Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ട പോയ കേസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എസ് ഐ അമൃത രംഗനെ ഭീഷണിപ്പെടുത്തിയത് വൈറലായതും തലവേദനയായി; പ്രളയ അഴിമതിയിൽ പെട്ടതും നാണക്കേട്; കൊറോണയെ ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ റോഡിൽ മോശമായി പെരുമാറിയതും അവമതിപ്പ്; തെറ്റ് മറയ്ക്കാൻ പൊലീസിനേയും ജന്മഭൂമിയേയും കൂട്ടികെട്ടിയതും ശരിയായില്ല; സക്കീർ ഹുസൈനെ താക്കീത് ചെയ്ത് സിപിഎം; ഏര്യാ സെക്രട്ടറിയെ കൊണ്ട് പൊറുതി മുട്ടി പിണറായി

വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ട പോയ കേസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എസ് ഐ അമൃത രംഗനെ ഭീഷണിപ്പെടുത്തിയത് വൈറലായതും തലവേദനയായി; പ്രളയ അഴിമതിയിൽ പെട്ടതും നാണക്കേട്; കൊറോണയെ ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ റോഡിൽ മോശമായി പെരുമാറിയതും അവമതിപ്പ്; തെറ്റ് മറയ്ക്കാൻ പൊലീസിനേയും ജന്മഭൂമിയേയും കൂട്ടികെട്ടിയതും ശരിയായില്ല; സക്കീർ ഹുസൈനെ താക്കീത് ചെയ്ത് സിപിഎം; ഏര്യാ സെക്രട്ടറിയെ കൊണ്ട് പൊറുതി മുട്ടി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്ക്ഡൗൺ ദിനത്തിൽ വഴി തടഞ്ഞ പൊലീസുകാരനോട് തട്ടിക്കയറുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ എത്തുമ്പോൾ അതിന് പിന്നിലുള്ളത് 21 ദിവസം കാർ പൊലീസ് പിടിച്ചു വയ്ക്കുമോ എന്ന ഭയം.ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് സക്കീർ ഹുസൈൻ മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് വിശദീകരണവുമായി എത്തിയത്. അതിനിടെ സക്കീർ ഹുസൈന്റെ പെരുമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചതായാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വവും സക്കീർ ഹുസൈനെ ശാസിച്ചിട്ടുണ്ട്.

കെ.എസ്.എഫ്.ഇ. ജീവനക്കാരിയായ ഭാര്യയെ ജോലിക്ക് എത്തിക്കാനായാണ് താൻ പോയതെന്ന് സക്കീർ ഹുസൈൻ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വോയ്‌സ് നോട്ടിൽ വിശദീകരിക്കുന്നു. ഇക്കാര്യം പറഞ്ഞിട്ടും പൊലീസുകാരൻ പോകാൻ അനുവദിച്ചില്ലെന്നും തർക്കത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സക്കീർ ആരോപിച്ചു. പൊലീസുകാരോട് തട്ടിക്കയറി സക്കീറിനെതിരെ സോഷ്യൽ മീഡിയയിൽ ജനരോഷം ഉയർന്നിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് സക്കീർ ഹുസൈൻ വിശദീകരണവുമായി എത്തിയത്. ഏത് സാഹചര്യത്തിലായാലും പൊലീസിനോട് മോശമായി പെരുമാറിയത് ശരിയല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

ബുധനാഴ്ച ആലുവ മുട്ടത്തുവെച്ച് തന്നെ തടഞ്ഞ പൊലീസുകാരനോട് 'ഞാൻ സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി' എന്നു പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബോധവത്ക്കരിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസുകാരൻ പറയുമ്പോൾ ഇങ്ങനെയല്ല ബോധവത്ക്കരിക്കേണ്ടതെന്നും സക്കീർ ഹുസൈൻ പറയുന്നുണ്ട്. എന്നാൽ, പൊലീസുകാരൻ തന്നെ വീഡിയോ എടുത്ത് അതിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാണെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു. പ്രളയ ഫണ്ട് അഴിമതിയിൽ ആത്മഹത്യ ചെയ്ത പാർട്ടി നേതാവും സക്കീർ ഹുസൈനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു. ഇതിൽ പാർട്ടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ വിവാദം.

''നിയമം പരിപൂർണ്ണമായും പാലിക്കുന്നു. സ്വന്തമായി വാഹനം ഓടിക്കാൻ അറിയാത്ത ഭാര്യയെ സർക്കാരിന്റെ നിർദ്ദേശപ്രകാരം തുറന്ന കെ എസ് എഫ് ഇ ആലുവ ബ്രാഞ്ചിൽ ആക്കി ഉച്ചക്ക് തിരികെ കൊണ്ടുവരുന്നതിനായി പോയതാണ്. ഒരിക്കലും സർക്കാർ നിർദ്ദേശം ലംഘിച്ചതല്ല. ഷൂട്ട് ചെയ്ത് ജന്മഭൂമി ലേഖകൻ വഴി പുറത്ത് വിട്ട പൊലീസുകാരൻ ഉദ്ദേശിച്ചത് എന്താണ്'' -എന്ന കുറിപ്പോടെയാണ് സക്കീർ ഹുസൈൻ ഫേസ്‌ബുക്കിൽ വിശദീകരണം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് എല്ലാം ജന്മഭൂമി ലേഖകനും പൊലീസും നടത്തിയ ഗൂഢാലോചനയാണെന്നാണ് സക്കീർ പറയുന്നത്. ഇത് പിണറായി സർക്കാരിനെ വിമർശിക്കലാണെന്ന വാദം സജീവമാണ്.

വാഹനങ്ങളിൽ എത്തുന്നവരുടെ വീഡിയോ മിക്കയിടത്തും പൊലീസ് എടുക്കുന്നുണ്ട്. ബോധവത്കരണത്തോടെ എങ്ങനെ ആളുകൾ സഹകരിക്കുന്നുവെന്ന് പരിശോധിക്കാനാണ് ഇത്. ഇതിനൊപ്പം പൊലീസ് പരിശോധന നടക്കുന്നിടത്ത് മാധ്യമ പ്രവർത്തകരും എത്താറുണ്ട്. അത്തരമൊരു സ്ഥലത്ത് ഏര്യാ സെക്രട്ടറി കുറച്ചു കൂടി വിവേകം കാട്ടണെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. പുറത്തിറങ്ങുന്ന ആളുകൾ തിരിച്ചറിയൽ കാർഡ് നൽകി തക്കതായ കാരണം വ്യക്തമാക്കിയില്ലെങ്കിൽ തടയണമെന്നാണ് പൊലീസിന് നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസുകാരോട് കൂടുതൽ മാന്യമായി ഏര്യാസെക്രട്ടറി പെരുമാറണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

സക്കീർ ഹുസൈന്റെ വിശദീകരണം ഇങ്ങനെ

'എന്റെ പേരിൽ പൊലീസുമായി സംസാരിക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്റെ ഭാര്യ ആലുവാ കെ.എസ്.എഫ്.ഇ യിലെ അസി.മാനേജരാണ്. അതിനാൽ താക്കോൽ കൈവശം വച്ചിരിക്കുന്നത് ഭാര്യയാണ്. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കെ.എസ്.എഫ്.ഇയെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ ഭാര്യക്ക് ഓഫീസിൽ പോകേണ്ടതായുണ്ടായിരുന്നു. വാഹനം ഇല്ലാത്തതിനാൽ രാവിലെ ആലുവയിൽ ഞാൻ കൊണ്ടു ചെന്നാക്കി. പിന്നീട് രണ്ട് മണിയോടെ ഭാര്യയെ വിളിക്കാനായി വീണ്ടും പോകുമ്പോഴാണ് മുട്ടത്തിന് സമീപം വച്ച് പൊലീസ് തടഞ്ഞത്. ഞാൻ ആദ്യം കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. ഭാര്യയെ വിളിച്ചു കൊണ്ടു വരാൻ പോകുകയാണ് എന്നും വേറൊന്നിനുമല്ല പോയതെന്നും. അപ്പോൾ പൊലീസുകാരൻ ഭാര്യയോട് ഇവിടേക്ക് വരാൻ പറയാൻ ആവിശ്യപ്പെട്ടു.

ഭാര്യക്ക് വരാൻ വേറെ വാഹനമില്ലാത്തതിനാലാണ് ഞാൻ വിളിക്കാൻ പോകുന്നത് എന്ന് ഞാൻ മറുപടി നൽകി. എന്നാൽ പൊലീസുകാരൻ വീണ്ടും വീണ്ടും എന്നോട് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ രാവിലെ ഡി.വൈ.എസ്‌പി വേണുഗോപാലൻ സാറിനോട് അനുവാദം ചോദിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പുറത്തിറങ്ങിയത് എന്ന് വീണ്ടും പൊലീസുകാരനോട് പറഞ്ഞു. ഭാര്യയെ വിളിച്ചു കൊണ്ട് വരാൻ പോയില്ലെങ്കിൽ അവർക്ക് വരാൻ കഴിയില്ല എന്നും പറഞ്ഞിട്ടും പൊലീസുകാരൻ കടത്തിവിടാൻ അനുവദിച്ചില്ല. ഇതോടെയാണ് സിപിഎം ഏരിയാ സെക്രട്ടറിയാണ് എന്ന് പറയേണ്ടി വന്നത് എന്നാണ് സക്കീർ ഹുസൈൻ പറയുന്നത്.' ഒരു പൊലീസുകാരൻ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

പിന്നീട് ഈ ദൃശ്യങ്ങൾ ജന്മഭൂമിയുടെ ഒരു ലേഖകന് നൽകുകയും അയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്നും സക്കീർ പറയുന്നു. ധിക്കാരപരമായി പെരുമാറുകയും അനാവശ്യമായി ഇറങ്ങിനടക്കുകയും ചെയ്യുന്ന ഒരാളായി എന്നെ ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നു. അതിനാൽ ഭാര്യയെ വിളിച്ചു കൊണ്ട് വരാൻ പോയപ്പോൾ ഉണ്ടായ സംഭവമാണെന്നും ഇത് എല്ലാവരും മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു എന്നും പറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്.

എന്നാൽ പൊലീസ് ഈ വിശദീകരണം നിഷേധിച്ചിട്ടുണ്ട്. തടഞ്ഞപ്പോൾ സക്കീർ ധിക്കാരപരമായി സംസാരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ലോക്ക് ഡൗണിന്റെ ഭാഗമായി കൊച്ചിയിൽ വാഹനം നിർത്തി ബോധവത്കരണം നടത്തി വരവേ കൊച്ചി പൊലീസ് കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ കണ്ടുമുട്ടി. കൊച്ചിയിലെ ഭരണകക്ഷി നേതാവായ തന്നെ പൊലീസുകാർ വാഹനം നിർത്തി ചോദ്യം ചെയ്തത് സക്കീർ ഭായിക്ക് പിടിച്ചില്ല. ആ ഈർഷ്യ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തികഞ്ഞ ധാർഷ്ട്യത്തോടെ. എന്നാൽ, കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച പൊലീസുകാരനും വിട്ടുകൊടുത്തില്ല.

സംഭാഷണം ഇങ്ങനെ:

പൊലീസുകാരൻ: എന്റെ പേര് പ്രകാശ് ന്നാണ്.

എന്റെ പേര് സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി. മനസ്സിലായോ. കാര്യം പറയുന്നതും മനസ്സിലാക്കാതെ വർത്തമാനം പറയരുത്.

മനസ്സിലാക്കാതെയല്ല..സാറ് പറഞ്ഞ കാര്യം മനസ്സിലാക്കി. അതുകൊണ്ട് സാറിന് ബോധവത്കരണം.

ഞാൻ രാവിലെ മുതൽ വീട്ടിലിരിക്കുകയാ..

സാറിന്റെ ബോധവത്കരണം നടത്തി അത്രേയുള്ളു.

നിങ്ങൾ ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടത്.

പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ?

ഇതോടെ സക്കീർ ഹുസൈൻ വാഹനം ഓടിച്ച് പോകുന്നു.

ഈ സംഭാഷണങ്ങളൊന്നും സക്കീർ ഹുസ്സൈൻ വിശദീകരണത്തിൽ പറയുന്ന ഒന്നും തന്നെ ഇല്ല. അതിനാൽ ഇത് നല്ല പിള്ള ചമയാൻ വേണ്ടി പ്രചരിപ്പിച്ച ഓഡിയോ സന്ദേശമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുൻപ് വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ. കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു ഇയാൾ. മാത്രമല്ല, സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി.

ഇതിനിടെ, കീഴടങ്ങിയ പ്രതി ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണു സക്കീർ പ്രതിയായത്. ഈ സമയം ഇയാളെ സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിട്ടും സർക്കാർ പദവിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നില്ല. ഇതും വിവാദമായിരുന്നു. പാർട്ടി അന്വേഷണത്തിനായി നിയോഗിച്ച എളമരം കരീം, സക്കീർ തെറ്റു ചെയ്തില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു സക്കീർ മടങ്ങിയെത്തിയത്.

കൂടാതെ കളമശേരി എസ്ഐയെ സക്കീർ ഹുസൈൻ ഫോാണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്‌ഐ നേതാവിനോട് എസ്ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി. എസ്ഐ.അമൃത് രംഗനെയാണ് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്ഐ.മറുപടി നൽകി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി പറഞ്ഞു.എസ്എഫ്‌ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതും വലിയ ചർച്ചയായിരുന്നു. പ്രളയ അഴിമതിയിൽ പേരുയർന്നതും സിപിഎമ്മിന് നാണക്കേടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP