Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോർഡ് നസീർ അഹമ്മദ് കുടുങ്ങി; ലണ്ടനിൽ ഇന്ത്യൻ പതാക വരെ കത്തിച്ച പ്രക്ഷോഭത്തിന്റെ സൂത്രധാരൻ ബലാത്സംഗ കേസിൽ പ്രതി; ടോണി ബ്ലെയറിന്റെ സുഹൃത്തു വീണത് സ്വയം കുഴിച്ച കുഴിയിൽ; ഇന്ത്യക്കിത് വീണു കിട്ടിയ അവസരം; കാശ്മീരി യുവതി താഹിറ സമാനൊപ്പം അഞ്ചു സ്ത്രീകൾ കൂടി നസീറിനെതിരെ

ലോർഡ് നസീർ അഹമ്മദ് കുടുങ്ങി; ലണ്ടനിൽ ഇന്ത്യൻ പതാക വരെ കത്തിച്ച പ്രക്ഷോഭത്തിന്റെ സൂത്രധാരൻ ബലാത്സംഗ കേസിൽ പ്രതി; ടോണി ബ്ലെയറിന്റെ സുഹൃത്തു വീണത് സ്വയം കുഴിച്ച കുഴിയിൽ; ഇന്ത്യക്കിത് വീണു കിട്ടിയ അവസരം; കാശ്മീരി യുവതി താഹിറ സമാനൊപ്പം അഞ്ചു സ്ത്രീകൾ കൂടി നസീറിനെതിരെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യ കാത്തിരുന്ന ദിവസം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം, ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തെ. കാരണം, കഴിഞ്ഞ വർഷം ഏപ്രിൽ 18 ബുധനാഴ്ച കോമൺവെൽത്ത് ഉച്ചകോടിക്കിടയിൽ വേദിക്കു പുറത്ത് ഇന്ത്യൻ പതാക വലിച്ചു താഴ്‌ത്തി കത്തിച്ച സംഭവത്തിൽ ഇന്ത്യ പലവട്ടം അനിഷ്ടം ബ്രിട്ടനെ നേരിട്ട് അറിയിച്ചിട്ടും കുറ്റവാളികളിൽ ഒരാളെ പോലും അറസ്റ്റു ചെയ്യാൻ മെട്രോപൊളിറ്റൻ പൊലീസിന് കഴിഞ്ഞിരുന്നില്ലങ്കിലും ആ സംഭവത്തിൽ വില്ലൻ റോളിൽ ഉള്ള ബ്രിട്ടീഷ് പ്രഭു സഭയിലെ ലോർഡ് നസീർ അഹമ്മദ് എന്ന സ്ത്രീ ലമ്പടന്റെ യഥാർത്ഥ മുഖം പുറം ലോകത്തെത്തിയ ദിവസം കൂടിയാണ് ഫെബ്രുവരി 14.

കാശ്മീർ വിഘടനവാദികളെയും ഖാലിസ്ഥാൻ കലാപകാരികളെയും ഒന്നിച്ചണിനിരത്തി ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന് അണിയറ നീക്കത്തിൽ ചുക്കാൻ പിടിച്ച ബ്രിട്ടീഷ് പ്രഭു സഭയിലെ പ്രമുഖരിൽ ഒരാളായിരുന്നു ലോർഡ് നസീർ അഹമ്മദ്. ഇന്ത്യയെ നടുക്കിയ പുൽവാമ ആക്രമണത്തിന്റെ ഞെട്ടലിൽ ഇക്കാര്യം ഇന്ത്യൻ മാധ്യമങ്ങൾ ഈ വാർത്ത വേണ്ട വിധം ശ്രദ്ധിച്ചില്ലെങ്കിലും ബിബിസി നടത്തിയ കുറ്റാന്വേണ റിപ്പോർട്ടിങ്ങിലാണ് സ്ത്രീ ലമ്പടനായ നസീർ അഹമ്മദ് നടപടികൾ നേരിടാൻ ഒരുങ്ങുന്നത്.

കാലം കാത്തു വച്ച ശിക്ഷക്ക് നസീറിനെ നിയമത്തിനു മുന്നിൽ എത്തിക്കാൻ തയ്യാറെടുക്കുന്നത് ഒരു കാശ്മീരി യുവതിയാണെന്ന പ്രത്യേകതയുമുണ്ട്. താഹിറ സമാൻ എന്ന ഇവർക്കൊപ്പം വേറെയും അഞ്ചു സ്ത്രീകളുടെ പീഡന പരാതിയും നസീർ അഹമ്മദിന് എതിരെ ഉയർന്നു കഴിഞ്ഞു. ഇതോടെ ടോണി ബ്ലെയറിന്റെ പിന്തുണയിൽ പ്രഭു സഭയിൽ എത്തിയ ലേബർ പ്രതിനിധിയെ രക്ഷിക്കാൻ ഇനി ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ഉറപ്പായിരിക്കുകയാണ്. യുകെയിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ മുസ്ലിം ശബ്ദമായി ഉയർന്നു കേട്ട നസീറിന്റെ യഥാർത്ഥ മുഖം ബിബിസി ജേണലിസ്റ്റ് റിച്ചാർഡ് വാട്സൺ തുറന്നു കാട്ടിയതോടെ വര്ഷങ്ങളായി ഇന്ത്യ വിരുദ്ധ പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന നസീറിന്റെ പൊയ്മുഖമമാണ് അഴിഞ്ഞു വീഴുന്നത്.

എന്നാൽ യാതൊരു ഉളുപ്പും ഇല്ലാതെ തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾ കയ്യോടെ തള്ളുകയാണ് ഇയാൾ ചെയ്തിരിക്കുന്നത്. ഇന്ത്യക്കെതിരെ വീണു കിട്ടുന്ന ഏതവസരവും നാണായി ഉപയോഗിക്കുന്ന ആൾ കൂടിയാണ് നസീർ അഹമ്മദ്. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ കാശ്മീർ വാദികളെയും കൂട്ടി ഇന്ത്യൻ എംബസിക്കു മുന്നിൽ എത്തി കശ്മീരിനും ഖാലിസ്ഥാനും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു കറുത്ത ദിനം ആചരിച്ച നസീർ പ്രഭു സഭയിലെ ചർച്ചകളിൽ എല്ലാം ഇന്ത്യ വിരുദ്ധതയുമായി മുന്നിട്ടിറങ്ങാറുമുണ്ട്. പാക്കിസ്ഥാനു വേണ്ടി ബ്രിട്ടനിൽ ലോബിയിങ് നടത്തുന്നതിൽ കുപ്രസിദ്ധ പേരുകൂടിയാണ് നസീറിന്റേത്. അപകടകരമായി വാഹനം ഓടിച്ചതിനു നടപടി നേരിട്ടുള്ള നസീർ അഹമ്മദ് സ്ഥിരം തലവേദന ആയപ്പോൾ ലേബർ പാർട്ടി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.

സഹായം തേടി തന്റെ അടുക്കൽ എത്തിയിരുന്ന സ്ത്രീകളെയാണ് ഇയാൾ ദുരുപയോഗം ചെയ്തിരുന്നത്. ബിബിസി ന്യൂസ് നൈറ്റ് പ്രോഗ്രാം വഴി പുറത്തു വന്ന വിവരത്തെ തുടർന്ന് കൂടുതൽ സ്ത്രീകൾ രംഗത്ത് എത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്. പ്രഭു സഭയുടെ മര്യാദകൾ പാലിക്കുന്നതിൽ 61കാരനായ ലോർഡ് നസീർ അഹമ്മദ് ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിബിസി കുറ്റപ്പെടുത്തുന്നു. മുസ്ലിം സ്ത്രീകൾ ധാരാളമായി കണ്ടുകൊണ്ടിരുന്ന ഒരു മത പ്രചാരകനെക്കുറിച്ചുള്ള പരാതിയിൽ പൊലീസ് കേസിനു നസീർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് 41കാരിയായ താഹിറ 2017 ഫെബ്രുവരിയിൽ സഹായം തേടി എത്തുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മെട്രോപൊളിറ്റൻ പൊലീസ് ചീഫിന് ഈ ആവശ്യത്തിനായി കത്തെഴുതാൻ തയ്യാറായ നസീർ കൂടെക്കൂടെ താഹിറയെ അത്താഴ വിരുന്നിനു ക്ഷണിക്കൽ ഹോബിയാക്കി.

ഒടുവിൽ അത്താഴം കഴിക്കാൻ തയ്യാറായ താഹിറ ഏതാനും ദിവസത്തിനുള്ളിൽ കേസിനെ കുറിച്ച് അന്വേഷിക്കാൻ വീണ്ടും നസീറിനെ ബന്ധപ്പെട്ടു. ഈ ഘട്ടത്തിൽ തന്റെ ഈസ്റ്റ് ലണ്ടനിലെ വീട്ടിലേക്കു വരാനാണ് ഇയാൾ ആവശ്യപ്പെട്ടത്. താഹിറയോട് സുന്ദരിയാണെന്ന് തുറന്നു പറഞ്ഞ നസീർ പിന്നീട് തന്നെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും താഹിറ ബിബിസിയോട് വെളിപ്പെടുത്തി. ഈ ലൈംഗിക വേഴ്ചകൾ ഉഭയ സമ്മത പ്രകാരം ആയിരുന്നെന്നു താഹിറ സമ്മതിക്കുമ്പോൾ തന്നെ അയാൾ അധികാരം ദുർവിനിയോഗം ചെയ്താണ് തന്നെ കീഴ്‌പെടുത്തിയതെന്നും ഇവർ ആരോപിക്കുന്നു. സഹായം തേടി ചെന്ന തന്നെ ദുർബലയായി കണ്ടു ദുരുപയോഗം ചെയ്തതെന്നു താഹിറ പറയുന്നു. നസീറിന്റെ ചെയ്തികൾക്കെതിരെ പ്രഭു സഭയിൽ പരാതി നൽകിയിരിക്കുകയാണ് താഹിറ.

രണ്ടു മാസം തുടർന്ന ബന്ധത്തിനൊടുവിൽ താൻ ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറില്ലെന്നു താഹിറയോട് തുറന്നു പറഞ്ഞതോടെയാണ് ഇരുവരും തെറ്റുന്നത്. ''അയാൾക്ക് തന്നോട് ഇഷ്ടമാണെന്നു കരുതിയ താൻ അയാളുടെ ഇങ്കിതങ്ങൾക്ക് വഴങ്ങുകയായിരുന്നു. താൻ വിഡ്ഢിയാക്കപ്പെടുകയായിരുന്നു. അയാൾ തന്നെ സംരക്ഷിക്കുമെന്നും സഹായിക്കുമെന്നുമാണ് താൻ കരുതിയത് '' താഹിറ ബിബിസി ന്യൂസ് ടീമിനോട് വ്യക്തമാക്കി. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തന്റെ ദുരവസ്ഥ മനസ്സിലാക്കി നസീർ അഹമ്മദ് തന്നെ ഉപയോഗിക്കുക ആയിരുന്നുവെന്നു മനസ്സിലാക്കിയതോടെ അയാളുടെ തനിനിറം പുറം ലോകത്തിനു കാട്ടിക്കൊടുക്കാൻ താഹിറ തയ്യാറാവുക ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്.

നസീറിനെതിരെയുള്ള രണ്ടാമത്തെ കേസിലും സമാനമായ തരത്തിൽ തന്നെയാണ് തുടക്കം. സഹായം തേടിയെത്തിയ സ്ത്രീയോട് തന്റെ വീട്ടിൽ എത്താൻ ഇയാൾ ആവശ്യപ്പെടുക ആയിരുന്നു. ഒരാൾ രാത്രിയിൽ വീട്ടിൽ ചെന്നുകാണാൻ പറഞ്ഞാൽ അതിൽ അസാധാരണത്വം തോന്നിയതിനാൽ ആ വാഗ്ദാനം ഉപേക്ഷിക്കുക ആയിരുന്നെന്നും തന്റെ ശരീരമാണ് അയാൾ ആഗ്രഹിച്ചിരുന്നതെന്നും പേര് വെളിപ്പെടുത്താൻ തയാറില്ലാത്ത യുവതിയും ആരോപിക്കുന്നു. ഈ ആരോപണവും വസ്തുത വിരുദ്ധം എന്ന് പറഞ്ഞു നസീർ അഹമ്മദ് നിക്ഷേധിക്കുകയാണ്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് നസീർ അഹമ്മദിനെതിരെ താഹിറ പ്രഭുസഭയിൽ പരാതിയുമായി എത്തുന്നത്. പ്രഭുസഭയിലെ സ്റ്റാൻഡേർഡ്‌സ് ഫോർ കമ്മീഷണറുടെ മുന്നിൽ പരാതിയുമായി എത്തിയ താഹിറയ്ക്കു പരാതിയിൽ തുടർ നടപടികൾക്ക് അവർക്ക് അധികാരം ഇല്ലെന്നാണ് മറുപടി ലഭിച്ചത്. സ്ത്രീയെ സഹായിക്കാൻ നസീർ പൊലീസിന് കത്തെഴുതിയത് പെരുമാറ്റ ചട്ട വിരുദ്ധമായി കാണാൻ ആവില്ലെന്നാണ് കമ്മീഷണർ വിലയിരുത്തിയത്. നസീർ വക്തിപരമായ മര്യാദ പാലിച്ചില്ലങ്കിൽ അത് പാർലിമെന്റ് ചട്ടങ്ങളിൽ നിന്നും വ്യത്യസ്തമാണനും കമ്മീഷണർ അഭിപ്രായപ്പെട്ടു. രണ്ടും രണ്ടായി കാണണമെന്ന രീതിയിലാണ് കമ്മീഷണർ വസ്തുതകൾ വിലയിരുത്തിയത്. എന്തായാലും ഈ കേസിൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന വിലയിരുത്തലാണ് പ്രഭു സഭയിലെ കമ്മീഷണർ നടത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP