Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ആദ്യ ലോക കേരളസഭ ചേരാനായി പൊടിച്ചത് 2.85 കോടി രൂപ; ഗൾഫിലെ മേഖലാ സമ്മേളനത്തിനായി പൊടിച്ചത് 20 ലക്ഷത്തിലേറെയും; മോടി പോരെന്ന് പറഞ്ഞ് സ്ഥിരം വേദിക്കായി അത്യാഢംബരം തീർക്കാൻ ധൂർത്തടിച്ചത് 16.5 കോടി രൂപയും; ആട് ജീവിതങ്ങളെ മറന്ന് പ്രാഞ്ചിയേട്ടന്മാർക്ക് ഉല്ലാസം തീർക്കാൻ മാത്രമായി ഖജനാവ് ചോർത്തി ലോക കേരളസഭ; വിമാന ടിക്കറ്റ് ചെലവ് ഒഴികെ മറ്റ് ചെലവ് പൂർണമായും വഹിക്കുന്നത് കേരള സർക്കാർ; പ്രതിസന്ധിയിൽ മുണ്ടു മുറുക്കി ഉടുക്കുമ്പോൾ പ്രവാസിസഭയെ 'രാജദർബാർ' ആക്കി സർക്കാർ

ആദ്യ ലോക കേരളസഭ ചേരാനായി പൊടിച്ചത് 2.85 കോടി രൂപ; ഗൾഫിലെ മേഖലാ സമ്മേളനത്തിനായി പൊടിച്ചത് 20 ലക്ഷത്തിലേറെയും; മോടി പോരെന്ന് പറഞ്ഞ് സ്ഥിരം വേദിക്കായി  അത്യാഢംബരം തീർക്കാൻ ധൂർത്തടിച്ചത് 16.5 കോടി രൂപയും; ആട് ജീവിതങ്ങളെ മറന്ന് പ്രാഞ്ചിയേട്ടന്മാർക്ക് ഉല്ലാസം തീർക്കാൻ മാത്രമായി ഖജനാവ് ചോർത്തി ലോക കേരളസഭ; വിമാന ടിക്കറ്റ് ചെലവ് ഒഴികെ മറ്റ് ചെലവ് പൂർണമായും വഹിക്കുന്നത് കേരള സർക്കാർ; പ്രതിസന്ധിയിൽ മുണ്ടു മുറുക്കി ഉടുക്കുമ്പോൾ പ്രവാസിസഭയെ 'രാജദർബാർ' ആക്കി സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനു ഇന്നു തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കും ബഹിഷ്‌ക്കരണ തീരുമാനത്തിനും ഇടയിലാണ് ലോകകേരള സഭയുടെ പരിപാടികൾക്ക് തുടക്കമാകുന്നത്. നാൽപ്പത്തിയേഴ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ലോകകേരള സഭ നടക്കുന്നത് എന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.

വൈകീട്ട് നിശാഗന്ധിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിക്കുന്നത്. നവ കേരള നിർമ്മാണത്തിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ചാണ് സമ്മേളനത്തിലെ പ്രധാന ചർച്ച. ലോകകേരള സഭ സ്ഥിരം സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബിൽ നാളെ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യും. ലോക കേരള സഭയ്ക്ക് നിയമസാധുത നൽകാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. അടുത്ത സഭാ സമ്മേളനത്തിൽ ഇതിനായുള്ള നിയമ നിർമ്മാണം നടത്താനാണ് ആലോചന. ഇതോടെ ലോക കേരള സഭയ്ക്ക് നിയമ പ്രാബല്യം ലഭിക്കും. രണ്ടാം ലോക കേരളസഭയുടെ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. രക്ഷാധികാരികളായി ബിനോയ് വിശ്വം എംപി, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, എന്നിവരേയും ചെയർമാനായി സുനീർ ഖാനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സ്വീകാര്യതയേക്കാൾ കൂടുതൽ എതിർപ്പാണ് സമ്മേളനത്തെക്കുറിച്ച് ഉയരുന്നത്. എന്ത് നേട്ടമാണ് സംസ്ഥാന സർക്കാരിന് ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചൊഴിഞ്ഞിട്ടുണ്ട്. അതേസമയം യുഡിഎഫ് എംഎൽഎമാരും സഭയിൽ നിന്ന് രാജി വച്ചിട്ടുണ്ട്. കേരളത്തിനു പൊതുവേ സ്വീകാര്യമായ രീതിയിൽ ആരംഭിക്കേണ്ടിയിരുന്ന ലോക കേരള സഭ പ്രതിപക്ഷത്തിന്റെ തീരുമാനത്തിന്റെ നിഴലിൽ എതിർപ്പുമായാണ് കടന്നു വരുന്നത്. പ്രവാസി മലയാളികൾക്കും സർക്കാറിനും പ്രയോജനമില്ലാത്ത വേദിയായി മാറിയിരിക്കുകയാണെന്നാണ് ലോക കേരള സഭയെക്കുറിച്ചുള്ള പ്രധാന ആക്ഷേപം.

വിദേശ മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സർക്കാരിന്റെ മുന്നിൽ ഉപദേശ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നതാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികൾ ഉൾപ്പടെ 351 അംഗങ്ങൾ ആണ് സഭയിൽ ഉള്ളത്. നിയമസഭാ അംഗങ്ങളും ലോക്‌സഭാ അംഗങ്ങളും നിലവിൽ ലോക കേരള സഭയിൽ അംഗങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ഉള്ള പ്രമുഖ മലയാളികളും പ്രത്യേക ക്ഷണിതാക്കളായെത്തുന്നുണ്ട്. അഞ്ചു കോടിയോളം രൂപ ബജറ്റിൽ ലോക കേരള സഭയ്ക്ക് നീക്കിവെച്ചിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ച് പുതുക്കി പണിഞ്ഞാണ് ലോക കേരള സഭയ്ക്ക് സ്ഥിരം വേദി തയാറാക്കിയത്. ഈ തീരുമാനം വിവാദമായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് 16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കരാർ നൽകിയത്. ഇത് തന്നെ വിവാദമായിരുന്നു. ഈ വിവാദം വന്നപ്പോൾ ബാക്കി തുക ഊരാളുങ്കൽ സൊസൈറ്റി സർക്കാരിനു തിരികെ നല്കും എന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രതിനിധികളുടെ ചെലവ് വിമാന ടിക്കറ്റ് ചെലവ് ഒഴികെയുള്ള മറ്റ് ചെലവ് പൂർണമായും കേരള സർക്കാർ ആണ് വഹിക്കുന്നത്. ചില പ്രതിനിധികൾ സ്വന്തം ചെലവിൽ തന്നെയാണ് വന്നു മടങ്ങുന്നത്. ഇവർ ഈ കാര്യം മുൻകൂട്ടി തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അല്ലാതെയുള്ളവരുടെ ചെലവ് സർക്കാർ തന്നെയാണ് വഹിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ലോക കേരള സഭ സമ്മേളനം ചേരും. എല്ലാ വർഷവും മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും പകരം പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്യുന്നതാണ് സംവിധാനം.

പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണത്തിന്റെ പിന്നിൽ രാഷ്ട്രീയം ആണെന്ന അഭിപ്രായമാണ് ലോക കേരള സഭാ സെക്രട്ടറിയേറ്റ് അംഗവും നോർക്കാ റൂട്ട്‌സ് വൈസ് ചെയർമാനുമായ കെ.വരദരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. ലോക കേരള സഭയിൽ നിന്നുള്ള ഗുണങ്ങൾ ഇടത് സർക്കാരിന് ലഭിക്കും എന്ന ധാരണയിൽ നിന്നാണ് ബഹിഷ്‌ക്കരണ തീരുമാനം വന്നിരിക്കുന്നത്. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും തീരുമാനമെടുത്ത് പോയതിന്റെ പേരിൽ മാറി നിൽക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങൾ പലരും ഞങ്ങളോട് പ്രതികരിച്ചത്. കക്ഷി രാഷ്ട്രീയത്തിന്നതീതമാണ് ലോക കേരള സഭ. ഒ.രാജഗോപാലും പി.സി.ജോർജും എംഎൽഎമാരാണ്. ഇവർ ലോക കേരള സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴും പ്രതീക്ഷ പ്രതിപക്ഷം പങ്കെടുക്കും എന്നാണ്. ഞങ്ങൾ ഇപ്പോഴും പ്രതിപക്ഷവുമായി ബന്ധപ്പെടുന്നുണ്ട്. എംഎൽഎമാരും എംപിമാരും ഒഴികെ 258 അംഗങ്ങളാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ഇരുപത്തിയൊന്നു സംസ്ഥാനങ്ങളിൽ നിന്നും 47 ലോകരാജ്യങ്ങളിൽ നിന്നുമുള്ള മുഴുവൻ പ്രതിനിധികളുടെയും അംഗ സംഖ്യ ഇതാണ്-വരദരാജൻ പറയുന്നു.

പ്രതിപക്ഷത്തിന്റെ എതിർപ്പിന്റെയും ബഹിഷ്‌ക്കരണത്തിന്റെയും കാരണങ്ങൾ:

ലോക കേരള സഭയുടെ ആദ്യസമ്മേളനത്തിൽ യാതൊരു മുൻവിധികളുമില്ലാതെ പ്രതിപക്ഷം സഹകരിച്ചത്. നല്ല ചർച്ചകളാണ് ഉദ്ഘാടന സമ്മേളനത്തിൽ നടന്നത്. കുറെയധികം തീരുമാനങ്ങളും എടുത്തു. ലോക കേരള സഭ ഒരു ആഡംബര വസ്തുവായി മാറരുതെന്ന മുന്നറിയിപ്പാണ് പ്രതിപക്ഷം നൽകിയത്. മറിച്ച് പ്രവാസികളായ മലയാളികൾക്കും സംസ്ഥാനത്തിനും പ്രയോജനകരമായ ഒരു വേദിയായി ഇത് മാറണം എന്നാണ് ഇതിലൂടെ അർഥമാക്കിയത്. പക്ഷെ രണ്ടു വർഷം കഴിഞ്ഞ് രണ്ടാം കേരള സഭാ സമ്മേളനം എത്തുമ്പോൾ ഇത് ഒരു ആഡംബര വസ്തുവാക്കി മാറ്റുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. എന്തു പ്രയോജനമാണ് ഈ സഭ കൊണ്ട് പ്രവാസികൾക്കും സംസ്ഥാനത്തിനും ഉണ്ടായതെന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരിന്റെ മറ്റെല്ലാ പദ്ധതികളെയും പോലെ ലോക കേരളസഭയെയും ആഡംബരത്തിന്റെയും ധൂർത്തിന്റെയും പര്യായമാക്കി മാറ്റി.

ഒരു പ്രഹസനം എന്നതിനപ്പുറം ഒരു നേട്ടവുമുണ്ടാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്സഭാ സമ്മളേനത്തിന് ശേഷം ഇപ്പോഴത്തെ സമ്മേളനത്തിനിടിയിൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ വന്ന രണ്ടു പ്രവാസികൾക്ക് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യേണ്ടി വന്നു. രണ്ടും സംരംഭങ്ങൾ ആരംഭിക്കാൻ അനുവദിക്കാതെ ഭരണകക്ഷിക്കാരും അധികൃതരും അവരെ പീഡിപ്പിച്ചത് കാരണം. 2018 ഫെബ്രുവരി 23 നായിരുന്നു പുനലൂരിൽ വർക്ക്ഷോപ്പ് തുടങ്ങാൻ വന്ന സുഗതൻ എന്ന പ്രവാസി ആ വർക്ക്ഷോപ്പിന് വേണ്ടി പണിത ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഇടതു മുന്നണിയിലെ രണ്ടാമത്തെ ഭരണ കക്ഷിയായ സിപിഐയുടെ യുവജനവിഭാഗത്തിന് കോഴ കൊടുക്കത്തതിനാൽ അവർ അവിടെ കൊടി കുത്തി പണി തടസ്സപ്പെടുത്തിയതായിരുന്നു കാരണം. ഗൾഫിൽ ജീവിത കാലം മുഴുവൻ പണിയെടുത്ത് സമ്പോദിച്ച പണം ഉപയോഗപ്പെടുത്തി നാട്ടിൽ സംരംഭം തുടങ്ങാൻ ശ്രമിച്ചതിനാണ് സുഗതന് ജീവൻ നഷ്ടമായത്.

2019 ജൂൺ 18 നാണ് കണ്ണൂരിലെ ആന്തൂരിൽ സാജൻ പാറയിൽ എന്ന മറ്റൊരു പ്രവാസി തൂങ്ങി മരിച്ചത്. ഭരണ മുന്നണിയിലെ ഒന്നാം കക്ഷിയായ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ധാർഷ്ട്യത്തിന് ഇരയായി അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. നൈജീരിയയിൽ നിന്ന് മടങ്ങിയത്തിയ സാജൻ തന്റെ ജീവിത സമ്പാദ്യമായ 16 കോടി രൂപ മുടക്കി നാട്ടിൽ ഒരു കൺവെൻഷൻ സെന്റർ തുടങ്ങാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടാൻ കാരണമായത്. പ്രവാസി മലയാളികളുടെ പേരിൽ കേരളസഭ നടത്തി ഒരു വശത്ത് ചുവപ്പ് പരവതാനി വിരിക്കുകയും മറു വശത്ത് ഇവിടെ സംരംഭം തുടങ്ങൻ വരുന്നവരെ കൊലയ്ക്ക് കൊടുക്കുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കാപട്യം നിറഞ്ഞതും നിഷ്ഠൂരവുമാണ് ഇടതു മുന്നണിയുടെ ഈ നിലപാട്. അതിനാലാണ് ഈ കാപട്യത്തിന് കുട പിടിക്കാൻ കഴിയാത്തതിനാൽ ലോക കേരള സഭ എന്ന പ്രഹസനത്തിൽ നിന്ന് വിട്ടു നിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചതും അതിൽ നിന്ന് രാജി വച്ചതും.

ഇടതു സർക്കാരിന് കീഴിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന ഈ രണ്ടു പ്രവാസികൾക്കും അവരുടെ മരണ ശേഷം പോലും നീതി ലഭ്യമാക്കാൻ ഈ സർക്കാർ തയ്യാറായില്ല. പുനലൂരിൽ ആത്മഹത്യ ചെയ്ത സുഗതന്റെ മക്കൾക്ക് ഇന്നും അവിടെ വർക്ക്ഷോപ്പ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സുഗതന് പാരപണിതവർ പല വഴികളിലൂടെയും അദ്ദേഹത്തിന്റെ ആശ്രിതർക്കും പാരപണിയുന്നു. സാജന്റെ ആത്മഹത്യയ്ക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ പോലും സിപിഎം ശ്രമിച്ചു. ആ കുടുംബത്തെ മൂക്ക് കൊണ്ട് നിലത്ത് 'ക്ഷ' എഴുതിച്ച ശേഷമാണ് കൺവൻഷൻ സെന്ററിന് അനുമതി നൽകിയത്. അനാവശ്യമായി നഗരസഭ നിർദ്ദേശിച്ച മാറ്റങ്ങളെല്ലാം നടപ്പിൽ വരുത്തേണ്ടി വന്നു. സാജന്റെ മരണത്തിന് ഉത്തരവാദികളായ ആർക്കെതിരെയും ഒരു ശിക്ഷാ നടപടിയും ഉണ്ടായില്ല. ചിലരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു എങ്കിലും എല്ലാവരെയും ഇതിനകം തിരിച്ചെടുത്തു. ഈ പ്രവാസി സംരംഭകർക്ക് അവരുടെ ദാരുണ മരണത്തിന് ശേഷം പോലും നീതി ലഭ്യമാക്കാൻ കഴിയാത്ത സർക്കാരിന് ലോക കേരള സഭ വിളിച്ചു കൂട്ടാൻ അർഹതയില്ല.

കേരളത്തിൽ സംരംഭം തുടങ്ങാൻ വരുന്ന പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ട് ആർഭാടപൂർവ്വം ലോക കേരള സഭ കൂടുന്നതിൽ എന്താണ് അർഥം? ഇടതു സർക്കാരിന്റെ മറ്റെല്ലാ പദ്ധതിയെയും പോലെ ലോക കേരളസഭയും പൊള്ളയായ ഒരു സംരംഭം മാത്രമാണ്. വെറുതെ വാഗ്ദാനങ്ങൾ വാരിച്ചൊരിയുകയും തീരുമാനങ്ങളെടുക്കുയും ചെയ്യുകയല്ലാതെ ഒന്നും നടപ്പാക്കാതിരിന്ന സർക്കാരിന്റെ പതിവ് രീതി തന്നെയാണ് ലോക കേരള സഭയിലും നടക്കുന്നത്. രണ്ടു വർഷം മുൻപ് നടന്ന ലോക കേരളസഭയിൽ പ്രതിപക്ഷം ഉൾപ്പടെ ഇരുന്നു കൈക്കൊണ്ടവയിൽ 99% തീരുമാനങ്ങളും നടപ്പാക്കിയിട്ടില്ല. ഈ സർക്കാർ കഴിഞ്ഞ നാല് ബഡ്ജറ്റുകളിൽ ചെയ്തതു പോലെ കുറെ പദ്ധതികൾ വാരിക്കോരി പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ശൈലി തന്നെയാണ് ഇവിടെയും സ്വീകരിച്ചത്. നടപ്പാക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സമ്മേളനം ചേരുന്നത്?

ആകെ നടന്ന രണ്ടു കാര്യങ്ങൾ ലോക കേരള സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ച് പണം വാരിയെറിഞ്ഞ് മറ്റൊന്നു നിർമ്മിക്കുകയും ചെയ്തതാണ്. ശരറാന്തൽ വിളക്കുകൾ തൂങ്ങിനിന്നിരുന്ന കമനീയമായ ഹാളായിരുന്നു പഴയത്. 16.5 കോടി രൂപ ചെലവിട്ടാണ് ആ ഹാൾ പുതുക്കിയത്. ആദ്യ കേരള സഭ ചേരുന്നതിനായി 1.85 കോടി രൂപ ചെലവിൽ രണ്ടു വർഷം മുമ്പ് ഹാൾ മോടി പിടിപ്പിച്ചിരുന്നു. ആ മോടി പോരെന്ന് തോന്നിയിട്ടാണ് 16.5 കോടി കൂടി ചെലവാക്കി വീണ്ടും മോടി കൂട്ടിയത്. രണ്ടു വർഷത്തിലൊരിക്കൽ രണ്ടു ദിവസം മാത്രം ചേരുന്ന ഒരു സമ്മേളനത്തിനായി ഇത്രയും വൻതുക ചെലവാക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്. പ്രത്യേകിച്ച് സംസ്ഥാനം നിത്യചെലവ്ക്ക് പോലും പണമില്ലാത്ത അത്ര കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ. ആദ്യ കേരള സഭയ്ക്കായി ചെലവായത് 2,85,29,482 രൂപയാണ്. ഗൾഫിൽ നടന്ന മേഖലാ സമ്മേളനത്തിനായി ചിവലാക്കിയത് 18,40,670 രൂപയാണ്. ഗൾഫിൽ ലക്ഷക്കണക്കിന് മലയാളികൾ ആടു ജീവിതം നയിച്ച് നരകിക്കുകയാണ്. ഇവിടെ അവരുടെ പേരിൽ ആർഭാടവും നടത്തുന്നു.

ഗൾഫിൽ തടവിലായവരുടെ കണക്ക് പോലും സർക്കാരിന്റെ കയ്യിൽ ഇല്ല. അവരുടെ പ്രശ്നങ്ങൾ കണ്ടെത്താനോ പരിഹരിക്കാൻ ഒരു ഉദ്യമവും ഉണ്ടായിട്ടില്ല. വിദേശത്ത് പണിയെടുക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ അഡ്റസ് ചെയ്യാതെ ഇവിടെ കണ്ണഞ്ചിക്കുന്ന ആർഭാടത്തോടെ സമ്മേളനം ചേരുന്നത് അർത്ഥരഹിതമാണ്. മുഖ്യമന്ത്രി ഇടയ്ക്ക് വിദേശത്ത് പോയി വാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞ് പ്രവാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. കേരള സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. ആർഭാടവും ധൂർത്തും നടത്തുന്നതിനുള്ള വേദിയാക്കി സർക്കാർ ലോക കേരള സഭയെ മാറ്റി-പ്രതിപക്ഷം ആക്ഷേപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP