Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ഡൗണിനിടയിലും പച്ചക്കറി ലോഡുകളുടെ മറവിൽ പുകയില ലഹരി വസ്തുക്കൾ എത്തുന്നു; മഞ്ചേരിയിൽ രണ്ടുപേർ അറസ്റ്റിൽ; പിടികൂടിയത് നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ സിഗരറ്റ് പായ്കറ്റുകളും; ഇവ ലഭിക്കാൻ 135000 രൂപ വാങ്ങിയെന്ന് പ്രതിയുടെ മൊഴി; കണക്കിൽപെടാത്ത ഒന്നരലക്ഷം രൂപയും പിടിച്ചെടുത്തു; ലോക്ഡൗൺ മറവിൽ നടക്കുന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടം

ജംഷാദ് മലപ്പുറം

മലപ്പുറം:ലോക്ഡൗണിനിടയിലും പച്ചക്കറി ലോഡുകളുടെ മറവിൽ മലപ്പുറത്തേക്ക് ലഹരി മരുന്നുകളെത്തുന്നു. ലോക്ഡൗണിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ രണ്ട് പേരാണ് ഇന്ന് മഞ്ചേരിയിൽ അറസ്റ്റിലായത്. ഇവരിൽനിന്നുംകണക്കിൽ പെടാത്ത ഒന്നര ലക്ഷം രൂപയും കണ്ടെത്തി. നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ സിഗരറ്റ് പായ്കറ്റുകളുമായാണ് രണ്ട് പേർ പിടിയിലായത്.

മഞ്ചേരി വട്ടപ്പാറ സ്വദേശി പൂഴിക്കുത്ത് അഷ്റഫ് എന്ന സലീന കുഞ്ഞാപ്പ (50), കൊണ്ടോട്ടി തുറക്കൽ കണ്ണഞ്ചേരി വീട്ടിൽ അബ്ദുസലീം (37) എന്നിവരെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റിനാർകോട്ടിക് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മഞ്ചേരി മുള്ളമ്പാറയിൽ വച്ചാണ് കൊണ്ടോട്ടി സ്വദേശിയായ അബ്ദുസലീമിനെ പിടികൂടിയത്. ഇയാൾ സ്‌കൂട്ടറിൽ ഹാൻസ് കടത്തുകയായിരുന്നു.

സലീമിനെ ചോദ്യം ചെയ്തതോടെയാണ് ജില്ലയിലെ മൊത്തകച്ചവടക്കാരനായ അഷ്റഫ് എന്ന സലീന കുഞ്ഞാപ്പയെ കുറിച്ചുള്ള വിവരം ലഭിച്ചത്. മഞ്ചേരി പഴയ ബസ്്സ്റ്റാന്റിനുള്ളിലെ സലീന സ്റ്റോർ നടത്തുന്നയാളാണ് അഷ്റഫ്.

ഇയാളിൽ നിന്നാണ് 1500 ഓളം പായ്കറ്റ് ഹാൻസും നിരോധിത വിദേശ നിർമ്മിത സിഗരറ്റുകളും വാങ്ങിയതെന്ന് അബ്ദുസലീം പൊലീസിനോട് പറഞ്ഞു. ലഹരി വസ്തുക്കൾ ലഭിക്കാൻ 135000 രൂപ അഷ്റഫ് വാങ്ങിയെന്നും സലീം സമ്മതിച്ചു. ഇതിനെ തുടർന്ന് പൊലീസും നഗരസഭാ ആരോഗ്യ വിഭാഗവും സലീന സ്റ്റോറിൽ പരിശോധന നടത്തി. ആയിരത്തോളം പാക്കറ്റ് സിഗരറ്റും 234 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

കണക്കിൽ പെടാത്ത ഒന്നര ലക്ഷം രൂപയും കണ്ടെത്തി. പിടിച്ചെടുത്ത പ്ലാസ്റ്റിക് കവറുകൾ നഗരസഭാ ആരോഗ്യ വിഭാഗത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു. അഷ്റഫ് എന്ന സലീന കുഞ്ഞാപ്പയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഹരി സംഘത്തിലെ കൂടുതൽ ആളുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

പച്ചക്കറി ലോഡുകളുടെ മറവിലാണ് മഞ്ചേരിയിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നതെന്നാണ് വിവരം. മുൻപ് കുഞ്ഞാപ്പയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ആളിൽ നിന്ന് 10 ലക്ഷം രൂപ വില വരുന്ന ഹാൻസ് ഉത്പന്നങ്ങൾ ജില്ലാ ആന്റിനാർകോട്ടിക് സ്‌ക്വാഡ് പിടികൂടിയിരുന്നു.

മഞ്ചേരി സിഐ അലവി, എസ്‌ഐ സുമേഷ് സുധാകർ, ജില്ലാ ആന്റിനാർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, ഹരികൃഷ്ണൻ, സുബൈർ, ശശികുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതേ സമയം പൊന്നാനി എക്‌സൈസ് റേഞ്ച് ഓഫീസിന് കീഴിൽ 2.5 ലിറ്റർ ചാരായം പിടിച്ചു.തങ്ങൾപടി കെൽട്രോൺ കടവിൽ നിന്നാണ് ഭാരതപ്പുഴയുടെ തീരത്ത് കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പത്തു ലിറ്റർ കന്നാസ്സിൽ 2.5 ലിറ്റർ ചാരായം എക്‌സൈസ് സംഘം കണ്ടെടുത്തത്.

സംഭവത്തിൽ പൊന്നാനി റേഞ്ച് ഓഫീസിൽ കേസ് എടുത്തു.പ്രതികളെ കുറിച്ച് അന്വേഷിക്കുകയാണന്നും പ്രതികൾ ഉടൻ പിടിയിൽ ആകുമെന്നും അന്വേഷണ സംഘം അറിയിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ എ.ടി ജോബി , പ്രിവന്റീവ് ഓഫിസർമാരായ അജോ ജോൺസൺ,വി.ആർ രാജേഷ് കുമാർ , സിവിൽ എക്‌സൈസ് ഓഫിസർ മാരായ പി.പി പ്രമോദ്, വി എസ് പ്രഫുല്ലചന്ദ്രൻ , ബി സനൽ കുമാർ , എസ് ശ്രീജിത്ത് , ഷാനി പരിശോധനയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP