Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ അമൂല്യ രത്നം ഏഴംഗ സംഘം തട്ടിയെടുത്തെന്ന് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റിന്റെ പരാതി; സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി കേസ്; അടൂരിലെ നന്ദികേശ ഫിനാൻസ് ഉടമ അരുൺ ബാലകൃഷ്ണൻ കസ്റ്റഡിയിൽ; രത്നം മജിസ്ട്രേറ്റ് തങ്ങൾക്ക് വിറ്റതെന്ന് പ്രതികളുടെ മൊഴി: ചെങ്ങന്നൂരിലെ രത്നക്കവർച്ച കേസിൽ ദുരൂഹതയേറെ

ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ അമൂല്യ രത്നം ഏഴംഗ സംഘം തട്ടിയെടുത്തെന്ന് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റിന്റെ പരാതി; സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി കേസ്; അടൂരിലെ നന്ദികേശ ഫിനാൻസ് ഉടമ അരുൺ ബാലകൃഷ്ണൻ കസ്റ്റഡിയിൽ; രത്നം മജിസ്ട്രേറ്റ് തങ്ങൾക്ക് വിറ്റതെന്ന് പ്രതികളുടെ മൊഴി: ചെങ്ങന്നൂരിലെ രത്നക്കവർച്ച കേസിൽ ദുരൂഹതയേറെ

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ മൂന്നുകോടിയുടെ രത്നക്കല്ല് ഏഴംഗം സംഘം തന്നെ ആക്രമിച്ച ശേഷം തട്ടിയെടുത്തുവെന്ന് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റ് അനിയന്റെ പരാതി. പ്രതികളിലൊരാളെ പൊലീസ് പിടികൂടിയപ്പോൾ രത്നം കവർന്നതല്ല വിറ്റതാണെന്ന് മൊഴി. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. അടൂർ എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റ് ബി.ആർ.നിബു രാജ്, അടൂർ പതിനാലാംമൈലിൽ നന്ദികേശ ഫിനാൻസ് നടത്തുന്ന അരുൺ ബാലകൃഷ്ണൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അരുൺ ബാലകൃഷ്ണന്റെ മൊഴി മജിസ്ട്രേറ്റ് രത്നം തങ്ങൾക്ക് വിറ്റതാണെന്നാണ്.

പത്തനംതിട്ടയിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് അടക്കം സംഭവത്തിൽ പങ്കുള്ളതായാണ് സൂചന. ഇന്നലെ വൈകിട്ടാണ് പ്രതികളിൽ ഒരാളെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ കേസ് ഒതുക്കാൻ സ്റ്റേഷനിലേക്ക് അടൂരിലെ സിപിഎം നേതാക്കളുടെ ഒഴുക്കായിരുന്നുവെന്ന് പറയുന്നു. തന്നെ ആക്രമിച്ച ശേഷം രത്നം കൊള്ളയടിക്കുയായിരുന്നുവെന്നാണ് റെയിൽവേ മജിസ്ട്രേറ്റിന്റെ പരാതി. എന്നാൽ, മജിസ്ട്രേറ്റിന്റെ പരാതി പൊലീസ് പൂർണമായും വിശ്വസിച്ചില്ല. ഇതേപ്പറ്റി അന്വേഷിച്ച പൊലീസിന് രത്നം കൊള്ളയടിച്ചതല്ല, പ്രതികൾക്ക് മജിസ്ട്രേറ്റ് തന്നെ നൽകിയതാണ് എന്ന വിവരം കിട്ടിയെന്നാണ് അറിയുന്നത്.

2014 ൽ തുടങ്ങിയ കച്ചവടമാണ് അവസാനം പൊലീസ് കേസിൽ എത്തിയതത്രേ. അരുൺ ബാലകൃഷ്ണൻ, ആർബി രാജീവ് കുമാർ, അടൂരിലെ ചില സിപിഎം നേതാക്കൾ എന്നിവർ അടങ്ങുന്ന പ്രതികൾ രണ്ടു തവണയായി മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ നൽകിയ ശേഷം രത്നം ഏറ്റെടുക്കുകയായിരുന്നു. ഇത് വിറ്റതിന് ശേഷം ബാക്കി പണം നൽകാമെന്നായിരുന്നു കരാർ. രത്നത്തിന്റെ തൂക്കം, സംശുദ്ധി, മാറ്റ്, ഏതിനത്തിൽപ്പെടുന്നത് എന്നിവ വ്യക്തമാക്കുന്ന, ഇതിന്റെ ആധികാരികത ഉറപ്പിക്കുന്ന ഒരു രേഖ കൈവശം വച്ച ശേഷമാണ് മജിസ്ട്രേറ്റ് രത്നം പ്രതികൾക്ക് കൈമാറിയത്. രത്നം യഥാർഥമാണോ എന്ന് അറിയണമെങ്കിൽ ഈ രേഖ കൂടി ലഭിക്കണം. രത്നം കൈമാറി ഇത്രയും കാലം കഴിഞ്ഞിട്ടും പ്രതികൾ മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ മാത്രമാണത്രേ നൽകിയത്. രത്നം വിൽക്കാൻ സാധിച്ചില്ല എന്നൊരു ന്യായമാണ് പ്രതികൾ നിരത്തിയത്. ഇതേച്ചൊല്ലി 2015 ൽ ഒരു കേസ് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

അന്നത്തെ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കേസ് ഒത്തു തീർപ്പാക്കി വിട്ടു. അതിന്റെ ഭാഗമായിട്ടാണ് 25 ലക്ഷം രൂപ മജിസ്ട്രേറ്റിന് കൈമാറിയതെന്നും പറയുന്നു. ഈ വിവരമെല്ലാം മറച്ചു വച്ചാണ് ഇപ്പോൾ മജിസ്ട്രേറ്റ് പരാതി നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്. അരുൺ ബാലകൃഷ്ണനെ കസ്റ്റഡിയിൽ എടുത്തതോടെ സിപിഎമ്മിന്റെ നേതാക്കൾ ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് ഓടിയെത്തുകയായിരുന്നു. ഇത് കേസാക്കരുതെന്നായിരുന്നു ആവശ്യം. ആർബി രാജീവ് കുമാർ സിപിഎമ്മിന്റെ അടൂരിലെ അറിയപ്പെടുന്ന നേതാവാണ്. കൊടുമൺ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുകയുംചെയ്തിരുന്നു. മജിസ്ട്രേറ്റിന്റെ പരാതിയുടെ സാധുതയാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. മറ്റാരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ആകെ ദുരൂഹതയാണ് കേസിൽ എന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP