Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലണ്ടൻ ബ്രിഡ്ജ് കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തു; സഖ്യ രാഷ്ട്രങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക ഭീകര സംഘടനയുടെ പ്രഖ്യാപനം; ജമ്മു കശ്മീർ ആക്രമിക്കാനും ഉസ്മാൻ ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി ജഡ്ജിയുടെ വെളിപ്പെടുത്തൽ; പുറത്തുവിടരുതെന്ന് കോടതി പറഞ്ഞിട്ടും ഭീകരനെ മോചിപ്പിച്ചതിനെതിര പ്രതിഷേധം; ആക്രമണത്തെ തുടർന്ന് യുകെയിലെ ശിക്ഷാ നിയമങ്ങളിലും മാറ്റം വന്നേക്കും

ലണ്ടൻ ബ്രിഡ്ജ് കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തു; സഖ്യ രാഷ്ട്രങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക ഭീകര സംഘടനയുടെ പ്രഖ്യാപനം; ജമ്മു കശ്മീർ ആക്രമിക്കാനും ഉസ്മാൻ ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി ജഡ്ജിയുടെ വെളിപ്പെടുത്തൽ; പുറത്തുവിടരുതെന്ന് കോടതി പറഞ്ഞിട്ടും ഭീകരനെ മോചിപ്പിച്ചതിനെതിര പ്രതിഷേധം; ആക്രമണത്തെ തുടർന്ന് യുകെയിലെ ശിക്ഷാ നിയമങ്ങളിലും മാറ്റം വന്നേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തെ നടുക്കിയ ലണ്ടൻ ബ്രിഡ്ജ് കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ അമേരിക്ക കൊന്നുതള്ളിയതിനുശേഷമുള്ള ഐഎസിന്റെ ആദ്യത്തെ ആക്രമണം ആണിത്. ബാഗ്ദാദിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് നേരത്തെ തന്നെ ഐഎസ് നേരത്തെ വ്യക്മാക്കിയിരുന്നു. ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയയാൾ തങ്ങളുടെ പോരാളിയാണെന്നാണ് ഐഎസ് പുറത്തിറക്കിയ അകാശപ്പെട്ടിരിക്കുന്നത്. ''സഖ്യരാഷ്ട്രങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.''- ഐഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐഎസിനെതിരായ പോരാട്ടത്തിന് ഒരുമിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കാൻ ലക്ഷ്യമിട്ടതായാണ് അവർ സൂചിപ്പിച്ചത്. രണ്ട് പേർ കൊല്ലപ്പെട്ട ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണം നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

അതേസമയം ഐഎസ് ഇക്കാര്യത്തിൽ വെറുതേ വീമ്പടിക്കയാണെന്നും കൊടും തീവ്രാവാദിയായിരുന്നെങ്കിലും ഉസ്മാന് ഐഎസുമായി ചേർന്ന് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ലെന്നും സ്‌കോട്ട്ലൻഡ് യാർഡ് പൊലീസിലെ വിദഗ്ധരെ ഉദ്ധരിച്ച് ദ ഗാർഡിയർ പത്രം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം ഉണ്ടായത്. കത്തിയുമായി എത്തിയ ഒരു യുവാവ് ആൾക്കൂട്ടത്തെ തലങ്ങും വിലങ്ങും ആകമിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. പിന്നീട് പൊലീസ് ഇയാളെ വെടിവെച്ചു കൊന്നു. പാക് വംശജനായ ബ്രിട്ടീഷ് പൗരൻ ഉസ്മാൻ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പിന്നീട് വെളിപ്പെടുത്തി.

ജമ്മു കശ്മീർ ആക്രമിക്കാനും പദ്ധതി

ജമ്മു കശ്മീർ ആക്രമിക്കാനും ഉസ്മാൻ ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി ഉസ്മാന് നേരത്തെ ശിക്ഷ വിധിച്ച ജഡ്ജി വെളിപ്പെടുത്തിയിതും ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ബോംബിട്ട് തകർക്കാനും ബോറിസ് ജോൺസൻ അടക്കമുള്ള നേതാക്കളെ വധിക്കാനും പദ്ധതിയിട്ടതിനെ തുടർന്നാണ് 2010 ഡിസംബർ 20-ന് 19 വയസ്സുകാരനായ ഉസ്മാനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. അൽ ഖ്വയ്ദയിലെ ഒരു മുതിർന്ന അംഗത്തെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിലും ആക്രമണം നടത്താൻ ഉസ്മാനടക്കമുള്ളവർ പദ്ധതിയിട്ടതായി അന്ന് ശിക്ഷ വിധിച്ച ജഡ്ജിയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പരോൾ ഉൾപ്പെടെ എട്ട് വർഷത്തെ തടവ് ശിക്ഷയായിരുന്നു അന്ന് വിധിച്ചത്. തടവുകാലത്ത് പരോളിൽ ഇറങ്ങാതിരുന്ന ഉസ്മാൻ 2018 ഡിസംബറിൽ ജയിൽ മോചിതനായി. ഒരു വർഷമാകുന്നതിന് മുമ്പ് ആക്രമണവും നടത്തി. ഇയാൾ അപകടകാരിയാണെന്നും പുറത്തുവിടരുതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തരക്കാരെ ജയിലിൽ തന്നെ സൂക്ഷിക്കണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടത്. ''ഭീകരവാദ ആശയങ്ങളിൽ അതിശക്തമായ ഉറച്ചുനിൽക്കുന്നയാളാണ് ഉസ്മാൻ എന്നാണ് അയാളുമായി തീവ്രവാദ പരിശീലന ക്യാമ്പുകളെക്കുറിച്ച് സംസാരിച്ചപ്പോൾ മനസ്സിലായത്. താൻ ചെയ്യുന്ന് പ്രവൃത്തിയെക്കുറിച്ചും അയാൾക്ക് ബോധ്യമുണ്ട്. അത്തരക്കാരെ സൂക്ഷിക്കണം.'' - വിൽക്കീ പറഞ്ഞു.

ജയിൽ മോചിതർക്കായുള്ള ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങിയ ഉടനെയാണ് ഈ 28കാരൻ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് പൊലീസിന്റെ വെടിയേറ്റ് മരിക്കുകുയും ചെയ്തത്. ഉസ്മാൻ സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെയാണ് തീവ്രവാദ പ്രവർത്തനത്തിനിറങ്ങിയത്. അൽ ഖ്വയ്ദയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ഉസ്മാൻ ജിഹാദിയാകാൻ ഇറങ്ങിത്തിരിച്ചത്.

ബ്രിട്ടനിൽ ശിക്ഷ നിയമങ്ങളിലും മാറ്റം വരാൻ സാധ്യത

രണ്ട് യുവാക്കൾക്കാണ് ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഒരു യുവാവും യുവതിയും. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജാക്ക് മെറിറ്റ് എന്ന 25 വയസ്സുകാരനാണ് കൊല്ലപ്പെട്ട യുവാവ്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ജാക്ക് മെറിറ്റ് കോ-ഓർഡിനേറ്ററായ ബോധവത്കരണ ക്ലാസിലാണ് ഉസ്മാൻ ഉൾപ്പെടെയുള്ള ജയിൽമോചിതർ പങ്കെടുത്തത്. പഠനത്തോടൊപ്പം ക്ലാസുകൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ജാക്ക് മെറിറ്റ് ചെയ്യാറുണ്ട്. ജാക്ക് സംഘടിപ്പിച്ച ക്ലാസിൽ പങ്കെടുത്ത ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത ഉടനെയാണ് ഉസ്മാൻ കത്തിയെടുത്തത്. അതിന് ഇരയായി ജീവൻ നഷ്ടമായത് ജാക്കിന് തന്നെയായി എന്നതാണ് യാദൃച്ഛികം..

ലണ്ടൻ ബ്രിഡ്ജ് ആക്രണമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ശിക്ഷാനിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഭീകരവാദകുറ്റം ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചയാൾ പുറത്തിറങ്ങി വൈകാതെ വീണ്ടും കുറ്റം ചെയ്യുന്നത് ഗുരുതരമായ പ്രശ്നമാണ്. അതിനാൽ ഭീകരവാദം പോലെയുള്ള ഗുരുതരമായ കുറ്റങ്ങൾ തെളിയിക്കപ്പെടുന്നവരെ കുറഞ്ഞത് 14 വർഷമമെങ്കിലും ജയിലിലടയ്ക്കണമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. കൂടുതൽ അപകടകാരികളായവരെ ഒരിക്കലും ജയിലിൽ നിന്ന് പുറത്തുവിടരുതെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം കേസുകളിൽ കുറ്റവാളികളെ പുറത്തുവിടുന്നത് വളരെ ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

അപകടകാരികളായ ഭീകരരെ ജയിലിൽ നിന്ന് വിട്ടയക്കാതിരിക്കണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്. ഇതിനായി ശിക്ഷാനിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇത് തന്നെയായിരിക്കും പ്രധാന ചർച്ചാ വിഷയം. 2008-ൽ പാസാക്കിയ നിയമം അനുസരിച്ചാണ് ഉസ്മാൻ ഖാൻ കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതനായത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ മറ്റു കുറ്റവാളികളെ പോലെ ഭീകരരും ജയിൽ മോചിതരാകുന്ന നിയമം അന്ന് അധികാരത്തിലിരുന്ന ലേബർ പാർട്ടി സർക്കാരാണ് കൊണ്ടുവന്നത്. എന്നാൽ കുറ്റത്തിന്റെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കണം കുറ്റവാളികളെ വിട്ടയക്കുന്നത് പരിഗണിക്കാനെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP