Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ല; ഹൈപ്പർമാർക്കറ്റുകളും മറ്റ് അനുബന്ധ ബിസിനസ്സുകളും മുമ്പോട്ട് പോവുക മലയാളിയുടെ നേതൃകരുത്തിൽ തന്നെ; 20 ശതമാനം ഓഹരികൾ മാത്രം വിൽക്കുമ്പോൾ യൂസഫലിയുടെ പോക്കറ്റിൽ എത്തുന്നത് 7600 കോടി രൂപ; ഇനി കൂടുതൽ നിക്ഷേപം കേരളത്തിൽ എന്ന് സൂചന നൽകി പ്രവാസി മലയാളിയുടെ അടുത്ത വൃത്തങ്ങളും; ഓഹരി കൈമാറ്റത്തിൽ ഇനിയും ഔദ്യോഗിക പ്രതികരണമില്ല; ലുലുവിൽ അബുദാബി രാജകുടുംബം കൂടുതൽ അവകാശം നേടിയതായി റിപ്പോർട്ട്

ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ല; ഹൈപ്പർമാർക്കറ്റുകളും മറ്റ് അനുബന്ധ ബിസിനസ്സുകളും മുമ്പോട്ട് പോവുക മലയാളിയുടെ നേതൃകരുത്തിൽ തന്നെ; 20 ശതമാനം ഓഹരികൾ മാത്രം വിൽക്കുമ്പോൾ യൂസഫലിയുടെ പോക്കറ്റിൽ എത്തുന്നത് 7600 കോടി രൂപ; ഇനി കൂടുതൽ നിക്ഷേപം കേരളത്തിൽ എന്ന് സൂചന നൽകി പ്രവാസി മലയാളിയുടെ അടുത്ത വൃത്തങ്ങളും; ഓഹരി കൈമാറ്റത്തിൽ ഇനിയും ഔദ്യോഗിക പ്രതികരണമില്ല; ലുലുവിൽ അബുദാബി രാജകുടുംബം കൂടുതൽ അവകാശം നേടിയതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു. ഒരു ബില്യൻ ഡോളറാണ് (ഏതാണ്ട് 7600 കോടി രൂപ) അവർ ലുലുവിൽ നിക്ഷേപിച്ചത്. ഓഹരി സ്വന്തമാക്കിയെങ്കിലും ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നാണ് സൂചന. ഓഹരി കൈമാറ്റം സംബന്ധിച്ച് ലുലു ഗ്രൂപ്പോ റോയൽ ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ്. യൂസഫലിയുടെ ഒറ്റയാൾ മികവിലാണ് ഈ സ്ഥാപനം കെട്ടിക്കൊക്കിയത്. ഇന്ത്യയിൽ അടക്കം ലുലുവിന് ശക്തമായ സാന്നിധ്യമാകാൻ കഴിയുകയും ചെയ്തു. അബുദാബി ഭരണാധികാരികളുടെ അടക്കം വലിയ പിന്തുണ എന്നും യൂസഫലിക്ക് കിട്ടിയിട്ടുണ്ട്. ഗൾഫിലെ ബിസിനസ്സിൽ നിന്നും യൂസഫലി പതിയെ പിന്മാറുന്നതിന്റെ സൂചനയായി ആ കൈമാറ്റത്തെ വിലയിരുത്തുന്നുണ്ട്. നാട്ടിലേക്ക് ചുവടു മാറ്റാനാണ് ഇതെന്നും സൂചനയുണ്ട്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയത്. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് തഹ് നൂൻ.

യു.എ.ഇ.യും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. രണ്ടുവർഷത്തിനകം ഇത് 250 സ്റ്റോറുകളായി വളർത്തുമെന്നാണ് യൂസഫലിയുടെ പ്രഖ്യാപനം. 7.4 ബില്യൻ ഡോളറാണ് ലുലുവിന്റെ മുൻവർഷത്തെ വിറ്റുവരവ്. എന്നാൽ ഓഹരി വിൽപ്പനയിൽ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ആവശ്യമെങ്കിൽ വാർത്താ കുറിപ്പ് ഇറക്കാമെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ഗൾഫിൽ ഏറ്റവും വലിയ നിക്ഷേപമുള്ള മലയാളിയാണ് യുസഫലി. യുഎഇയ്ക്ക് അപ്പുറമുള്ള രാജ്യങ്ങളിൽ ലുലുവിന് നിക്ഷേപങ്ങളും സ്ഥാപനങ്ങളുമുണ്ട്.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ഇങ്ങനെ വളർന്ന് പന്തലിക്കുമ്പോഴും നാട്ടിലെ വേദനകളിൽ മുഖം തിരിക്കാറില്ല യൂസഫലി. വേദന അറിഞ്ഞാൽ ഓടിയെത്തി സഹായിക്കും.കൊച്ചിയിൽ സ്മാർട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു.

നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി. ഇതിനൊപ്പം സാമൂഹികമായ ഇടപെടലുകളിലൂടേയും മലയാളിയുടെ മനസ്സിലെ താരമായി യൂസഫലി.

യൂസുഫലിയുടെ നാടായ നാട്ടിക മുഹയുദ്ദീൻ ജുമാമസ്ജിദ് മികച്ച രീതിയിൽ പുതുക്കിപണിതു നൽകിയത് യൂസുഫലിയാണ്. ''നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും'' -കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങളാണ് യൂസഫലിയുടെ കൈമുതൽ. അങ്ങനെ സ്വന്തം നിലയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ മലയാളിയാണ് ലുലു ഗ്രൂപ്പിലെ 20 ശതമാനം ഷെയറുകൾ രാജകുടുംബത്തിന് കൈമാറുന്നത്. ഇതോടെ ലുലു ഗ്രൂപ്പിന് അബുദാബിയിലും മറ്റും കൂടുതൽ പരിഗണന കിട്ടുമെന്ന സൂചനയും വിലയിരുത്തലുമുണ്ട്.

ബിസിനസ് വാർത്താ ഏജൻസി ബ്ലൂംബെർഗാണ് ലുലുവിലെ ഓഹരി വിൽക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത്. റിയൽ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളിൽ നിക്ഷേപമുള്ള കമ്പനിയാണ് റോയൽ ഗ്രൂപ്പ്. ഫസ്റ്റ് അബൂദബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് തഹനൂൻ. റിപ്പോർട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമവിഭാഗം മേധാവി വി നന്ദകുമാർ പറഞ്ഞു. നിലവിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഘല ലുലു ഗ്രൂപ്പിന്റേതാണ്. കൊച്ചിയിലെ ലുലു മാൾ, ഇൻഫോ പാർക്കിലെ ലുലു സൈബർ ടവർ, തൃശൂരിലെ ലുലു കൺവെൻഷൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളാണ് നിലവിൽ കേരളത്തിൽ ലുലു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്.

കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും ലുലു മാൾ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരത്തെ മാളിന്റെ നിർമ്മാണ പ്രവർത്തനം വലിയൊരു ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. കേരളത്തിനു പുറത്തും ഷോപ്പിങ് മാൾ പദ്ധതികൾ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നുണ്ട്. ലക്‌നൗ, ബംഗലൂരു, ഹൈദരാബാദ് നഗരങ്ങളിൽ ലുലു ഗ്രൂപ്പിന്റെ മാളുകൾ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിൽ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുള്ളതായാണ് സൂചന. അബൂദബിയിലെ റോയൽ ഗ്രൂപ്പിന്റെ ചെയർമാനാണ് ഷെയ്ഖ് തഹ്നൂൻ. മാധ്യമ വ്യാപാര ധനകാര്യ സ്ഥാപനങ്ങൾ റോയൽ ഗ്രൂപ്പിനു കീഴിലുണ്ട്. റിയൽ എസ്റ്റേറ്റ് പദ്ധതികളിലും കമ്പനിയുടെ നിക്ഷേപമുണ്ട്. അബുദബിയിലെ ആദ്യ ബാങ്ക് ആയ പിജെഎസ് സിയുടെ ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ്നൂൻ.

അബുദബിയിലെ മസ്യാദ്, അൽ വഹ്ദ, ഖാലിദിയ മാളുകൾ ലുലു ഗ്രൂപ്പ് നിയന്ത്രണത്തിലാണ്. ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും ഉൽപാദന മേഖലയിലും ലുലു ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 50,000ഓളം ജിവനക്കാർ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നതായാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP