Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയിലുള്ള ശിവകാമിയെ കാണാൻ ശ്രീശാന്ത് എത്തിയത് പ്രതീക്ഷയുമായി; കോവിഡ് ടെസ്റ്റിൽ പിടിച്ച് ആശുപത്രിയുടെ പ്രതിരോധം; കോടതി ഇടപെടലിൽ പൊലീസിനൊപ്പം ഭാര്യയെ കണ്ടപ്പോൾ യുവതിയെടുത്തത് പിതാവിനൊപ്പം പോകുകയാണെന്നും സാവധാനം എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താം എന്നുമുള്ള ഒത്തുതീർപ്പ് നിലപാട്; പ്രണയകഥയിൽ ക്ലൈമാക്‌സ് നീളുമ്പോൾ

ആശുപത്രിയിലുള്ള ശിവകാമിയെ കാണാൻ ശ്രീശാന്ത് എത്തിയത് പ്രതീക്ഷയുമായി; കോവിഡ് ടെസ്റ്റിൽ പിടിച്ച് ആശുപത്രിയുടെ പ്രതിരോധം; കോടതി ഇടപെടലിൽ പൊലീസിനൊപ്പം ഭാര്യയെ കണ്ടപ്പോൾ യുവതിയെടുത്തത് പിതാവിനൊപ്പം പോകുകയാണെന്നും സാവധാനം എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താം എന്നുമുള്ള ഒത്തുതീർപ്പ് നിലപാട്; പ്രണയകഥയിൽ ക്ലൈമാക്‌സ് നീളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ പിതാവ് തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ ഹേബിയസ് കോർപസ് ഹർജിക്ക് നാടകീയ അന്ത്യം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി പൊലീസിനു നൽകിയ മൊഴിപ്രകാരം പിതാവിനൊപ്പം പോകാൻ കോടതി അനുവാദം നൽകി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ യുവാവിനും മാതാവിനും യുവതിയെ അരമണിക്കൂർ കണ്ടു സംസാരിക്കാൻ അനുവാദം നൽകിയിരുന്നു. ജഡ്ജിമാരായ കെ.വിനോദ് ചന്ദ്രൻ, ടി.ആർ.രവി എന്നിവരാണ് കേസ് തീർപ്പാക്കിയത്.

വിവാഹ ശേഷം കോടതി ഭർത്താവിനൊപ്പം വിട്ടയച്ച യുവതിയെ ബിജെപി നേതാവായ പിതാവ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഹൈക്കോടതിയിൽ അരങ്ങേറിയത് നാടകീയമായ സംഭവങ്ങളാണ്. ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീശാന്തിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജു(ബിജെപി നേതാവ്)വിന്റെ മകൾ ശിവകാമിയെ പിതാവ് തട്ടിക്കൊണ്ടു പോയി എന്ന് കാട്ടി നൽകിയ ഹേബിയസ്‌കോർപ്പസ് ഹർജി ഒത്തുതീർപ്പാകുമ്പോൾ ആശ്വാസം ബിജെപി നേതാവിനാണെന്നതാണ് വസ്തുത.

കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ ശിവകാമിയെ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ശിവകാമിയെ ആംബുലൻസിൽ ഹൈക്കോടതിയിലെത്തിച്ചു. ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രൻ, ടി. ആർ. രവി എന്നിവർ ചേംബർ വിട്ട് നേരിട്ട് ആംബുലൻസിലെത്തിയാണ് പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതിനാൽ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. ഇതോടെ ജുഡിഷ്യൽ കസ്റ്റഡിയിൽ കടവന്ത്രയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഭർത്താവിനേയും അമ്മയേയും കുട്ടിയെ കാണാൻ കോടതി അനുവദിക്കുകയായിരുന്നു. അങ്ങനെ പൊലീസും ഭർത്താവും ഒരുമിച്ചെത്തി.

തനിക്ക് ഭർത്താവിനെയും പിതാവിനെയും വേണമെന്നായിരുന്നു പൊലീസിനു മുന്നിൽ യുവതിയുടെ നിലപാട്. ഇപ്പോൾ പിതാവിനൊപ്പം പോകുകയാണെന്നും സാവധാനം പിതാവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം എന്നും യുവതി പറഞ്ഞതായി ഭർത്താവ് അമ്പലപ്പുഴ സ്വദേശി ശ്രീശാന്ത് (24) പറയുന്നു. ആശുപത്രി മുറിയിൽ പൊലീസ് സംരക്ഷണയിൽ എത്തിയായിരുന്നു ഇവർ യുവതിയെ കണ്ടത്. കൂടിക്കാഴ്ചയുടെയും സംസാരത്തിന്റെയും വിവരങ്ങൾ പൊലീസ് മൊബൈൽ ഫോണിൽ പകർത്തിയാണ് മൊഴി കോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം പരിശോധിച്ചാണ് കോടതി അന്തിമ തീരുമാനം എടുത്തത്.

രാവിലെ 10.55നാണ്, യുവാവിനും അമ്മയ്ക്കും ഉച്ചയ്ക്ക് 12 മുതൽ അര മണിക്കൂർ യുവതിയെ കാണാൻ അനുവദിച്ച് കോടതി പൊലീസിനു നിർദ്ദേശം നൽകുന്നത്. പൊലീസ് സുരക്ഷയിൽ യുവതിയെ അഡ്‌മിറ്റ് ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി സംസാരിക്കാൻ തുടങ്ങിയെങ്കിലും തടസവാദവുമായി ആശുപത്രി അധികൃതർ എത്തി. കോവിഡ് പരിശോധന ഇല്ലാതെ രോഗിയെ സന്ദർശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ യുവാവും മാതാവും കോവിഡ് ടെസ്റ്റ് നടത്തി.

അനുവദിച്ച സമയം കഴിഞ്ഞു പോയതിനാൽ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വഴി ജഡ്ജിയെ വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് ജഡ്ജി അനുവദിച്ച ശേഷം ഒരുമണിക്ക് യുവതിയെ കാണാൻ അവസരം ലഭിക്കുകയായിരുന്നു. ഭാര്യയുടെ വാക്കുകളിൽ വിശ്വാസമാണെന്നും അതിനേക്കാളേറെ യുവതി ആരോഗ്യത്തോടെ ഉണ്ടെന്നറിയുന്നതിന്റെ ആശ്വാസമാണെന്നും ശ്രീശാന്ത് പറയുന്നു. കേസിൽ തീരുമാനം വന്ന സാഹചര്യത്തിൽ ഇനിയെങ്കിലും ജോലിക്കു പോകാം എന്ന ആശ്വാസമാണുള്ളത്. ഇതിനകം കോടതിച്ചെലവിനും മറ്റുമായി മൂന്നര ലക്ഷം രൂപ കടം വന്നിട്ടുണ്ട്. അത് വീട്ടണമെങ്കിൽ ജോലിക്കു പോകണമെന്നും ശ്രീശാന്ത് പറഞ്ഞു.

നഴ്‌സായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീശാന്ത്(24) കോലഞ്ചേരി സ്വദേശിനിയായ ബിഎഎംഎസ് വിദ്യാർത്ഥിനി ശിവകാമിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ജൂലൈ ഏഴിന് വീടുവിട്ടിറങ്ങിയ പെൺകുട്ടി അന്നു തന്നെ ക്ഷേത്രത്തിൽ വച്ച് യുവാവുമായി വിവാഹം ചെയ്തിരുന്നു. രണ്ടു ദിവസം യുവാവിനൊപ്പം താമസിച്ചെങ്കിലും അടുത്ത ദിവസം യുവതിയുടെ പിതാവെത്തി ഔദ്യോഗികമായി വിവാഹം നടത്തി നൽകാമെന്ന് വാഗ്ദാനം നൽകി വീട്ടിൽ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. നാട്ടുകാർ കൂടി ഇടപെട്ടതോടെ ഇവർക്ക് മടങ്ങേണ്ടി വന്നിരുന്നു.

പിന്നീട് പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ പുത്തൻകുരിശ് പൊലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈ സമയം യുവാവിനൊപ്പം പോകാനാണ് താൽപര്യമെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ കോടതി പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ചു. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഗുണ്ടകൾക്കൊപ്പമെത്തി തടഞ്ഞ് പെൺകുട്ടിയെ പിതാവ് ബലമായി കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് ഫയൽ ചെയ്തിരുന്നതിനാൽ പെൺകുട്ടിയെ പിതാവ് തന്നെ കോടതിയിൽ ഹാജരാക്കി വീട്ടിൽ കൊണ്ടു പോയി. നിയമപരമായി പൊലീസ് ഹാജരാക്കണമെന്നിരിക്കെ പിതാവ് തന്നെ പെൺകുട്ടിയെ ഹാജരാക്കിയത് നിയമ വിരുദ്ധമാണെന്നാണ് ഭർത്താവിന്റെ വാദം.

ഹൈക്കോടതിയിൽ യഥാർഥ പെൺകുട്ടിക്കു പകരം രൂപസാദൃശ്യമുള്ള സഹോദരിയെയാണ് പിതാവ് കോടതിയിൽ ഹാജരാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനു വേണ്ടി അഭിഭാഷകൻ അരുൺ കുമാർ ഹൈക്കോടതിയിൽ വീണ്ടും റിട്ട് ഫയൽ ചെയ്തത്. ഇതോടെ പെൺകുട്ടിയെ വീണ്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ ഹാജരാക്കാൻ ബന്ധുക്കൾ തയാറായില്ല. ഒരു തവണ ഓൺലൈനിൽ ഹാജരാക്കിയപ്പോഴും ആൾമാറാട്ടം സംശയിച്ച കോടതി പെൺകുട്ടിയെ മാത്രം റൂമിൽ നിർത്തി ബാക്കിയുള്ളവർ പുറത്തു പോകാൻ നിർദ്ദേശിച്ചു. ഈ സമയം ഇന്റർനെറ്റ് കട്ടായെന്നു പറഞ്ഞ് ഓൺലൈൻ സിറ്റിങ്ങിൽ നിന്നും ഒഴിഞ്ഞു മാറി. ഇതോടെയാണ് കഴിഞ്ഞ 21ന് പെൺകുട്ടിയെ നിർബന്ധമായും നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്

ഇതോടെ കഴിഞ്ഞ 21ന് രാവിലെ കോടതിയിലേയ്ക്ക് വരും വഴി പെൺകുട്ടിക്ക് വയറുവേദനയും ഛർദിയും മൂലം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. കോടതി കേസ് മാറ്റി വച്ച് ആശുപത്രി സൂപ്രണ്ടിനോട് പെൺകുട്ടിയുടെ ചികിത്സാ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം നൽകി. ഈ സമയം പെൺകുട്ടിയെ അഡ്‌മിറ്റ് ചെയ്തിട്ടില്ല, ഒ.പിയിലാണുള്ളതെന്ന് അറിയിച്ചു. അങ്ങനെയെങ്കിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടതി ചേരുമ്പോൾ ഹാജരാക്കാൻ നിർദ്ദേശിച്ചതോടെ പെൺകുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. അങ്ങനെ 23ന് പെൺകുട്ടിയുടെ ചികിത്സാ വിവരങ്ങൾ ഹാജരാക്കാൻ സൂപ്രണ്ടിനു നിർദ്ദേശം നൽകി. ഇതോടെ 23ന് പെൺകുട്ടിയെ എം.ആർ.ഐ സ്‌കാൻ ചെയ്തതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. വയറുവേദനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ എം.ആർ.ഐ സ്‌കാൻ ഹാജരാക്കിയതിനെ കോടതി ചോദ്യം ചെയ്‌തെന്നു മാത്രമല്ല, പെൺകുട്ടി ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും 27ന് ഹാജരാക്കാൻ ഉത്തരവിട്ടു.

പിന്നീട് ആംബുലൻസിൽ കിടത്തിയാണ് കോടതിയിൽ ഹാജരാക്കിയത്. ആശുപത്രിയിൽ നിന്ന് വരും വഴി ആംബുലൻസിൽ പെൺകുട്ടിയുടെ ബന്ധുക്കളും കയറിയതായി അഭിഭാഷകൻ അരുൺകുമാർ ആരോപിച്ചിരുന്നു. ആംബുലൻസിനു സമീപത്തേയ്ക്ക് ജഡ്ജിമാർ എത്തി ബന്ധുക്കളെ മാറ്റി നിർത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. ഇതോടെ പെൺകുട്ടിയെ ചികിത്സിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഈ ബോധം കെടുന്ന വിധത്തിലുള്ള മരുന്നുകളുടെ വിവരങ്ങൾ രേഖകളിൽ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയെ പൊലീസ് സംരക്ഷണയിൽ കടവന്ത്രയിലെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. അവിടെ നിന്നാണ് അച്ഛനൊപ്പം പോകുന്നത്.

ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ ശ്രീശാന്തും ആയൂർവ്വേദ ഡോക്ടറായ ശിവകാമിയും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നു. കർണ്ണാടകയിലെ തുമ്പൂർ എന്ന സ്ഥലത്തുള്ള കോളേജിൽ പഠിച്ചിരുന്ന ഇരുവരും ഇന്റേൺഷിപ്പിനിടയിൽ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയുമായിരുന്നു. തുടർന്ന് ജൂലൈ ആദ്യവാരം ശിവകാമി വീട്ടുകാരറിയാതെ ശ്രീശാന്തിനൊപ്പം പോകുകയും പുന്നപ്രയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് സിനിമാ കഥയെ വെല്ലുന്ന സംഭവ വികാസങ്ങളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP