Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏപ്രിൽ 14ന് ശേഷവും സമ്പൂർണ ലോക്ക്ഡൗൺ തുടരണം എന്ന് ആവശ്യപ്പെട്ടത് ഏഴ് സംസ്ഥാനങ്ങൾ; മൂന്ന് ഘട്ടമായി പിൻവലിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചു കേരള സർക്കാർ; 'ഹോട്ട്സ്പോട്ടുകളിൽ' കർശന നിയന്ത്രണം തുടരണമെന്ന ആവശ്യത്തിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും; സംസ്ഥാന അതിർത്തി അടയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ജാർഖണ്ഡും അസമും; ലോക്ക് ഡൗൺ നീട്ടണമെന്ന് ഐഎംഎയും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിതല സമിതിയും; അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം

ഏപ്രിൽ 14ന് ശേഷവും സമ്പൂർണ ലോക്ക്ഡൗൺ തുടരണം എന്ന് ആവശ്യപ്പെട്ടത് ഏഴ് സംസ്ഥാനങ്ങൾ; മൂന്ന് ഘട്ടമായി പിൻവലിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചു കേരള സർക്കാർ; 'ഹോട്ട്സ്പോട്ടുകളിൽ' കർശന നിയന്ത്രണം തുടരണമെന്ന ആവശ്യത്തിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും; സംസ്ഥാന അതിർത്തി അടയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ജാർഖണ്ഡും അസമും; ലോക്ക് ഡൗൺ നീട്ടണമെന്ന് ഐഎംഎയും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിതല സമിതിയും; അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്ക് 5844 ലേക്ക് ഉയർന്നതോടെ രാജ്യത്തെങ്ങും ഇപ്പോഴും ജാഗ്രത തുടരുകയാണ്. രോഗവ്യാപനം തടയാൻ വേണ്ടി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കേന്ദ്രസർക്കാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ടെലിവിഷനിലൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്താണ് ഈ വിവരം അറിയിച്ചത്. 21 ദിവസത്തെ ലോക്ക്ഡൗൺ തീരാൻ ഇനി അവശേഷിക്കുന്നത് ഒരാഴ്‌ച്ച മാത്രമാണ്. ഇതോടെ ജനങ്ങൾ വീർപ്പുമുട്ടിക്കൊണ്ടു ചോദിക്കുന്നത് ഇനിയും ലോക്കഡൗൺ നീട്ടുമോ അതോ അവസാനിപ്പിക്കുമോ എന്നതാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം കേന്ദ്രസർക്കാർ ലോക്ക്ഡൗൺ നീട്ടാനുള്ള സാധ്യതയാണ് കാണുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകളുടെ നിലപാട് അറിയാൻ വേണ്ടി റിപ്പോർട്ടു തേടിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എങ്ങനെയാണ് ലോക്ക് ഡൗൺ പിൻവലിക്കേണ്ടത് എന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ലോക്ക് ഡൗൺ നീട്ടുന്നതുമായി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം സംസ്ഥാനത്തിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ കേന്ദ്ര സർക്കാരാണ് പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിൽ കേന്ദ്രം എന്ത് തീരുമാനമാണ് സ്വീകരിക്കുന്നതെന്ന് അറിഞ്ഞതിന് ശേഷമാകും കേരളം തീരുമാനമെടുക്കുക. വ്യത്യസ്തത വേണോ കൂട്ടിച്ചേർക്കൽ വേണോ എന്നുള്ളതെല്ലാം പിന്നീട് തീരുമാനിക്കും, മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ അന്തിമമായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തന്നെയാകും എന്ന് ഉറപ്പാണ്. കേന്ദ്ര മന്ത്രിമാരിൽ നിന്നടക്കം ഇതേക്കുറിച്ച് തീരുാമനം തിരക്കിയിരിക്കയാണ് പ്രധാനമന്ത്രി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാലാഴ്‌ച്ച കൂടി അടച്ചിടാൻ നിർദ്ദേശിച്ച് കേന്ദ്രമന്ത്രിതല സമിതി

കോവിഡ് വ്യാപനം തടയാൻ വേണ്ടി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കേണ്ട എന്നതാണ് കേന്ദ്രമന്ത്രിമാരുടെയും ശുപാർശ. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത നാല് ആഴ്ചത്തേക്കു കൂടി അടച്ചിടണമെന്ന് ശുപാർശയുമായി മന്ത്രിമാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയും മെയ്‌ 15 വരെ അടച്ചിടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഒരു സംഘം മന്ത്രിമാർ ചൊവ്വാഴ്ച നൽകിയ ശുപാർശയിൽ മതപരമായ ചടങ്ങുകൾക്കായി ഒത്തുകൂടുന്നതും നാലാഴ്ചത്തേക്ക് റദ്ദാക്കണമെന്നു പറഞ്ഞത്. രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ സർക്കാർ കൃത്യമായ തീരുമാനം പറയാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ നിർദ്ദേശമെന്നാണു സൂചന.

കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും. എന്നാൽ കോവിഡ് 19 രോഗം പിടിപെടുന്നവരുടെ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടണമെന്ന തീരുമാനത്തിലാണ്. രാജ്യ താൽപര്യത്തിന് അനുസരിച്ചേ ഈ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ തിങ്കളാഴ്ച അറിയിച്ചത്. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ കണക്കിലെടുക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന.

കേന്ദ്ര സർക്കാരുമായി ചൊവ്വാഴ്ച നടന്ന നാലാമത്തെ ചർച്ചയിലാണു ലോക്ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നു നിർദ്ദേശം വിവിധ മന്ത്രിമാർ മുന്നോട്ടുവച്ചതെന്നാണ് സൂചന. നിലവിൽ മിക്ക സ്‌കൂളുകൾക്കും കോളജുകൾക്കും വേനൽ അവധി തുടങ്ങി. അതേപോലെ ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാൽ ആരാധനാലയങ്ങളും അടച്ചിടണമെന്നും അവിടെ കൃത്യമായി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കണമെന്നും റിപ്പോർട്ട് നൽകി. ഇവയ്ക്കു പുറമേ ഷോപ്പിങ് മാളുകളും അടയ്ക്കണമെന്ന് നിർദ്ദേശവും ഉണർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്ര നിർമല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പാർലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോൺഫറൻസ് ചർച്ച നിർണായകമാണ്.

'ഹോട്ട്സ്പോട്ടുകളിൽ' കർശന നിയന്ത്രണം വേണമെന്ന് സംസ്ഥാനങ്ങൾ

ഒരാഴ്‌ച്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ഹരിയാന, തെലങ്കാന, കർണാടകം സംസ്ഥാനങ്ങളാണ് രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചാൽ മതി. അടച്ചിടൽ പിൻവലിച്ചാലും 'ഹോട്ട്സ്പോട്ടുകളിൽ' കർശന നിയന്ത്രണം തുടരണമെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാന അതിർത്തി അടയ്ക്കാൻ അനുവദിക്കണമെന്ന് ജാർഖണ്ഡും അസമും ആവശ്യപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള സംഘടനകളും വിദഗ്ധരും അടച്ചിടൽ തുടരണമെന്ന് ആവശ്യപ്പെട്ടു. മാർച്ച് 24നാണ് മൂന്നാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.

രാജ്യവ്യാപക അടച്ചിടലിന് പകരം രോഗം പടരുന്ന മേഖലകളിൽ നിയന്ത്രണം കർക്കശമാക്കിയാൽമതിയെന്ന് കേന്ദ്രമന്ത്രിമാർ തയ്യാറാക്കിയ നിർദ്ദേശമുണ്ട്. 'ഹോട്ട് സ്പോട്ടുകളിൽ' സമ്പൂർണ അടച്ചുപൂട്ടൽ തുടരണം. ഒരാഴ്ച തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യാത്ത മേഖലകളിൽ ഇളവനുവദിക്കും. വീണ്ടും പുതിയ രോഗികൾ ഉണ്ടായാൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തണം എന്നും ശുപാർശയുണ്ട്. കർശന നിയന്ത്രണമില്ലെങ്കിൽ ഒരാളിൽനിന്ന് 30 ദിവസംകൊണ്ട് 406 പേരിലേക്ക് കോവിഡ് പടരാമെന്ന് ഐസിഎംആറിന്റെ പഠനം പറയുന്നു. അടച്ചുപൂട്ടൽ നീട്ടിയാൽ സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അഭ്യർത്ഥിച്ചു. ആരോഗ്യത്തിനാണോ സമ്പദ്ഘടനയുടെ കെട്ടുറപ്പിനാണോ പ്രാധാന്യം നൽകേണ്ടതെന്ന ചോദ്യം ഉയർന്നാൽ ആരോഗ്യത്തിനുതന്നെയാണ് പ്രഥമപരിഗണനയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ദേശീയ ലോക്ക് ഡൗൺ നീട്ടണമെന്ന നിർദ്ദേശവുമായി മധ്യപ്രദേശും രംഗത്തെത്ത. നേരത്തെ ലോക്കഡൗൺ നീട്ടേണ്ട കാര്യമില്ലെന്നായിരുന്നു മധ്യപ്രദേശിന്റെ ആവശ്യം. ലാക്ക് ഡൗൺ നീട്ടുകയല്ലാത്തെ കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളും വിദഗ്ദ്ധന്മാരും ലോക്ക് ഡൗൺ നീട്ടണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഈ നിലയിൽ സർക്കാർ ചർച്ചകളും ആലോചനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ ഉന്നത കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

മൂന്ന് ഘട്ടമായി പിൻവലിക്കണമെന്ന് കേരള സർക്കാർ

മൂന്ന് ഘട്ടങ്ങളിലായി മാത്രമേ സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കാവൂ എന്നാണ് കേന്ദ്രസർക്കാറിന് കേരളത്തിലെ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഒന്നാം ഘട്ടത്തിൽ പൊതുഗതാഗത സംവിധാനങ്ങൾക്ക് അടക്കം നിയന്ത്രണം നിലനിൽക്കും. ട്രെയിൻ, വ്യോമ ഗതാഗതകളും മദ്യവിൽപ്പനയും ആദ്യഘട്ടത്തിൽ പുനരാരംഭിക്കില്ല. ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും കർമ്മ സമിതി നൽകിയ നിർദ്ദേശത്തിലെ ഒന്നാം ഘട്ടത്തിൽ പറയുന്നു.

ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്നാണു സമിതിയുടെ ശുപാർശ. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളും അടിസ്ഥാന മാദനണ്ഡമാക്കി ആകണം ലോക്കഡൗൺ പിൻവലിക്കേണ്ടത്. രോഗവ്യാപനം കൂടിയാൽ ഉടൻ നിയന്ത്രണം കർശനമാക്കുമെന്നത് ജനത്തെ അറിയിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാൽ ലോക്ഡൗൺ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം ബുധനാഴ്ച കേന്ദ്രസർക്കാരിനെ അറിയിക്കും. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദ്ദേശങ്ങളിലുള്ളത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങൾ പിൻവലിക്കുക.

ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങളിൽ പറയുന്നത് 19കാര്യങ്ങളാണ്:

പുറത്തിറങ്ങണം എങ്കിൽ മുഖാവരണം വേണം.
ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം.
യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം.
തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം വേണം.
നിയമപരമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം.
ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവാദം നൽകൂ.
മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം.
65 വയസ്സിനു മേൽ പ്രായമുള്ളവർ പുറത്തിറങ്ങരുത്.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്.
വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും.
ഞായറാഴ്ചകളിൽ കർശനമായ വാഹന നിയന്ത്രണം.
5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്.
മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്.
ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം.
റെയിൽ-വ്യോമഗതാഗതം പൂർണമായും നിരോധിക്കണം
സംസ്ഥാനത്ത് പുറത്ത് നിന്നുള്ളവരെ കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്
സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ മാത്രം
സുപ്പർ മാർക്കറ്റുകൾ, മാളുകൾ, തിയേറ്ററുകൾ, ബാർ, കോൺഫറൻസ് ഹാൾ എന്നിങ്ങനെ കേന്ദ്രീകൃത എ.സി സംവിധാനം ഉപയോഗിക്കുന്നവയെ പ്രവർത്തിക്കാൻ അനുവദിക്കരുത്.

രണ്ടാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ 14 ദിവസത്തിനുള്ളിൽ ഒരു പുതിയ കേസുപോലും ഉണ്ടാകരുത് എന്നതാണ് നിബന്ധനയായി തയ്യാറാക്കിയിരിക്കുന്ന കാര്യം. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ കൂടരുത്. ഒരു കോവിഡ് ഹോട്സ്പോട്ടും പാടില്ലെന്നും രണ്ടാം ഘട്ടത്തിൽ നിർദ്ദേശമുണ്ട്. മൂന്നാം ഘട്ടത്തിനുള്ള മാർഗ രേഖ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയാകണം. സംസ്ഥാനത്തെവിടെയും ഒരു കോവിഡ് ഹോട്സ്പോട്ടും പാടില്ലെന്നും നിർദ്ദേശിക്കുന്നു. മൂന്നാം ഘട്ടത്തിലാണ് മദ്യവിൽപ്പന അടക്കമുള്ള കാര്യങ്ങളിലേക്ക് സർക്കാറിന് കടക്കാൻ സാധിക്കുക.

രണ്ടാം ഘട്ടത്തിലെ നിയന്ത്രണങ്ങങ്ങൾ ചുവടേ:

1.നിയന്ത്രണങ്ങൾക്ക് വിധേയമായി ഓട്ടോ-ടാക്സി സർവീസ് അനുവദിക്കാം
2.സിറ്റി സർവീസ് ബസുകൾക്ക് അനുമതി നൽകാം. ഒരു സീറ്റിൽ ഒരു യാത്രക്കാരൻ മാത്രം
3.ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് മുൻ കരുതലെടുത്ത് പ്രവർത്തിക്കാം
4.വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് വരെ പങ്കെടുക്കാം
5.വിവിധ തൊഴിലിടങ്ങളിൽ പരമാവധി 20 തൊഴിലാളികൾ മാത്രം
6. സാമൂഹിക അകലം പാലിച്ച് അര കിലോ മീറ്റർ പ്രഭാത സവാരിക്ക് അനുമതി

മൂന്നാം ഘട്ടം

1.അന്തർ ജില്ലാ ബസുകൾക്ക് മൂന്നിൽ രണ്ട് യാത്രക്കാരുമായി സഞ്ചരിക്കാൻ അനുമതി. ബസ് ഉടമകൾ സാനിറ്റൈസർ ഉൾപ്പടെസുരക്ഷാ സംവിധാനങ്ങളൊരുക്കണം. ഫേസ്മാസ്‌കും നിർബന്ധം
2.വിദേശ വിമാനയാത്രക്ക് അനുമതിയുണ്ടാവില്ല. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി നാട്ടിലെത്തിക്കാം
3.മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻൈറൻ നിർബന്ധം
4.പരീക്ഷകൾക്ക് മാത്രമായി സ്‌കൂളുകളും കോളജുകളും തുറക്കാം
5.ഐ.ടി കമ്പനികൾ ഭാഗികമായി തുറക്കാം. വർക്ക് ഫ്രം ഹോം സാധ്യമായവർക്ക് അത് നൽകണം
6.മാളുകളും സ്റ്റോറുകൾക്കും തുറന്ന് പ്രവർത്തിക്കാം. ഒരു കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് മാത്രം പ്രവേശനം. കടകളിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണം
7.കോടതികളുടെ പ്രവർത്തനം ഹൈക്കോടതിക്കു തീരുമാനിക്കാം
8.ബെവ്കോ ഓൺലൈൻ ഡെലിവറി തുടങ്ങണം
9.മതചടങ്ങുകൾക്കുള്ള വിലക്ക് തുടരും

മൂന്ന് ഘട്ടത്തിലും മാനദണ്ഡങ്ങൾ പാലിക്കുന്ന ജില്ലകൾക്കായിരിക്കും ഇളവുകൾ നൽകുക. ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നഷ്ടമാകാൻ ഇടയാക്കും. അതുകൊണ്ട് മൂന്ന് ഘട്ടങ്ങളായി ലോക്ക്ഡൗൺ പിൻവലിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധസമിതി ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

ജില്ലകൾ പരിഗണിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. മാനദണ്ഡങ്ങൾ പാലിച്ചാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കക. മറ്റിടങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിച്ചാൽ സാമൂഹ്യവ്യാപനത്തിന് ഇടയാക്കുമോ തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിച്ചാവണം തീരുമാനമെടുക്കേണ്ടതെന്നും വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെങ്കിൽ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ട് ജില്ലകളായി കണ്ടെത്തിയവയെ ഒഴിവാക്കിയേക്കും.

ലോക്ഡൗണിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 70% തകർന്നു

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ തകർത്തത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 70 ശതമാനമെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഖനന, നിർമ്മാണ, ഉൽപാദന, സേവന മേഖലകളിലെ പത്തുകോടിയോളം ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അടുത്ത മൂന്ന് മാസത്തേക്ക് ചുരുങ്ങിയത് 2000 രൂപയുടെ ധനസഹായം നൽകിയില്ലെങ്കിൽ ഇവരുടെ അവസ്ഥ ഗുരുതരമാകുമെന്നും ഗാർഗ് മുന്നറിയിപ്പ് നൽകി.

പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാരുകളുടെ വരുമാനം നിലച്ചത് ബുദ്ധിമുട്ടുകൾക്ക് ആക്കം കൂട്ടി. ഒരു വർഷത്തിനുള്ളിൽ വരുമാനക്കുറവിന്റെ തോത് 2,00,000 കോടിയാകുമെന്നും സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. കേന്ദ്ര നികുതിയുടെ വിഹിതം ഗഡുക്കളായി ഉടനെതന്നെ സംസ്ഥാനങ്ങൾക്ക് അനുവദിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരുകൾ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം അനുവദിക്കാൻ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കൊവിഡ് വ്യാപനത്തിന് പിന്നാലെയുണ്ടായ ഇടിവിനെ അട്ടിമറിച്ച് ഓഹരിവിപണിയിൽ ഇന്നലെ ഉണർവ്വുണ്ടായി. വ്യാപാരം ആരംഭിച്ചതുമുതൽ സെൻസെക്സും നിഫ്റ്റിയും മികച്ച പ്രകടനമായിരുന്നു. സെൻസെക്സ് 2,476 പോയിന്റ് ഉയർന്ന് 30,067ൽ എത്തിയാണ് അവസാനിച്ചത്. പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്. നിക്ഷേപകരുടെ ആസ്തിയിൽ എട്ട് ലക്ഷം കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി 8.76 ശതമാനം ഉയർന്ന് 8,792ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, ഊർജ്ജം എന്നീ മേഖലകളിലെ സൂചികകൾ പത്ത് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ആഗോള തലത്തിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചിരിക്കുന്നത്. ന്യൂയോർക്ക്, യൂറോപ് എന്നിവിടങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമാവുന്നു എന്നത് വാൾസ്ട്രീറ്റിലും പ്രതിഫലിച്ചിട്ടുണ്ട്. നിക്കി രണ്ട് ശതമാനം നേട്ടം കൊയ്തു. മരുന്നുകളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുത്തിയത് ഫാർമ കമ്പനികളുടെ ഓഹരികൾക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ട്. മികച്ച ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തിയപ്പോൾ ആവശ്യക്കാരുണ്ടായി എന്നതും വിപണിയിൽ ഉണർവുണ്ടാക്കി. ഓഹരികൾ നിലംപതിച്ചത് ആവശ്യക്കാരായ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മികച്ച അവസരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP