Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പയെ സർക്കാർ കണക്കിൽ ഉൾപ്പെടുത്തരുത്; സംസ്ഥാനത്തിന്റെ കടമെടുപ്പു സംബന്ധിച്ച കേന്ദ്രത്തിന്റെ പൊതു നിലപാടിനെ നിയമ വഴിയിൽ ചോദ്യം ചെയ്യും; കടമെടുപ്പുപരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം; കൃത്യമായ കണക്ക് ചോദിക്കാനും തീരുമാനം; 'വെട്ടിക്കുറയക്കൽ' വിവാദം തുടരുമ്പോൾ

കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പയെ സർക്കാർ കണക്കിൽ ഉൾപ്പെടുത്തരുത്; സംസ്ഥാനത്തിന്റെ കടമെടുപ്പു സംബന്ധിച്ച കേന്ദ്രത്തിന്റെ പൊതു നിലപാടിനെ നിയമ വഴിയിൽ ചോദ്യം ചെയ്യും; കടമെടുപ്പുപരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം; കൃത്യമായ കണക്ക് ചോദിക്കാനും തീരുമാനം; 'വെട്ടിക്കുറയക്കൽ' വിവാദം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. സീനിയർ അഭിഭാഷകരായ കെ.കെ.വേണുഗോപാൽ, കപിൽ സിബൽ എന്നിവരിരൊരാളെ വക്കീലാക്കും. ഇതിൽ കെകെ വേണുഗോപാലിനെ പ്രധാനമായും സമീപിക്കാനാണ് ആലോചന.

കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയെ സംസ്ഥാനം കടമെടുക്കുന്ന തുകയിൽനിന്നു വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെയാണ് ചോദ്യംചെയ്യുക. സംസ്ഥാനത്തിന്റെ കടമെടുപ്പു സംബന്ധിച്ച കേന്ദ്രത്തിന്റെ പൊതു നിലപാടാണു കോടതിയിൽ ചോദ്യം ചെയ്യുക. കടമെടുപ്പ് തുക വെട്ടിക്കുറച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതു സംബന്ധിച്ച കൃത്യമായ കണക്കു നൽകണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം സംസ്ഥാനം തുടർനടപടി തീരുമാനിക്കും.

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശിപാർശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങൾ ബാധകമാണ്. നടപ്പുവർഷം അനുവദിച്ചത് 55,182 കോടിയാണ്. അതിൽ നബാർഡ്, ലോൺ, ഇഎപി, എൻഎസ്എസ്എഫ് ലോൺ എന്നിവയിൽ 5700 കോടി, ബജറ്റിന് പുറമെയുള്ള കടം 2500 കോടി, കഴിഞ്ഞ വർഷത്തെ അധിക കടമെടുപ്പ് 13284 കോടി, പബ്ലിക് അക്കൗണ്ടിലെ കടമെടുപ്പ് 13177 ഉൾപ്പെടെ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു.

ബാക്കി 20,521 കോടിയാണ്. അതിലെ ആദ്യ മൂന്ന് പാദങ്ങളുടെ 15,390 കോടി അനുവദിച്ചു. ബാക്കി 5,131 കോടി സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആണ് അനുവദിക്കുക. അതിനെ 'വെട്ടിക്കുറയക്കൽ' ആയി ധനമന്ത്രി ചിത്രീകരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. ആർബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെൻഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി. തോമസിനെ പോലുള്ളവർക്ക് ഓണറേറിയം നൽകാനാണ് വായ്പകൾ. അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായിക്ക് നീന്തൽക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും-ഇതായിരുന്നു മുരളീധരന്റെ വിമർശനം.

പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ല എന്നും വി.മുരളീധരൻ പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎമ്മും മന്ത്രിമാരും രംഗത്തു വന്നു. പിന്നാലെയാണ് കേസ് കൊടുക്കാനുള്ള തീരുമാനം. വായ്പാ പരിധിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനം രാഷ്ട്രീയ മുതലെടുപ്പെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു. വി മുരളീധരൻ കേന്ദ്രമന്ത്രിയെന്ന നിലയിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. കടമെടുപ്പ് പരിധിയെ കുറിച്ച് വ്യക്തമായ ബോധ്യം സർക്കാരിനുണ്ടെന്നും വ്യക്തമായ കണക്കുകൾ സർക്കാരിന്റെ കയ്യിലുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാനരഹിതമായ ചില കണക്കുകൾ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് മുരളീധരൻ ശ്രമിക്കുന്നതെന്നും ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. സാധാരണഗതിയിൽ കൃത്യമായ കണക്കുകൾ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകൾ കേന്ദ്രം നൽകാറുള്ളത്. ഇത്തവണ വിശദമായ കണക്കുകൾ നൽകിയിട്ടില്ല. 32000 കോടി രൂപയാണ് സർക്കാരിന്റെ അംഗീകൃത കടപരിധി എന്ന ഒരു കത്ത് വന്നതിനുശേഷം ഈ വർഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും ഏപ്രിൽ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ മെയ് 26 ലെ കത്തിൽ ഉണ്ടായിരുന്നതെന്ന് ധനമന്ത്രി പറയുന്നു.

ഈ പശ്ചാത്തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായി കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും ധനമന്ത്രി വിമർശിച്ചു. സംസ്ഥാനങ്ങൾക്ക് നൽകേണ്ട കണക്കുകൾ സംസ്ഥാനങ്ങൾക്ക് അയച്ചു നൽകാതെ, ഇപ്പോൾ കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നു എന്നാണോ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്റെ കടപരിധിയെക്കുറിച്ചും എടുക്കാൻ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സർക്കാറിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ കണക്കുകൾ ഇവിടെയുണ്ട്. കേന്ദ്ര ഗവൺമെന്റിനും ആ കണക്കുകൾ അറിയാം. എന്നിരിക്കിലും ആരെങ്കിലും തെറ്റിദ്ധരിക്കുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയാകണം അദ്ദേഹം ഇത്തരം വിതണ്ഡ വാദങ്ങളുമായി രംഗത്തുവരുന്നതെന്നും കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഭരണഘടനാപരമായ ഉത്തരവാദിത്വവും കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ ആശയങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കേണ്ട ഒരു കേന്ദ്രമന്ത്രി, തന്റെ പദവിയിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, അങ്ങേയറ്റം നിലവാരം കുറഞ്ഞ തരത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങൾക്ക് തയ്യാറാകുന്നത് കേരളം തിരിച്ചറിയുക തന്നെ ചെയ്യും. കേന്ദ്രവും കേരളവും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ഉണ്ടായിട്ടുള്ള തെറ്റായ തീരുമാനങ്ങൾ തിരുത്താൻ വേണ്ടി സംസ്ഥാന ഗവൺമെന്റ് മുന്നോട്ടു പോവുകയാണ്.

കേരളത്തിന്റെയും കേരളത്തിന്റെ ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാറിന് ലഭിക്കേണ്ട നികുതി വരുമാനവും മറ്റു വരുമാനങ്ങളും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തലല്ല ഇതേ സംസ്ഥാനക്കാരനായ ഒരു കേന്ദ്ര സഹ മന്ത്രിയുടെ ഉത്തരവാദിത്വം എന്ന് തിരിച്ചറിയാൻ ഇനിയെങ്കിലും വി മുരളീധരൻ തയ്യാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP