Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

തിങ്കളാഴ്‌ച്ച മുതൽ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങുക ഗ്രീൻ, ഓറഞ്ച് ബി സോണുകളിലെ ജില്ലകളിൽ; ബസിൽ സുരക്ഷിത അകലം നിർബന്ധം; ജില്ല വിട്ടുള്ള സർവീസുകൾ ഇല്ല; ടൂവീലറുകളിൽ കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ട് പേർക്ക് സഞ്ചരിക്കാം; കാറുകളിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് സഞ്ചരിക്കാം; വാഹനങ്ങൾ നിരത്തിൽ ഇറക്കുക ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ; ഓറഞ്ച് എ സോണിൽ ഇളവുകൾ പ്രാബല്യത്തിൽ വരിക 24ന്; ഇളവുകളും നിയന്ത്രണങ്ങളും എവിടെയെല്ലാം

തിങ്കളാഴ്‌ച്ച മുതൽ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങുക ഗ്രീൻ, ഓറഞ്ച് ബി സോണുകളിലെ ജില്ലകളിൽ; ബസിൽ സുരക്ഷിത അകലം നിർബന്ധം; ജില്ല വിട്ടുള്ള സർവീസുകൾ ഇല്ല; ടൂവീലറുകളിൽ കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ട് പേർക്ക് സഞ്ചരിക്കാം; കാറുകളിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് സഞ്ചരിക്കാം; വാഹനങ്ങൾ നിരത്തിൽ ഇറക്കുക ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ; ഓറഞ്ച് എ സോണിൽ ഇളവുകൾ പ്രാബല്യത്തിൽ വരിക 24ന്; ഇളവുകളും നിയന്ത്രണങ്ങളും എവിടെയെല്ലാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് രോഗപ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ മെയ് 3 വരെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. കാർഷിക മേഖലയിൽ അടക്കം പലയിടത്തും ഇളവുകൾ അനുവദിക്കുകയും ചെയ്തു. കേരളത്തിൽ കോവിഡിൽ നിന്നും മുക്തമാകാനുള്ള പരിശ്രമങ്ങൾ വിജയത്തിലേക്ക് അടുക്കുകയാണ്. കോവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം ദിവസതോറും കൂടി വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അനുമതിയോടെ കേരളം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് ഇന്നലെയാണ്. സോണുകളെ അടിസ്ഥാനമാക്കിയാണ് ഇളവുകൾ അനുവദിക്കുക.

നാല് സോണുകൾ

റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെയാണ് സോണുകളാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച മാർഗരേഖ ചീഫ് സെക്രട്ടറി പുറത്തിറക്കി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഓറഞ്ച് ബി, ഗ്രീൻ വിഭാഗങ്ങളിലെ ജില്ലകളിൽ 20 മുതൽ പ്രാബല്യത്തിൽവരും. ഓറഞ്ച് എ വിഭാഗത്തിലെ ഇളവുകൾ ഈമാസം 24ന് മാത്രമാണ് പ്രാബല്യത്തിൽ വരിക. ഗ്രീൻ, ഓറഞ്ച് ബി വിഭാഗങ്ങളിൽ ലഭിക്കുന്ന ഇളവുകൾ ഇവിടെയും ലഭിക്കും. ഗ്രീൻ സോണിൽ കൂടുതൽ ഇളവുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

റെഡ് സോൺ: കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ. മെയ്‌ മൂന്നുവരെ സമ്പൂർണ അടച്ചിടൽ നടപ്പാക്കും.

ഓറഞ്ച് സോൺ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രിൽ 24 വരെ ലോക്ക്ഡൗൺ. അതിനു ശേഷം ഭാഗികമായ ഇളവുകൾ നൽകും.

ഓറഞ്ച് സോൺ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂർ. ഏപ്രിൽ 20വരെ ലോക്ക്ഡൗൺ. അതിനു ശേഷം ഭാഗികമായ ഇളവുകൾ.

ഗ്രീൻ സോൺ: കോട്ടയം, ഇടുക്കി. ഏപ്രിൽ 20 വരെ ലോക്ക്ഡൗൺ. അതിനു ശേഷം ഇളവുകൾ.

ലോക്ക് ഡൗണിൽ പൊതാവായി ലഭിക്കുന്ന ഇളവുകൾ ഇവയാണ്:

നിർമ്മാണ മേഖലയിലെ പ്രവൃത്തികൾക്ക് ഇളവ്. ഹോട്സ്പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാർഗ നിർദ്ദേശം അനുസരിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധം. തൊഴിൽ ഉടമയാണ് ഇതു ചെയ്യേണ്ടത്. വ്യവസായ മേഖലയിൽ കേന്ദ്ര നിർദ്ദേശം അനുസരിച്ച് പ്രവർത്തനം ആരംഭിക്കും. കേരളത്തിൽ കയർ, കശുവണ്ടി, ഖാദി മേഖലകളിലും പ്രവർത്തനം പുനഃരാരംഭിക്കും. ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാം. പ്രത്യേക എൻട്രി പോയിന്റുകൾ ഉണ്ടാകും. തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നിർബന്ധം. തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തണം. ജീവനക്കാർക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ 50% ആളുകളെയേ ഒരു സമയം പ്രവർത്തിപ്പിക്കാവൂ.

കാർഷികവൃത്തി കേന്ദ്ര മാനദണ്ഡം അനുസരിച്ച് അനുവദിക്കും. വിത്തിടാൻ പാടശേഖരം ഒരുക്കാനും കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് മാർക്കറ്റിൽ എത്തിച്ച് വിൽപന നടത്താനും അനുമതി. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, ഓയിൽ മിൽ, ഫ്ലവർ മിൽ, വെളിച്ചെണ്ണ ഉൽപാദന ഫാക്ടറിൽ എന്നിവയ്ക്കു പ്രവർത്തിക്കാം. കാർഷിക വിളകളുമായി ബന്ധപ്പെട്ട മൂല്യവർധിത യൂണിറ്റുകൾക്കും പ്രവർത്തിക്കാം. വളം, വിത്ത് വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകും. സഹകരണ സ്ഥാപനങ്ങൾ മിനിമം ജീവനക്കാരെവച്ച് പ്രവർത്തിക്കാം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിപ്പിക്കും. 20ന് ശേഷം ഗ്രീൻ, ഓറഞ്ച് ബി സോണുകളിലും 24ന് ശേഷം ഓറഞ്ച് എ സോണിലുമാകും ഈ ഇളവുകൾ ലഭിക്കുക.

റെഡ് സോൺ ജില്ലകൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകളില്ല, ലോക്ക്ഡൗൺ തുടരും

റെഡ് സോൺ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മെയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ തന്നെ ഉണ്ടാകും. യാതൊരു ഇളവുകളും ഉണ്ടാകില്ല. വിമാന, തീവണ്ടി, അന്തർ ജില്ലാ ബസ് സർവീസുകളടക്കം 13 സേവനങ്ങൾ ലോക്ക് ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ രണ്ട് കവാടങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.

ഓറഞ്ച് എ, ബി സോണിലെ ഗതാഗതം എങ്ങനെ?

ഓറഞ്ച് എ സോണിൽ ഏപ്രിൽ 24 വരെ സമ്പൂർണ ലോക്ക് ഡൗണായിരിക്കും. പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ എന്നീ ജില്ലകളാണ് ഓറഞ്ച് ബി സോണിൽ ഉൾപ്പെടുന്നത്. ഗതാഗതമാണ് പ്രധാന ഇളവുകൾ പൊതുജനം ആഗ്രഹിക്കുന്ന മേഖല. ഒറ്റ ഇരട്ട അക്ക നമ്പർ അനുസരിച്ചായിരിക്കും വാഹനങ്ങൾക്ക് സഞ്ചാരനുമതി നൽകുക. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി കിട്ടും. ഇതിൽ ഇളവ് അടിയന്തരസർവീസുകൾക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രമേ നൽകുകയുള്ളൂ.

നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരു ചക്രവാഹനങ്ങളിൽ ഒരാളും മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. എന്നാൽ, സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്. കെഎസ്ആർടിസി ബസുകൾ അടക്കം 20ന് ശേഷം ഓടി തുടങ്ങും. ഓറഞ്ച് എ, ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിൽ സിറ്റി ബസ്സുകൾക്ക് അനുമതിയുണ്ട്. പക്ഷേ, അവയ്ക്ക് ജില്ല വിട്ടുപോകാൻ അനുമതി കിട്ടില്ല. ഒരു ദിശയിൽ 50- 60 കിലോമീറ്റർ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. ബസിൽ നിന്ന് യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബസ്സുകളിൽ കയറുമ്പോൾ എല്ലാവർക്കും സാനിറ്റൈസർ നൽകണം. മൂന്നു സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാൻ പാടുള്ളൂ.

ഗ്രീൻ സോൺ ജില്ലകളിലെ നിയന്ത്രണങ്ങൾ

ഓറഞ്ച് സോണുകളിൽ പ്രഖ്യാപിച്ച എല്ലാ ഇളവുകളും ഗ്രീൻ സോണിൽ പെട്ട ജില്ലകളിൽ ഉണ്ടാകും. കൊറോണ വൈറസ് കേസുകൾ ഏറ്റവും കുറവുള്ള കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ സോണിൽ ഉള്ളത്. ഇവിടെ കൂടുതൽ ഇളവുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര മാനദണ്ഡം അനുസരിച്ചു മെട്രോ, വിമാന, തീവണ്ടി, അന്തർജില്ലാ ബസ് സർവ്വീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയേറ്ററുകൾ, മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ജിംനേഷ്യങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്വിമ്മിങ് പൂളുകൾ, എന്റർടെയ്ന്മെന്റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നീ ആളുകൾ കൂട്ടം കൂടാനിടയുള്ള ഇടങ്ങളൊന്നും തുറക്കാനോ സർവീസ് നടത്താനോ പാടില്ല. മാത്രമല്ല, ഒരു പൊതുപരിപാടിയും പാടില്ല. ആരാധനയങ്ങളൊന്നും പാടില്ല. വിവാഹങ്ങൾക്കോ മരണാനന്തരച്ചടങ്ങുകൾക്കോ 20 പേരിൽ കൂടുതലോ പാടില്ല.

സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും

ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂർണതോതിൽ പ്രവർത്തിക്കും. മറ്റു സർക്കാർ ഓഫീസുകൾ അത്യാവശ്യമുള്ള ജീവനക്കാരെ െവച്ച് പ്രവർത്തിക്കും. ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്കു ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാർ ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളിൽ 33 ശതമാനം ജീവനക്കാരെത്തണം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ 35 ശതമാനം ജീവനക്കാർ ഹാജരാകണം. തിങ്കൾ മുതൽ വെള്ളി വരെയാവും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക. ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഏപ്രിൽ 20 മുതലും ഓറഞ്ച് എ സോണിൽ 24 മുതലുമാണ് ഈ പ്രവർത്തനങ്ങൾ.

കെഎസ്ആർടിസി ബസുകൾ തിങ്കളാഴ്‌ച്ച മുതൽ, നിരക്ക് ഉയർത്തണം എന്നാവശ്യം

ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ പെട്ട ജില്ലകളിൽ കെസ്ആർടിസി ബസുകൾ തിങ്കളാഴ്‌ച്ച മുതൽ ഓടിത്തുടങ്ങും. ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24നുമാണ് കെഎസ്ആർടിസി അടക്കമുള്ള ബസ് സർവീസുകൾ തുടങ്ങുക. ലോക്ഡൗണിനുശേഷം ബസുകൾ ഓടിത്തുടങ്ങുമ്പോൾ യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം നിർബന്ധമാണ്. ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്ന രീതിയിൽ അകലം പാലിക്കണമെങ്കിൽ യാത്രക്കാരുടെ എണ്ണം പകുതിയാക്കേണ്ടിവരും. നിന്നുള്ള യാത്രയും അനുവദനീയമല്ല. അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 20 ശതമാനം അധികം യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനുള്ള അനുമതി ബസുകൾക്കുണ്ട്. ഇത് പൂർണമായും ഒഴിവാക്കും. ഇതോടെ സ്വകാര്യ ബസുകാർ നിരക്ക കൂട്ടണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

50 സീറ്റുള്ള ബസിൽ പരമാവധി 25 യാത്രക്കാരെ മാത്രമാകും കയറ്റാനാകുക. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കിൽ ഇന്ധനച്ചെലവിനുള്ള തുകപോലും ലഭിക്കില്ല. നഷ്ടം നികത്താനുള്ള മാർഗം സർക്കാർ കണ്ടെത്തേണ്ടിവരും. നിശ്ചിത ശതമാനം നിരക്കുയർത്താൻ കഴിയുന്ന ഫ്‌ളെക്‌സി ചാർജ് സംവിധാനം സ്വീകരിക്കാമെന്ന് മോട്ടോർവാഹനവകുപ്പിന്റെ ശുപാർശ. എന്നാൽ ഇത് ഫലപ്രദമല്ലെന്നും നിലവിലെ ടിക്കറ്റിന്റെ ഇരട്ടിയോളം ഈടാക്കേണ്ടിവരുമെന്നുമുള്ള സൂചനയാണ് കെ.എസ്.ആർ.ടി.സി. അധികൃതരും സ്വകാര്യബസ് ഉടമകളും പങ്കുവെക്കുന്നത്.

റോഡ് നികുതി ഈടാക്കുന്നത് സീറ്റ് അടിസ്ഥാനമാക്കി ആയതിനാൽ സ്വകാര്യബസുകൾ പൊതുവേ സീറ്റ് കുറച്ചാണ് രജിസ്റ്റർ ചെയ്തിരുന്നത്. അത്തരം ബസ്സുകളിൽ ഒരു സീറ്റിന് ഒരാൾ എന്ന നിയന്ത്രണം കൊണ്ടുവന്നാൽ പരമാവധി യാത്രക്കാർ 20-ൽ താഴെയായി കുറയും. കെ.എസ്.ആർ.ടി.സി.യുടെ മാതൃകയിൽ മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റുകൾ സ്വകാര്യബസുകളിലില്ല. ഇവയിൽ അകലം പാലിച്ച് രണ്ടുപേർക്ക് ഇരിക്കാനാകും. ലോക്ഡൗണിന് ശേഷമുള്ള പൊതുഗതാഗതത്തിന് നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നത്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടായേക്കാം. ജില്ലകൾ തമ്മിൽ അതിർത്തി തിരിക്കുന്നതും റൂട്ട് ബസുകളെ ബാധിക്കും. ജില്ലാ അതിർത്തികളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് ഓടുന്ന നിരവധി ബസുകളുണ്ട്. നഷ്ടം നികത്താൻ ബദൽ നിർദ്ദേശങ്ങളും ഉയർന്നിട്ടുണ്ട്. റൂട്ട് ബസുകൾക്ക് നികുതികുറച്ച് ഡീസൽ നൽകണമെന്ന് സ്വകാര്യബസുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യും ഏറെക്കാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

മെയ്‌ മൂന്നുവരെ വിലക്ക് തുടരുന്നത്:

ആരോഗ്യപ്രവർത്തകർ, ശാസ്ത്രജ്ഞർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കൊഴികെയുള്ള ആഭ്യന്തര, വിദേശ യാത്രാവിമാന സർവീസുകൾ.
സുരക്ഷാജീവനക്കാർക്കു വേണ്ടിയല്ലാത്ത യാത്രാതീവണ്ടികൾ.
ജില്ലയ്ക്കു പുറത്തേക്കുള്ള പൊതുഗതാഗതം.
മെട്രോ റെയിൽ സർവീസ്.
മെഡിക്കൽ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള എല്ലാ അന്തസ്സംസ്ഥാന, ജില്ലാ യാത്രകളും.
വിദ്യാഭ്യാസസ്ഥാപനങ്ങൾ, പരിശീലനകേന്ദ്രങ്ങൾ, സമാനമായ മറ്റു സ്ഥാപനങ്ങൾ.
പ്രത്യേകമായി ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ലാത്ത വാണിജ്യവ്യവസായ സ്ഥാപനങ്ങൾ.
പ്രത്യേകം ഇളവ് അനുവദിക്കാത്ത ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ.
ഓട്ടോറിക്ഷ-ടാക്‌സി സർവീസുകൾ.
തിയേറ്ററുകൾ, മാൾ, ഷോപ്പിങ് കോംപ്ലക്‌സ്, ജിംനേഷ്യം, സ്‌പോർട്സ് കോംപ്ലക്‌സ്, നീന്തൽക്കുളം, വിനോദപാർക്കുകൾ, ബാർ, ഓഡിറ്റോറിയം തുടങ്ങിയവ.
എല്ലാ രാഷ്ട്രീയ, സാമൂഹിക, കായിക, വിനോദ, മതപരമായ ജനങ്ങളൊത്തുചേരുന്ന എല്ലാ ചടങ്ങുകളും.
ശവസംസ്‌കാരം, വിവാഹം തുടങ്ങിയ ഒത്തുചേരലുകൾക്ക് പരമാവധി 20 പേർക്കു മാത്രം പങ്കെടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP