നാണ്. അതായത് സ്വർണം കസ്റ്റംസ് തടഞ്ഞു വയ്ക്കുന്നതിനും ഏഴു ദിവസം മുൻപ്. കൃത്യമായി പറഞ്ഞാൽ 2020 ജൂൺ 23ന് 17.45നുള്ള IX-1419 എയർ ഇന്ത്യ എക്സ്പ്രസിലാണ് കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്നും ഹഫാസ് അബുദാബിയിലേക്ക് പോകുന്നത്. കസ്റ്റംസ് കേസ് ചാർജ് ചെയ്യുന്നത് ജൂലൈ 5 നും. അപ്പോൾ ക്രൈം നന്ദകുമാർ പറയുന്നത് ശരിയാണെങ്കിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയിട്ട് പോലുമില്ലാത്ത സ്വർണമാണ് ഫഹാസിന്റെ കയ്യിൽ കൊടുത്തുവിടണം എന്ന് പറഞ്ഞു കോൺസൽ ജനറൽ കത്ത് നൽകിയിരിക്കുന്നത്. ഇതും യൂസഫലിക്ക് എതിരെയുള്ള കള്ളക്കഥയ്ക്ക് നിലനിൽപ്പ് ഇല്ലാതാക്കി.

സ്വർണ്ണക്കടത്തുപോലുള്ള സംഭവങ്ങളുമായി ചേർത്തിണക്കി വ്യാജവാർത്ത സൃഷ്ടിച്ചതിനും മനഃപൂർവം വ്യക്തിഹത്യ നടത്തിയതിനും ക്രൈം നന്ദകുമാറിന് എതിരെയും നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് അറിയിച്ചു. ഭരണഘടന അനുശാസിക്കും വിധമുള്ള നിയമനടപടികളാണ് കർണാടക, ഡൽഹി, ഉത്തർപ്രദേശ്, തെലുങ്കാന, ബീഹാർ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ലുലുവിലെ ജീവനക്കാർ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP