Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202227Tuesday

2000 കോടി മുതൽമുടക്കി നിർമ്മിച്ച മാൾ ഉദ്ഘാടനത്തിന് പിന്നാലെ പൊളിക്കാനുള്ള കുത്തിത്തിരിപ്പ്; മതവിദ്വേഷത്തിനും, രാഷ്ട്രീയ വൈരത്തിനും മാളിനെ കരുവാക്കാനുള്ള കുത്സിത ശ്രമങ്ങൾക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; കർശന നടപടിക്ക് നിർദ്ദേശം; വിവാദങ്ങൾക്കിടെയും ലക്‌നൗവിലെ ലുലുമാൾ സൂപ്പർ ഹിറ്റ്

2000 കോടി മുതൽമുടക്കി നിർമ്മിച്ച മാൾ ഉദ്ഘാടനത്തിന് പിന്നാലെ പൊളിക്കാനുള്ള കുത്തിത്തിരിപ്പ്; മതവിദ്വേഷത്തിനും, രാഷ്ട്രീയ വൈരത്തിനും മാളിനെ കരുവാക്കാനുള്ള കുത്സിത ശ്രമങ്ങൾക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; കർശന നടപടിക്ക് നിർദ്ദേശം; വിവാദങ്ങൾക്കിടെയും ലക്‌നൗവിലെ ലുലുമാൾ സൂപ്പർ ഹിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

 ലക്‌നൗ: ലക്‌നൗവിൽ ലുലുമാൾ തുറന്നതിന് പിന്നാലെ കുത്തിത്തിരിപ്പുമായി ഒരുകൂട്ടർ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കിണഞ്ഞുപരിശ്രമത്തിലാണ്. മാളിൽ കൂട്ട നമസ്‌കാരം, ബദലായി ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമം, ലുലുവിലെ ജീവനക്കാരിൽ 80 ശതമാനവും ഒരു മതവിഭാഗത്തിൽ പെട്ടവരാണെന്ന ആരോപണം, എന്നിങ്ങനെ വിവാദകേന്ദ്രമാക്കാൻ മനഃപൂർവം ശ്രമം നടക്കുന്നുവെന്ന കാര്യം വ്യക്തമാണ്. ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച മാൾ ജൂലൈ പതിനൊന്നിനാണ് എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് ആളുകൾക്കായി തുറന്നു കൊടുത്തത്.

അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടിക്കാണ് നിർദ്ദേശം. കുറ്റക്കാർക്ക് എതിരെ ക്രിമിനൽ നടപടി എടുക്കാനാണ് ജില്ലാ ഭരണകൂടത്തോട് പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ വെച്ചുപൊറുപ്പിക്കില്ല. മതസ്പർദ്ധ വളർത്താനും അരാജകത്വം സൃഷ്ടിക്കാനും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസിൽ യോഗി നിർദ്ദേശിച്ചു

ലുലു മാളിനെ രാഷ്ട്രീയ വൈരത്തിന്റെ കേന്ദ്രമാക്കാനും, അനാവശ്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ വഴി തടയാനും ശ്രമം നടക്കുന്നു. ലക്‌നൗ ഭരണകൂടം ഇതിനെതിരെ കർശന നടപടി തുടരുമ്പോഴും, മതസ്പർദ്ധ വളർത്താനും പ്രശ്നങ്ങളുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാളിൽ നമസ്‌കാരം നടത്തിയ നാലുപേർ പിടിയിൽ

ലുലുമാളിൽ നമസ്‌കാരം നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ജൂലായ് 12ന്, അതായത് മാൾ തുറന്നതിന്റെ പിറ്റേന്ന്, നമസ്‌കരിച്ച എട്ടുപേരും അമുസ്ലീങ്ങളാണെന്നാണ് ആദ്യം വാർത്ത വന്നത്. എന്നാൽ, പിടിയിലായവർ ഇസ്ലാംമത വിശ്വാസികൾ ആണെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. നമസ്‌കാരത്തിന് ശേഷം ലുലു മാളിൽ മതപരമായ ആചാരങ്ങൾ നടത്താൻ ശ്രമിച്ചതിന് ജൂലൈ 15ന് നാലു പേർ അറസ്റ്റിലായിരുന്നു. സരോജ് നാഥ് യോഗി, കൃഷ്ണ കുമാർ പതക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നിവരായിരുന്നു അറസ്റ്റിലായത്. യോഗി, പഥക്, ഗോസ്വാമി എന്നിവർ പൂജ നടത്താൻ ശ്രമിച്ചപ്പോൾ അലി മാളിന്റെ പരിസരത്ത് നമസ്‌കരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ജൂലൈ 12 ന് നമസ്‌കാരം നടത്തിയവരാണെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുകയായിരുന്നെന്ന് ലക്‌നൗ കമ്മീഷണർ ചൊവ്വാഴ്ച ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഈ നാലുപേരെക്കൂടാതെ, ഷോപ്പിങ് മാളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകർത്തതിന് 18 പേർക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാൻ ചാലിസ ചൊല്ലി മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. നമസ്‌കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്.

ഈ സംഭവങ്ങൾക്ക് പിന്നാലെ ലുലു മാളിനെതിരെ ഹിന്ദുമഹാസഭ രംഗത്തുവന്നിരുന്നു. മാളിന് മുന്നിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തെ തുടർന്ന് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയത്. മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകരെ തടയാൻ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. മാളിലെ ഷോപ്പിങ് ഏരിയയിൽ ചിലർ നമസ്‌കാര ചടങ്ങുകൾ നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതോടെ ചിലർ മാളിലെ കവാടത്തിൽ സൂര്യകാണ്ഡം ചൊല്ലാൻ ശ്രമിക്കുകയും മൂന്ന് പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാളിൽ എല്ലാവിധ പ്രാർത്ഥനാ ചടങ്ങുകളും വിലക്കി അധികൃതർ ബോർഡ് സ്ഥാപിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും എന്നാൽ മാളിനകത്ത് മതാചാരങ്ങൾ അനുവദിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചത്.

ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനമില്ല

ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം കാണിക്കാറില്ലെന്ന് ലക്‌നൗവിലെ ലുലു മാൾ അധികൃതർ. ഇവിടെ ജീവനക്കാരെ നിയമിക്കുന്നതിൽ മതപരമായ വിവേചനമുണ്ടെന്ന ആരോപണമുയർന്നതോടെയാണ് വിശദീകരണവുമായി ലുലു അധികൃതർ രംഗത്തുവന്നത്. തങ്ങളുടെ ജീവനക്കാരിൽ 80 ശതമാനവും ഹിന്ദുക്കളാണെന്നും മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി മറ്റു സമുദായത്തിൽപ്പെട്ടവർ 20 ശതമാനമാണെന്നും വിശദീകരണത്തിൽ പറയുന്നു.

മുസ്ലിം ജീവനക്കാർക്ക് യാതൊരുവിധ പ്രത്യേകതകളുമില്ലെന്നും പ്രൊഫഷണൽ രീതിയിലാണ് ലുലുമാൾ പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അഭിമുഖം നടത്തി, ഓരോരുത്തരുടേയും കഴിവിന് അനുസരിച്ച് മാത്രമാണ് നിയമനം നൽകുന്നത്. യാതൊരുവിധ വിവേചനവും ഇക്കാര്യത്തിൽ കാണിച്ചിട്ടില്ലെന്നും വിശദീകരിച്ചു. ലക്‌നൗവിൽ അടുത്താണ് ലുലു മാൾ തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മാളാണ് ഇതെന്ന് അവർ അവകാശപ്പെടുന്നുണ്ട്.

വിവാദങ്ങൾക്കിടെയും മാൾ ഹിറ്റ്

ലക്‌നൗ ലുലുമാൾ തുറന്ന് ആദ്യ ആഴ്ചയിൽ തന്നെ ഏഴുലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം പേർ മാൾ സന്ദർശിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവ നിരവധി ഓഫറുകളും കിഴിവുകളും ഒരുക്കിയിരുന്നു.

ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിങ് മാളാണ് ലക്നൗവിൽ പ്രവർത്തനമാരംഭിച്ചത്. 2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. നിയമസഭാ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി ലുലു ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മാളിന്റെ സവിശേഷതകൾ ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലക്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ നിലനിൽക്കുന്നത്.

രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ സവിശേഷത. ഇതു കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മുന്നൂറിലധികം ദേശീയരാജ്യാന്തര ബ്രാൻഡുകൾ, 11 സ്‌ക്രീൻ സിനിമ, ഫുഡ് കോർട്ട് ഉൾപ്പെടെ മൂവായിരത്തിലധികം വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യം തുടങ്ങിയവ മാളിന്റെ സവിശേഷതകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP