Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങി; പണം അനുവദിച്ചെന്ന് അറിയിപ്പും വന്നു; തുക ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചു ചെന്ന സമ്മാന ജേതാവിനോട് അക്കം പിശകിയെന്ന് ലോട്ടറി വകുപ്പ്: കൊടുംചതിയിൽ വഴിയാധാരമായത് രോഗിയായ വയോധികൻ

ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങി; പണം അനുവദിച്ചെന്ന് അറിയിപ്പും വന്നു; തുക ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചു ചെന്ന സമ്മാന ജേതാവിനോട് അക്കം പിശകിയെന്ന് ലോട്ടറി വകുപ്പ്: കൊടുംചതിയിൽ വഴിയാധാരമായത് രോഗിയായ വയോധികൻ

പത്തനംതിട്ട: കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥയാണ് പത്തനംതിട്ടയിലെ ഹോട്ടൽ തൊഴിലാളിയായ കാസിം മുസ്തഫ എന്ന വയോധികന്. ലോട്ടറി അടിച്ചെന്ന് പത്രത്തിലും ഗസറ്റിലും എന്തിന് ലോട്ടറി വകുപ്പിലും അറിയിപ്പു വന്നു. സമ്മാനം വാങ്ങാൻ കൈ നീട്ടി കാത്തിരുന്ന കാസിമിന് നികുതി ഒഴിവാക്കി ബാക്കി തുക എത്തുമെന്ന് ലോട്ടറി വകുപ്പിൽ, നിന്ന് പിന്നെയും കത്തു വന്നു. കാത്തിരുന്ന്, കാത്തിരുന്ന് പുഴ മെലിഞ്ഞ ഒരു നാളിൽ കാസിം സമ്മാനത്തുക തേടി ലോട്ടറി വകുപ്പിനെ സമീപിച്ചു. നിങ്ങൾക്ക് ലോട്ടറി അടിച്ചിട്ടില്ല. നറുക്കെടുപ്പ് ഫലം എഴുതിയെടുത്ത ക്ലാർക്കിന് വന്ന തെറ്റാണ്. നമ്പർ മാറിയാണ് ഫലം പ്രസിദ്ധീകരിച്ചത് എന്നായിരുന്നു മറുപടി. ഇടിവെട്ടേറ്റ പോലെ നിൽക്കാൻ മാത്രമേ ഈ വയോധികനായുള്ളൂ. ജീവിതകാലം മുഴുവൻ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്ത കാസിം മുസ്തഫയ്ക്ക് മൂന്നു സെന്റ് ഭൂമിയിലെ കൂരയിലേക്ക് 72-ാം വയസിൽ രോഗവും കൂട്ടുവന്നു. അതിനു പിന്നാലെ ലക്ഷാധിപതിയെന്നു മോഹിപ്പിച്ച് ലോട്ടറി വകുപ്പ് ചതിച്ചു.

ആ കഥ ഇങ്ങനെയാണ്: 2015 ജൂൺ 30. തലേന്നത്തെ വിൻവിൻ ലോട്ടറി 314-ാം നറുക്കെടുപ്പിന്റെ ഫലം പത്രങ്ങളിൽ അച്ചടിച്ചുവന്നു. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റിന്റെ നമ്പർ ഡബ്ല്യു.എസ് 821067. ആ ടിക്കറ്റ് കാസിം മുസ്തഫയുടെ കൈയിൽ! രോഗബാധിതനായ വയോധികനു ലഭിച്ച ദൈവാനുഗ്രഹം എന്നു പറഞ്ഞ് നാട്ടുകാരും സന്തോഷിച്ചു. പിറ്റേന്നു തന്നെ ടിക്കറ്റ് ഐ.ഒ.ബി. അധികൃതർക്ക് കൈമാറി. പിന്നെ സമ്മാനത്തുകയ്ക്കായുള്ള കാത്തിരിപ്പ്.

വൈകാതെ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള കത്തുകിട്ടി. തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നൽകാനായിരുന്നു അറിയിപ്പ്. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള കാസിം ഒടുവിൽ പാൻകാർഡ് സംഘടിപ്പിച്ചു. രേഖകളെല്ലാം ബാങ്കിൽ നൽകി. നികുതി കഴിച്ചുള്ള 3.14 ലക്ഷം രൂപ വൈകാതെ ലഭിക്കുമെന്ന് ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള അറിയിപ്പും കിട്ടി. മക്കളുടെ കഷ്ടതയ്ക്ക് താൽക്കാലിക പരിഹാരമെങ്കിലും ഉണ്ടാകുമെന്നാശ്വസിച്ച് കാത്തിരുന്നു.

ആഴ്ചകൾ കഴിഞ്ഞിട്ടും പണമെത്തിയില്ല. പകരം അധികൃതർ കാസിമിനെ തിരുവനന്തപുരത്തുള്ള ലോട്ടറി ഡയറക്ടറേറ്റിലേക്ക് വിളിച്ചു. യാത്രയുടെ ബുദ്ധിമുട്ടോർത്ത് ഇല്ലാത്ത പണം ഉണ്ടാക്കി കാസിം കാറിൽ ലോട്ടറി ഡയറക്ടറേറ്റിൽ എത്തി. സമ്മാനമടിച്ചത് ഡബ്ല്യൂ. ഇസഡ് 821067 എന്ന ടിക്കറ്റിനാണെന്ന ശബ്ദം ഇടിമുഴക്കം പോലെയാണു കാതിൽ വീണത്. പത്രത്തിൽ നമ്പർ കൊടുത്തപ്പോൾ തെറ്റിയതാണത്രേ!

വിങ്ങുന്ന ഹൃദയവുമായി കാസിം പത്തനംതിട്ടയ്ക്ക് മടങ്ങി. വീട്ടിലെത്തിയ കാസിം ഒരിക്കൽ കൂടി ടിക്കറ്റ് പരിശോധിച്ചു. ഗസറ്റ് വിജ്ഞാപനവും നോക്കി. സമ്മാനാർഹമായ ടിക്കറ്റ് ഡബ്ല്യൂ. എസ് 821067 (പത്തനംതിട്ട) എന്ന് അതിലും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റിലും അങ്ങനെതന്നെ. പത്രത്തിൽ കൊടുത്ത പരസ്യം തെറ്റാൻ സാധ്യത ഉണ്ടാകും. എന്നാൽ ഗസറ്റിലും സൈറ്റിലും തെറ്റുമോ? കാസിമിന്റെ ന്യായമായ ചോദ്യത്തിന് മറുപടി പറയാൻ അധികൃതർ തയാറായില്ല.

നറുക്കെടുപ്പിൽ സമ്മാനാർഹമായത് ഡബ്ല്യൂ. ഇസഡ് 821067 എന്ന നമ്പരിനായിരുന്നുവെന്നും എഴുതിയെടുത്ത ആൾക്കു തെറ്റിയതാണു പ്രശ്‌നമായതെന്നും ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയകുമാർ പറയുന്നു. മുമ്പും ഇത്തരത്തിൽ തെറ്റു പറ്റിയിട്ടുണ്ട്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായി രണ്ടു കോടി അടിച്ച നമ്പർ എഴുതിയെടുത്തപ്പോൾ തെറ്റി. പത്രത്തിൽ നമ്പർ കണ്ട് ടിക്കറ്റുമായി ഒരാൾ സമീപിച്ചപ്പോഴാണ് പിശക് മനസിലായത്. ഒടുവിൽ സർക്കാർ സമാശ്വാസ സമ്മാനം നൽകി ആശ്വസിപ്പിക്കുകയായിരുന്നു.

കാസിം മുസ്തഫയുടെ ജീവിതമാകെ ദുരിതപൂർണമായിരുന്നു. ഇല്ലായ്മയുടെ നൊമ്പരം അറിഞ്ഞ് അഞ്ചു മക്കളെ വളർത്തി വലുതാക്കിയതോടെ അഞ്ചുവർഷം മുമ്പ് രോഗബാധിതനായി. ശരീരം തളർന്നു. വൈകാതെ ഹൃദ്രോഗ ബാധിതനായി. കഷ്ടിച്ച് എഴുന്നേറ്റു നടക്കാറായതോടെ സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറിയും മോഹിപ്പിച്ചു പിന്മാറി. ലോട്ടറി ഡയറക്ടറേറ്റിൽ തട്ടിപ്പു നടന്നുവെന്നു തന്നെയാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഫോർമാലിറ്റികൾ എല്ലാം പൂർത്തിയാക്കിയ സമ്മാനടിക്കറ്റ് പിന്നീട് മാറിയത് കാസിമിന്റെ അജ്ഞത മുതലെടുത്ത് തന്നെയാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP