Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗൺ ലംഘിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്തത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ബന്ധുവായ യുവതി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ; ജില്ലാ സെക്രട്ടറിയേറ്റംഗം നേരിട്ട് ഇടപെട്ടിട്ടും വാഹനം വിട്ടു കൊടുക്കാതെ പൊലീസ്; കാലിന് അസഹ്യമായ വേദനയും സഹിച്ച് യുവതി സ്റ്റേഷൻ മുറ്റത്തിരുന്നത് മണിക്കൂറുകൾ; സംഭവം പത്തനംതിട്ടയിൽ: പൊലീസിന്റെ ധാർഷ്ട്യം പാർട്ടിക്കും നാണക്കേടായി

ലോക്ക്ഡൗൺ ലംഘിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്തത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ബന്ധുവായ യുവതി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ; ജില്ലാ സെക്രട്ടറിയേറ്റംഗം നേരിട്ട് ഇടപെട്ടിട്ടും വാഹനം വിട്ടു കൊടുക്കാതെ പൊലീസ്; കാലിന് അസഹ്യമായ വേദനയും സഹിച്ച് യുവതി സ്റ്റേഷൻ മുറ്റത്തിരുന്നത് മണിക്കൂറുകൾ; സംഭവം പത്തനംതിട്ടയിൽ: പൊലീസിന്റെ ധാർഷ്ട്യം പാർട്ടിക്കും നാണക്കേടായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാലിന് വേദനയുമായി ആശുപത്രിയിലേക്ക് പോയ യുവതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ രേഖകൾ ലോക്ക് ഡൗൺ നിയമം ലംഘിച്ചതായി ആരോപിച്ച് പൊലിസ് പിടിച്ചെടുത്തു. ചികിൽസ തേടി മടങ്ങിയ യുവതിയും ഓട്ടോഡ്രൈവറും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നിട്ടും എസ്ഐ കാണിച്ചത് മര്യാദ കെട്ട പെരുമാറ്റമെന്ന് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പ്രഫ ടികെജി നായരുടെ സഹോദര പുത്രിക്കാണ് ഈ ഗതികേട് അനുഭവിക്കേണ്ടി വന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞ് ടികെജി നായർ തന്നെ നേരിട്ടു വിളിച്ചിട്ടും വാഹനം വിട്ടു കൊടുക്കാൻ എസ്ഐ തയാറായില്ലെന്ന് പറയുന്നു. വിട്ടു കൊടുക്കാൻ നിർദ്ദേശം നൽകിയ എസ്എച്ചഓ കൂടി കൈ മലർത്തിയതോടെ ഒടുവിൽ മാധ്യമപ്രവർത്തകൻ ഇടപെട്ടാണ് വാഹനം വിട്ടു നൽകിയത്. പ്രക്കാനത്ത് നിന്ന് ഓമല്ലൂരിലെ ആശുപത്രിയിലേക്ക് പോയ യുവതിക്കും ഓട്ടോഡ്രൈവർക്കും തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഊപ്പമണിന് സമീപമാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

പതിവായി ആശുപത്രി ഓട്ടം പോകുന്ന ഡ്രൈവറോട് ഇലവുംതിട്ട പൊലീസ് ഒരു നോട്ട് ബുക്ക് വാങ്ങി സത്യവാങ്മൂലം അതിൽ എഴുതി വയ്ക്കാൻ പറഞ്ഞിരുന്നു. ഇത് അക്ഷരംപ്രതി അനുസരിച്ച ഡ്രൈവർ ഇന്നലെയും അതുമായിട്ടാണ് യാത്ര പുറപ്പെട്ടത്. ഊപ്പമണിൽ വച്ച് പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ അഷ്റഫ് വാഹനം തടഞ്ഞു. സത്യവാങ്മൂലം എഴുതിയ ബുക്ക് ഡ്രൈവർ കാണിച്ചെങ്കിലും എസ്ഐ അംഗീകരിച്ചില്ല. ബുക്കിൽ എഴുതാൻ ആരു പറഞ്ഞുവെന്നായി ചോദ്യം. ഇലവുംതിട്ട പൊലീസ് നിർദേശിച്ചിട്ടാണ് എന്ന് ഡ്രൈവർ പറഞ്ഞു. ഇതോടെ വാഹനത്തിന്റെ രേഖകളുമായി എസ്ഐ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ഓമല്ലൂരിലെ ആശുപത്രിയിൽ കാണിച്ച ശേഷം രേഖകൾ തിരികെ വാങ്ങാനായി ഡ്രൈവർ പോയത് യുവതിയെയും കൂട്ടിയാണ്.

ഇതിനിടെ യുവതി സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗമായ പിതൃസഹോദരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. അദ്ദേഹം എസ്എച്ച്ഓ എസ് നുമാനെ വിളിച്ച് സംഭവത്തിന്റെ സത്യാവസ്ഥയും പറഞ്ഞു. വാഹനം വിട്ടു കൊടുക്കാമെന്ന് എസ്എച്ച്ഓ പറയുകയുംചെയ്തുവത്രേ. ഇതിൻ പ്രകാരം സ്റ്റേഷനിൽ ചെന്ന ഡ്രൈവർക്കും യുവതിക്കും നല്ല പെരുമാറ്റമല്ല എസ്ഐയിൽ നിന്ന് ലഭിച്ചത്. സ്റ്റേഷനിലുള്ള മറ്റു പൊലീസുകാർക്കെല്ലാം തന്നെ യുവതിയുടെ കാലിലെ കെട്ടും മറ്റും കണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇവർ എസ്ഐയോട് സംഭവം സത്യമാണെന്ന് പറയുകയും ചെയ്തുവത്രേ. വാഹനത്തിന്റെ രേഖകൾ വിട്ടു തരാൻ എസ്എച്ച്ഓ പറഞ്ഞിരുന്നുവെന്ന് ഡ്രൈവർ അറിയിച്ചപ്പോൾ അങ്ങനെ പലതും പറയും. വണ്ടി കസ്റ്റഡിയിൽ എടുത്തത് താനാണെങ്കിൽ കേസ് എടുക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു എസ്ഐ.

ആകെ ധർമസങ്കടത്തിലായ ഓട്ടോഡ്രൈവർ വണ്ടിയിലുണ്ടായിരുന്ന യുവതിയെ തിരികെ പ്രക്കാനത്തെ വീട്ടിൽ കൊണ്ടു വിട്ടു. അതിന് ശേഷം വൈകിട്ട് വീണ്ടും സ്റ്റേഷനിൽ വന്നെങ്കിലും രേഖകൾ കൊടുക്കില്ലെന്ന നിലപാടിൽ എസ്ഐ കടിച്ചു തൂങ്ങി. ഇതിനിടെ രേഖകൾ നാളെ വിട്ടു തരാമെന്ന് ഇൻസ്പെക്ടറും നിലപാട് മാറ്റിയത്രേ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇടപെട്ടിട്ടു പോലും നീതി കിട്ടാതെ വിഷമത്തിലായ ഓട്ടോഡ്രൈവർക്ക് അവസാനം തുണയായത് പ്രക്കാനം സ്വദേശിയായ മാധ്യമ പ്രവർത്തകനാണ്. ഇദ്ദേഹം സ്റ്റേഷനിലെത്തി കാര്യത്തിന്റെ ഗൗരവം എല്ലാം ധരിപ്പിച്ചതോടെയാണ് വാഹനത്തിന്റെ രേഖകൾ വിട്ടു നൽകാൻ എസ്ഐ തയാറായത്. അടുത്തു തന്നെ സർവീസിൽ നിന്ന് വിരമിക്കാൻ പോകുന്നയാളാണ് എസ്ഐ. പരാതി നൽകിയാൽ പൊലീസിൽ നിന്ന് പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് ഓട്ടോഡ്രൈവര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP