Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രം പ്രഖ്യാപിച്ചു: നടപ്പാക്കി തിരിച്ചടിച്ച് കേരളം; പ്രധാനമന്ത്രിയുടെ ഗുജറാത്തിൽ പോലും നടപ്പാക്കാത്ത പദ്ധതി ഏറ്റെടുത്ത് കൈയടി നേടി പിണറായി സർക്കാർ; എൽഎൻജി ബസുകൾ പുതു തുടക്കമാകും

കേന്ദ്രം പ്രഖ്യാപിച്ചു: നടപ്പാക്കി തിരിച്ചടിച്ച് കേരളം; പ്രധാനമന്ത്രിയുടെ ഗുജറാത്തിൽ പോലും നടപ്പാക്കാത്ത പദ്ധതി ഏറ്റെടുത്ത് കൈയടി നേടി പിണറായി സർക്കാർ; എൽഎൻജി ബസുകൾ പുതു തുടക്കമാകും

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനെന്ന പേരിൽ ബിജെപി സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്ക് അപ്രതീക്ഷിത സ്വീകരണം നൽകിയ കേരള സർക്കാർ കൈയടി നേടിയപ്പോൾ വെട്ടിലായത് കേന്ദ്രസർക്കാർ. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വാഹനങ്ങളിൽ പ്രകൃതിദത്തവാതകങ്ങൾ ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾപോലും തള്ളിക്കളഞ്ഞപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയ പിണറായി വിജയൻ സർക്കാർ കൈയടി നേടുമ്പോൾ, കൂടെ കൈയടിക്കാനേ കേന്ദ്ര സർക്കാരിനു കഴിയുന്നുള്ളു.

നവംബർ ഏഴിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് രാജ്യത്തെ ആദ്യ എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം), സിഎൻജി (മർദ്ദിത പ്രകൃതി വാതകം) എന്നിവ ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറക്കിയത്. ഇന്ത്യൻ ഗതാഗത മന്ത്രിമാരുടെ സംഘടനയായ 'ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ (ജിഒഎം) നാലാം സമ്മേളന വേദിയാണ് കേരളം ഇതിനായി തെരഞ്ഞെടുത്തത്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമ്മേളനത്തിന് ആതിഥ്യം വഹിക്കാൻ വിസമ്മതിച്ചപ്പോൾ കേരളം അതിന് സമ്മതം മൂളുകയായിരുന്നു. സമ്മേളനത്തിന്റെ തൊട്ടുമുമ്പിലത്തെ ദിവസമാണ് എൽഎൻജി, സിഎൻജി ബസുകൾ നിരത്തിലിറക്കുന്ന വിവരം കേരള ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പുറത്തുവിട്ടത്.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ ആയിരുന്നു സമ്മേളനത്തിന്റെ മുഖ്യാതിഥി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനും. കേന്ദ്രസർക്കാരിന്റെ പദ്ധതി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനത്തേയും ഭരിക്കുന്ന സർക്കാരിനേയും രാഷ്ട്രീയം മറന്ന് പ്രശംസിക്കാന്മാത്രമേ കേന്ദ്രമന്ത്രിയായ ധർമേന്ദ്രപ്രധാന് കഴിഞ്ഞുള്ളു. 'പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കു കീഴിൽ ധീരമായ നിലപാടുകൾ എടുക്കുന്ന ഭരണകൂടമാണ് കേരളത്തിൽ ഉള്ളത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇക്കാര്യം അംഗീകരിക്കുന്നതിൽ താൻ രാഷ്ട്രീയം മാറ്റിവയ്ക്കുന്നതായും ബീഹാറിൽനിന്നുള്ള ബിജെപി നേതാവ് കൂടിയായ ധർമേന്ദ്രപ്രധാൻ സമ്മതിച്ചു.

അതേസമയം, ഒരു വശത്ത് കേരളത്തിന്റെ നടപടിയെ പുകഴ്‌ത്തുമ്പോഴും, ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തങ്ങൾക്കു നൽകിയ രാഷ്ട്രീയ തിരിച്ചടിയുടെ പരിണതഫലങ്ങൾ അനുഭവിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യഭരാണാധികാരികളെ സഹായിക്കുന്ന റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് കേരളത്തിന്റെ നടപടി വൻ തിരിച്ചടിയാകും. ഇന്ത്യയിലെ പ്രധാന ഇന്ധന കമ്പനിയായ പെട്രോ പെട്രോനെറ്റ് എൽഎൻജിയുമായി ചേർന്നാണ് കേരളം കരാറിലേർപ്പെട്ടത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച മലോപുരം-കൊച്ചി എൽഎൻജി പൈപ്പ്‌ലൈൻ പദ്ധതിയിലും പെട്രോനെറ്റ് ആണ് കരാറുകാർ. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ പകുതിവഴിയിൽ ഉപേക്ഷിച്ച പദ്ധതി എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് വേഗംകൂട്ടി. അടുത്തവർഷം പകുതിയോടെതന്നെ കൊച്ചിവരെ എൽഎൻജി പൈപ്പ്‌ലൈൻ എത്തും.

ഇതോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം, റിലയൻസ്, ഇന്ത്യൻ ഓയിൽ ലിമിറ്റഡ്, ബ്രീട്ടീഷ് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾക്ക് തിരിച്ചടിയാകും. ഇവർ പെട്രോൾ, ഡീസൽ എന്നിവയ്ക്കു പുറമേ, കേരളത്തിൽ എൽഎൻജി, സിഎൻജി പമ്പുകൾ തുടങ്ങേണ്ടിവരും. അഞ്ചുവർഷത്തിനുള്ളിൽ കെഎസ്ആർടിസി ഉൾപ്പെടെ സിഎൻജിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഇന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന്റെ പകുതി വിലയ്ക്ക് കേരളത്തിൽ പ്രകൃതിവാതകം വിതരണം ചെയ്യാൻ കമ്പനികൾ നിർബന്ധിതമാകും.

കേരളത്തിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും എൽഎൻജി, സിഎൻജി പദ്ധതി ഏറ്റുപിടിച്ചാൽ പെട്രോളിയം കമ്പനികളുടെ കൊള്ളയ്ക്ക് അവസാനമാകും. ഇതോടെ ലോക വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും ഇന്ത്യയിൽ രണ്ടിരട്ടിക്ക് വിറ്റ് ലാഭംനേടാനുള്ള കമ്പനികളുടെ അവസരം നഷ്ടപ്പെടും. വാഹനങ്ങൾക്കുപുറമേ, ഡൽഹി മോഡലിൽ വീടുകളിലും പ്രകൃതിവാതകം എത്തിക്കാനാണ് കേരളസർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ മറ്റ് പിന്നോക്ക സംസ്ഥാന സർക്കാരുകളും ഈ വഴി തെരഞ്ഞെടുക്കും. അതോടെ പെട്രോളിയം ഉൽപന്ന കമ്പനികൾക്ക് രാജ്യത്തുള്ള മേൽക്കൈ നഷ്ടമാകും എന്നുറപ്പാണ്.

എന്തുവിലകൊടുത്തും ഈ സാഹചര്യത്തിന് തടയിടാൻ കേന്ദ്രസർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുകയാണ് വൻകിട പെട്രോളിയം കമ്പനികൾ. ഡൽഹിയിൽ റിലയൻസ് ഉൾപ്പെടെയുള്ള ചില കമ്പനികൾക്ക് പ്രകൃതിവാതക പമ്പുകൾ ഉണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇതു വ്യാപകമായിട്ടില്ല. കേരളത്തിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങൾകൂടി ഈ പദ്ധതി ഏറ്റുപിടിച്ചാൽ രാജ്യത്ത് പെട്രാൾ, ഡീസൽ, എൽപിജി എന്നീ കമ്പനികൾക്ക് നിലനിൽപ്പില്ലാതാകും. പകരം പകുതിവിലയ്ക്ക് അവർ പ്രകൃതിവാതകം വിൽക്കാൻ നിർബന്ധിതരാകുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP