Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്ന് രാഹുൽ ഗാന്ധി; നന്ദിയുണ്ടെന്ന് പിണറായി വിജയനും; ലോകകേരള സഭയെ അഭിനന്ദിച്ച് കത്തെഴുതി ചെന്നിത്തലയ്ക്ക് രാഹുൽ ഗാന്ധി കൊടുത്തത് എട്ടിന്റെ പണി; പൊളിയുന്നത് ധൂർത്താണെന്ന പ്രതിപക്ഷ വാദമെന്ന് സംഘാടകർ; വേദി ബഹിഷ്‌കരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും; ലോകകേരള സഭയിൽ പിണറായി ആശ്വാസം കണ്ടെത്തുമ്പോൾ

പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്ന് രാഹുൽ ഗാന്ധി; നന്ദിയുണ്ടെന്ന് പിണറായി വിജയനും; ലോകകേരള സഭയെ അഭിനന്ദിച്ച് കത്തെഴുതി ചെന്നിത്തലയ്ക്ക് രാഹുൽ ഗാന്ധി കൊടുത്തത് എട്ടിന്റെ പണി; പൊളിയുന്നത് ധൂർത്താണെന്ന പ്രതിപക്ഷ വാദമെന്ന് സംഘാടകർ; വേദി ബഹിഷ്‌കരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും; ലോകകേരള സഭയിൽ പിണറായി ആശ്വാസം കണ്ടെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. രാജ്യനിർമ്മാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു.

സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് രാഹുൽ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് സന്ദേശമയക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങളെ പൊളിക്കുന്നതാണ് രാഹുലിന്റെ കത്ത്. അതിനിടെ ലോകകേരള സഭയുമായി ബിജെപിയും സഹകരിക്കില്ല. ഇന്നത്തെ പ്രതിനിധി സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കില്ല. ഇന്നത്തെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു വി മുരളീധരൻ. എന്താണ് വിട്ടുനിൽക്കാൻ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.

പരിപാടിക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി അയച്ച സന്ദേശം അക്ഷരാർത്ഥത്തിൽ പിണറായി സർക്കാരിനുള്ള അംഗീകാരമാണ്. ''സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്റെ അഭിനന്ദനങ്ങൾ. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭ. ഇന്ത്യയുടേത് മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും ദേശനിർമ്മാണത്തിന് നിസ്തുലമായ പങ്ക് വഹിച്ചവരാണ് മലയാളികളെന്ന് രാഹുൽ പറയുന്നു.

ആത്മസമർപ്പണം കൊണ്ടും ലക്ഷ്യബോധം കൊണ്ടും ഏറെ പ്രശംസ കേട്ടവർ. തലമുറകളായി അവർ പല മേഖലകളിലും കഴിവ് തെളിയിക്കുന്നു, നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങൾക്കും അതിന്റെ ഗുണം കിട്ടുകയും ചെയ്യുന്നു. കോസ്‌മോപൊളിറ്റൻ ആയി എന്നും വാഴ്‌ത്തപ്പെട്ട മലയാളി, പക്ഷേ നാടിനെ മറന്നവരല്ല. അവരെന്നും, സ്വന്തം നാടിന്റെ സംസ്‌കാരത്തിൽ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമർപ്പണമാണ്. സ്വന്തം നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. കത്തിന് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

ജനുവരി ഒന്ന് മുതൽ മൂന്ന് വരെ പ്രവാസികേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വർഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. പിന്നീട് ആന്തൂരിലെ പ്രവാസിസംരംഭകനായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകകേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത ധൂർത്തും കാപട്യവുമാണ് ലോകകേരള സഭയെന്നാണ് ചെന്നിത്തലയും പ്രതിപക്ഷവും ആരോപിച്ചത്. ഇത് ഇത്തവണയും പ്രതിപക്ഷം ചർച്ചയാക്കി. ക്രിമിനൽ കേസ് പ്രതികൾ പോലും വിദേശത്ത് നിന്ന് എത്തി സഭയിൽ പങ്കെടുക്കുന്നതും ചർച്ചയാക്കി. ഇതിനിടെയാണ് ഇരുട്ടടി പോലെ രാഹുലിന്റെ കത്ത്.

ലോകകേരള സഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാനസർക്കാർ. ലോകകേരസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിർമ്മാണം നടത്തുമെന്ന് ഇന്നലെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രവാസികളുടെ ആശയങ്ങൾ ചർച്ച ചെയ്യാനുള്ള വേദി യാഥാർത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം സമ്മേളനത്തിലെ ലക്ഷ്യങ്ങൾ നേടുന്നതിൽ ഒരളവു വരെ മുന്നേറാനായെന്ന് മുഖമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. ലോക കേരള സഭ സ്ഥിരം വേദിയാക്കും. നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭാ നിയമം കൊണ്ടുവരും. അവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ നിയമസഭയിൽ കൊണ്ടുവരും. അതേപടിയോ ഭേദഗതികളോടെയോ നിയമം പാസ്സാക്കമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ലോകകേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൗരത്വഭേദഗതി വിവാദത്തിനു ശേഷം ഇതാദ്യമായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഗവർണർ വിവാദ വിഷയങ്ങൾ പരാമർശിക്കാതെയാണ് ഉദ്ഘാടനപ്രസംഗം നടത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP