Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര ചിന്തകർ ഒത്തുചേരുന്നു; യുകെയും യുഎസ്എയും അടക്കം അഞ്ചുരാജ്യങ്ങളിൽ നിന്നായി മുപ്പതിലേറെ പ്രഭാഷകർ; പതിനൊന്ന് വയസ്സുകാരൻ അർജ്ജുൻ മുതൽ സി രവിചന്ദ്രനും വൈശാഖൻ തമ്പിയും അഗസ്റ്റസ് മോറിസും ജാമിദ ടീച്ചറും അടക്കമുള്ള മുതിർന്ന പ്രഭാഷകരുടെ നീണ്ട നിര; ചുവരെഴുത്തും പോസ്റ്ററും കിടിലൻ സൈബർ പ്രമോയുമായി വ്യാപക പ്രചാരണം; ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായ ലിറ്റ്മസ്-19ന് ഒരുങ്ങി കോഴിക്കോട്

'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര ചിന്തകർ ഒത്തുചേരുന്നു; യുകെയും യുഎസ്എയും അടക്കം അഞ്ചുരാജ്യങ്ങളിൽ നിന്നായി മുപ്പതിലേറെ പ്രഭാഷകർ; പതിനൊന്ന് വയസ്സുകാരൻ അർജ്ജുൻ മുതൽ സി രവിചന്ദ്രനും വൈശാഖൻ തമ്പിയും അഗസ്റ്റസ് മോറിസും ജാമിദ ടീച്ചറും അടക്കമുള്ള മുതിർന്ന പ്രഭാഷകരുടെ നീണ്ട നിര; ചുവരെഴുത്തും പോസ്റ്ററും കിടിലൻ സൈബർ പ്രമോയുമായി വ്യാപക പ്രചാരണം; ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ  സെമിനാറായ ലിറ്റ്മസ്-19ന് ഒരുങ്ങി കോഴിക്കോട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'വിപ്ലവം വിജയിക്കട്ടെ  'തൊട്ട് 'എൽഡിഎഫ് വരും എല്ലാം ശരിയാവും'വരെയുള്ള വിവിധ മുദ്രാവാക്യങ്ങൾ കേട്ട് തഴമ്പിച്ചവരാണ് മലയാളികൾ. എന്നാൽ തെളിവുകൾ നയിക്കട്ടെ ( let evidence lead) എന്ന മുദ്രാവാക്യമുയർത്തിയുള്ള ഒരു സമ്മേളനം നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതാണ്, ഒക്ടോബർ 6ന് കോഴിക്കോട് സ്വപ്ന നഗരിക്കടുത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഐസ്സൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശാസ്ത്ര -സ്വതന്ത്ര ചിന്താ സെമിനാറായ ലിറ്റ്മസ്-2019ന്റെ മുദ്രാവാക്യം. ശാസ്ത്രീയ മനോവൃത്തിയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയെന്ന് എസ്സെൻസ് ഉയർത്തുന്നത്.

തെളിവുകൾ എന്തായിക്കൊള്ളട്ടെ ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ തുടരും എന്ന ഡോഗ്മയെ, പൊളിച്ചടുക്കയാണ് കേരളത്തിലെ സ്വതന്ത്ര ചിന്തകർ. മതങ്ങളെ മാത്രമല്ല തെളിവില്ലാത്ത എന്തിനെയും വിമർശിച്ചുകൊണ്ടാണ് നവനാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. അതിൽ മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളും, പ്രത്യയശാസ്ത്രങ്ങളും, ഹോമിയോ- ആയുർവേദം ജൈവകൃഷി പോലുള്ള സമാന്തര ചികിൽസകളും ഒക്കെ വരും. അശാസ്ത്രീയമായ എന്തിനെയും തള്ളുക എന്ന ചിന്താരീതി വളർത്തിയെടുക്കാനാണ് ലിറ്റ്മസ് ശ്രമിക്കുന്നതെന്ന് ഏസ്സൻസ് ഗ്ലോബൽ സംഘാടകർ പറയുന്നു.

Stories you may Like

അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്നായിരുന്നു മുമ്പ് യുക്തിവാദികളെ അഥവാ സ്വതന്ത്ര ചിന്തകരെ കുറിച്ച് പറഞ്ഞിരുന്നത്. സിംഹവാലൻ കുരങ്ങുകളെപ്പോലെ കേരളത്തിൽ ന്യുനപക്ഷമാണ് യുക്തിവാദികൾ എന്ന് പറഞ്ഞത് സാക്ഷാൽ രാഹുൽ ഈശ്വറാണ്. എന്നാൽ ആ കാലം വളരെ പെട്ടെന്നാണ് പോയി മറഞ്ഞത്. ഇന്ന് സ്വതന്ത്ര ചിന്തകർക്കും മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന രീതിയിൽ വലിയ സമ്മേളനങ്ങൾ നടത്താൻ കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ലിറ്റ്മസ്-2018ൽ മൂവായിരത്തോളം പേർ പങ്കെടുത്തിരുന്നു. ഇത്തവണ കോഴിക്കോട്ട് അയ്യായിരത്തോളം പേരുടെ വലിയ പരിപാടിയായാണ് ലിറ്റ്മസ് വിഭാവനം ചെയ്യുന്നത്.

എസ്സൻസ് ടീം നടത്തുന്ന പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ തുണി ബോർഡുകളും, ഹോർഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം കോഴിക്കോട്ട് ഉയർന്നു കഴിഞ്ഞു. നാടെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിട്ടുണ്ട്. ട്രോളുകളും കിടിലൻ സൈബർ പ്രമോയുമായി എസ്സൻസിന്റെ സൈബർ വിങ്ങും സജീവമാണ്. യുക്തിവാദികളുടെ പരിപാടിക്ക് ഇത്തരം ഒരു പ്രചാരണവും സ്വീകരണവും ചരിത്രത്തിൽ ആദ്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ

ഒക്ടോബർ 6ന് ഞായറാഴ്ച കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന 'ലിറ്റ്മസ്-2019' ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായി മാറുകയാണ്. ഇത്രയും വലിയ ഒരു ഏകദിന ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാർ ഇന്ത്യയിൽ ഇത് ആദ്യമാണ്.
രാവിലെ 9 മണിക്ക് തുടങ്ങി രാത്രി 9 വരെ നീളുന്ന സെമിനാറിൽ ആറു രാജ്യങ്ങളിൽനിന്നായി 30 ഓളം പ്രഭാഷകർ പങ്കെടുക്കും. സി രവിചന്ദ്രൻ, വൈശാഖൻ തമ്പി, ഡോ അഗസ്റ്റസ് മോറിസ്, ബൈജുരാജ്, ഡോ കെ എം ശ്രീകുമാർ, ഡോ സാബുജോസഫ്, മനൂജ മൈത്രി, ജാമിദ ടീച്ചർ, പിഎം അയൂബ്, ജോസ് കണ്ടത്തിൽ, സജീവൻ അന്തിക്കാട് തുടങ്ങിയ യൂട്യൂബ് പ്രഭാഷണങ്ങളിലൂടെ ശാസ്ത്ര പ്രചാരണവും മത വിമർശനവും നടത്തുന്ന പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

വെറും 11 വയസ്സ് മാത്രമുള്ള തിരുവനന്തപുരത്തുകാരൻ അർജ്ജുൻ എന്ന ബാലനാണ് പ്രഭാഷകരിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 'ഗ്രഹണങ്ങളിലൂടെ ഒരു സഞ്ചാരം' എന്ന വിഷയമാണ് അർജ്ജുൻ അവതരിപ്പിക്കുന്നത്. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് 'മാറുന്ന കാലം മാറുന്ന സമൂഹം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

സമാന്തര വൈദ്യത്തെക്കുറിച്ചുള്ള പൊതുജന സമ്പർക്ക അൽമെഡ് 19, (AL-MED) ആണ് ഇത്തവണത്തെ പ്രത്യേകത. ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ബദൽ ചികിത്സ മാർഗ്ഗങ്ങൾ എന്തുകൊണ്ട് അശാസ്ത്രീയമാവുന്നു എന്ന് ചർച്ച ചെയ്യുകയാണ് ഈ സെഷൻ. ഡോ മനോജ് ബ്രൈറ്റ്, ഡോ. പ്രവീൺ ഗോപിനാഥ്, ഡോ. ദിലീപ് മമ്പള്ളിൽ, ഡോ.ആരിഫ് ഹുസൈൻ തെരുവത്ത്, ഡോ. രാഗേഷ് എന്നിവരാണ് ഈ സെഷനിൽ പങ്കെടുക്കുന്നത്. കവിയും, എഴുത്തുകാരനുമായ ആർ അജിത്ത് മോഡറേറ്റർ ആയിരിക്കും. യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, യുഎഇ, തുടങ്ങിയ രാജ്യങ്ങളിലെ പ്രഭാഷകർ ലിറ്റ്മസിന് എത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായി എസ്സെൻസ് പാനലിസ്റ്റുകളുമായി സദസ്സിന് നേരിട്ട് സംവദിക്കാം. ഏറ്റവും മികച്ച മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് ക്യാഷ് പ്രൈസും നൽകും. ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000രൂപ. സമ്മാന വിജയികളെ അൽമെഡ് പാനലും മോഡറേറ്ററും ചേർന്ന് തിരഞ്ഞെടുക്കും. ഒരു മണിക്കൂറാണ് അൽമെഡിന്റെ ദൈർഘ്യം.

പ്രായം ചെന്നവരും പ്രമേഹരോഗികളും മുലയൂട്ടുന്ന അമ്മമാരും പങ്കെടുക്കുന്ന, 12 മണിക്കൂർ നീളുന്ന മീറ്റിങ്ങിൽ അത്തരക്കാർക്ക് കുറച്ചു സമയം വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. മികച്ച ഡോക്ടർമാരുടെ ഒരു പാനലിന്റെ മേൽനോട്ടവും ഉണ്ടായിരിക്കും. ലിറ്റ്മസ്19 ന്റെ മറ്റൊരു സവിശേഷത മരണാനന്തര അവയവദാനം പോലെ സാമൂഹ്യ നന്മയ്ക്കായുള്ള പ്രവർത്തനങ്ങളും നടത്തുന്നു എന്നുള്ളതാണ്. താല്പര്യമുള്ളവർക്ക് അവിടെയുള്ള കൗണ്ടറിൽ സമ്മതപത്രം നൽകാവുന്നതാണ്.

ലിറ്റ്മസ് 19 ന്റെ ഓൺലൈൻ രജിസ്‌ട്രേഷന് പുരോഗമിക്കയാണ്. രജിസ്‌ട്രേഷന് ഫീസ്-300 രൂപ (ഭക്ഷണച്ചെലവ് ഉൾപ്പെടെ). രജിസ്‌ട്രേഷന് 2019 ഒക്ടോബർ 5 വൈകിട്ട് 6.30 ന് അവസാനിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് നടത്താൻ സാധിക്കാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

വഴിത്തിരിവായത് 'നാസ്തികനായ ദൈവം'

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന ലോക പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. ഒമ്പതുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി.

മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ഇതോടൊപ്പം ഡോ അഗസ്റ്റ്‌സ് മോറിസ്, വൈശാഖൻ തമ്പി, മനോജ് ബ്രൈറ്റ് തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ. വേണു വരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി esSENSE എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറാൻ ഇത്രും കാലത്തെ പ്രവർത്തനം മൂലം ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മതംതിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയംമിനുക്കാനോ ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് എസെൻസിനെ വ്യതിരിക്തമാക്കുന്നത്. ലിറ്റ്മസ് -19 സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും 99 46 76 74 34 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.  http://essenseglobal.com/

എന്താണ് എസ്സെൻസ്?

ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് എസ്സെൻസ് എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽപരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് ഈ എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെൻസ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേരാവുന്നതാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.http://essenseglobal.com/office/manager/memberadd.p-hp

2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്‌സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ നാസ്തികനായ ദൈവം (എൻ ഡി ഗ്രൂപ്പ്) തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബർ രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. എൻഡി ഗ്രൂപ്പ് ഒരു ഫേസ് ബുക്ക് സീക്രട്ട് ഗ്രൂപ്പായതിനാല് നേരിട്ട് സംഭാവനകളും മറ്റും സ്വീകരിക്കാൻ സാധിക്കാത്തതിനാൽ 2016 ഒക്ടോബര് 19 ന് ഗ്രൂപ്പ് അംഗവും അഡ്‌മിനുമായ സജീവൻ അന്തിക്കാട് തൃശൂർ കേന്ദ്രമായി ഒരു ക്ലബ് രജിസ്റ്റർ ചെയ്യുന്നു.

esSENSE Club(TSR/TC/541/2016). പ്രസ്തുത ക്ലബിന്റെ വാർഷിക പരിപാടിയാണ് എസ്സ്യൻഷ്യ. ഇത് 2017 ഒക്ടോബര് ഏഴിന് എസ്സെൻസ് ക്ലബിന്റെ വാർഷികമായി എറണാകുളത്ത് ടൗൺഹാളിൽ വെച്ച് ആഘോഷിച്ചിരുന്നു. അത് 2018ൽ എസ്സെൻസ് ക്ലബിന്റെ നേതൃത്വത്തിൽ അതേ വേദിയിൽവെച്ച് ഡിസം 25,26 തീയതികളിൽ നടത്തി. എസ്സെൻഷ്യ എന്ന പേര് കണ്ടെത്തുന്നതും സമ്മേളനം നടത്തിയതും എൻഡി ഗ്രൂപ്പാണ്. ഈ വർഷവും ഡിസംബെരിൽ എസ്സ്യൻഷ്യ എറണാകുളം ടൗൺ ഹാളിൽ വച്ച് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി 2018 ജൂണിൽ esSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു. എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായി 2018 ഒക്ടോബറിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ലിറ്റ്മസ് 18ന് അന്തർദേശീയ സെമിനാർ സംഘാടനമികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. പരിപാടിയിൽ മൂവായിരത്തോളം പേരാണ് പങ്കെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP