Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 'മണിയടിക്കാൻ' പോയ പിണറായിക്കും സംഘത്തിനും യാത്രാ ചെലവ് 16.63 ലക്ഷമെന്ന് ധനവകുപ്പ്; മസാല ബോണ്ട് വിൽപനയ്ക്കായി സർക്കാരും കിഫ്ബിയും 'പൊട്ടിച്ചത്' രണ്ടു കോടി 29 ലക്ഷം രൂപ; ബോണ്ടുകൾ വിറ്റഴിക്കാൻ ഏജൻസികൾക്ക് ഫീസിനത്തിൽ മാത്രം നൽകിയത് 1.83 കോടി; ബോണ്ട് കൂടുതലായി വാങ്ങിയ എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയെ ചൊല്ലി വിവാദം; ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ഇടപാടുകൾ നടക്കുന്നതെങ്ങനെയെന്ന് ചെന്നിത്തല

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 'മണിയടിക്കാൻ' പോയ പിണറായിക്കും സംഘത്തിനും യാത്രാ ചെലവ് 16.63 ലക്ഷമെന്ന് ധനവകുപ്പ്; മസാല ബോണ്ട് വിൽപനയ്ക്കായി സർക്കാരും കിഫ്ബിയും 'പൊട്ടിച്ചത്' രണ്ടു കോടി 29 ലക്ഷം രൂപ; ബോണ്ടുകൾ വിറ്റഴിക്കാൻ ഏജൻസികൾക്ക് ഫീസിനത്തിൽ മാത്രം നൽകിയത് 1.83 കോടി; ബോണ്ട് കൂടുതലായി വാങ്ങിയ എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയെ ചൊല്ലി വിവാദം; ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ഇടപാടുകൾ നടക്കുന്നതെങ്ങനെയെന്ന് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം അടുത്തിടെ ഉയർത്തിയ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു മസാലാ ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായത്. ഈ അവസത്തിലാണ് മസാലാ ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് കേരള സർക്കാരും കിഫ്ബിയും ഇതു വരെ ചെലവാക്കിയത് രണ്ടു കോടി 29 ലക്ഷമാണെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഏതാനും ദിവസം മുൻപ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചെഞ്ചിൽ നടന്ന 'റിങ് ദ ബെൽ' പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ സന്ദർശനം നടത്തിയതിന്റെ ചെലവ് സംബന്ധിച്ചും പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

16 ലക്ഷത്തിലേറെ രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യാത്ര ചെയ്ത വകുപ്പിൽ ചെലവഴിച്ചതെന്നാണ് ധനകാര്യ വകുപ്പ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഒരു കോടി 83 ലക്ഷം രൂപയാണ് മസാലാ ബോണ്ടുകൾ വിൽക്കുന്നതിന് വേണ്ടി വിവിധ ഏജൻസികൾക്ക് ഫീസിനത്തിൽ ചെലവിട്ടത്. സിംഗപ്പൂർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് , ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി മസാലാ ബോണ്ടുകൾ വിൽപന നടത്തുന്നതിനായി എത്ര തുകയാണ് ചെലവഴിച്ചത് എന്ന കാര്യം വിശദീകരിക്കണമെന്ന് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ ചോദിച്ചതിന് പിന്നാലെയാണ് കൃത്യമായ കണക്കുകൾ നിരത്തി ധനവകുപ്പ് രംഗത്തെത്തിയത്.

പിണറായിയുടേയും സംഘത്തിന്റെ യാത്രാ ആവശ്യങ്ങൾക്കായി മാത്രം 16,63,243 രൂപ ചെലവായെന്നും ബാങ്കുകൾക്കും മറ്റ് ഏജൻസികൾക്കും ബോണ്ട് വിൽപനാ ഫീസ് ഇനത്തിൽ 1,65,68,330 രൂപ നൽകിയെന്നും ധന വകുപ്പ് വ്യക്തമാക്കുന്നു. ഏറ്റവുമധികം മസാലാ ബോണ്ടുകൾ വിൽപന നടത്തിയത് ഡിഎൽഎ പിപ്പർ യുകെ, ആക്‌സിസ് ബാങ്ക് എന്നീ കമ്പനികൾ വഴികൾ വഴിയാണെന്നും ഈ കമ്പനികൾക്കാണ് ഏറ്റവുമധികം പണം കമ്മീഷനായി നൽകിയതെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കുന്നു. 2150 കോടി രൂപയാണ് മസാലാ ബോണ്ടുകൾ വഴി കിഫ്ബി ഇതുവരെ സമാഹരിച്ചത്. എന്നാൽ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകൾ വാങ്ങിയതെന്നോ നിക്ഷേപകർ ആരെല്ലാമെന്നോ സർക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല.

മസാല ബോണ്ടുകൾ കൂടുതലും വാങ്ങിയത് എസ്.എൻ.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കനേഡിയൻ കമ്പനിയായ സി.ഡി.പി.ക്യു ബോണ്ടുകൾ വാങ്ങിയതിൽ ദുരൂഹതയുണ്ടെന്നും മസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാർ പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ഇടപാടുകൾ നടക്കുന്നത് എങ്ങനെയാണെന്നും ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാല ബോണ്ടുകൾ വിറ്റത്. എന്നിട്ടും ഈ കമ്പനി ഇത്രയും ബോണ്ടുകൾ വാങ്ങി. സർക്കാരിന്റെ വിശദീകരണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി. ധനമന്ത്രിയുടെ പങ്കും വ്യക്തമാകണം. മസാല ബോണ്ട് വാങ്ങിയ കമ്പനികളുടെ പൂർണവിവരം സർക്കാർ പുറത്തുവിടണം. ധനസമാഹരണത്തിന് നടന്ന ചർച്ചകൾ എവിടെയാണെന്നും മുഖ്യമന്ത്രി ഇതിൽ പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

എന്താണ് മസാലാ ബോണ്ട്

രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകൾ. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനാണ് (ഐഎഫ്‌സി) ഇതാദ്യം പുറത്തിറക്കിയത്. രൂപയുടെ മൂല്യമിടിഞ്ഞാൽ നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരുക. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുക.

9.75% പലിശനിരക്കിൽ കടപ്പത്ര വിപണിയിൽനിന്നും 25 വർഷത്തെ തിരിച്ചടവ് കാലാവധിയോടെ സംസ്ഥാന സർക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവർത്തനത്തിന് തുക സമാഹരിച്ചത്.

മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്റെ മാനദണ്ഡം റിസർവ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (എച്ച്.ഡി.എഫ്.സി) മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. എച്ച്.ഡി.എഫ്.സി സമാഹരിച്ചതുൾപ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങൾ സമാഹരിച്ചത്.

മസാലാ ബോണ്ടിൽ ബലം പരീക്ഷണം നടത്തി ഐസക്കും ചെന്നിത്തലയും

മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ സ്റ്റോക്ക് എക്‌സചേഞ്ചിൽ മുഴക്കിയത്‌കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല, കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തിൽ മുക്കുന്നതിനുമുള്ള മണിനാദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം കേരളം കണ്ട വലിയ അഴിമതികളിലൊന്നിന്റെ മണിനാദവുമാണന്നുമാണ് അദ്ദേഹം ഏതാനും ദിവസം മുൻപ് പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ, ഉത്തരം പറഞ്ഞു കഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണ്.

ഉത്തരം പറഞ്ഞു കഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കേരളാ ഇൻഫ്രാസ്ട്ര്ക്ചർ ഫണ്ട് ബോർഡ് അഥവാ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കുന്ന 2150 കോടിയുടെ മസാല ബോണ്ടുകൾ വാങ്ങിയത് കേരളത്തിൽ ഇന്നും കത്തി നിൽക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായായ എസ് എൻ സി ലാവ്‌ലിൻ കമ്പനിയെ നയിക്കുന്ന കനേഡിയൻ ഫണ്ടിങ് ഏജൻസിയായ സി ഡി പി ക്യുവാണെന്നത് ഞെട്ടലോടെയാണ് നാം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്.

അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്ന ഈ ഇടപാടിൽ സത്യം മറച്ചു വയ്ക്കുന്നതിന് കള്ളത്തിന് മേൽ കള്ളം അടുക്കി വയ്ക്കുകയാണ് സർക്കാരും കിഫ്ബിയും ചെയ്തത്. ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ എന്തിനായിരുന്നു ഇത്രയേറെ കള്ളങ്ങൾ സർക്കാരും കിഫ്ബിയും പറഞ്ഞത്? എസ്.എൻ.സി ലാവ്‌ലിനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ലാവ്‌ലിൻ ബന്ധത്തെക്കുറിച്ചുള്ള ആദ്യ സൂചന ഞാൻ പുറത്തു വിട്ടപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലാവ്‌ലിന് മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവുമായി ഗാഢമായ ബന്ധമാണുള്ളതെന്നതിന്തെളിവ് ഞാൻ ഹാജരാക്കിയപ്പോൾ ചെറിയ ബന്ധമേ ഉള്ളൂ എന്ന് പറഞ്ഞ് തോമസ് ഐസക്ക് മലക്കം മറിഞ്ഞു.

ചെറിയ ബന്ധമല്ല എസ്.എൻ.സി ലാവ്‌ലിനെ നയിക്കുന്നത് തന്നെ സി.ഡി.പി.ക്യൂവാണ് എന്ന വലിയ ബന്ധത്തിന്റെ കൂടുതൽ തെളിവുകളാണ് പിന്നീട് പുറത്തു വന്നത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പബ്‌ളിക് ഇഷ്യൂ ആയാണ് മസാലാ ബോണ്ടുകൾ ലിസ്റ്റ് ചെയ്തതെന്നും ലോകത്താർക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതിൽ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്നീടത്തെ നിലപാട്. മാത്രമല്ല, നാല്പതോളം കമ്പനികൾ കിഫ്ബിയുടെ മസാലാ ബോണ്ടിൽ ആകൃഷ്ടരായി എത്തിയെന്നും അവരോടെല്ലാം ചർച്ച നടത്തിയ ശേഷമാണ്‌സി.ഡി.പി.ക്യൂവിലെത്തിചേർന്നതെന്നുമാണ് സർക്കാരും കിഫ്ബിയും പറഞ്ഞത്.

ധനമന്ത്രി തോമസ് ഐസക്കാകട്ടെ ഒരു പടി കൂടി കടന്ന് എന്നെ കടന്നാക്രമിക്കുകയും ചെയ്തു. പബ്‌ളിക്ക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും മത്തിക്കച്ചവടം പോലെയല്ല ബോണ്ട് ഇഷ്യൂ എന്നും അദ്ദേഹം പറഞ്ഞു. അതായത് മസാലാ ബോണ്ട് പബ്‌ളിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാൽ അതിൽ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സർക്കാരും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്.

പക്ഷേ അതും പെരും കള്ളമായിരുന്നു. പബ്‌ളിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാലാ ബോണ്ട് ആദ്യം പ്‌ളേസ്‌ചെയ്തതെന്നതിന്റെ തെളിവ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാ ബോണ്ട് പ്രൈവറ്റ് പ്‌ളേസ്‌മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ കാതലായ ഒരു ചോദ്യം ഉയരുന്നു. പ്രൈവറ്റ് പ്‌ളേസ്‌മെന്റ് നടത്തി ബോണ്ട് വില്പന നടത്തിയ കാര്യം പരമരഹസ്യമായി വച്ച ശേഷം പബ്‌ളിക് ഇഷ്യൂവാണ് നടത്തിയതെന്ന പെരുംകള്ളം എന്തിനാണ് പറഞ്ഞത്?

മസാലാ ബോണ്ട് വില്പന നടത്താൻ എന്തിന് കാനഡ തിരഞ്ഞെടുത്തു? എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ ചെന്ന് ലാവ്‌ലൻ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യൂവുമായി ഇടപാട് നടത്തിയ കാര്യം മറച്ചു വച്ചത് എന്തോ ഒളിക്കാനുള്ളതു കൊണ്ടല്ലേ? മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.സി ലാവ്‌ലിനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ലാവലിൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ആ കേസ് ഇപ്പോൾ സുപ്രീംകോടതിയിൽ കിടക്കുന്നു. ഈ പശ്ചാത്തലത്തിൽ ദുരൂഹമായ സാഹചര്യത്തിൽ വീണ്ടും ലാവ് ലിൻ ഗന്ധമുള്ള ഇടപാട് നടക്കുകയും അത് മൂടിവയ്ക്കപ്പെടുകയും ചെയ്യുന്നതാണ് സംശയം വർദ്ധിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP