Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ ചെന്നാൽ ഏറെ വൈകാതെ ഏയ് ഓട്ടോ വിളിച്ച് എങ്ങോട്ടു വേണമെങ്കിലും പോകാം; കൗൺസിൽ അനുമതി ലഭിച്ചതോടെ സഞ്ചാരികൾക്കായി സാക്ഷാൽ ഇന്ത്യക്കാരുടെ സ്വന്തം ഓട്ടോറിക്ഷ ബ്രിട്ടനിൽ പരീക്ഷിക്കാൻ സ്വകാര്യ കമ്പനി; ടുക് ടുക് യുകെ ലക്ഷ്യമിടുന്നത് നിരക്കു കുറഞ്ഞ വിനോദസഞ്ചാര സമ്പ്രദായം

ലണ്ടനിൽ ചെന്നാൽ ഏറെ വൈകാതെ ഏയ് ഓട്ടോ വിളിച്ച് എങ്ങോട്ടു വേണമെങ്കിലും പോകാം; കൗൺസിൽ അനുമതി ലഭിച്ചതോടെ സഞ്ചാരികൾക്കായി സാക്ഷാൽ ഇന്ത്യക്കാരുടെ സ്വന്തം ഓട്ടോറിക്ഷ ബ്രിട്ടനിൽ പരീക്ഷിക്കാൻ സ്വകാര്യ കമ്പനി; ടുക് ടുക് യുകെ ലക്ഷ്യമിടുന്നത് നിരക്കു കുറഞ്ഞ വിനോദസഞ്ചാര സമ്പ്രദായം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഏയ് ഓട്ടോ എന്നാൽ മോഹൻലാലിന്റെ പ്രശസ്തമായ സിനിമ മാത്രമല്ല, ആ വിളി ജനലക്ഷങ്ങളുടെ ആശ്രയം കൂടിയാണ്. കേരളത്തിലും ഇന്ത്യയിലും ഏതു നഗരത്തിലും ഗ്രാമങ്ങളിലും ചെന്നാൽ കേൾക്കാൻ കഴിയുന്ന ഒരു വിളിപ്പേര് കൂടിയാണ് ഏയ് ഓട്ടോ. ഒറ്റ വിളിയിൽ പറന്നെത്തുന്നവർ. വാടക വാഹനങ്ങളിൽ ഏറ്റവും സൗമ്യൻ. കുറഞ്ഞ നിരക്കിൽ ആർക്കും ആശ്രയിക്കാവുന്ന വാഹനം. ലോകമെങ്ങും തരംഗമായ ഊബർ ടാക്സി വന്നിട്ടും ഇന്ത്യയിൽ ഓട്ടോ ലോകത്തിനു വെല്ലുവിളി ഉയർത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ സുരക്ഷാ അടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ബ്രിട്ടനും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഓട്ടോക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ഉത്തമമായ കൗതുക വാഹനം എന്ന നിലയിൽ ഓട്ടോ റിക്ഷയുടെ രാശി തെളിയുകയാണ്. പ്രാദേശിക കൗൺസിൽ അനുമതി നൽകിയതോടെ ഉടനെ കാർഡിഫ് നഗരത്തിൽ എത്തുന്ന സഞ്ചാരികൾക്കു മുന്നിൽ ഇന്ത്യക്കാരുടെ സാക്ഷാൽ ഓട്ടോ റിക്ഷ പറന്നെത്തും. ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്ന ടുക് ടുക് യുകെ എന്ന ടൂറിസം പ്രൊമോഷൻ കമ്പനി ആവേശത്തിലാണ്.

നഗര കാഴ്ചയ്ക്ക് എത്തുന്ന സഞ്ചാരികളെ കയറ്റി പ്രധാന ലൊക്കേഷനുകൾ കാണിക്കുന്ന ജോലിയാകും ടുക് ടുക് ഓട്ടോകൾ ഏറ്റെടുക്കുക. നിലവിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ചെസ്റ്റർ എന്നിവിടങ്ങളിൽ ടൂർ ഓപ്പറേറ്റർ സ്ഥാപനം നടത്തുന്ന ടുക് ടുക് കൗൺസിൽ ഏറെ പ്രതീക്ഷയോടെയാണ് ഓട്ടോ പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് വേണ്ടി ഓട്ടോറിക്ഷകൾ ബ്രിട്ടനിൽ എത്തിക്കുമ്പോൾ കമ്പനി നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.

വേഗത്തിൽ അപകടം ഉണ്ടാക്കുന്ന വാഹനം എന്ന നിലയിൽ ഓട്ടോകളെ വിശ്വസിക്കാമോ എന്ന ചോദ്യമാണ് സ്വാഭാവികമായും ബ്രിട്ടീഷുകാർ ചോദിക്കുക. എന്നാൽ ഇതേ ബ്രിട്ടീഷുകാരായ സാക്ഷാൽ ചാൾസ് രാജകുമാരനും പത്നി കാമിലയും പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറോണും ഒക്കെ ഇന്ത്യയിൽ എത്തുമ്പോൾ ഓട്ടോ സവാരി ആസ്വദിച്ചിട്ടുള്ളവരാണ്. പക്ഷെ കാർഡിഫ് കൗൺസിലും ചോദിക്കുന്നത് ഇതേ ചോദ്യമാണ്, ഓട്ടോ അത്ര സുരക്ഷിതമാണോ?

എന്നാൽ ഈ ആശങ്കയ്ക്കൊക്കെ പരിഹാരം ഉണ്ടാക്കാമെന്നാണ് ടുക് ടുക് കമ്പനിയുടെ നിലപാട്. മഴ പെയ്യുമ്പോൾ വാഹനത്തിന്റെ മുകളിൽ നിന്നും വെള്ളം ചോർന്നിറങ്ങാൻ ഉള്ള സാധ്യത, ഫയർ എസ്ടിങ്ഷർ വയ്ക്കാനുള്ള സ്ഥലം എന്ന് തുടങ്ങി ഒരു കൂട്ടം പരാതികളാണ് ഓട്ടോ വിരോധികൾ ഉയർത്തുന്നത്. എന്നാൽ കൺവെർട്ടബിൾ വാഹനത്തിൽ ഇരുന്നു നഗര സഞ്ചാരം നടത്തുന്ന ടൂറിസ്റ്റുകൾക്ക് ഓട്ടോയും പ്രിയപ്പെട്ടതാകും എന്ന മറുവാദവും ഉയരുന്നുണ്ട്.

കാർഡിഫിൽ പ്രധാന ടൂറിസ്റ്റു സഞ്ചാര റൂട്ടുകളിൽ ഓട്ടോ യാത്ര എന്ന ആശയമാണ് ടുക് ടുക് അവതരിപ്പിക്കുന്നത്. കാർ യാത്രയുമായി താരതമ്യപ്പെടുത്തിയാൽ ഓട്ടോ യാത്ര ഏറെ പിന്നിലാണ്, സുരക്ഷയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ. എന്നാൽ അതിനെ ഓട്ടോ യാത്രയെന്ന് വിളിക്കാനാകില്ല എന്നാണ് ടുക് ടുകിന്റെ നിലപാട്. കൗൺസിൽ അനുമതി നൽകിയതോടെ മൂന്നു ഇലക്ട്രിക് ഓട്ടോ റിക്ഷകൾ കാർഡിഫിൽ എത്തിക്കാൻ ആണ് ടുക് ടുക് കമ്പനി തയ്യാറെടുക്കുന്നത്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള സമയത്താകും ഓട്ടോ സഞ്ചാരം സാധ്യമാകുക. ഒരു മണിക്കൂർ, മൂന്നു മണിക്കൂർ, ആറു മണിക്കൂർ എന്നിങ്ങനെ മൂന്നു സ്ലോട്ടുകളായി ഓട്ടോ ഓടിക്കാൻ കഴിയും എന്നും കമ്പനി വ്യക്തമാക്കുന്നു.

ആറു മണിക്കൂർ യാത്രയിൽ കാർഡിഫ് കാസിലിൽ തുടങ്ങി സെന്റ് ഫാഗൻസ്, ഇൻസോൾ കോർട്, ലാൻഡ്രഫ് കത്തീഡ്രൽ, കാർഡിഫ് സിറ്റി സെന്റർ, നാഷണൽ മ്യൂസിയം എന്നിവ സന്ദർശിച്ചു കാർഡിഫ് ബേയിൽ അവസാനിക്കും വിധമുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ടാക്സി സർവീസിന് പകരം സ്വകാര്യ വാടകയ്ക്കു നൽകുന്ന പദ്ധതിയാണ് കമ്പനി പ്ലാൻ ചെയ്തിരിക്കുന്നത്.

പൊതു വാഹനങ്ങളിൽ കാർഡിഫിൽ എത്തുന്നവർക്ക് മുഴുവൻ സ്ഥലങ്ങളും കണ്ടു തീർക്കാൻ കഴിയില്ല എന്നതിനാലാണ് കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാൻ കഴിയുന്ന ഓട്ടോ റിക്ഷകൾ അവതരിപ്പിക്കാൻ തയ്യാറായതെന്നും കമ്പനി പറയുന്നു. നിലവിൽ ഉള്ള മുകൾ വശം തുറന്ന ബസുകൾ മുഴുവൻ സ്ഥലങ്ങളും എത്തുന്നില്ല എന്നതിനാൽ സഞ്ചാരികളെ കൂടുതൽ തൃപ്തരാക്കാൻ ഓട്ടോ റിക്ഷകൾക്കു കഴിയും എന്നും കമ്പനി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP