Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ മാറിയാലും നമുക്ക് വിഷംതിന്ന് മരിക്കാൻ തന്നെ വിധി! അനുപമ ഐഎഎസ് പ്രസവാവധിക്കു പോയതോടെ സംസ്ഥാനത്തെങ്ങും വീണ്ടും വിഷംകലർന്ന ഭക്ഷണവും മായംചേർത്ത ഉൽപ്പന്നങ്ങളും; ട്രോളിങ് നിരോധനകാലത്ത് വിപണിപിടിക്കാൻ ഫോർമാലിൻ ചേർത്ത ടൺകണക്കിന് മത്സ്യങ്ങൾ കേരളത്തിലേക്ക്

സർക്കാർ മാറിയാലും നമുക്ക് വിഷംതിന്ന് മരിക്കാൻ തന്നെ വിധി! അനുപമ ഐഎഎസ് പ്രസവാവധിക്കു പോയതോടെ സംസ്ഥാനത്തെങ്ങും വീണ്ടും വിഷംകലർന്ന ഭക്ഷണവും മായംചേർത്ത ഉൽപ്പന്നങ്ങളും; ട്രോളിങ് നിരോധനകാലത്ത് വിപണിപിടിക്കാൻ ഫോർമാലിൻ ചേർത്ത ടൺകണക്കിന് മത്സ്യങ്ങൾ കേരളത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കേരളത്തിലെ മത്സ്യവിപണി ലാക്കാക്കി രാസവസ്തുക്കൾ ഇട്ട് സൂക്ഷിച്ച മത്സ്യത്തിന്റെ കുത്തൊഴുക്ക്. നിരോധനകാലത്ത് കേരള വിപണിയിൽ വിൽക്കാൻ ലക്ഷ്യമിട്ട് മാസങ്ങൾക്കുമുമ്പുതന്നെ രാസവസ്തുക്കൾ ഇട്ട് സൂക്ഷിച്ച മത്സ്യമാണ് ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നത്. ടി വി അനുപമ ഐഎഎസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരിക്കെ രാസവസ്തുക്കൾ ചേർത്ത മത്സ്യവും വിഷ പച്ചക്കറികളും കേരളത്തിലെത്തുന്നതിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.

എന്നാൽ അവർ പ്രസവാവധിയിൽ ആയതിനാൽ ഇക്കുറി പരിശോധനകൾ കാര്യമായി നടക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സർക്കാർ മാറിയ തക്കം മുതലെടുത്ത് വിഷപച്ചക്കറിയും മത്സ്യവും വൻതോതിൽ വീണ്ടും കേരളത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. മീൻ എത്തുന്നവിവരം ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഇന്നലെ അർദ്ധരാത്രിയാണ് കേരളത്തിൽ ട്രോളിങ് നിരോധനം നിലവിൽ വന്നത്. എന്നാൽ ഇന്നലെയും ഇന്നും കേരളത്തിലെ മീൻ മാർക്കറ്റുകളിൽ പതിവുപോലെ മത്സ്യം എത്തിയതായാണ് വിവരം. ഫാർമാലിൻ, അമോണിയ മുതലായ രാസപദർത്ഥങ്ങൾ ചേർത്താൽ മീൻ എത്രനാൾ വച്ചാലും കേടുവരില്ല. ഇപ്രകാരം രാസവസ്തുക്കൾ ചേർത്ത മീനാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ വിപണിയിലെത്തുന്നത്. ഇക്കാര്യത്തിൽ ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പകരം മീൻ വാങ്ങുന്നവർ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കുകയാണ് ചെയ്ത്.

മൽസ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടും വിപണിയിൽ മീനുകൾ സുലഭമാണെന്നും ഇതിന് കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നുണ്ട്. എന്നാൽ ഇവ എത്തുന്നത് തടയാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുമ്പ് വിഷ പച്ചക്കറി അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വൻതോതിൽ എത്തുന്നത് തടയാൻ അനുപമ ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരിക്കെ ശക്തമായ നടപടി കൈക്കൊണ്ടത് പ്രത്യേകം ശ്രദ്ധ നേടിയിരുന്നു. ചെക്ക്‌പോസ്റ്റുകളിൽ തന്നെ തടഞ്ഞ് പരിശോധന നടത്തിയാലേ അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത മത്സ്യം എത്തുന്നത് തടയാനാകൂ. എന്നാൽ എളുപ്പം ചീയുന്ന വസ്തുവെന്ന നിലയിൽ ഇപ്പോൾ ചെക്ക്‌പോസ്റ്റുകളിൽ അധികസമയം നിർത്തി മീൻവണ്ടികൾ പരിശോധിക്കാറില്ല. ആ സൗകര്യം മുതലെടുത്താണ് ഇപ്പോൾ രാസവസ്തു കലർന്ന മീനും എത്തുന്നത്.

മോർച്ചറിയിൽ മൃതദേഹം അഴുകാതിരിക്കാൻ ചേർക്കുന്ന ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് മാസങ്ങൾ സൂക്ഷിച്ച മത്സ്യം ഉപയോഗിച്ചാൽ അത് മാരകരോഗങ്ങൾക്ക് കാരണമാകും. സാധാരണക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതിനാൽ ചെക്ക്‌പോസ്റ്റുകളിൽ മത്സ്യം പരിശോധിക്കാൻ സംവിധാനമൊരുക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.

നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഒരു വർഷം കരയ്‌ക്കെത്തിക്കുന്നത് ആറു ടൺ മത്സ്യമാണ്്. കഴിഞ്ഞ രണ്ട് വർഷമായി മത്സ്യത്തിന്റെ ലഭ്യത അറുപത് ശതമാനത്തോളം കുറഞ്ഞിരുന്നു. എന്നാൽ വിപണിയിൽ യഥേഷ്ടം മീൻ എത്തുന്നു. ട്രോളിങ് നിരോധനം തുടങ്ങിയിട്ടും ഇതിന് മാറ്റമില്ല. കേരളത്തിൽ ജൂൺ 14 മുതൽ ജൂലായ് 31വരെയാണ് ട്രോളിങ്. മറ്റു സംസ്ഥാനങ്ങളിൽ നേരത്തേ ട്രോളിങ് തീർന്നതിനാൽ അവർ കേരളവിപണി ലക്ഷ്യമാക്കി രാസവസ്തു ചേർത്ത മത്സ്യം ഇപ്പോൾ വൻതോതിൽ എത്തുകയാണെന്ന് വ്യാപാരികൾ തന്നെ പറയുന്നു.

കടലൂർ, തൂത്തുക്കുടി തുടങ്ങിയ തുറമുഖങ്ങളിൽ നിന്നാണ് ഏറിയ പങ്കും. കോടികളുടെ കച്ചവടമാണ് ട്രോളിങ് കാലത്ത് അന്യസംസ്ഥാന മത്സ്യലോബികൾക്ക് നടത്താനാവുക. ഇതിനായി അവർ നേരത്തേ തന്നെ സ്‌റ്റോക്കിങ് തുടങ്ങിയെന്നും കേരളത്തിലെ ഏജന്റുമാർ പറയുന്നു.
അതേസമയം, ട്രോളിങ് കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭിക്കാറുണ്ടെങ്കിലും ഇക്കുറി അത് കാര്യമായി ഉണ്ടായില്ല. സംസ്ഥാനത്ത് ലഭിക്കുന്ന മീൻ വിപണിയിൽഎത്തിയാൽ അന്യസംസ്ഥാന മത്സ്യത്തിന് ഡിമാൻഡ് കുറയും. ഇവിടെയുള്ള മത്സ്യത്തിന് വില കൂടുകയും ചെയ്യും. അതേസമയം ഹോട്ടലുകളിലേക്കും കാറ്ററിങ് മേഖലയിലേക്കും കൂടുതലുമെത്തുക അന്യസംസ്ഥാന മത്സ്യമാണെന്നും ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ട്രോളിങ് നിരോധനം തുടങ്ങിയിട്ടും പരമ്പരാഗത തൊഴിലാളികൾക്ക് കാര്യമായി മീൻകിട്ടാത്ത സാഹചര്യം മുതലെടുക്കുകയാണ് അന്യസംസ്ഥാന മത്സ്യലോബി. മത്തി, അയല മത്സ്യങ്ങളാണ് കാര്യമായി വരുന്നത്. 30 കിലോയുള്ള ഒരു പെട്ടിക്ക് 1,800 രൂപ മുതൽ 2,400 വരെയാണ് മൊത്തവിപണിയിലെ വില. ഇതോടെ ചരിത്രത്തിൽ ഇല്ലാത്ത വിലയാണ് മത്തിക്കും അയലയ്ക്കും. വലിയ അയലയ്ക്ക് കിലോയ്ക്ക് 280 രൂപ വരെയാണ് വില. മത്തിക്കാകട്ടെ 100 രൂപ മുതൽ 120 രൂപ വരെയും. മുംബൈ ഭാഗത്തുനിന്ന് വരുന്ന ഐക്കൂറ പോലുള്ള വലിയ മത്സ്യത്തിന് 800 രൂപ വരെയാണ് വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP