Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളം ഓറഞ്ച് എ സോണിൽപ്പെട്ടതോടെ രാവിലെ മുതൽ നഗരത്തിൽ വാഹനങ്ങളുടെ ക്രമാതീതമായ തിരക്ക്; പരിശോധന കർശനമാക്കി വാഹനങ്ങളെ കടത്തിവിട്ട് നിയന്ത്രണമൊരുക്കി പൊലീസും; ലോക്ക് ഡൗൺ ഇളവിൽ ജാഗ്രതയുമായി കൊച്ചി നഗരത്തിൽ പൊലീസിന്റെ റൂട്ട് മാർച്ചും; കൊച്ചി കോർപ്പറേഷനും മുളവുകാട് പഞ്ചായത്തും ഹോട്‌സ്‌പോട്ട് നിരീക്ഷണത്തിൽ തന്നെ; വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി.സി.പി പൂങ്കുഴലി ഐ.പി.എസ് മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ജനങ്ങൾ വ്യാപകമായി തെരുവിലിറങ്ങിയതോടെ പൊലീസ് മുന്നറിയിപ്പിന്റെ ഭാഗമായി റൂട്ട് മാർച്ച് നടത്തി. കൊച്ചി കോർപ്പറേഷൻ, മുളവുകാട് എന്നീ മേഖലകളിലാണ് കൊച്ചി ഡി.സി.പി പൂങ്കുഴലി ഐ.പി.എസിന്റെയും എ.സി.പി ലാൽജിയുടെയും നേതൃത്വത്തിൽ റൂട്ട് മാർച്ച്. അൻപതോളം സേനാംഗങ്ങളുമായുള്ള റൂട്ട് മാർച്ച് നാട്ടുാകർക്ക് കൗതുകമായി. മാർച്ച് വരുന്നത് കണ്ട് കൂട്ടം കൂടി നിന്നിരുന്നവർ ഓടി രക്ഷപെടുന്ന കാഴ്ചയും കാണാമായിരുന്നു. റോഡിൽ അനാവശ്യമായി കറങ്ങി നടന്നവരെ ഡി.സി.പി താക്കീത് നൽകുകയും ചെയ്തു.

നാളെ അനധികൃതമായി സർക്കാർ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി.സി.പി പൂങ്കുഴലി ഐ.പി.എസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കൊച്ചി കോർപ്പറേഷനും മുളവുകാട് പഞ്ചായത്ത് കോവിഡ് ഹോട്ട് സ്പോട്ടാണ്. അതിനാൽ മെയ് മൂന്ന് വരെ എറണാകുളത്ത് ലോക്ക് ഡൗൺ ആയിരിക്കും. ഈ സാഹചര്യത്തിൽ പുറത്തിറങ്ങിയാൽ കർശന നിയമ നടപടി സ്വീകരിക്കും. അതു പോലെ തന്നെ ടൂവീലറുകളിൽ രണ്ട് പേർ വീതം യാത്ര ചെയ്യുന്നത് ഇന്ന് ശ്രദ്ധയിൽപെട്ടു. ഒരാൾക്ക് മാത്രമാണ് യാത്ര അനുവദിച്ചിരിക്കുന്നത്. നാളെ മുതൽ രണ്ട് പേർ ഒരുമിച്ച് ടൂവീലറിൽ യാത്ര ചെയ്താൽ വാഹനം പിടിച്ചെടുക്കും. ഒപ്പം യാത്ര ചെയ്യുന്നത് അമ്മയോ ഭാര്യയോ സഹോദരിയോ ആണെങ്കിൽ മാത്രം ഇളവ് നൽകുമെന്നും അവർ വ്യക്തമാക്കി.

ഇന്ന് ജില്ലയിൽ കോവിഡ് 19 ഭീതി അകന്നതോടെ നഗരത്തിലേയ്ക്ക് വാഹനങ്ങളുടെ പ്രവാഹമായിരുന്നു. ഹോട്സ്പോട്ടായി സർക്കാർ നിശ്ചയിച്ചിട്ടുള്ള എറണാകുളം കോർപറേഷൻ പരിധിയിൽ ഇതു വകവയ്ക്കാതെയാണ് ഇളവുകൾ നടപ്പായെന്ന മട്ടിൽ രാവിലെ മുതൽ ആളുകൾ ഇറങ്ങിത്തുടങ്ങിയത്. ഇരുചക്ര വാഹനങ്ങളും കാറുകളും ധാരാളമായി രാവിലെ മുതൽ നഗരത്തിലേയ്ക്ക് എത്തി. ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, കലൂർ, എംജി റോഡ് പ്രദേശങ്ങളിൽ അതുകൊണ്ടു തന്നെ രാവിലെ വാഹനങ്ങളുടെ തിരക്ക് കാര്യമായി പ്രകടമായിരുന്നു.

ഓറഞ്ച് എ സോണിലാണ് എറണാകുളം ജില്ല ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തന്നെ കൊച്ചി കോർപറേഷൻ പരിധി പ്രദേശവും മുളവുകാട് പഞ്ചായത്തും ഹോട്സ്പോട്ടുകളായാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് എ സോണിൽ വെള്ളിയാഴ്ച മുതലാണ് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ലഭ്യമാകുന്നത്. അതേ സമയം ഇന്നു മുതൽ തന്നെ ഇളവുകൾ ലഭ്യമായ മട്ടിലാണ് ആളുകൾ നഗരത്തിലേയ്ക്ക് എത്തിയത്. ഹോട്സ്പോട്ടുകൾക്ക് ഈ വെള്ളിയാഴ്ച മുതലും ഇളവുകൾ ഇല്ലെന്നിരിക്കെ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമായിരുന്നു.

അതേസമയം കർശനമായ പൊലീസ് പരിശോധന പൊലീസി നടത്തി അനുമതിയുള്ളവരെ മാത്രമാണു കടന്നു പോകാൻ അനുവദിച്ചത് എന്ന് അസിസ്റ്റന്റ് കമ്മിഷണർ ലാൽജി പറഞ്ഞു. നഗരത്തിൽ 14നു ശേഷം തുറക്കാൻ അനുമതിയുണ്ടായിട്ടും തുറക്കാതിരുന്ന ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വൃത്തിയാക്കൽ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തിയിട്ടുണ്ട്. മിക്ക ഹോട്ടലുകളും ഇന്നുമുതൽ തുറന്നു പ്രവർത്തിച്ച് ഓൺലൈൻ വഴിയും ഹോം ഡെലിവറിയിലൂടെയും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതും തിരക്ക് കൂടുന്നതിനു കാരണമായിട്ടുണ്ട്. അനുമതിയുണ്ടായിട്ടും കോവിഡ് 19 ഭീതിയിൽ പുറത്തിറങ്ങാതിരുന്നവരും ഇപ്പോൾ ഭീതി അകന്നതോടെ പുറത്തിറങ്ങിയതാണു തിരക്കുകൾക്കുള്ള കാരണം എന്നാണു വിലയിരുത്തൽ.

നിയന്ത്രണം ബാധകമല്ലാതെ വരുന്ന ചില യൂണിറ്റുകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച തുറക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവരും ഉണ്ട്. ടൗണിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകളുണ്ട്, ആശുപത്രികളുണ്ട്. ഇവയുടെ എല്ലാം ജീവനക്കാർ ഇതുവരെയും പൂർണമായും ജോലിക്ക് എത്തുന്നില്ലായിരുന്നു. എന്നാൽ ഇന്നു മുതൽ മിക്ക ബാങ്കുകളും മുഴുവൻ ജീവനക്കാരുമായാണു പ്രവർത്തിച്ചത്. 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണമെന്ന നിർദ്ദേശത്തിൽ മുന്നോട്ടു പോകാനാവില്ലെന്നും രാവിലെ പത്തു മുതൽ നാലു വരെ എന്ന നിർദ്ദേശം പാലിക്കുമെന്നുമുള്ള നിലപാടാണ് ബാങ്കുകൾ സ്വീകരിച്ചിട്ടുള്ളത്. ആശുപത്രികളിലാകട്ടെ ഒപി കൂടുതലായി പ്രവർത്തിച്ചു തുടങ്ങിയതും ആളുകൾ കൂടുതൽ നഗരത്തിലേയ്ക്ക് എത്തുന്നതിന് കാരണാക്കി. എന്നാൽ നാളെ നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP