Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമലയിലെ ആചാരം രക്ഷിക്കാൻ നാമംവിളിച്ച് ജപയാത്രയിൽ അണിചേർന്ന അദ്ധ്യാപികയ്ക്ക് പിണറായി സർക്കാരിന്റെ സസ്‌പെൻഷൻ; എൽപി സ്‌കൂൾ ടീച്ചർക്ക് നേരെ നടപടിയെടുക്കുന്നത് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച്; മാതൃകയാവേണ്ട അദ്ധ്യാപികയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായെന്ന് കണ്ടെത്തി വിദ്യാഭ്യാസ വകുപ്പ്; വിശ്വാസം സംരക്ഷിക്കാൻ ശരണംവിളിച്ച് തെരുവിൽ ഇറങ്ങിയവരോട് സർക്കാരിന്റെ പ്രതികാരം ഇങ്ങനെ

ശബരിമലയിലെ ആചാരം രക്ഷിക്കാൻ നാമംവിളിച്ച് ജപയാത്രയിൽ അണിചേർന്ന അദ്ധ്യാപികയ്ക്ക് പിണറായി സർക്കാരിന്റെ സസ്‌പെൻഷൻ; എൽപി സ്‌കൂൾ ടീച്ചർക്ക് നേരെ നടപടിയെടുക്കുന്നത് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച്; മാതൃകയാവേണ്ട അദ്ധ്യാപികയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായെന്ന് കണ്ടെത്തി വിദ്യാഭ്യാസ വകുപ്പ്; വിശ്വാസം സംരക്ഷിക്കാൻ ശരണംവിളിച്ച് തെരുവിൽ ഇറങ്ങിയവരോട് സർക്കാരിന്റെ പ്രതികാരം ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിന് എതിരെ നിന്നവരെയെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ എന്ന ആക്ഷേപം ശക്തമാണ്.

ഇതിന് ആക്കംകൂട്ടിക്കൊണ്ട ഒരു നടപടികൂടെ വന്നിരിക്കുകയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന്. വിശ്വാസം സംരക്ഷിക്കാൻ ആദ്യഘട്ടത്തിൽ തെരുവിൽ ഇറങ്ങുകയും നാമജപയാത്രകളുമായി പ്രതിഷേധം നടത്തുകയും ചെയ്യുകയായിരുന്നു കേരളത്തിലെ ഭക്തസമൂഹം. ഇവർക്കൊപ്പം അണിചേർന്ന ഒരു അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ്.

ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിൻബലം ഇല്ലാതെ ആണ് ആദ്യഘട്ടത്തിൽ ആയിരക്കണക്കിന് വനിതകൾ പുരുഷന്മാർക്കൊപ്പം  പ്രതിഷേധ സൂചകമായി നടന്ന നാമജപ യാത്രയിൽ അണിചേർന്നത്. ഇത്തരത്തിൽ സംസ്ഥാനമൊട്ടുക്ക് നിരവധി പേർ പല സമരങ്ങളിലും അണിചേർന്നു. ഇതിലൊരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത എൽപി സ്‌കൂൾ അദ്ധ്യാപികയ്ക്കാണ് ഇപ്പോൾ സസ്‌പെൻഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ഇതോടെ എതിരേ ശബ്ദിക്കുന്നവരെ മുഴുവൻ അടിച്ചൊതുക്കുന്ന പിണറായി സ്റ്റൈൽ തുടരുന്നതായ ആക്ഷേപം ശക്തമായിരിക്കുകയാണ്. വള്ളിക്കോട് ഗവ. എൽപി സ്‌കൂൾ അദ്ധ്യാപിക പികെ ഗായത്രീദേവിയെ ആണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസർ സസ്പെൻഡ് ചെയ്തത്. വള്ളിക്കോട് കൃഷ്ണവില്ലയിൽ കൃഷ്ണശേഖർ എന്നയാൾ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം മൂന്നിന് വള്ളിക്കോട്-കോട്ടയം ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച പ്രകടനത്തിൽ പങ്കെടുത്ത് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ ഗായത്രീദേവി മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നു പരാതി. മന്ത്രിയുടെ ഓഫീസിൽ ആണ് പരാതി എത്തിയത്. അവിടെ നിന്ന് കൈമാറിയ പരാതിയിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസർ, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായും മുറവിളി കൂട്ടി പ്രതിഷേധാത്മകമായി മുദ്രാവാക്യങ്ങൾ വിളിച്ചു പറയുന്ന റാലിയിൽ ഒരു സർക്കാർ അദ്ധ്യാപിക പങ്കെടുത്തത് അച്ചടക്ക ലംഘനം തന്നെയെന്നും കുട്ടികൾക്ക് എല്ലാ അർഥത്തിലും മാതൃകയായിരിക്കേണ്ട അദ്ധ്യാപികയുടെ ഭാഗത്ത് നിന്നും ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലാത്തതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ എന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം, സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അസഭ്യം വിളികൾ പോലും നടത്തിക്കൊണ്ട് വിവിധ ഇടതുപക്ഷ അദ്ധ്യാപക-സർവീസ് സംഘടനകൾ ഇടതുപക്ഷം പ്രതിപക്ഷത്താവുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ സമരം നടത്താറുണ്ട്. ഇത്തരത്തിൽ സമരം നടത്തിയതിന്റെ പേരിലോ സർക്കാരിന് എതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലോ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലോ ഇതുവരെ ഒരു ഇടതുപക്ഷ യൂണിയൻ നേതാവിന്റെ പേരിലും നടപടി ഉണ്ടായിട്ടില്ല.

 

അങ്ങനെയിരിക്കെ നാമജപയാത്രയിൽ സർക്കാർ നിലപാടിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു എന്നതിന്റെ പേരിലാണ് ഇപ്പോൾ ഒരു എൽപി സ്‌കൂൾ അദ്ധ്യാപികയ്ക്ക് എതിരെ നടപടി ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത്തരത്തിൽ സർക്കാർ നടപടി തുടർന്നാൽ ഇനിയങ്ങോട്ട് നാമജപ സമരങ്ങളിൽ പങ്കെടുത്ത പല സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP