Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ പകുതിയിലേറെ മഹൽ കമ്മിറ്റികൾ പള്ളികൾ ഉടൻ തുറക്കേണ്ടയെന്ന് തീരുമാനത്തിൽ തന്നെ; സർക്കാർ നിയമഭങ്ങൾക്ക് അനുശ്രിതമായി തുറന്നാൽ മതിയെന്ന് കാന്തപുരവും; ഇടവകകളിലെ പള്ളികൾ തുറക്കാനൊരുങ്ങി വിവിധ സഭകളും; സുനഹദോസിന്റെ തീരുമാന ശേഷം കത്തോലിക്ക സഭ തുറക്കും; യാക്കോബായ പള്ളികൾ ഉടൻ തുറക്കില്ല; ലോക്ക്ഡൗൺ ഇളവുകൾ വന്നതിന് പിന്നാലെ ആരാധനാലായങ്ങൾ തുറക്കുന്നതും ആശയക്കുഴപ്പത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ ഭൂരിപക്ഷവും ലോക്ഡൗണിൽതന്നെ തുടരാൻ തീരുമാനിച്ചതിനു പിന്നിലെ പ്രധാനകാരണം അപ്രായോഗികമായ മാനദണ്ഡങ്ങൾ. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് വിശ്വാസികളുടെ പ്രവേശനം സംബന്ധിച്ച തിരഞ്ഞെടുപ്പായിരിക്കുമെന്നാണ് മിക്ക മഹല്ല് കമ്മിറ്റികളും ചൂണ്ടിക്കാട്ടിയത്.

പരമാവധി 100 പേരെയാണ് ഒരുസമയം നമസ്‌കാരത്തിനു പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ, സുബ്ഹി മുതൽ ഇശാഅ് വരെയുള്ള നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ നൂറിലേറെ വിശ്വാസികളെത്തിയാൽ അവരിൽനിന്ന് എങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്.

പള്ളികളിലെ അണുനശീകരണം സാധ്യമാക്കാമെങ്കിലും നമസ്‌കാരപ്പായയിലെ അണുനശീകരണം ഓരോ നമസ്‌കാരത്തിനുശേഷവും സാധ്യമാകില്ല. 65 വയസ്സിനു മുകളിലുള്ളവരെ പള്ളിയിൽ പ്രവേശിപ്പിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. ഈ പ്രായത്തിനു മുകളിലുള്ള ഇമാമുമാരുള്ള പള്ളികൾ ഏറെയുണ്ട്.

പള്ളികളിൽ സന്ദർശക രജിസ്റ്റർ ഉൾപ്പെടെയുള്ള കാര്യങ്ങൾ എർപ്പെടുത്താമെങ്കിലും അതിലും പ്രയാസങ്ങൾ നേരിടാമെന്ന് മഹല്ല് കമ്മിറ്റികൾ പറയുന്നു. പള്ളികൾ തുറന്നാൽ യാത്രക്കാരായ ഒരുപാടുപേർ വരാനുള്ള സാധ്യതയും കൂടും. അപരിചിതരായ അത്തരം ആളുകളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ വെല്ലുവിളിയാകുമെന്നും മഹല്ല് കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ആരാധനാലയങ്ങൾ തുറക്കും

സർക്കാർ നിർദേശപ്രകാരമുള്ള സാമൂഹികാകലം പാലിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ആരാധനാലയങ്ങൾ തുറക്കും. തിടുക്കത്തിൽ തുറക്കേണ്ടതില്ലെന്നും ഇടവകാംഗങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയാണ് ശുശ്രൂഷകൾ ആരംഭിക്കേണ്ടതെന്നും ഒരുക്കങ്ങൾക്കായി ജൂൺ 14 വരെ സാവകാശമുണ്ടെന്നും സഭ ഇടവകകൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.

65 വയസ്സിനുമുകളിലുള്ളവരും പത്തുവയസ്സിനുതാഴെയുള്ളവരും പള്ളിയിൽ വരരുത്. ആരാധനയിൽ പരമാവധി 100 പേരാണ് പങ്കെടുക്കുക. ആറടി അകലം പാലിച്ചായിരിക്കണം ആരാധന നടത്തേണ്ടത്. ഓരോ കുർബാനയ്ക്കുശേഷവും ദേവാലയങ്ങൾ വൃത്തിയാക്കും. സാനിറ്റൈസറും മാസ്‌കും നിർബന്ധമാക്കും. ആരാധനയ്ക്ക് വരുന്നവരുടെ പേരുവിവരം ഫോൺനമ്പർ ഉൾപ്പെടെ രജിസ്റ്ററിൽ എഴുതി പള്ളിയിൽ സൂക്ഷിക്കണം.

ആരാധന ഇടവകാംഗങ്ങൾക്കുമാത്രമായിരിക്കും. വിശുദ്ധകുർബാന ഒരുമണിക്കൂറിൽ അവസാനിപ്പിക്കണം. 10 മിനിറ്റുമാത്രമേ വചനപ്രഘോഷണം അനുവദിക്കൂ. പ്രഭാതപ്രാർത്ഥന ഭവനത്തിൽ നടത്തണം. മതബോധനക്ലാസുകൾ നിർത്തിവെക്കും. ഓൺലൈൻ ക്ലാസുകൾ നടത്താം. കുർബാനയ്ക്ക് ഇടവക തീരുമാനപ്രകാരം വിവിധ ഗ്രൂപ്പുകളായി സംബന്ധിക്കണം. ആവശ്യമെങ്കിൽ ഒന്നിൽക്കൂടുതൽ കുർബാന ക്രമീകരിക്കണം.

നിബന്ധനകൾക്കുവിരുദ്ധമായി പ്രവർത്തിക്കുന്ന ദേവാലയങ്ങളിലെ ആരാധനാശുശ്രൂഷകൾ താത്കാലികമായി രൂപതാധ്യക്ഷൻ നിർത്തിവെക്കും. ഞായറാഴ്ച കുർബാനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിബന്ധനയിലും ഇളവുണ്ട്. പകരം ഏതെങ്കിലും ദിവസത്തെ കുർബാനയിൽ പങ്കെടുത്താൽ മതിയെന്നും അറിയിപ്പിൽ പറയുന്നു.ലോക്ഡൗണിന് ശേഷം പള്ളികൾ തുറക്കുമ്പോൾ ആരാധനകൾക്ക് എന്ത് ക്രമീകരണമാണ് വേണ്ടതെന്ന് ചൊവ്വാഴ്ച ചേരുന്ന സഭാ സുന്നഹദോസ് തീരുമാനിക്കുമെന്ന് ഓർത്തഡോക്‌സ് സഭാ വക്താവ് ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് അറിയിച്ചത്.

പള്ളികൾ തുറക്കാൻ തൃശൂർ അതിരൂപത

ചൊവ്വാഴ്ച മുതൽ പള്ളികൾ തുറക്കാൻ തൃശ്ശൂർ അതിരൂപത തീരുമാനിച്ചു. മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഇതിനുള്ള മാർഗനിർദേശങ്ങൾ നൽകി. വിശുദ്ധ കുർബാനയ്ക്ക് പരമാവധി നൂറുപേരിൽ കൂടാൻ പാടില്ല. വ്യക്തികൾ തമ്മിൽ ആറടി അകലംപാലിക്കുന്ന രീതിയിൽ സ്ഥലം അടയാളപ്പെടുത്തണം.

65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും ഗർഭിണികളും രോഗലക്ഷണങ്ങളുള്ളവരും മറ്റു രോഗങ്ങളുള്ളവരും പള്ളിയിൽ വരരുത്. പ്രവേശിക്കുംമുമ്പ് കൈകാലുകൾ വൃത്തിയാക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെരുപ്പുകൾ നിശ്ചിത അകലത്തിൽ പള്ളിക്കു പുറത്ത് സൂക്ഷിക്കുകയും വേണം.

യാക്കോബായ സുറിയാനി പള്ളികൾ ജൂൺ 30 ന് ശേഷം

യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളിലെ മുഴുവൻ പള്ളികളും ജൂൺ 30ന് ശേഷം തുറക്കും.
സർക്കാരിന്റെ മുൻ തീരുമാനം അതുവരെ അനുസരിച്ച് കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ പുരോഹിതനുൾപ്പെടെ അഞ്ച് പേർ വിശുദ്ധ കുർബാനയിൽ സംബന്ധിക്കും. മാസ്‌ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും പ്രതിരോധനടപടികൾ ക്രമീകരിക്കണമെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.

ലോക്ഡൗണിന് ശേഷം പള്ളികൾ തുറക്കുമ്പോൾ ആരാധനയുടെ ദൈർഘ്യം കുറയ്ക്കണമെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ. വിശ്വാസികൾ കുമ്പസാരവും കുർബാന സ്വീകരിക്കലും ഒഴിവാക്കണമെന്നും പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു.

കൂടുതൽ വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കുന്നതിന് വൈകുന്നേരങ്ങളിലുൾപ്പെടെ കൂടുതൽ ദിവസങ്ങളിൽ കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പള്ളിക്കുള്ളിൽ വ്യക്തികൾ തമ്മിൽ ആറടി അകലം ഉറപ്പാക്കണം. 65 വയസ്സ് കഴിഞ്ഞ വൈദികർക്ക് പകരം സംവിധാനം ക്രമീകരിക്കും. വിശ്വാസികൾ പള്ളിയുടെ പടിഞ്ഞാറെ വാതിലിലൂടെ കയറി കിഴക്കേയറ്റത്തെ തെക്ക്-വടക്ക് വാതിലിലൂടെ പുറത്തേക്ക് പോകണം. ചെരുപ്പുകൾ അകലം പാലിച്ച് സൂക്ഷിക്കണമെന്നും ബാവാ വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP