Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭീഷണിയും സമ്മർദ്ദവും താങ്ങാനാകുന്നില്ല; ​ഗ്രാമം വിടാനൊരുങ്ങി ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബം; ത്രിതല സുരക്ഷയൊരുക്കി പൊലീസും

ഭീഷണിയും സമ്മർദ്ദവും താങ്ങാനാകുന്നില്ല; ​ഗ്രാമം വിടാനൊരുങ്ങി ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബം; ത്രിതല സുരക്ഷയൊരുക്കി പൊലീസും

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: അധികാരികളുടെയും സവർണരുടെയും ഭീഷണിയും സമ്മർ​​ദ്ദവും താങ്ങാനാകാതെ ​ഗ്രാമം വിടാനൊരുങ്ങി ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിയുടെ മരണശേഷം തങ്ങൾ ഗ്രാമത്തിൽ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവർ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ നിരന്തരമായി ചിലർ കുറ്റപ്പെടുത്തുകയാണെന്നും ഇവർ പറയുന്നു. അതുകൊണ്ട് തന്നെ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോകുകയാണെന്നും കുടുംബം അറിയിച്ചു.

ജീവിക്കാൻ ഒരു വഴിയും ഇപ്പോൾ ഞങ്ങൾക്ക് മുൻപിലില്ല. ഈ സാഹചര്യത്തെ ഞങ്ങൾ ഏറെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ബന്ധുവീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്താണ് ഞങ്ങൾ ഇവിടെ ജീവിച്ചുപോന്നത്. എവിടെ പോയാലും ഞങ്ങൾ അത് തന്നെ തുടരും. ഹാത്രാസ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സ്ഥിതി വളരെ മോശമാണ്, ഞങ്ങൾക്ക് സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഗ്രാമം വിട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. എന്റെ ഇളയ സഹോദരന് പോലും ജീവന് ഭീഷണിയുണ്ട്’ , ഹാത്രാസ് പെൺകുട്ടിയുടെ മുതിർന്ന സഹോദരൻ പറഞ്ഞു. ഞങ്ങളുടെ അവസ്ഥ മനസിലാക്കാനോ, യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാനോ പോലും ആരും വന്നില്ലെന്നും സഹോദരൻ പറയുന്നു.

അതിനിടെ, പെൺകുട്ടിയുടെ കുടുംബത്തിനുള്ള സുരക്ഷ യു.പി പൊലീസ് ശക്തമാക്കി. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കുടുംബത്തിനുള്ള സുരക്ഷ കർശനമാക്കാൻ യു.പി പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വീട് 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലാണ്. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ലോക്കൽ പൊലീസ് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ നിരീക്ഷണത്തിനായി വീടിന് ചുറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷാ ചുമതലയ്ക്കായി രണ്ട് വനിത എസ്ഐയെയും ആറ് വനിത കോൺസ്റ്റബിളിനെയും പെൺകുട്ടിയുടെ വീട്ടിൽ നിയോഗിച്ചിട്ടുണ്ടെന്ന് ഹാഥ്റസ് എസ്‌പി വിനീത് ജയ്സ്വാൾ വ്യക്തമാക്കി. ഇരയുടെ സഹോദരന്റെ സുരക്ഷയ്ക്കായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീടിന് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചുണ്ടെന്ന് എസ്‌പി കൂട്ടിച്ചേർത്തു.

ഇതിന് പുറമേ ഗ്രാമത്തിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 15 പൊലീസുകാർ, മൂന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പ്രവേശന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തുന്നവരെ വീട്ടിലേക്ക് കടത്തിവിടുന്നുള്ളു. കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും എസ്‌പി വ്യക്തമാക്കി.

കഴിഞ്ഞ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP