Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണി സാർ വിയോജിച്ചു; ആനത്തലവട്ടവും സുധാകരനും കടന്നാക്രമിച്ചു; അന്നത്തെ സ്പീക്കർ ആ വകുപ്പ് മാറ്റാൻ നിർദ്ദേശിച്ചു; പരിശോധിച്ച് പിൻവലിച്ചത് നിമയമന്ത്രി ചന്ദ്രശേഖരൻ; 1999 ഫെബ്രുവരി 22ന് 13-ാം വകുപ്പ് സിപിഎമ്മിന് പ്രിയങ്കരം; ഇന്ന് ഭരണഘടനാ വിരുദ്ധവും; ലോകായുക്താ ഓർഡിനൻസിൽ ചർച്ച തുടരുമ്പോൾ

മാണി സാർ വിയോജിച്ചു; ആനത്തലവട്ടവും സുധാകരനും കടന്നാക്രമിച്ചു; അന്നത്തെ സ്പീക്കർ ആ വകുപ്പ് മാറ്റാൻ നിർദ്ദേശിച്ചു; പരിശോധിച്ച് പിൻവലിച്ചത് നിമയമന്ത്രി ചന്ദ്രശേഖരൻ; 1999 ഫെബ്രുവരി 22ന് 13-ാം വകുപ്പ് സിപിഎമ്മിന് പ്രിയങ്കരം; ഇന്ന് ഭരണഘടനാ വിരുദ്ധവും; ലോകായുക്താ ഓർഡിനൻസിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്തയെ ദുർബലമാക്കാൻ പിണറായി സർക്കാർ കൊണ്ടുവന്ന വിവാദ ഭേദഗതി, 1999 ൽ നായനാർ സർക്കാരിന്റെ കാലത്തു നിയമസഭ ചർച്ച ചെയ്ത് ഏകകണ്ഠമായി തള്ളിക്കളഞ്ഞിരുന്നതാണെന്ന വസ്തുതയിൽ നിയമ പരിശോധനയ്ക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ബില്ലിലെ 13ാം വകുപ്പിനെതിരെ 1999 ഫെബ്രുവരി 22 ന് കേരള നിയമസഭയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പ്രതിപക്ഷം ഗർവർണ്ണർക്ക് കൈമാറിയിട്ടുണ്ട്.ഒരു പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് എല്ലാ തരത്തിലുമുള്ള നടപടിക്രമങ്ങളും പാലിച്ച ശേഷം ലോകായുക്ത കണ്ടെത്തിയാൽ അയാൾ തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു അന്ന് ചർച്ചയിൽ സിപിഎമ്മിന് വേണ്ടി ജി സുധാകരൻ എടുത്ത നിലപാട്. ആനത്തലവട്ടം ആനന്ദനും ആ വ്യവസ്ഥയെ എതിർത്തു. ഇതെല്ലാം പരിശോധിച്ചാകും ഓർഡിനൻസിൽ ഒപ്പിടുന്നതിൽ ഗവർണ്ണർ തീരുമാനം എടുക്കുക.

'ലോകായുക്ത വിധിയെ സർക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാം' എന്ന ഇപ്പോഴത്തെ ഭേദഗതി വ്യവസ്ഥ 1998 99 ലെ മൂലനിയമത്തിന്റെ കരടിലുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇ.കെ.നായനാരും അന്നത്തെ നിയമമന്ത്രി സിപിഐയിലെ ഇ.ചന്ദ്രശേഖരൻ നായരും സഭയിലെ ചർച്ചകൾക്ക് ശേഷം ഇത് ഉപേക്ഷിച്ചു. നിയമസഭയിൽ വന്ന ശേഷമുള്ള ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ വിമർശിച്ചത് അതിലെ 13ാം വകുപ്പിലെ വ്യവസ്ഥകളെയാണ്.

പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി ആക്ഷേപങ്ങളിൽ ലോകായുക്തയുടെ തീർപ്പ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഗവർണർക്കോ അംഗീകരിക്കാനും നിരസിക്കാനും അധികാരമുണ്ട് എന്നാണ് ഈ വകുപ്പിൽ പറഞ്ഞിരുന്നത്. 'നിരസിക്കാനുള്ള' വ്യവസ്ഥയെ അന്നും പിറ്റേന്നും നടന്ന ചർച്ചയിലും സബ്ജക്ട് കമ്മിറ്റി കൂടിയാലോചനകളിലും പ്രതിപക്ഷം എതിർത്തു. തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നു സബ്ജക്ട് കമ്മിറ്റി ചർച്ചയിൽ മന്ത്രി ചന്ദ്രശേഖരൻ നായർ പറഞ്ഞു. അങ്ങനെയാണ് സുശക്തമായ ലോകായുക്താ നിയമം പാസായത്. ഇതാണ് മാറ്റി മറിക്കാൻ ശ്രമിക്കുന്നത്.

കെ.എം.മാണിയും ഈ വ്യവസ്ഥയെ എതിർത്തിരുന്നു. ലോകായുക്ത കോംപിറ്റന്റ് അഥോറിറ്റിക്കു (യോഗ്യതയുള്ള അധികാരിക്ക്) റിപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ അത് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നു പറയാൻ പാടില്ല. അത് അംഗീകരിക്കണം. അല്ലെങ്കിൽ പിന്നെ എന്തു വിശ്വാസ്യതയാണ് ? ഒരു അഴിമതി നടത്തിയെന്നു കണ്ടാൽ പിന്നെ എന്തിനാണു സംരക്ഷിക്കുന്നത്? ഒരു മന്ത്രി അഴിമതി നടത്തി. ഒരു അംഗം എന്ന നിലയിൽ അയാളെ പുറത്താക്കണമെന്നു പറഞ്ഞാൽ അത് അംഗീകരിക്കണം. ഇത്രയും ബദ്ധപ്പെട്ടു നിയമസഭയിൽ നിയമം പാസാക്കി അന്വേഷണമെല്ലാം നടത്തിയ ശേഷം അഴിമതിക്കാരനെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളെ സംരക്ഷിക്കുകയാണോ വേണ്ടത്-ഇതായിരുന്നു മാണിയുടെ ചോദ്യം.

ഫെബ്രുവരി 22നു വകുപ്പു തിരിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്ത് കെ.എം.മാണി, ആര്യാടൻ മുഹമ്മദ്, ടി.എം.ജേക്കബ് തുടങ്ങിയവരുടെ വിയോജിപ്പ് സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദനും ജി.സുധാകരനും ഏറ്റുപിടിച്ചു. 13ാം വകുപ്പ് തൽക്കാലം മാറ്റിവയ്ക്കാൻ സ്പീക്കർ എം.വിജയകുമാറിനു നിർദ്ദേശിക്കേണ്ടി വന്നു. ലോകായുക്തയെ നോക്കുകുത്തിയാക്കരുതെന്ന വികാരം ഉയർന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി കൂടിയാലോചിച്ചു വിവാദ വ്യവസ്ഥ നീക്കം ചെയ്തതായി മന്ത്രി ചന്ദ്രശേഖരൻ നായർ അറിയിക്കുകയായിരുന്നു.

ലോകായുക്ത തീരുമാനം അംഗീകരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയുടെ അന്തഃസത്തയ്ക്കു ചേർന്നതല്ലെന്നാണു സിപിഎമ്മും സർക്കാരും ഇപ്പോൾ വാദിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമാകുന്നതും. അതിനിടെ ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തിൽ ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നതു സത്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. നിയമസഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടുവരേണ്ടതിന്റെ ആവശ്യം പൊതു സമൂഹത്തിനും ഇതിനെക്കുറിച്ച് ആലോചിക്കുന്നവർക്കും ബോധ്യപ്പെട്ടിട്ടില്ല. നിയമസഭയിൽ ബില്ലായി അവതരിപ്പിച്ചിരുന്നുവെങ്കിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം കിട്ടുമായിരുന്നു. അതു നിഷേധിക്കപ്പെട്ടതാണു വിവാദത്തിനു കാരണമെന്നും പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP