Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇളവുകൾ തുടങ്ങിയ ദിവസം ആളുകൾ പുറത്തിറങ്ങിയത് ലോക് ഡൗൺ പിൻവലിച്ചത് പോലെ; ഓറഞ്ച് ജില്ലക്കാരും സ്വാതന്ത്ര്യം കിട്ടയതു പോലെ പുറത്തേക്ക്; പൊലീസും അൽപ്പം വളഞ്ഞപ്പോൾ കേരളം മുഴുവൻ ഇന്നലെ സജീവം; കേന്ദ്രന്റെ ഉഗ്രശാസനത്തോടൊപ്പം നിയന്ത്രണം കൈവിടുമെന്ന് ഉറപ്പായപ്പോൾ വീണ്ടും വടിയെടുത്ത് പൊലീസ് തെരുവിൽ; ഇളവുകളിൽ മാറ്റം വരുത്തിയതോടെ ഇന്ന് മുതൽ വീണ്ടും കർശന നിയന്ത്രണം തുടരും

ഇളവുകൾ തുടങ്ങിയ ദിവസം ആളുകൾ പുറത്തിറങ്ങിയത് ലോക് ഡൗൺ പിൻവലിച്ചത് പോലെ; ഓറഞ്ച് ജില്ലക്കാരും സ്വാതന്ത്ര്യം കിട്ടയതു പോലെ പുറത്തേക്ക്; പൊലീസും അൽപ്പം വളഞ്ഞപ്പോൾ കേരളം മുഴുവൻ ഇന്നലെ സജീവം; കേന്ദ്രന്റെ ഉഗ്രശാസനത്തോടൊപ്പം നിയന്ത്രണം കൈവിടുമെന്ന് ഉറപ്പായപ്പോൾ വീണ്ടും വടിയെടുത്ത് പൊലീസ് തെരുവിൽ; ഇളവുകളിൽ മാറ്റം വരുത്തിയതോടെ ഇന്ന് മുതൽ വീണ്ടും കർശന നിയന്ത്രണം തുടരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ഇന്നലെ കേരളത്തിന്റെ സജീവമായിരുന്നു. നിയന്ത്രണങ്ങളിൽ 7 ജില്ലകളിൽ സംസ്ഥാനം ഇളവുകൾ നൽകി. ഗ്രീൻ സോണിൽ സർവ്വ സ്വാതന്ത്ര്യം. സാമൂഹിക അകലം പാലിച്ച് വേണം എല്ലാം ചെയ്യാനെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതൊന്നും നടന്നില്ല. ആളുകൾ കൂട്ടത്തോടെ തെരുവിൽ എത്തിയപ്പോൾ പൊലീസ് നിസ്സഹായരായി. ഇതിനൊപ്പം മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന കേന്ദ്ര ശാസനവും. ഇതോടെ കേരളം പതിയെ പിന്നോട്ട് വരികയാണ്. വീണ്ടും കർശന നിയന്ത്രണം. ഗ്രീൻ സോണിൽ പോലും ഇളവുകൾ ഉണ്ടാകില്ല. കോട്ടയത്തും വയനാട്ടിലും ഇടുക്കിയിലും പോലും ഇനി പൊലീസ് ശക്തമായ ഇടപെടൽ നടത്തും. മെയ്‌ 3 വരെ ലോക് ഡൗൺ കേരളത്തിലും തുടരും.

കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ഏപ്രിൽ 21 നു നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. ലോക് ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും പി.കെ. സുധീർ ബാബു അറിയിച്ചു. ഇടുക്കിയിലും ഇളവുകളിൽ മാറ്റം വരുത്തി. വയനാട്ടിലും നിയന്ത്രണം തുടരും. അത്യാവശ്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം എന്നാണ് കേരളത്തിന്റെ നിർദ്ദേശം. മുൻ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും.

കോവിഡ് വരും മുമ്പുള്ള ഏത് സാധാരണ തിങ്കളാഴ്ചയുമെന്നതുപോലെ വാഹനങ്ങൾ ഇന്നലെ നിരത്തുകളിലൊഴുകി. നിയന്ത്രിക്കാൻ പൊലീസുകാർ പാടു പെട്ടു. മേഖലകൾ തിരിച്ച് ഇളവ് അനുവദിക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ചൊവ്വാഴ്ച തുടങ്ങുമെന്ന് പറഞ്ഞ ഇളവുകൾ തിങ്കളാഴ്ച മുതാലാക്കി ഡി.ജി.പി പ്രഖ്യാപിച്ചു. പ്രഭാതനടത്തം പോലും അനുവദിച്ച് ചീഫ് സെക്രട്ടറിയും പിന്നാലെ ഉത്തരവിറക്കി. ഇതെല്ലാം കഴിഞ്ഞ ശേഷം പ്രധാന നഗരങ്ങൾ പോലും ഉൾപ്പെടുന്ന ഹോട്‌സ് പോട്ട് പ്രഖ്യാപനവുമായി ആരോഗ്യവകുപ്പുമെത്തി. ഈ ആശയക്കുഴപ്പത്തിനിടെ രാവിലെ മുതൽ ജനം പുറത്തിറങ്ങി. ഇതിനിടെ കേന്ദ്രമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് കേരളം നൽകിയ ഇളവുകളെന്ന് കാട്ടി കേന്ദ്രസർക്കാരും സ്വരം കടുപ്പിച്ചു. ഇതോടെ പ്രഖ്യാപിച്ച ഇളവുകളിൽ പലതും സംസ്ഥാനം പിൻവലിക്കുകയായിരുന്നു.

വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഉണ്ടാകില്ല. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തിയതാണ് എല്ലാ പ്രശ്‌നങ്ങൾക്കും. കാരണം ഇതോടെ ഒറ്റ നമ്പർ വാഹനങ്ങളുമായി എല്ലാവരും തെരുവിൽ എത്തി. ഗ്രീൻ സോണിൽ പോലും ഇനി ഓട്ടോ, ടാക്സി സർവീസുകൾ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. ഗ്രീൻ സോണിൽ സർക്കാർ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കണം. ഏത് സോണിലായാലും ഹോട് സ്‌പോട്ടാണെങ്കിൽ സർക്കാർ ഓഫീസും ഉണ്ടാകില്ല.

ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വിവിധയിടങ്ങളിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഉപാധികളോടെയാണ് ഇളവുകൾ നൽകുന്നു എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചതോടെ ഇളവുകളിൽ തിരുത്തൽ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ സർക്കാർ നൽകിയ ഇളവുകൾ അങ്ങനെ തിരുത്തി.

ഗ്രീൻ സോണിൽ പോലും ഇനി വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജൂവലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കും നഗരസഭകളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകൾക്കും അംഗീകൃത സ്വകാര്യ ബാങ്കുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. റോഡ് നിർമ്മാണം, ജലസേചനം, കെട്ടിട നിർമ്മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും.

ഗ്രീൻ സോണായ ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച മുതൽ സമ്പർക്ക വിലക്കിൽ ചെറിയ ഇളവ് ഉണ്ടാകും. എന്നാൽ, ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സമ്പർക്ക വിലക്ക് നിയന്ത്രണങ്ങൾ പഴയപടി തുടരും. ജില്ലയിലെ മറ്റിടങ്ങളിൽ വരുത്തുന്ന ഇളവുകളെക്കുറിച്ച് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇവയിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും, സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പൊതുജനങ്ങൾ പാലിക്കേണ്ടതുണ്ട്.

ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇടുക്കി ജില്ലയിൽ പൊതുഗതാഗതം ഉണ്ടാകില്ല. ബസ്, ഓട്ടോ, ടാക്സി ഗതാഗതം അനുവദിച്ചിട്ടില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സർക്കാർ നിയന്ത്രണപ്രകാരമുള്ള സഞ്ചാരം മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ ആളുകൾ ജില്ല വിട്ട് പോകാതിരിക്കാൻ ജില്ലാ അതിർത്തികളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലയായ കോട്ടയം ഗ്രീൻ സോണിലാണെങ്കിലും അവിടേക്കും കടത്തിവിടില്ല. ഇടുക്കിയിൽ തൊടുപുഴ മുനിസിപ്പാലിറ്റി, അടിമാലി, കഞ്ഞിക്കുഴി, മരിയാപുരം, ബൈസൺവാലി, സേനാപതി പഞ്ചായത്തുകൾ എന്നിവ ഹോട് സ്‌പോട്ടുകളാണ്.

ലോക്ഡൗണിൽ നേരിയ ഇളവോടെ ഇലക്ട്രോണിക്‌സ് കടകളും ഫാൻ, എസി വിൽപന കടകളും തുറന്നപ്പോൾ മൊബൈൽ ഫോൺ കടകളിൽ തിരക്കുണ്ടായി. എറണാകുളം മറൈൻഡ്രൈവിലെ പെന്റ്ാ മേനക ഷോപ്പിങ് കോംപ്ലക്‌സിൽ തിരക്കു നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തി. കൂട്ടം കൂടാതെ , നിശ്ചിത അകലം പാലിച്ചാണ് ആളുകളെ ഷോപ്പിങ് കോംപ്ലക്‌സിലേക്കു കടത്തിവിട്ടത്. കടകളിൽ തിരക്കുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിനെ നിയോഗിച്ചു. സാനിറ്റൈസർ ഉപയോഗിച്ചു കൈവൃത്തിയാക്കാനും സൗകര്യമൊരുക്കി.

എസി വിൽപനയിലും മികച്ച പ്രതികരണമായിരുന്നു. ചൂടു കാലാവസ്ഥയായതിനാലും ആളുകൾ വീടിനുള്ളിൽ തന്നെ ഇരിപ്പായതിനാലുമാണു എസി കച്ചവടം നടന്നത്. സാധാരണ ദിവസങ്ങളിൽ വിൽക്കുന്നതിന്റെ ഇരട്ടി ചില വൻകിട ഷോറൂമുകളിൽ വിറ്റുപോയി. ടിവി വിൽപനയും കാര്യമായി നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP