Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

അമേരിക്കയിൽ തൊഴിൽ നഷ്ടമാവുന്നത് മൂന്നുകോടി പേർക്ക്; യൂറോപ്യൻ യൂണിയനിലും, യുകെയിലും അപകടത്തിലാവുന്നത് 60 ദശലക്ഷം തൊഴിലുകൾ; ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന റിപ്പോർട്ടിൽ കേരളത്തിലും ഭീതി; കൂറ്റൻ റാലികൾ ഉപേക്ഷിച്ച് സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഗ്രീസിലും ഏതൻസിലും പ്രകടനം; ഇത്തവണത്തെ ലോക തൊഴിലാളി ദിനം കടന്നുപോകുന്നത് സമാനതകൾ ഇല്ലാത്ത നഷ്ടങ്ങൾക്കിടെ

അമേരിക്കയിൽ തൊഴിൽ നഷ്ടമാവുന്നത് മൂന്നുകോടി പേർക്ക്; യൂറോപ്യൻ യൂണിയനിലും, യുകെയിലും അപകടത്തിലാവുന്നത് 60 ദശലക്ഷം തൊഴിലുകൾ; ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന റിപ്പോർട്ടിൽ കേരളത്തിലും ഭീതി; കൂറ്റൻ റാലികൾ ഉപേക്ഷിച്ച് സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഗ്രീസിലും ഏതൻസിലും പ്രകടനം; ഇത്തവണത്തെ ലോക തൊഴിലാളി ദിനം കടന്നുപോകുന്നത് സമാനതകൾ ഇല്ലാത്ത നഷ്ടങ്ങൾക്കിടെ

മറുനാടൻ ഡെസ്‌ക്‌

 ജനീവ: സമാനതകളില്ലാത്ത് സാഹചര്യത്തിലൂടെയൊണ് ഇത്തവത്തെ സാർവദേശീയ തൊഴിലാളി ദിനം കടന്നുപോയത്.കോവിഡ്-19 കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ കണക്കെടുപ്പാണ് എങ്ങും. എട്ട് മണിക്കൂർ തൊഴിലവകാശം നേടിയതിന്റെ വാർഷിക ദിനത്തിൽ, എങ്ങനെ തൊഴിലെടുത്ത് ജീവിക്കുമെന്ന വെല്ലുവിളിയാണ് ലോക തൊഴിലാളി വർഗത്തിന് മുന്നിൽ ഉയർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ തൊഴിലവകാശങ്ങളുടെ മേലുള്ള കൈയേറ്റങ്ങൾക്ക് മുന്നിൽ അവർ നിസഹായരാവുകയും ചെയ്യുന്നു.

ലോകത്തെ തൊഴിലാളി വർഗം കോവിഡ്-19 നെ തൊഴിൽപരമായ രോഗമായിട്ടാണ് വിശേഷിപ്പിക്കുന്നത്. അത് അംഗീകരിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള പൊതു ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവെയ്ക്കുന്നു. കോവിഡിന് മുന്നിൽ അമേരിക്കയെ പോലുള്ള വൻ സമ്പദ് വ്യവസ്ഥകൾ തകർന്നുപോയത് പൊതു ആരോഗ്യ സംവിധാനത്തിന്റെ അഭാവമാണെന്ന് ഇന്ന് പൊതുവിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ ദുരന്തവും ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് തൊഴിലാളികളാണ്. ഇന്ത്യയിൽ തന്നെ പൊതു ആരോഗ്യമേഖല ശക്തമായ കേരളം പോലുള്ള പ്രദേശങ്ങളിലാണ് കോവിഡിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതെല്ലാം ചർച്ചയാക്കിയാണ് ലോക തൊഴിലാളി ദിനം കടന്നുപോയത്. മുമ്പ് പടുകൂറ്റൻ റാലികൾ നടക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൊന്നും ഇത്തവണ കാര്യമായ പരിപാടികൾ ഇല്ലായിരുന്നു.

റാലികൾ ചുരുക്കി ലോകം

ലോകത്തിൽ ഏറ്റവുമധികമാളുകൾ പങ്കെടുക്കുന്ന തൊഴിലാളിദിന റാലി സംഘടിപ്പിക്കപ്പെടുന്നത് ക്യൂബയിലെ ഹവാനയിലാണ്. ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം പേരാണ് മെയ് 1ന് ഹവാനയിലെ പടുകൂറ്റൻ പ്രകടനത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഇപ്രാവശ്യം ഹവാനയിൽ തൊഴിലാളി പ്രകടനം സംഘടിപ്പിക്കുന്നില്ല.ഹവാനയിലെ തൊഴിലാളിദിന റാലികൾ ലോകത്തിന് എപ്പോഴും ആവേശം നൽകിയിട്ടുള്ള ഒന്നാണ്. ഇതിൽ പങ്കെടുക്കുന്നതിനായി വിദേശ ടൂറിസ്റ്റുകൾ പോലും ഈ സമയത്ത് ക്യൂബയിലേക്ക് പോവാറുണ്ട്. ക്യൂബൻ മെയ്ദിനാഘോഷങ്ങളുടെ ആവേശം തുടിക്കുന്ന, വിപ്ലവപ്പോരാളികളുടെ ചിത്രങ്ങളും മെയ്ദിനം നീണാൾ വാഴട്ടെ, സോഷ്യലിസം നീണാൾ വാഴട്ടെ തുടങ്ങിയ ബാനറുകളും ഉയർത്തിക്കൊണ്ടാണ് പരിപാടി നടക്കാറ്്. എന്നാൽ ഇത്തവണ സാമൂഹിക അകലം പാലിച്ച് ചുരുങ്ങിയപേർ മാത്രമാണ് പരിപാടിക്ക് ഉണ്ടായിരുന്നത്.

കൊറോണ വ്യാപന പശ്ചാത്തലത്തിലും സാമൂഹിക അകലമുൾപ്പെടെയുള്ള പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഗ്രീസിൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയായ ജഅങഋ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിനാഘോഷത്തിൽ ആയിരത്തിലധികമാളുകൾ പങ്കെടുത്തു.മുതലാളിത്തമാണ് വൈറസെന്നും ആ വൈറസിനെ തുരത്തിയാൽ തൊഴിലാളികൾ രക്ഷപ്പെടുമെന്നും പറഞ്ഞുകൊണ്ട് ഗ്രീസിലെ ഏഥൻസിലും തെസ്സലോനിക്കിയിലുമുൾപ്പെടെ നിരവധി നഗരങ്ങളിൽ മെയ്ദിന പരിപാടികൾ നടന്നിട്ടുണ്ട്.

അമേരിക്കയിൽ തൊഴിൽ നഷ്ടമാവുന്നത് മൂന്നുകോടി പേർക്ക്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ അമേരിക്കയിൽ മൂന്ന് കോടി ആളുകളുടെ തൊഴിലിനെ പ്രത്യക്ഷമായോ പരോക്ഷമായോ കോവിഡ് ബാധിച്ചതായാണ് എറ്റവും പുതിയ റിപ്പോർട്ട്. കുതിച്ചുയരുന്ന യുഎസിന്റെ തൊഴിലില്ലായ്മ നിരക്ക് 1930 കളിലെ മഹാമാന്ദ്യത്തിനിടയിൽ കണ്ട നിരക്കിലേക്ക് അടുത്തിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു തൊഴിൽ സ്ഥാപനം അടച്ചുപൂട്ടുകയും അതു വഴി തൊഴിൽ നഷ്ടപ്പെടുകയും ചെയ്തവുടെ എണ്ണം മാർച്ച് അവസാന രണ്ടാഴ്ചയ്ക്കുള്ളിൽ 10 ദശലക്ഷത്തിലെത്തി.

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചവർ 10 ദശലക്ഷത്തിലേറെയാണെന്നും സർക്കാർ പറയുന്നു. കോവിഡ് 19 നെത്തുടർന്ന് അമേരിക്കയിൽ മാത്രം 2കോടി പ്രത്യക്ഷ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇതും പരോക്ഷ തൊഴിൽ നഷ്ടവും ചേരീനേ്ാൾ അത് മൂന്ന് കോടിയിൽ ്എത്തുമെന്നാണ് അമേരിക്കൻ മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കെൻസി പറയുന്നത്.

കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി യൂറോപ്യൻ യൂണിയനിലും, യുകെയിലും 60 ദശലക്ഷം തൊഴിലുകളെയാണ് അപകടത്തിലാക്കിയിരിക്കുന്നതെന്ന് മക്കെൻസി പറയുന്നു. യൂറോപ്യൻ യൂണിയന്റെ തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിൽനിന്നും 11 ശതമാനമായി ഉയരും. യൂറോപ്യൻ യൂണിയനിലെയും യുകെയിലെയും നാലിൽ ഒരു ജോലിയുടെ സമയം, വേതനം എന്നിവ വെട്ടിച്ചുരുക്കാനോ, സ്ഥിരമായി പിരിച്ചുവിടാനോ, താത്കാലിക അവധിയിലേക്കു തൊഴിലാളിയെ പ്രവേശിപ്പിക്കുവാനോ ഇപ്പോഴത്തെ പ്രതിസന്ധി കാരണമായേക്കുമെന്നു മക്കെൻസി വിലയിരുത്തുന്നു.

പൊലീസ് സേനയെ പോലെ അവശ്യ സേവനത്തിലേർപ്പെട്ടിരിക്കുന്നവർക്കും, മറ്റുള്ളവരുമായി അടുത്ത ബന്ധം ആവശ്യമില്ലാത്ത അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ ഉൾപ്പെടുന്ന പ്രൊഫഷണലുകൾക്കും തൊഴിലിന്റെ ഭാവിയിൽ ആശങ്കപ്പെടേണ്ടി വരില്ലെന്നു മക്കെൻസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, റീട്ടെയ്ൽ മേഖലയിലെ കാഷ്യർമാർ, ഹോട്ടൽ ജീവനക്കാർ, അഭിനേതാക്കൾ, നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെയായി 55 ദശലക്ഷത്തോളം വരുന്നവർക്ക് അവരുടെ തൊഴിൽ ഭാവി ആശങ്ക നിറഞ്ഞതാണ്. ഉയർന്ന ഭീഷണി നേരിടുന്ന 80 ശതമാനം തൊഴിലും ചെയ്യുന്നത് കോളേജ് ബിരുദമില്ലാത്തവരാണ്. ഇവരിൽ പലരും ചെറിയ കമ്പനികളിലെ ജീവനക്കാരുമാണ്. അടുത്ത മൂന്നു മാസത്തിനുള്ളിൽ യൂറോപ്പ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും, വേനൽക്കാലത്ത് (യൂറോപ്പിൽ വേനൽക്കാലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്) സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യം വന്നാൽ തൊഴിലില്ലായ്മ നിരക്ക് 2021 ൽ 11.2 ശതമാനമായി ഉയരുകയും, 2024 ആവാതെ വീണ്ടെടുക്കൽ സാധ്യമാകാതെ വരികയും ചെയ്യുമെന്നു മക്കെൻസി റിപ്പോർട്ട് പറയുന്നു. തൊഴിൽ സംരക്ഷിക്കുന്നതിനു ബിസിനസ് സ്ഥാപനങ്ങളും സർക്കാരും വേഗം തീരുമാനമെടുക്കേണ്ടതുണ്ടെന്നു മക്കെൻസി പറയുന്നു. കമ്പനികൾ ചെലവ് ചുരുക്കുകയും, വർക്ക് ഷിഫ്റ്റുകൾ വേർതിരിക്കുകയും, സാധ്യമാണെങ്കിൽ റിമോട്ട് വർക്കിനു ജീവനക്കാരെ പ്രാപ്തമാക്കുകയും വേണം.

തൊഴിലാളികൾക്കു മിനിമം വേതനം ഇപ്പോൾ യൂറോപ്പിൽ നൽകുന്നുണ്ട്. യുകെയിൽ അടുത്ത മൂന്ന് മാസത്തേയ്ക്കു തൊഴിലാളികൾക്ക് പ്രതിമാസം 2900 ഡോളർ വരെ ശമ്പളമായി സർക്കാർ നൽകാൻ തീരുമാനിച്ചു. അതായത് ഒരു തൊഴിലാളിയുടെ ശമ്പളത്തിന്റെ 80 ശതമാനം വരുമിത്. യുകെയിലേതു പോലെ ജർമനിയിലും ഫ്രാൻസിലും സമാന പദ്ധതി നടപ്പിലാക്കുന്നുണ്ട്. സാമ്പത്തികമാന്ദ്യവും മറ്റു കാരണങ്ങൾ കൊണ്ടും ജീവനക്കാർ കൂട്ടമായി പിരിച്ചുവിടുന്നത് ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ 100 ബില്യൻ യൂറോ (110 ബില്യൻ ഡോളർ) വേജ് സബ്‌സിഡിക്കായി നീക്കി വച്ചിരിക്കുകയാണ്. അതായത്, തൊഴിലാളികൾക്കു വിതരണം ചെയ്യാനുള്ള ശമ്പളമായി നീക്കിവച്ചു. ഇതിനു പുറമേ ബിസിനസുകൾക്കും സർക്കാരുകൾക്കും വായ്പയായി നൽകാനും കോടിക്കണക്കിനു തുക സാമ്പത്തിക പാക്കേജിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മൂലം യുഎസിലെ തൊഴിൽ വിപണി ഇതിനകം തന്നെ തകർന്നിരിക്കുകയാണ്. മാർച്ച് 14 മുതൽ ഇതു വരെയായി യുഎസിലെ തൊഴിൽ സേനയുടെ 13.5 ശതമാനം അഥവാ 22 ദശലക്ഷം ആളുകളാണു തൊഴിൽ നഷ്ടപ്പെട്ടതായി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ 3.5 ശതമാനത്തിൽനിന്നും അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 4.4 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് ഇരട്ടയക്കത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ യൂറോപ്പിനെ അപേക്ഷിച്ച് അമേരിക്കയിലെ തൊഴിൽ വളരെ വേഗത്തിലാണ് ഇല്ലാതായതെന്നു മക്കെൻസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാരണം അമേരിക്കയിലെ തൊഴിൽ വിപണി നിയന്ത്രണങ്ങൾ കൂടുതൽ അയവുള്ളതാണ്. മറ്റ് രാജ്യങ്ങളിലേതു പോലെ കാർക്കശ്യ സ്വഭാവം പുലർത്തുന്നില്ല.

ഗൾഫ് രാജ്യങ്ങളുടെ നട്ടെല്ല് ഒടിയുന്നു

കോവിഡ് 19 വ്യാപനം കേരളത്തിന്റെ നട്ടെല്ല് തന്നെ തകർത്ത് കളയുമെന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് എത്തുന്നത്. ഇതോടെ കേരളതതിലടക്കം ഏറ്റവും ദുരിതപൂർണമായ കാലഘട്ടമാണ് വരാൻ പോകുന്നത്. ഗൾഫ് മേഖലയിൽ വനിന്നും തൊഴിലാളികളുടെ വലിയ കൊഴിഞ്ഞു പോക്കാണ് ഉണ്ടാവുക. യു എൻ ഏജൻസിയുടെ റിപ്പോർട്ടാണ് മലയാളികളെ ഭീതിപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളുടെ ജോലി ഇതോടെ ഇല്ലാതാകും. കൊറോണ വ്യാപനം സമ്പദ്ഘടനയെയും ബിസിനസ് രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ വേസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ)യുടെ മുന്നറിയിപ്പ് കേരളത്തിന്റെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുകയാണ്.

നേരത്തെ തന്നെ സാമ്പത്തികമായി മുരടിപ്പിലേക്ക് ഗൾഫ് രാജ്യങ്ങൾ നീങ്ങി തുടങ്ങിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില കൂടി താഴ്ന്നതോടെ പ്രതിസന്ധി മൂർച്ഛിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് മഹാമാരിയുടെ വ്യാപനവും ഗുരുതരമായി ഉയരുന്നത്. ഇപ്പോൾ തന്നെ വന്നിരിക്കുന്ന തൊഴിൽ നഷ്ടം കണക്കാക്കാവുന്നതിലും അപ്പുറമാണ്. ഹോട്ടൽ, വ്യോമയാന മേഖലകളിലാണ് ഇപ്പോൾ കൂടുതലായും ഇത് ബാധിച്ചിരിക്കുന്നത്. നിരവധി പേരെ ഇപ്പോൾ തന്നെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തൊഴിൽ ദാതാക്കൾ നിർദ്ദേശിക്കുന്നു. ഇത് കേരളത്തെ കുറച്ചൊന്നും അല്ല ബാധിക്കുക. കേരള സമ്പത് വ്യവസ്തയെ ഇത് കീഴ്‌മേൽ മറിക്കും. കാരണം സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഗൾഫ് മലയാളികളുടെ നിക്ഷേപവും മറ്റുമാണ്. കൊറോണ വ്യാപനം തുടർന്നാൽ ഗൾഫിലെ ഭൂരിഭാഗം മലയാളികൾക്കും ജോലി നഷ്ടമാകും. ഇത് സംസ്ഥാനത്തെ ആശ്രിത സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിക്കുക വൻ ആഘാതമാണ്.

ഗൾഫ് മേഖലയിൽ 1.2 ശതമാനം തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് ഇ.എസ്.സി.ഡബ്ല്യു.എ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനം എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായം ബാധിക്കുകയെന്നും ഇഎസ്സിഡബ്ല്യുഎ എക്‌സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി വ്യക്തമാക്കി. ഗൾഫിലെ മാത്രമല്ല ലോകമാസകലം സമ്പത് വ്യവസ്ഥകളും ബിസിനസ്സുകളും അപകടകരമായ തോതിലാണ് ജോലികൾ ഉപേക്ഷിക്കപ്പെടുന്നത്. റീട്ടെയിൽ, വിദ്യാഭ്യാസം, സോഷ്യൽ വർക്ക്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ സേവന മേഖലകളിൽ വലിയ തോതിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ അഭൂതപൂർവമാണ്. ഇപ്പോഴത്തെ സൂചനകളനുസരിച്ച് സേവനമേഖലയിലുണ്ടാകാവുന്ന നഷ്ടം 50 ശതമാനം വരെയാകാനാണു സാധ്യത.
അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഈ വർഷം 42 ബില്യൺ ഡോളർ# കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടച്ചുപൂട്ടലിന്റെ കാലദൈർഘ്യം ഏറിയാൽ ഇപ്പോഴത്തെ കണക്കുകൾ അപ്രസക്തമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 11 ബില്യൺ ഡോളർ എണ്ണ വരുമാനം ഈ മേഖലയ്ക്ക് ജനുവരി മുതൽ മാർച്ച് പകുതി വരെയുള്ള കാലയളവിൽ നഷ്ടമായി. മേഖലയിലെ ബിസിനസുകൾക്ക് 420 ബില്യൺ ഡോളർ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് മേഖലയിലെ മൊത്തം വിപണി മൂലധനത്തിന്റെ എട്ട് ശതമാനം വരും

ഇന്ത്യയിലും കടുത്ത പ്രതിസന്ധി

ഇന്ത്യയിലും കോവിഡ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതിനുമമ്പേതന്നെ ഇന്ത്യയിൽ തൊഴിൽ ചൂഷണങ്ങൾ തുടങ്ങിയെന്നത് വേറെ കാര്യം.രാജസ്ഥാനും ഹരിയാനയും 1948-ലെ ഫാക്ടറീസ് ആക്ട് ഭേദഗതി ചെയ്ത് തൊഴിൽ സമയം എട്ടുമണിക്കൂറിൽനിന്ന് 12 മണിക്കൂറാക്കി വർധിപ്പിച്ചത് ഈയിടെയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തൊഴിലവകാശങ്ങൾക്കു മേലുള്ള കൈയേറ്റങ്ങളെ ചെറുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് തൊഴിലാളികൾക്ക് മുന്നിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.അസംഘടിത മേഖലയിൽ മാത്രമല്ല, തൊഴിലവകാശങ്ങളുടെ മേൽ കൈയേറ്റം ഉണ്ടാകുന്നത്. സർക്കാർ ജീവനക്കാരുടെഅവകാശങ്ങളുംഇല്ലാതാക്കപ്പെടുകയാണ്. കോവിഡിന്റെ മറവിലാണ് കേന്ദ്ര സർക്കാർ ഡിഎ മരവിപ്പിച്ചത്. എന്തിന്, കേരളത്തിലെ ഇടതുപക്ഷ സർക്കാർ പോലും ഒരു മാസത്തെ ശമ്പളം പിടിക്കാൻ വേണ്ടി ഓർഡിനൻസ് കൊണ്ടുവന്നിരിക്കയാണ്.വിവിധ കമ്പനികൾ സർക്കാരിന്റെ നിർദ്ദേശം മറികടന്നുകൊണ്ട് ജീവനക്കാരെ ലേ ഓഫ് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കകുയും ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം അതിലേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.

അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തത് ഇന്ത്യയിൽ കോവിഡ് കാലത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വലുതാണ്. തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ നടപടികൾ ഫലപ്രദമായി എത്തിക്കുന്നതിന് പോലും ഇതുമൂലം സാധിക്കാത്ത അവസ്ഥയുണ്ട്. 2008-ൽ പാസ്സാക്കിയ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ആക്ട് അനുസരിച്ച് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തേണ്ടതായിരുന്നു. ആ നിയമം സർക്കാർ വകുപ്പുകൾ കർശനമായി നടപ്പിലാക്കിയിരുന്നുവെങ്കിൽ കൊറോണ കാലത്ത് തൊഴിലാളികൾക്കിടയിലെ ദുരിതാശ്വാസ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമായി നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്. പതിനായിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴും നാട്ടിൽ പോകാനാകാതെ ഇന്ത്യയുടെ വിവിധ നഗര പ്രാന്തങ്ങളിൽ കഴിയുന്നത്.

തൊഴിൽ സംരക്ഷണവും സുരക്ഷിതത്വവുമെന്ന കാര്യങ്ങൾ മറിച്ചുവെച്ചുള്ള സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്നതും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മെയ്ക്ക് ഇൻ ഇന്ത്യ അടക്കമുള്ള പരിപാടികൾ നടപ്പിലാക്കിയത് തൊഴിലാളി അനുകൂല നിയമങ്ങളിൽ ഇളവു വരുത്തിയായിരുന്നു. അഞ്ച് ലക്ഷം കോടിയുടെ സാമ്പത്തിക വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി ആവിഷ്‌ക്കരിക്കുന്ന പരിപാടികളിലും തൊഴിലാളി സുരക്ഷിതത്വം മുതൽ അവകാശങ്ങൾ വരെയാണ് ബലി കൊടുക്കപ്പെടുന്നത്.
ലോകത്തെമ്പാടുമായി 200 കോടിയോളം പേർ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നുവെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) കണക്കാക്കുന്നത്. ഐഎൽഒയുടെ റിപ്പോർട്ട് പ്രകാരം കോവിഡ്-19 ലോക തൊഴിൽ ശക്തിയിൽ നിന്ന് 6.7 ശതമാനത്തെ പുറന്തള്ളുമെന്നും ആശങ്കപ്പെടുന്നു. അതും ഈ വർഷത്തെ രണ്ടാം പാദത്തിൽ മാത്രം. അതായത് 19.5 കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP