Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമിച്ച് ജീവിക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി കമിതാക്കൾ പമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തി; മതത്തിന്റെ വേലിക്കെട്ടുകളെ തകർത്ത പ്രണയിതാക്കളെ കോടതിയിൽ ഹാജരാക്കുമെന്ന് പാമ്പാടി സിഐ മറുനാടനോട്; മുസ്ലിം യുവതിയുടേയും ഹിന്ദു യുവാവിന്റേയും മാതാപിതാക്കളും സ്റ്റേഷനിൽ; ഈരാറ്റുപേട്ടയിലെ പ്രണയകഥ ക്ലൈമാക്സിലേക്ക്

ഒരുമിച്ച് ജീവിക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി കമിതാക്കൾ പമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തി; മതത്തിന്റെ വേലിക്കെട്ടുകളെ തകർത്ത പ്രണയിതാക്കളെ കോടതിയിൽ ഹാജരാക്കുമെന്ന് പാമ്പാടി സിഐ മറുനാടനോട്; മുസ്ലിം യുവതിയുടേയും ഹിന്ദു യുവാവിന്റേയും മാതാപിതാക്കളും സ്റ്റേഷനിൽ; ഈരാറ്റുപേട്ടയിലെ പ്രണയകഥ ക്ലൈമാക്സിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഒളിച്ചോടിയ കമിതാക്കൾ പൊലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിച്ചു. ഈരാറ്റുപേട്ടയിലെ സ്വദേശിനിയായ മുസ്ലിം  പെൺകുട്ടിയും പാമ്പാടി സ്വദേശിയായ ഹിന്ദു യുവാവുമാണ് ഗുണ്ടാ ആക്രമണങ്ങളെ ഭയന്ന് ആത്മരക്ഷാർത്ഥം കോട്ടയം പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ഇന്ന് ഉച്ചയോടെയാണ് രണ്ട് പേരും പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. മതത്തിന്റെ വേലിക്കെട്ടുകളെ തകർത്ത് വിവാഹിതരാകാൻ ആഗ്രഹിച്ച ഇവരെ അതിന് അനുവദിക്കില്ലെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. യുവാവിനെ വധിക്കുമെന്ന് പോലും ഭീഷണിപ്പെടുത്തി ചില മതസംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കമിതാക്കൾ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്.

ഇരുവരും പൊലീസ് സ്‌റ്റേഷനിൽ എത്തിയ വിവരം പൊലീസ് രണ്ട് പേരുടെയും ബന്ധുക്കളെ അറിയിച്ചു. ഇതനുസരിച്ച് രണ്ട് പേരുടെയും മാതാപിതാക്കളും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് പൊലീസ് ഈ നടപടി എടുത്തത്. ഈ കേസിൽ തങ്ങൾക്ക് പ്രത്യേകം ഒന്നും ചെയ്യാനില്ലെന്നും ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്നും പമ്പാടി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ മാസം 17നാണ് യുവതിയും യുവാവും വീടുവിട്ടിറങ്ങിയത്.

കോളേജ് പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് യുവാവ്. യുവതി മറ്റൊരു കോളേജിൽ ഇപ്പോഴും പഠിക്കുന്നു. മുസ്ലിം യുവതിയുമായുള്ള പ്രണയം യുവാവ് തന്റെ വീട്ടിൽ തുറന്നു പറഞ്ഞിരുന്നു. ഹിന്ദു കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ചതു പോലെ എതിർപ്പുണ്ടായി. എങ്കിലും വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുസ്ലിം യുവതിക്ക് കുടുംബത്തിൽ അറിഞ്ഞതോടെ പീഡനമായിരുന്നു ഫലം. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നു.

ഇതിനിടെ പെൺകുട്ടിയുടെ വിവാഹവും ഉറപ്പിച്ചു. ഒരു കോടി രൂപ സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞായിരുന്നു വിവാഹം ഉറപ്പിച്ചത്. ഇതോടെയാണ് പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്. ഈരാറ്റുപേട്ടയിലെ പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് പെൺകുട്ടി. അതുകൊണ്ട തന്നെ പൊലീസിനെ ഉപയോഗിച്ചു വരെ ഇരുവരെയും പിടികൂടാൻ ശ്രമങ്ങളുണ്ടാായി. എന്നാൽ ഒരു കാരണവശാലും ഇവരെ ഒരുമിച്ച് താമസിക്കാൻ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ചില സംഘടനാ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു ഇവരുടെ രംഗപ്രവേശം.

പെൺകുട്ടിയുടെ വീട്ടുകാരുടെ ബലത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്ത രഹസ്യമായുള്ള അന്വേഷണം നടത്തി പൊലീസും ഒപ്പം ചേർന്നിരുന്നു. ഇതോടെ പുറത്തിറങ്ങി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇതിനിടെയാണ് ഇവർ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് വീഡിയോ അയച്ചു തന്നത്. വീഡിയോയിൽ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും വ്യക്തമാക്കിയിരുന്നു. ഒരാളെ പ്രണയിച്ച് മറ്റൊരാളുമായി ജീവിക്കാൻ തനിക്ക് തയ്യാറല്ലെന്ന് പെൺകുട്ടിയുടെ പക്ഷം. കല്ല്യാണം കഴിക്കാൻ തയ്യാറായി വന്നയാൾക്ക് എല്ലാം അറിയാം. ഒരു കോടി രൂപയിലാണ് കണ്ണെന്നുമാണ് പെൺകുട്ടി ആരോപിച്ചത്. തങ്ങൾക്ക് സ്വത്ത് വേണ്ടെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു.

രജിസ്റ്റർ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒളിച്ചോട്ടം പുറത്തറിഞ്ഞതോടെ മത സംഘടനകളെ വീട്ടുകാർ രംഗത്തിറക്കി. ഉന്നത രാഷ്ട്രീയക്കാർ പോലും ഇടപെടലിന് എത്തി. ഇരുവരേയും കൊല്ലുമെന്ന ഭീഷണി ഇവരുമായി ബന്ധപ്പെട്ടവരുടെ അടുക്കലും എത്തിക്കുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. വിവാഹം ചെയ്ത ശേഷവും രണ്ടു പേരും മതംമാറില്ല. അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുമെന്നുമാണ് ഇവർ പറഞ്ഞിരുന്നത്.

കടുത്ത ഭീഷണികൾക്കൊടുവിലാണ് ഇവർ ഇത്രയും ദിവസം ഒളിവിൽ കഴിഞ്ഞത്. പെൺവീട്ടുകാരുടെ പണത്തിന്റെ കരുത്തിൽ ഇക്കാര്യം അറിയുകപോലും ചെയ്യാത്ത യുവാവിന്റെ സുഹൃത്തുക്കൾക്കു നേരെയും ഭീഷണി ഉയർന്നിരുന്നു. ഇപ്പോൾ താമസിക്കുന്നിടത്തു നിന്ന് പുറത്തിറങ്ങിയാൽ ശത്രുക്കൾ വകവരുത്തുമെന്ന് പോലും ഭീഷണികൾ യുവാവിന് നേരെ ഉയർന്നു. ഞങ്ങൾ ഇത്രയും കാലം സ്നേഹിച്ചത് മതത്തെ ഓർത്തല്ല. മനസ്സിനെ കണ്ടു മാത്രമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നുമാണ് കമിതാക്കൾ അപേക്ഷിച്ചിരുന്നത്. സ്വത്തും സമ്പത്തു ഒന്നും വേണ്ടെന്നാണ് ഇവരുടെ പക്ഷം. എന്തായാലും മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞുള്ള പ്രണയം ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP