Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലണ്ടൻ കൊച്ചി വിമാനത്തിൽ എയർ ഇന്ത്യ കാട്ടിയതു ഗുരുതരമായ തെറ്റ്; സുപ്രീം കോടതി വിമർശനം ശരിവയ്ക്കും വിധം ആളെ കുത്തി നിറച്ചു പറന്നത് തുടർച്ചയായ പത്തു മണിക്കൂറുകൾ; മുംബൈയിൽ ആളുകൾ ഇറങ്ങിയിട്ടും പുറകിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും സാമൂഹ്യ അകലം പാലിച്ചു സീറ്റ് ക്രമീകരിച്ചില്ല; കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുന്ന യുകെ മലയാളി സുനിൽ ബാബു മറുനാടനോട്

ലണ്ടൻ കൊച്ചി വിമാനത്തിൽ എയർ ഇന്ത്യ കാട്ടിയതു ഗുരുതരമായ തെറ്റ്; സുപ്രീം കോടതി വിമർശനം ശരിവയ്ക്കും വിധം ആളെ കുത്തി നിറച്ചു പറന്നത് തുടർച്ചയായ പത്തു മണിക്കൂറുകൾ; മുംബൈയിൽ ആളുകൾ ഇറങ്ങിയിട്ടും പുറകിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും സാമൂഹ്യ അകലം പാലിച്ചു സീറ്റ് ക്രമീകരിച്ചില്ല; കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുന്ന യുകെ മലയാളി സുനിൽ ബാബു മറുനാടനോട്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഒറ്റയടിക്ക് പരമാവധി ആളുകളെ രക്ഷാവിമാനത്തിൽ നാട്ടിലെത്തിക്കുക. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുക എന്ന ദൗത്യവുമായി പറന്നെത്തിയ എയർ ഇന്ത്യ വിമാനങ്ങൾ യാത്രക്കാരെ കുത്തിനിറച്ചു സാമൂഹ്യ അകലം പാലിക്കാതെ നടത്തിയ യാത്രകൾ ഒടുവിൽ സുപ്രീം കോടതിയുടെ വരെ വിമർശം ഏറ്റുവാങ്ങിയിരിക്കുകയാണ്.

പരമാവധി ആളുകൾ അടുത്തിരിക്കുമ്പോൾ ആർക്കെങ്കിലും കോവിഡ് രോഗബാധയുണ്ടായാൽ വൈറസ് ലോഡ് എന്ന സാങ്കേതിക അർത്ഥത്തിൽ അറിയപ്പെടുന്ന വ്യാപനത്തിന് സാധ്യത ഏറെയാണെന്ന് അടിക്കടി റിപ്പോർട്ടുകൾ വന്നിട്ടും ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് അടക്കമുള്ള സർവീസുകളിൽ കോവിഡ് മുൻകരുതൽ എടുക്കാതെയാണ് എയർ ഇന്ത്യ സർവീസ് നടത്തിയത് എന്ന ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു. നടുഭാഗത്തെ സീറ്റുകളിൽ മൂന്നു പേർക്കിരിക്കാവുന്ന നിരയിൽ നടുവിലത്തെ സീറ്റ് ഒഴിച്ചിടണമെന്ന നിർദ്ദേശം പോലും പാലിക്കാതെയാണ് എയർ ഇന്ത്യ വിമാനങ്ങൾ പറന്നത്. ഇത്തരത്തിൽ പറന്ന ലണ്ടൻ കൊച്ചി വിമാനത്തിനുള്ളിൽ ചിത്രങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചത് ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുകയാണ്.

യുകെയിലും യൂറോപ്പിലും നിന്നും പത്തുമണിക്കൂറും അമേരിക്കയിൽ നിന്നും 15 മണിക്കൂറും സമയമെടുത്തു പറന്നെത്തുന്ന വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും ആരോഗ്യ കാര്യത്തിൽ എയർ ഇന്ത്യ അധികൃതർ യാതൊരു മുൻകരുതലും എടുത്തില്ല എന്ന ആക്ഷേപമാണ് കരുത്താർജ്ജിക്കുന്നത്. ലോകത്തെ പ്രധാന ഹോട് സ്പോട്ടുകളിൽ നിന്നുമുള്ള യാത്രക്കാരെയും കൊണ്ടാണ് ഇവ്വിധം നിരുത്തരവാദിത്തപരമായ യാത്ര നടത്തിയത് എന്നതും ആക്ഷേപം ഉയരാൻ കാരണമാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ചൊവാഴ്ച ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് 331 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയിലെ യുകെ മലയാളിയായ കൊച്ചിയിലെ സുനിൽ ബാബു അടക്കമുള്ള യാത്രക്കാർ ചൂണ്ടിക്കാട്ടുന്നതും ഗുരുതരമായ ഈ വീഴ്ച തന്നെയാണ്. മധ്യനിരയിൽ സീറ്റ് നമ്പർ 24 ബിയിൽ ഇരുന്നു യാത്ര ചെയ്ത സുനിൽ ബാബുവിന്റെ ഇടവും വലവും ഉള്ള സീറ്റുകളിൽ കൊച്ചി വരെയും സഹയാത്രികർ ഉണ്ടായിരുന്നു. ഈ സീറ്റിന്റെ മുന്നിലും പിന്നിലും ഉള്ള നിരകളിലും സമാനമായ തരത്തിൽ തന്നെയാണ് യാത്രക്കാരെ ഇരുത്തിയിരുന്നത്.

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കേണ്ടേ എന്ന് സംശയം ഉന്നയിച്ച യാത്രക്കാരോട് തങ്ങൾക്ക് അത്തരം നിർദ്ദേശം ഇല്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. സീറ്റ് നമ്പർ 30 ബി വരെ ഇത്തരത്തിൽ യാത്രക്കാരുടെ അടുത്തടുത്തുള്ള യാത്രയാണ് കൊച്ചി വരെ ഉണ്ടായത്. പിന്നിലെ നിരയിൽ ഏതാനും സീറ്റുകൾ കാലിയായി കിടന്നിരുന്നെങ്കിലും അവിടെ അകലം പാലിച്ചു യാത്രക്കാരെ ഇരുത്താനും എയർ ഇന്ത്യ ജീവനക്കാർ തയ്യാറായില്ല. മാത്രമല്ല വിമാനം മുംബൈയിൽ എത്തിയപ്പോൾ ഏതാനും യാത്രക്കാർ ഇറങ്ങിയിട്ടും സീറ്റുകൾ മാറ്റിയിരുത്തി സാമൂഹ്യ അകലം പാലിക്കാൻ അനുവാദം നൽകിയില്ലെന്നും പരാതിയുണ്ട്.

ഇതോടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിൽ എത്തിയതും കോടതി ഇന്നലെ കടുത്ത വിമർശം ഉയർത്തിയതും. അടുത്ത ജൂൺ ആറുവരെയുള്ള ടിക്കറ്റുകൾ വിറ്റുപോയതിനാൽ മധ്യഭാഗത്തും ആളെ ഇരുത്തിയാകും എയർ ഇന്ത്യ പറക്കുക എന്നാണ് കോടതിയിൽ വ്യക്തമാക്കപ്പെട്ടത്. എന്നാൽ ഈ തീയതിക്ക് ശേഷം ഒരു കാരണവശാലും ഇത്തരത്തിൽ ആളെ ഇരുത്തി സർവീസ് നടത്തരുത് എന്നും കോടതി കർശന താക്കീത് നൽകിയിട്ടുണ്ട്.

ഇതേതുടർന്ന് ബ്രിട്ടീഷ് മലയാളി കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന അബർഡീനിലെ എണ്ണക്കപ്പലിൽ ജീവനക്കാരൻ ആയ സുനിൽ ബാബുവുമായി ബന്ധപ്പെട്ടപ്പോഴാണ് യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ പറന്ന ലണ്ടൻ - കൊച്ചി വിമാനത്തിന്റെ കഥ വെളിപ്പെടുന്നത്. ഈ വിമാനത്തിൽ 181 മലയാളികളാണ് കൊച്ചിയിൽ എത്തിയത്. ഇവരെല്ലാം പല ജില്ലകളിലായി സർക്കാർ ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലും പണം അടച്ചു കഴിയുന്ന ഹോട്ടലുകളിലും ആയി 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുകയാണ്. മാൾട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന എം ഓ എസ പെഗസ്സസ് എന്ന എണ്ണക്കപ്പലിൽ ആണ് സുനിൽ ജോലി ചെയ്യുന്നത്. അബർഡീനിൽ നിന്നും ലണ്ടനിൽ എത്തി ഹോട്ടലിൽ ആഴ്ചകളോളം തങ്ങിയ ശേഷമാണു കമ്പനി നൽകിയ ടിക്കറ്റിൽ ഇദ്ദേഹം നാട്ടിൽ എത്തിയിരിക്കുന്നത്. രണ്ടു മാസത്തെ ശമ്പളവും കമ്പനി നൽകിയിട്ടുണ്ട്. ഈ മാസത്തിനു ശേഷമുള്ള കാര്യത്തിൽ വ്യക്തതയില്ല എന്നാണ് സുനിൽ പറയുന്നത്.

സുനിലിനൊപ്പം നെടുമ്പാശേരിയിൽ ഇറങ്ങിയ 20 അംഗ സംഘത്തിൽ 12 പേരാണ് കളമശേരിയിലെ ബോയ്സ് ഹോസ്റ്റലിൽ തങ്ങുന്നത്. സ്റ്റുഡന്റ് വിസക്കാരും മറ്റുമായ 12 പേർ സ്വന്തം ചെലവിൽ ഹോട്ടൽ താമസമാണ് തിരഞ്ഞെടുത്തത്. ക്വാറന്റീൻ കേന്ദ്രത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല. ഭക്ഷണവും മറ്റും കൃത്യ സമയത്തെത്തും. ബാത്ത് റൂം അറ്റാച്ച്ഡ് മുറികളാണ് ഓരോ യാത്രക്കാർക്കും നൽകിയിട്ടുള്ളത്. എന്നാൽ വിമാനത്താവളത്തിലും മറ്റും ഉദ്യോഗസ്ഥരും പൊലീസുകാരും ഒക്കെ അകാരണമായ ഭയത്തോടെയാണ് പ്രവാസികളെ കൈകാര്യം ചെയ്യുന്നത് എന്ന് സുനിൽ അടക്കമുള്ളവർ പറയുന്നു.

കോവിഡ് ഭയത്തിൽ പ്രവാസികൾ രണ്ടു മീറ്ററിന് പകരം ആറും എട്ടും മീറ്റർ ദൂരെ വരെ പോലും എത്താതിരിക്കാൻ ആണ് ജീവനക്കാർ ശ്രമിക്കുന്നത്. ശരീര താപനില പരിശോധിച്ച ശേഷം എല്ലാവരെയും ക്വാറന്റീനിൽ അയക്കുകയാണ്. ഏതെങ്കിലും തരത്തിൽ കോവിഡ് രോഗലക്ഷണം കാട്ടുന്നവരെയാണ് തുടർ പരിശോധനകൾക്ക് അയക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP