Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നു; വർധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാർദത്തെ തകർക്കുന്നതെന്നും ഇടയലേഖനം; കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ; കണ്ടില്ലെന്ന് നടിച്ച് സിനഡിന്റെ നിഗമനങ്ങൾ വായിക്കാതെ ആലഞ്ചേരിയെ എതിർക്കുന്ന വൈദികരുടെ പള്ളികളും; എറണാകുളം അങ്കമാലി രൂപതയിലെ ഭൂരിഭാഗം പള്ളികളും വായിച്ചില്ലെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭയുടെ ഇടയലേഖനം. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പരമാർശിക്കുന്നത്. വർധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാർദത്തെ തകർക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ലേഖനത്തിൽ പറയുന്നു.

രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും ലൗജിഹാദിനെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഇടയലേഖനം വായിച്ചില്ല.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അത് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങൾക്ക് മുമ്പ് ചേർന്ന സിറോ മലബാർ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയിൽ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനഡിന്റെ നിലപാടിനെതിരേ എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ വിമർശിച്ച് ലേഖനമുണ്ടായിരുന്നത്.

അതേസമയം സഭയുടെ ആരോപണം ഗൗരവമായി ഏറ്റെടുത്ത് എൻ.ഐ.എ അന്വേഷിക്കണമെന്ന് ദേശിയ ന്യുനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോർട്ട് തേടിയിരുന്നു. പ്രമം നടിച്ചു ക്രിസ്ത്യൻ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന സിനഡിന്റെ കണ്ടെത്തലിനെപ്പറ്റി എൻ ഐ എ അന്വേഷിക്കണം എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്.

ഐസിസിൽ ചേരാൻ സിറിയയിൽ പോയ 21 പേരിൽ പകുതിയും ക്രിസ്തു മതത്തിൽ നിന്നും മതം മാറിയവരാണെന്ന കണ്ടത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. അതേ സമയം പ്രണയത്തിന്റെ പേരിലെ കൊലപാതകങ്ങളിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നതും കേരളത്തിൽ നിത്യസംഭവമാകുന്നതും സിനഡ് പരിശോധിക്കുന്നുണ്ട്.

വിഷയത്തിൽ കേരളാ പൊലീസിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ റിപ്പോർട്ട് തേടി. ഡിജിപിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരളാ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ല എന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട്ടും ഡൽഹിയിലും ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ജോർജ് കുര്യൻ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചു കേന്ദ്രം ശക്തമായ ഇടപെടൽ നടത്തിയിരുന്നു. സിനഡിന്റെ പ്രമേയം വൈസ് ചെയർമാന്റെ നടപടി ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരിച്ചു.

ഇതിന്റെ വെളിച്ചത്തിലാണ് എല്ലാ ലൗ ജിഹാദാരോപണങ്ങളും എൻ ഐ എ അന്വേഷിക്കണമെന്ന് ജോർജ് കുര്യൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിനിടെ സീറോ മലബാർ സഭയുടെ പുതിയ 'ലൗജിഹാദ്' ആരോപണത്തിനു പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോർട്ടും പുറത്തു വന്നിരുന്നു, സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാർ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തൽ. പോപ്പലർ ഫ്രണ്ടിനോട് ചേർന്ന് നിൽക്കുന്ന തേജസ് പത്രമാണ് ഈ ആരോപണവുമായി സജീവമാകുന്നത്.

പൗരത്വബിൽ രാജ്യം മുഴുവൻ കത്തി നിൽക്കുമ്പോഴാണ് വഴിതിരിച്ച് വിടാൻ ബിജെപിക്കൊപ്പം ചേർന്ന് മാർ ആലഞ്ചേരിയും ലൗജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് തേജസ് പത്രം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ പൗരത്വ ബിൽ പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പുതിയ ലൗജിഹാദ് ആരോപണത്തിനു പിന്നിലെന്ന് വ്യക്തം. രാജ്യത്തു നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കത്തുന്ന പ്രതിഷേധങ്ങളും സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും നിലവിലിരിക്കെ ഇന്നലെയാരംഭിച്ച സീറോ മലബാർ സഭ സിനഡിന്റെ സന്ദേശമായി ലൗജിഹാദ് ആരോപണം മാത്രമാണ് പുറത്തുവന്നതെന്നത് ഗൂഢാലോചന വ്യക്തമാക്കുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളോട് പൊതുവെ പുറം തിരിഞ്ഞു നിന്ന ക്രൈസ്തവ സഭകളെ 'ലൗജിഹാദി'ന്റെ പേരിൽ രംഗത്തിറക്കി മുസ്ലിം വിരുദ്ധ ധ്രുവീകരണമുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങളാണ് മറനീങ്ങുന്നതെന്നും തേജസ് പറയുന്നു.

ഹിന്ദു ഐക്യ വേദിയുമായും ഹിന്ദു ഹെൽപ് ലൈനിന് സമാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഹെൽപ് ലൈനുമായും അടുത്ത ബന്ധമുള്ള ദേശീയ ന്യൂനപക്ഷകമ്മീഷൻ വൈസ് ചെയർമാനുമായ ജോർജ്കുര്യൻ, കാലങ്ങളായി ഉന്നയിക്കപ്പെടുന്നതും പൊലീസും കോടതികളും നിരവധി തവണ തള്ളിക്കളഞ്ഞതുമായ കഥകളാണ് 'ലൗജിഹാദ്' ആരോപണങ്ങളായുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നൽകിയത്. ഈ ആരോപണങ്ങൾ തന്നെയാണ് സീറോ മലബാർ സഭാ സിനഡ് ഇന്നലെ ആവർത്തിച്ചതും. ജോർജ് കുര്യന്റെ 'ലൗ ജിഹാദ്' ആരോപണം തള്ളി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തു ജ്യോതി പ്രൊവിൻസിന് കീഴിൽ ഡൽഹിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യൻ കറന്റസ് 'എന്ന ഇംഗ്ലീഷ് വാരിക രംഗത്തു വന്നിരുന്നു. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളിൽ വസ്തുതയില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വാരിക വ്യക്തമാക്കിയത്.

മാധ്യമ പ്രവർത്തകനായ എ ജെ ഫിലിപ്പ്, ജോർജ് കുര്യനെഴുതിയ തുറന്ന കത്തായ 'ലൗ നോട്ട് ജിഹാദ്, സാർ' എന്ന ലേഖനത്തിൽ ഇത്തരം കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങളിൽ ജോർജ് കുര്യൻ ഇടപെടുന്നതിനു പകരം ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ രംഗത്തെത്താൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് എൻഐഎ 12 കേസുകൾ അന്വേഷിച്ചതാണ്.

ഇതിലൊന്നും ലൗ ജിഹാദിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നതാണ് വസ്തുതയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തേജസ് വിശദീകരിക്കുന്നു. കർദ്ദിനാൾ ജോർജ് ആലഞ്ചേരി പ്രതിയായ ഭൂമി വിൽപ്പന കേസ് തുടങ്ങി എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സീറോ മലബാർ സഭ സിനഡ് ചേരുന്നത്. ഇക്കാര്യങ്ങളിൽ നേരത്തെ നൽകിയ ഉറപ്പുകൾ സിനഡ് പാലിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് പുതിയ 'ലൗജിഹാദ്' ആരോപണമുയർത്തി പൊതുജന ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും തേജസ് പറയുന്നു.

കേരളത്തിൽ ലൗ ജിഹാദ് ആരോപണം ആവർത്തിച്ച് സിറോ മലബാർ സഭ സിനഡ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയിൽ നടന്ന സിനഡ് ആരോപിച്ചിരുന്നു. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന കേസുകൾ വർധിക്കുകയാണ്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നു സഭ കുറ്റപ്പെടുത്തി. മതപരമായി കാണാതെ ക്രമസമാധാനപ്രശ്നമായി കണ്ട് ഇതിന്മേൽ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര തലത്തിൽ ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന പീഡനങ്ങളിൽ സിറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയയിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി. ഈ തീരുമാനങ്ങളാണ് വിവാദമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP