Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണ് ലണ്ടനിലേക്ക്; തെരഞ്ഞെടുപ്പിൽ വാദ്രയുടേതെന്ന് ആരോപിക്കപ്പെടുന്ന ലണ്ടനിലെ ആഡംബര ഫ്ലാറ്റുകൾ പ്രധാന ചർച്ചയാകും; കോൺഗ്രസിനെതിരെ ബിജെപി ലക്ഷ്യമിടുന്നത് അഴിമതി ആവർത്തിക്കുമെന്ന പ്രചാരണ തന്ത്രം; ഒപ്പം മല്യയും ചേരുമ്പോൾ മാധ്യമങ്ങളുടെ കണ്ണും ലണ്ടനിലേക്ക്

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണ് ലണ്ടനിലേക്ക്; തെരഞ്ഞെടുപ്പിൽ വാദ്രയുടേതെന്ന് ആരോപിക്കപ്പെടുന്ന ലണ്ടനിലെ ആഡംബര ഫ്ലാറ്റുകൾ പ്രധാന ചർച്ചയാകും; കോൺഗ്രസിനെതിരെ ബിജെപി ലക്ഷ്യമിടുന്നത് അഴിമതി ആവർത്തിക്കുമെന്ന പ്രചാരണ തന്ത്രം; ഒപ്പം മല്യയും ചേരുമ്പോൾ മാധ്യമങ്ങളുടെ കണ്ണും ലണ്ടനിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിൽ ചൂട് മുറുകി തുടങ്ങവേ ഇത്തവണ പ്രധാന പ്രചാരണ ആയുധത്തിൽ ലണ്ടൻ നിറയുമെന്നു വ്യക്തമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റ ബിജെപിക്ക് കോൺഗ്രസിനെ തളയ്ക്കാൻ അപ്രതീക്ഷിതമായി കിട്ടിയ വടിയാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കു എതിരായ ആരോപണം. ലണ്ടനിൽ 12 ആഡംബര ഫ്ലാറ്റുകൾ 19 ലക്ഷം പൗണ്ടിന് ആയുധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുടെയും ബന്ധു സുമിത് ഛദ്ദയുടെയും സഹായത്തോടെ വാങ്ങിയെന്നാണ് പ്രധാന ആരോപണം.

ഈ ഇടപാടിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസ് ഭരണത്തിൽ അഴിമതി സർവത്ര നിറഞ്ഞാടും എന്ന പ്രതീതി സൃഷ്ടിക്കുകയാകും ആരോപണം സജീവമാക്കി നിർത്തുന്നതിലൂടെ ബിജെപി ശ്രദ്ധ. ഇതിനായി ലണ്ടനിലെ ബ്രൈൻസ്ടൺ സ്‌ക്വയറിലെ ഫ്ലാറ്റ് സമുച്ചയം സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ഉള്ള തയ്യാറെടുപ്പുകൾ അണിയറയിൽ മുറുക്കവേ മാധ്യമങ്ങളുടെ കണ്ണും ലണ്ടനിലേക്ക് തിരിയുകയാണ്.

ഇതോടൊപ്പം മല്യയുടെ ലണ്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന കാര്യം കൂടി തിരഞ്ഞെടുപ്പിൽ ചർച്ച ആയാൽ ലണ്ടൻ തരംഗത്തിൽ പ്രചാരണ തന്ത്രങ്ങൾ ഇളകിമറിയും. ഇന്നലെ അഞ്ചു മണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലിലും റോബർട്ട് വാദ്ര കുറ്റം നിഷേധിക്കുക ആയിരുന്നു. പത്നി പ്രിയങ്കയ്ക്ക് ഒപ്പമാണ് വാദ്ര മൊഴി നൽകാൻ എത്തിയതും. ഇതോടെ ഇന്ത്യൻ മാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയും ഈ ആരോപണത്തിന് പിന്നാലെ പായുകയാണ്.

കോൺഗ്രസ് മുൻ സർക്കാരിൽ ചിദംബരം, ഡി രാജ എന്നിവർ നേരിട്ട കോടിക്കണക്കിനു രൂപയുടെ അഴിമതയ്ക്കു പിന്നാലെ സോണിയ ഗാന്ധിയുടെ കുടുംബവും അഴിമതി നടത്തി എന്ന് സ്ഥാപിക്കാൻ ഉള്ള ബിജെപി ശ്രമമാണ് ഈ കേസിൽ സജീവമാകുന്നത്. ആരോപണം സത്യം ആണെങ്കിലും അല്ലെങ്കിലും തിരഞ്ഞെടുപ്പിൽ ഇരു പക്ഷത്തിനും ആവോളം പറയാൻ ഉള്ള വകയുണ്ടാകും എന്നുറപ്പു. മോദി റിലയൻസ് ഗ്രൂപ്പിന് ചെയ്യുന്ന സഹായങ്ങളും റാഫേൽ വിമാന കരാറും ഉയർത്തിയാകും കോൺഗ്രസിന്റെ പ്രത്യാക്രമണം.

മുൻ കോൺഗ്രസ് ഭരണകാലത്തു റോബർട്ട് വാദ്ര ഭരണത്തിന്റെ തണലിൽ കോടികളുടെ സ്വത്തുക്കൾ ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സമ്പാദിച്ചു കൂട്ടി എന്നാണ് ബിജെപി ആരോപണം. എന്നാൽ ആരോപണം തള്ളുകയും ഈ ഇടപാടിൽ പേരുള്ള സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും വാദ്ര അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തുകയുമായിരുന്നു. ഈ കേസിൽ ഉയർന്നു വന്ന ആളുകളുമായി വാദ്രക്കുള്ള ബന്ധം സംബന്ധിച്ചാണ് പ്രധാനമായും ഇ ഡി ഉദ്യോഗസ്ഥർ ചോദിച്ചത്. എന്നാൽ ഇവരെയൊന്നും തനിക്കറിയില്ല എന്ന മട്ടിലാണ് വാദ്ര മറുപടി നൽകിയത്. എന്നാൽ വാദ്രക്കു ഇതു കൂടാതെയും വസ്തുവകകൾ ലണ്ടനിൽ ഉണ്ടെന്നും ഇതിന്റെ വിശദംശങ്ങൾ കയ്യിൽ ഉണ്ടെന്നുമാണ് ഇ ഡി അധികൃതർ കോടതിയിൽ അറിയിച്ചിരിക്കുന്നത്.

നാലും അഞ്ചും മില്യൺ മൂല്യമുള്ള രണ്ടു വീടുകൾ അടക്കമുള്ള പ്രോപ്പർട്ടി സംബന്ധിച്ച വിവരങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ എത്തിച്ചിരിക്കുന്നത്. ആറു ഫ്‌ളാറ്റുകളുടെ വിവരങ്ങൾ വേറെയുമുണ്ട്. ഇതുകൂടാതെയും ചില കെട്ടിടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് അന്വേഷണം നടക്കുകയാന്നെയും ഇ ഡി ഉദ്യോഗസ്ഥർ പറയുന്നു. ഇതെല്ലം തിരഞ്ഞെടുപ്പിൽ ചർച്ച ആയി എത്തിയാൽ കോൺഗ്രസിന്റെ പ്രചാരണ മുന തന്നെ ഓടിക്കാമെന്ന ചിന്തയാണ് ബിജെപി നേതാക്കൾക്കുള്ളത്.

എട്ടു വർഷം മുൻപ് ലണ്ടനിൽ നടന്ന വസ്തു ഇടപാട് സംബന്ധിച്ച സംശയങ്ങളാണ് ഇപ്പോൾ വാദ്രയെ കോടതിക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഈ വസ്തു വാങ്ങിയ ഉടൻ തന്നെ അതെ വിലയ്ക്ക് മറിച്ചു വിറ്റു എന്നതാണ് കള്ളപ്പണം വെളുപ്പിക്കൽ സംശയത്തിലേക്കു എത്തിച്ചിരിക്കുന്നത്. പ്രധാനമായും ആരോപണം നേരിടുന്ന ഫ്ലാറ്റുകൾ 2009 ഒക്ടോബറിൽ വാങ്ങുകയും 2010 ജൂണിൽ മറിച്ചു വിൽക്കുകയും ചെയ്തതാണ് സംശയം സൃഷ്ടിക്കാൻ കാരണമായത്.

വാദ്രയുടെ കമ്പനിയിലെ ജീവനക്കാരനായ അറോറ ഈ ഇടപാടിൽ മുഖ്യ കണ്ണിയായതാണ് സംശയ മുന സ്വാഭാവികമായും വാദ്രയിലേക്കു എത്താൻ കാരണമായത്. ഇതടക്കമുള്ള സാഹചര്യ തെളിവുകൾ നിരത്തി വാദ്രയെ സംശയ നിഴലിൽ നിർത്താൻ ഉള്ള എൻഫോഴ്‌സ്‌മെന്റ് ശ്രമം ഭാഗികമായെങ്കിലും വിജയിച്ചിരിക്കുകയാണ്. കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ ലണ്ടനിൽ സ്വന്തമാക്കിയത് സംബന്ധിച്ച് വാദ്ര മൗനം പാലിച്ചാലും കോൺഗ്രസിനെ കൊണ്ട് മറുപടി പറയിക്കുകയാണ് ബിജെപി തന്ത്രം.

എന്നാൽ ഈ വസ്തു ഇടപാട് നടന്നിരിക്കുന്നത് ഷാർജ കേന്ദ്രമായ മെഫെയർ എന്ന കമ്പനിയുടെ പേരിലാണ്. ഈ ഒരൊറ്റ കാരണം പറഞ്ഞാണ് വാദ്രക്കു കേസിൽ നിന്നും തടിയൂരാൻ കഴിയുന്നത്. എന്നാൽ ഇത് ബിനാമി ഇടപാട് ആണെന്നാണ് മറുഭാഗത്തിന്റെ ആരോപണം. വാദ്രക്കു നിക്ഷേപം ഇല്ലാത്ത കെട്ടിടത്തിന്റെ പേര് പറഞ്ഞു എന്തിനു മറ്റൊരാൾ കെട്ടിടത്തിന്റെ അറ്റകുറ്റ പണി സംബന്ധിച്ച് ഇമെയിൽ അയക്കണം എന്നതാണ് വാദ്ര മറുപടി പറയേണ്ടി വരുന്ന പ്രധന ആരോപണം. എന്നാൽ ഈ ഇമെയിൽ വസ്തുതാപരം ആണോ എന്നത് സംബന്ധിച്ചും തർക്കം വളരുകയാണ്. അതിനിടെ റോബർട്ട് വാദ്രക്കു പങ്കാളിത്തം ഉണ്ടെന്നു പറയപ്പെടുന്ന കച്ചവടത്തിലെ വസ്തുവിനെ സംബന്ധിച്ചും വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഇത്തരത്തിൽ ഒരു കെട്ടിടമേ അന്വേഷണത്തിൽ കണ്ടെത്താൻ ആയില്ലെന്നും എട്ടു ഫ്ലാറ്റുകൾ എന്നത് വ്യത്യസ്ത കെട്ടിടങ്ങളിൽ ആണെന്നും ഇതെങ്ങനെ സംഭവിക്കും എന്നും മറ്റുമുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. ഒരു ഭാഗത്തു തികച്ചും കെട്ടിച്ചമച്ച കേസ് എന്ന വാദം ഉയരുമ്പോൾ മറുഭാഗത്തു വസ്തുതാപരമായ കേസ് തന്നെയാണ് എന്നും വാദിക്കാൻ ആളുണ്ട്. ഏതായാലും ഈ കേസ് തിരഞ്ഞെടുപ്പ് കാലത്തേക്കുള്ള വെടിമരുന്നായി മാറും എന്ന് ഏറക്കുറേ ഇപ്പോൾ തന്നെ ഉറപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP